ഒരാളും പട്ടിണി കിടക്കരുത്….!

64
Sandeep Das
”ഒരാളും പട്ടിണി കിടക്കരുത്….!”
ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനത്തിൽ പിണറായി വിജയൻ ഏറ്റവും കൂടുതൽ ആവർത്തിച്ച വാചകം ഇതാണെന്ന് തോന്നുന്നു.നമ്മുടെ മുഖ്യമന്ത്രി സംസാരിച്ചതുമുഴുവൻ ഭക്ഷണത്തെക്കുറിച്ചാണ്.വിശപ്പിനെക്കുറിച്ചാണ്.പട്ടിണിയെക്കുറിച്ചാണ് !
അദ്ദേഹം നടത്തിയ ചില പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കുക-
കമ്മ്യൂണിറ്റി കിച്ചൺ മുഖേന ഭക്ഷണം എത്തിക്കും.
ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ച അരിയുടെ അളവ് 10 കിലോയിൽനിന്ന് 15 കിലോയാക്കി ഉയർത്തും.
പലവ്യഞ്ജനങ്ങളുടെ കിറ്റ് നൽകും.
ആയിരം ഭക്ഷണശാലകൾ ആരംഭിക്കും.
കൊയ്ത്ത് ആവശ്യസർവ്വീസായി പരിഗണിക്കും.
പെൻഷൻ വിതരണം ചെയ്യും…
ഈ നാട്ടിലെ പാവപ്പെട്ടവർക്കാണ് മുഖ്യമന്ത്രി മുൻഗണന നൽകുന്നത്.കൊറോണമൂലം ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കാൻ പോകുന്നത് അവരാണ്.ദിവസവേതനം കൊണ്ട് ജീവിക്കുന്ന മനുഷ്യർക്ക് വീട്ടിലിരിക്കാൻ പ്രയാസമാണ്.അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ആ പാവങ്ങളുടെ കണ്ണുനീർ തുടയ്ക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.പല ഭരണാധികാരികളും മറന്നുപോകുന്ന കാര്യങ്ങൾ!
ഒരുദിവസം രാവിലെ ആകാശത്തുനിന്ന് പൊട്ടിവീണ് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നയാളല്ല താൻ എന്ന് പിണറായി വിജയൻ പ്രസംഗിച്ചിട്ടുണ്ട്.ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു.അമ്മ കാർഷികജോലികൾ ചെയ്യുന്ന ആളായിരുന്നു.ബീഡിത്തൊഴിലാളിയാകേണ്ടിയിരുന്ന പിണറായി എങ്ങനെയൊക്കെയോ വഴിമാറി സഞ്ചരിക്കുകയായിരുന്നു.
അങ്ങനെയുള്ള പിണറായിക്ക് വിശപ്പിൻ്റെ വിളി മനസ്സിലാകും.വിശപ്പ് തീപോലെ പൊള്ളുമെന്ന് തിരിച്ചറിയാനാകും.അതു­കൊണ്ടാണ് അദ്ദേഹം നെല്ല് സംഭരിക്കുന്നതിനെക്കുറിച്ചും ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചും വാചാലനാകുന്നത്.
വെറുതെ ഭക്ഷണം നൽകുക മാത്രമല്ല ചെയ്യുന്നത്.വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ മടിയുള്ളവർക്കുവേണ്ടി ഒരു ഫോൺനമ്പർ സൃഷ്ടിക്കും.ശുചിയായ ഇടങ്ങളിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഉറപ്പുവരുത്തും.മനുഷ്യൻ്റെ ആത്മാഭിമാനത്തിനാണ് മുഖ്യമന്ത്രി ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.
കേരളത്തിൻ്റെ ഭരണം പിണറായി ഏറ്റെടുത്ത സമയത്ത് ഒരു സീനിയർ എെ.എ.എസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-
”നമ്മുടെ മുഖ്യമന്ത്രി വളരെ ഷാർപ്പാണ്.നിങ്ങൾ കൃത്യമായി ഹോംവർക്ക് ചെയ്യുന്ന ആളാണെങ്കിൽ അദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ എളുപ്പമാണ്…”
പിണറായി വിജയൻ്റെ ഒരു ഏകദേശചിത്രം ആ പ്രസ്താവനയിലുണ്ട്.കാര്യങ്ങളെ കിറുകൃത്യമായി പഠിച്ചാണ് അദ്ദേഹം ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്.കൊറോണക്കാലത്ത് അദ്ദേഹം ആ സിദ്ധി കൂടുതൽ ഉരച്ചുമിനുക്കിയെടുത്തിരിക്കുന്നു.ആധികാരികമായ കണക്കുകളുടെയും വിവരങ്ങളുടെയും സഹായത്തോടെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.പൊതുജനങ്ങൾക്ക് വലിയ ആശ്വാസം പകരുന്നു.
അടിമുടി ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയാണ് പിണറായിയുടേത്.പുഞ്ചി­­രിച്ചുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനം ആരംഭിക്കുന്നത്.മനസ്സുതുറന്ന് ചിരിക്കുന്ന മുഖ്യമന്ത്രിയെ പലവട്ടം കാണാം.രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി കുലുങ്ങിയിട്ടില്ല.അപായസൂചന ലഭിച്ച കപ്പലിൻ്റെ പ്രയാണത്തിൽ കപ്പിത്താൻ്റെ കോൺഫിഡൻസ് നിർണ്ണായകമാണ്.അക്കാര്യത്തിൽ കേരളീയർക്ക് ഭാഗ്യമുണ്ട്.നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്ത് ഇരുട്ടുപരത്താൻ ഒരു കൊടുങ്കാറ്റിനും സാദ്ധ്യമല്ല.
ട്രാൻസ്ജെൻഡേഴ്സിനെ മനുഷ്യരായി പരിഗണിക്കാൻ ഇന്നും പലരും തയ്യാറല്ല.’ആണും പെണ്ണും കെട്ടവർ’,’ശിഖണ്ഡി’ തുടങ്ങിയ കാലാഹരണപ്പെട്ട പദങ്ങൾ ഉപയോഗിക്കുന്നവരെ ഇപ്പോഴും കാണാം.ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക പാർപ്പിടവും ഭക്ഷണവും ഒരുക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മനസ്സുനിറഞ്ഞത് അതുകൊണ്ടാണ്.അവർക്ക് നൽകിപ്പോന്ന സംവരണം ഉൾപ്പടെയുള്ള അവകാശങ്ങളുടെ തുടർച്ചയാണ് ഈ പ്രഖ്യാപനം.
കൊറോണക്കാലത്ത് മനുഷ്യർ കടന്നുപോകാനിടയുള്ള സകല വികാരവിചാരങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.ശരിക്കും അത്ഭുതം തോന്നി.ഒരുപാട് സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനിടയിൽ എങ്ങനെയാണ് അദ്ദേഹം കൊച്ചുകൊച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത്!? സ്വന്തം ജനതയുടെ ഹൃദയത്തുടിപ്പുകൾ എങ്ങനെയാണ് ഇത്രമേൽ തിരിച്ചറിയുന്നത്!?
കമ്മ്യൂണിറ്റി സ്പ്രെഡ് നേരിടാൻ പോലും കേരളം സജ്ജമാണെന്ന് പിണറായി വിജയൻ പറയുമ്പോൾ ആ മനുഷ്യനെ വിശ്വസിക്കണം.അത്ര മികവുറ്റതാണ് പ്ലാനിംഗ്.
ഈ മനുഷ്യനെയാണ് ചിലർ ജാതിയുടെ പേരിൽ അധിക്ഷേപിക്കുന്നത്.ഇത്രമേൽ മനുഷ്യത്വം പ്രകടമാക്കുന്ന ഒരാളിലാണ് അഹങ്കാരവും ധാർഷ്ട്യവും ആരോപിക്കുന്നത്.
കോരൻ്റെയും കല്യാണിയുടെയും മകനാണ് താൻ എന്ന് പിണറായി വിജയൻ എന്നും അഭിമാനത്തോടെ പറയും.കാർക്കശ്യം ആവശ്യമുള്ള അവസരങ്ങളിൽ നയതന്ത്രജ്ഞത കാട്ടുകയില്ല.മാദ്ധ്യമങ്ങളുടെ പൊന്നോമനയാകാൻ ശ്രമിക്കുകയുമില്ല.ഇതുപോലൊരു മുഖ്യമന്ത്രിയെ കിട്ടിയതിൽ കേരളം ഇപ്പോൾ അഭിമാനിക്കുകയാണ്.അദ്ദേഹം സ്വന്തം കഴിവുകൊണ്ട് നേടിയ സ്ഥാനമാണത്.
ഈ മഹാമാരിയ്ക്കും ശമനമുണ്ടാകും.ദശകങ്ങൾ കൊഴിഞ്ഞുവീഴും.ഇന്നത്തെ ചെറുപ്പക്കാർ അന്ന് വൃദ്ധരായിത്തീരും.അക്കാലത്ത് അവർ കൊച്ചുമക്കളോട് വീരസ്യം പറയും-
”മുത്തച്ഛൻ്റെ ചെറുപ്പത്തിൽ ഇവിടെ കൊറോണ എന്ന അസുഖം പടർന്നുപിടിച്ചു.അതിന് മരുന്നില്ലായിരുന്നു.ഈ നാടിൻ്റെ വിഭവങ്ങൾ പരിമിതമായിരുന്നു.പക്ഷേ നമ്മുടെ മുഖ്യമന്ത്രി അതിപ്രഗൽഭനായിരുന്നു.അതുകൊണ്ട് നെല്ലറകൾ നിറഞ്ഞു.പാത്രങ്ങൾ ഒഴിഞ്ഞുകിടന്നില്ല.കുഞ്ഞുങ്ങൾ വിശന്നുകരഞ്ഞില്ല.അമ്മമാരുടെ ഉള്ളം പുകഞ്ഞില്ല.മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിച്ചപ്പോൾ,ഇൗ നാടുമുഴുവൻ പുറകിൽ അണിനിരന്നപ്പോൾ നമ്മൾ ജയിച്ചു.ആ മുഖമന്ത്രിയുടെ പേരെന്താണെന്ന് അറിയാമോ? “
“പിണറായി വിജയൻ…..!!! ”