മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് വാചാലരാകാൻ എന്ത് യോഗ്യതയാണുള്ളത് ?

Sandeep Das

ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കാവിഭീകരത സടകുടഞ്ഞെഴുന്നേറ്റു.ചിലർ പൃഥ്വിരാജിന്റെ മാതാപിതാക്കളെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.സിനിമയിൽനിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും എന്ന് ഭീഷണിപ്പെടുത്തുന്നു.കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ചരിത്രത്തോടുള്ള അനീതിയാണെത്രേ! ‘ചരിത്രം’ എന്ന വാക്ക് ഉച്ചരിക്കാൻ ഇവരൊക്കെ എന്നാണ് പഠിച്ചത്?

മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് വാചാലരാകാൻ എന്ത് യോഗ്യതയാണുള്ളത്? ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് എന്ത് ചരിത്രസ്നേഹമാണുള്ളത്?ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശിൽപ്പിയായ അംബേദ്കറുടെ പ്രതിമകൾ തകർക്കുന്ന തീവ്രവാദികൾക്ക് എന്ത് ചരിത്രബോധമാണുള്ളത്?എന്നും ചരിത്രത്തിനുനേരെ കൊഞ്ഞനംകുത്തിയിട്ടുള്ള ഫാസിസ്റ്റുകൾ ഇപ്പോൾ ചരിത്രസംരക്ഷകരുടെ വേഷം കെട്ടുന്നു. കേരളത്തിലെ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്. ഈ കുടിലതന്ത്രം അവർ തിരിച്ചറിയുക തന്നെ ചെയ്യും.

ബ്രിട്ടിഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ വീരപുരുഷനായി അവതരിപ്പിച്ച സിനിമയായിരുന്നു ‘കാലാപാനി’. ആ സിനിമ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മുടങ്ങാതെ സംപ്രേഷണം ചെയ്യാറുമുണ്ട്. അതിനെതിരെ ഇവരാരെങ്കിലും ശബ്ദിക്കുമോ?
എം.ടി വാസുദേവൻ നായരും ഹരിഹരനും ചേർന്ന് പഴശ്ശിരാജയുടെ കഥ സിനിമയാക്കിയിരുന്നു. ചരിത്രം അതേപടി പകർത്തിവെയ്ക്കുകയല്ല അവർ ചെയ്തത്. ഒരു സിനിമയ്ക്ക് ആവശ്യമായ ചേരുവകൾ അവർ ചേർത്തിരുന്നു. ചരിത്രം സിനിമയായപ്പോഴെല്ലാം അത് സംഭവിച്ചിട്ടുണ്ട്. അത് പ്രായോഗികതയുടെ വിഷയമാണ്. അല്ലെങ്കിൽ കലാകാരൻ്റെ സ്വാതന്ത്ര്യം. ചരിത്രം അതേപടി കാണിച്ചാൽ സിനിമ വിരസമായേക്കാം.

പിന്നെ എന്തിനാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചലച്ചിത്രത്തോട് ഇത്ര അസഹിഷ്ണുത? സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. തിരക്കഥയുടെ സൂചന പോലും പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും ”ചരിത്രത്തെ കൊല്ലുന്നേ” എന്ന് മുറവിളി കൂട്ടുന്നത് എന്തിനാണ്?
കേരളത്തിന്റെ ചരിത്രത്തിൽ കുഞ്ഞഹമ്മദ് ഹാജിയ്ക്ക് ഒരിടമുണ്ട്. മലബാർ വിപ്ലവം സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്നുണ്ട്. ആ കഥ പറയുന്ന ഒരു സിനിമ റിലീസായാൽ എന്താണ് പ്രശ്നം?

ചങ്കുറപ്പുള്ള നടനാണ് പൃഥ്വിരാജ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. സ്ഫോടകവസ്തു കടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ ദുഷ്പ്രചരണങ്ങളുണ്ടായപ്പോൾ പൃഥ്വി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. അങ്ങനെയുള്ള ഒരാൾ വർഗീയവാദികളുടെ കണ്ണിലെ കരടാവുന്നത് സ്വാഭാവികമാണ്. ഹിന്ദുരാഷ്ട്രത്തിന്റെ പിറവി സ്വപ്നം കണ്ട് കഴിയുന്നവർക്ക് പൃഥ്വിരാജുമാരെ എതിർക്കേണ്ടിവരും.ഏതു സിനിമയിൽ അഭിനയിക്കണം എന്നത് അഭിനേതാക്കളുടെ സ്വാതന്ത്ര്യമാണ്. അക്കാര്യത്തിൽ കൈകടത്താനുള്ള അവകാശം മറ്റുള്ളവർക്കില്ല.

സിനിമ കാണുന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാകുന്ന സന്ദർഭങ്ങളുണ്ട്. അത്തരത്തിലൊന്നാണിത്. കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകും. റിലീസ് ചെയ്യുന്ന ആദ്യ ദിനം തന്നെ കാണാൻ ശ്രമിക്കുകയും ചെയ്യും.
കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ മിക്കവാറും സൂപ്പർഹിറ്റായിരിക്കും. മിത്രങ്ങൾ ബഹിഷ്കരിക്കുന്ന സിനിമകൾക്കെല്ലാം അതാണല്ലോ സംഭവിക്കാറുള്ളത്. സെൽഫ് ഗോളടിക്കാൻ ഫാസിസ്റ്റുകളുടെ ജന്മം പിന്നെയും ബാക്കി…!
Written by-Sandeep Das