‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ ആ ശബ്ദത്തിനൊപ്പം സന്ദേശത്തെയും നമുക്കുൾക്കൊള്ളാം

396

Sandeep Das എഴുതുന്നു 

”ശ്വാസകോശം സ്പോഞ്ച് പോലെയാണ് ” എന്ന വരിയിലൂടെ ആരംഭിക്കുന്ന വിഖ്യാതമായ പരസ്യത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗോപിനാഥൻ നായർ(ഗോപൻ) ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.­

Sandeep Das
Sandeep Das

ആകർഷകമായ ശബ്ദം പല മനുഷ്യർക്കും ഉണ്ടാകും.പക്ഷേ അവരുടെ കൂട്ടത്തിൽ ഗോപന് സവിശേഷമായ സ്ഥാനമുണ്ട്.അദ്ദേഹത്തിൻ്റെ ശബ്ദം കുറച്ച് കുടുംബങ്ങളെയെങ്കിലും തകർച്ചയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നാണ് എൻ്റെ വിശ്വാസം.

വളരെയേറെ മഹത്വവത്കരിക്കപ്പെട്ടിട്ടുള്ള ഒരു ദുഃശ്ശീലമാണ് പുകവലി.മലയാളസിനിമയിലെ മാസ് രംഗങ്ങളിൽ സിഗററ്റിൻ്റെ സാന്നിദ്ധ്യം പതിവാണ്.പുകവലിക്കുന്ന വ്യക്തി മദ്യപാനിയെപ്പോലെ നാക്കുകുഴഞ്ഞ് സംസാരിക്കുകയോ റോഡിൽ ബോധംകെട്ട് വീഴുകയോ ചെയ്യുന്നില്ല.പാൻമസാലയോട് അറപ്പുതോന്നുന്നവർ പോലും സിഗററ്റിനോട് സഹിഷ്ണുത കാണിക്കാറുണ്ട്.

മദ്യം കഴിക്കണമെങ്കിൽ അതിന് യോജിച്ച ഒരു സ്ഥലം ആവശ്യമാണ്.പരസ്യമായി മദ്യപിക്കുന്ന വ്യക്തി അപമാനിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും.സിഗററ്റിനും ബീഡിയ്ക്കും ഈ വക പ്രശ്നങ്ങളൊന്നുമില്ല.പോക്കറ്റിൽ സുഖമായി കൊണ്ടുനടക്കാം.തരംകിട്ടുമ്പോഴെല്ലാം വലിക്കുകയും ചെയ്യാം.

പരസ്യമായി പുകവലിക്കരുത് എന്ന ചട്ടമുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല.ചിലർക്ക് ചായ കുടിക്കുമ്പോൾ ഒപ്പം ഒരു സിഗററ്റ് നിർബന്ധമാണ് ! സത്യത്തിൽ പുകയില മദ്യത്തേക്കാൾ അപകടകാരിയാണ്.പക്ഷേ ഒരു മദ്യപാനിയ്ക്ക് കിട്ടുന്നതിൻ്റെ പകുതി പഴി പോലും ചെയിൻസ്മോക്കർക്ക് കിട്ടുകയില്ല.

പുകവലി നിരോധിക്കുക എന്നത് പ്രായോഗികമല്ലെന്ന് എല്ലാവർക്കുമറിയാം.ഉപ­യോഗം കുറയ്ക്കുക എന്നതാണ് സാദ്ധ്യമായ കാര്യം.അതിന് തയ്യാറല്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും എന്ന കാര്യത്തിൽ തർക്കമില്ല.അക്കാര്യത്തിൽ സംശയമുള്ളവർക്ക് ഈ നാട്ടിലെ ആശുപത്രികൾ സന്ദർശിക്കാവുന്നതാണ്.

പുകച്ച് പുകച്ച് ജീവിതം തന്നെ വലിയ പുകമറയ്ക്കുള്ളിലായ ധാരാളം രോഗികൾ ഈ സമൂഹത്തിലുണ്ട്.അതുപോലുള്ള രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ടുകൾ കണ്ടാൽ പുകവലിയുടെ ഭീകരത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാവും.

ഒരു സാധാരണ പരസ്യത്തിന് ആളുകളെ സ്വാധീനിക്കാൻ കഴിയില്ല.സിനിമ ആരംഭിക്കുന്നതിനുമുമ്പ് സ്ക്രീനിൽ തെളിയുന്ന പരസ്യങ്ങളെയെല്ലാം ആ നിമിഷം തന്നെ നാം മറവിയിലേക്ക് തള്ളിവിടാറാണ് പതിവ്.കാരണം നമ്മൾ തിയേറ്ററിൽ പോകുന്നത് സിനിമ കാണുന്നതിനുവേണ്ടി മാത്രമാണ്.

എന്നാൽ ഗോപൻ്റെ പരസ്യത്തെ അപ്രകാരം അവഗണിക്കാൻ ഒരാൾക്കും സാധിക്കുമായിരുന്നില്ല.ആ പരസ്യം ഒരു തവണ കണ്ടാൽ ജീവിതകാലം മുഴുവനും അത് ഒാർമ്മയിലുണ്ടാവും എന്ന കാര്യം തീർച്ചയാണ്.അതിൻ്റെ കാരണം ഗോപൻ്റെ ശബ്ദമായിരുന്നു !വെറുപ്പിക്കുന്ന,പേടിപ്പിക്കുന്ന ആ സ്വരം ജനമനസ്സുകളിൽ അമരത്വം നേടി…

ഈ ലോകത്തെ പുകയിലവിമുക്തമാക്കാനൊന്നും ഗോപന് സാധിച്ചിട്ടില്ല.പക്ഷേ ആ പരസ്യം ചെറുതല്ലാത്ത മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടാവും.വിരലിലെണ്ണാവുന്ന ആളുകളെങ്കിലും പുകയില ഉപേക്ഷിച്ചിട്ടുണ്ടാവും.ഒാരോ മനുഷ്യജീവനും വിലപ്പെട്ടതാണ്.ഒരെണ്ണമെങ്കിലും സംരക്ഷിച്ചുനിർത്തുന്നത് വലിയ കാര്യം തന്നെയാണ്…

പക്ഷേ അതിൻ്റെ പേരിൽ പൊങ്ങച്ചം പറയാനൊന്നും അദ്ദേഹം തയ്യാറായിരുന്നില്ല.പ്രശസ്തമായ ആ ശബ്ദത്തിൻ്റെ ഉടമ ഗോപനാണെന്ന് മലയാളികളെ അറിയിച്ചത് ചലച്ചിത്രനടൻ സുരാജ് വെഞ്ഞാറമ്മൂടാണ്.ആകാശവാണിയിൽ നാലുദശകങ്ങളോളം വാർത്ത വായിച്ചിട്ടും കിട്ടാത്ത അംഗീകാരങ്ങൾ ഒരേയൊരു പരസ്യത്തിലൂടെ ഗോപന് ലഭിച്ചു.അത് അദ്ദേഹം ചെയ്ത നന്മയ്ക്കുള്ള പ്രതിഫലമായിരുന്നു.

മദ്യത്തിനും സിഗററ്റിനുമൊക്കെ മനുഷ്യനെ അടിമയാക്കാൻ സാധിക്കും.ഇനി ലഹരി ഉപയോഗിച്ചാൽ ജീവൻ നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ കർശനനിർദ്ദേശം നൽകിയാൽപ്പോലും മിക്ക ആളുകളും അതെല്ലാം തുടർന്നും ഉപയോഗിക്കും.അവസാനം അകാലത്തിലുള്ള മരണവും സംഭവിക്കും.

ഗോപൻ പണ്ട് ഒരു ചെയിൻസ്മോക്കറായിരുന്നു.ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം പുകവലി നിർത്തിയത്.തൻ്റെ ദുഃശ്ശീലം അവസാനിപ്പിക്കാനുള്ള മനഃസ്സാന്നിദ്ധ്യവും നിശ്ചയദാർഢ്യവും ഗോപന് ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഇത്രയേറെ മൂല്യമുള്ള ഒരു പരസ്യം നമുക്ക് ലഭിച്ചതും കുറേപ്പേരെങ്കിലും രക്ഷപ്പെട്ടതും…!

തൻ്റെ ജീവിതത്തിലൂടെ ഗോപൻ നൽകുന്ന സന്ദേശം വ്യക്തമാണ്.നമ്മുടെ ജീവൻ ലഹരിയ്ക്ക് അടിയറവെയ്ക്കാനുള്ളതല്ല.ലഹരിയുടെ പ്രലോഭനത്തെ അതിജീവിക്കാൻ സാധിച്ചാൽ ഭാവിയിൽ പല നല്ല കാര്യങ്ങളും ചെയ്യാൻ നമുക്ക് സാധിച്ചേക്കും….!

എല്ലാംകൊണ്ടും മാതൃകയായ ഒരാളാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത്