‘പുലർച്ചെ 3.40ന് ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മന്ത്രി’

0
411

Sandeep Das എഴുതുന്നു

‘പുലർച്ചെ 3.40ന് ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മന്ത്രി….’

കേരളത്തിൻ്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറെക്കുറിച്ച്,എറണാകുളം മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ.ഗണേശ് മോഹൻ രേഖപ്പെടുത്തിയ അഭിപ്രായമാണിത്.നമ്മുടെ ആരോഗ്യമേഖലയ്ക്കുവേണ്ടി ടീച്ചർ സദാ ഉണർന്നിരിക്കുകയാണെന്ന് സാരം.

Sandeep Das
Sandeep Das

ഒരു മന്ത്രി എന്ന നിലയിൽ ശൈലജ ടീച്ചർ ഒരുപാട് നന്മകൾ ചെയ്തിട്ടുണ്ട്.ശ്രവണസഹായി നഷ്ടമായ നിയമോളെയും കാഴ്ച്ചശക്തിയ്ക്ക് തകരാറുസംഭവിച്ച സോനമോളെയും നെഞ്ചോട് ചേർത്തുപിടിച്ചതുമുതൽ, നിപ ഭീഷണി ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചതുവരെയുള്ള കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ് ആ ലിസ്റ്റ്.

ഒരു നല്ല ഭരണാധികാരിയ്ക്ക് വേണ്ട ഗുണങ്ങളെല്ലാം അവരിൽ കാണാം.പ്രതിയോഗികൾക്കുപോലും ശൈലജ ടീച്ചറോട് ആദരവ് തോന്നുന്നത് അതുകൊണ്ടാണ്.

പ്രശസ്തരുടെ ഫേസ്ബുക്ക് പേജുകളിൽ ധാരാളം സാധാരണക്കാർ കമൻ്റുകൾ എഴുതാറുണ്ട്.മിക്ക സെലിബ്രിറ്റികളും അത് ഗൗനിക്കാറുപോലുമില്ല.ഇക്കാര്യത്തിൽ വ്യത്യസ്തയാണ് ശൈലജ ടീച്ചർ.ഫേസ്ബുക്കിലൂടെ തൻ്റെ വിഷമങ്ങൾ പങ്കുവെച്ച യുവാവിനെ ക്ഷണനേരം കൊണ്ട് സഹായിച്ച ചരിത്രമുള്ള ആളാണ് അവർ.സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത മട്ടുപ്പാവുകൾ ടീച്ചർ കൊതിക്കുന്നില്ല.

തീരുമാനങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കാൻ ടീച്ചർക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.ഗുരുതരമായ ഹൃദ്രോഗം ബാധിച്ച പിഞ്ചുകുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കുന്നതിനുവേണ്ടി ആംബുലൻസ് ചീറിപ്പാഞ്ഞപ്പോൾ,ടീച്ചർ ഇടപെട്ട് കുഞ്ഞിനെ കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.സംഘാടകർ മടിച്ചുനിന്നപ്പോഴും ടീച്ചർ തൻ്റെ നിലപാടിൽ ഉറച്ചുനിന്നു.അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആ കുഞ്ഞിൻ്റെ സുരക്ഷയായിരുന്നു.

Image result for k k shailaja teacherസൗമ്യതയാണ് ശൈലജ ടീച്ചറുടെ മുഖമുദ്ര.എന്നാൽ കർക്കശക്കാരിയാകേണ്ട സന്ദർഭങ്ങളിൽ,ഒരിഞ്ചു­പോലും പുറകോട്ടുപോകാറില്ല അവർ ! ചാനൽ അവതാരകനായ അർണബ് ഗോസ്വാമിയോട് ”എന്നെ പഠിപ്പിക്കാൻ വരണ്ട” എന്ന് തുറന്നടിച്ച ആളാണ് ടീച്ചർ.ഇന്ത്യാരാജ്യത്തിൻ്റെ പരമാധികാരിയാണെന്ന് സ്വയം കരുതുന്ന അർണബ്,പതിവുധാർഷ്ട്യത്തോടെ സംസാരിച്ചപ്പോഴാണ് ടീച്ചർ അപ്രകാരം പ്രതികരിച്ചത്.തൻ്റെ ശബ്ദം ഉയർന്നാൽ വിരണ്ടുപോകുന്ന അതിഥികളെ കണ്ടുപരിചയിച്ച അർണബിന് അതൊരു പുതുമയായിരുന്നു.

കേരളത്തിൻ്റെ ആരോഗ്യരംഗത്തിന് വലിയ ദ്രോഹം ചെയ്യുന്ന മോഹനൻ എന്ന വ്യക്തിയെക്കുറിച്ച് ടീച്ചർ പറഞ്ഞത് ഇങ്ങനെയാണ്-

”മോഹനൻ വൈദ്യർ എന്ന് അറിയപ്പെടുന്ന ഒരാൾ കഴിഞ്ഞവർഷം എവിടെനിന്നോ പെറുക്കിക്കൊണ്ടുവന്ന മാമ്പഴമൊക്കെ കടിച്ചുകാണിച്ച് തെറ്റിദ്ധാരണ പരത്തിയിരുന്നു.അമ്മാതിരി കാര്യങ്ങൾ ചെയ്യുന്നവർ കർശനമായ നടപടികൾ നേരിടേണ്ടിവരും…”

ഒരു മാസ് സിനിമാ ഡയലോഗിൻ്റെ സ്വഭാവമുണ്ടായിരുന്നു ആ വാക്കുകൾക്ക്….!

2018ൽ നിപ പടർന്നുപിടിച്ചപ്പോൾ കേരളത്തിന് താങ്ങും തണലും ആയി ശൈലജ ടീച്ചറുണ്ടായിരുന്നു.അസുഖം ബാധിച്ചാൽ മരണം തീർച്ച എന്ന നിലയിൽ കാര്യങ്ങൾ നിൽക്കുമ്പോഴാണ് അവർ നാടിനുവേണ്ടി പ്രവർത്തിച്ചത്.നിപ ആദ്യം തിരിച്ചറിഞ്ഞ ഡോ.അനൂപ്കുമാർ ശൈലജ ടീച്ചറെ വിശേഷിപ്പിച്ചത് ‘അയേൺ ലേഡി’ എന്നാണ്.കാരണം ആ ഭീകരരോഗത്തോട് ഒട്ടും ഭയമുണ്ടായിരുന്നില്ല ടീച്ചർക്ക് !

അക്കാലത്ത് നേരേചൊവ്വേ ശ്വാസംവിടാൻ പോലും ആളുകൾ ഭയന്നിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.”നിപ ഇനി പടരില്ല” എന്ന് ടീച്ചർ പറഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്.ആ വർഷത്തിൽ അതിനുശേഷം ദുരന്തങ്ങളൊന്നും ഉണ്ടായില്ല.2019ൽ നിപ വീണ്ടും വന്നപ്പോൾ ശൈലജ ടീച്ചറും ആരോഗ്യവകുപ്പും അതീവജാഗ്രതയിലായിരുന്നു.ഇവിടത്തെ സാധാരണക്കാർക്ക് ആശ്വാസവും ഊർജ്ജവും പ്രദാനം ചെയ്തത് മന്ത്രിയുടെ പത്രസമ്മേളനങ്ങളാണ്.

ഒരു നാട് മുഴുവൻ നിപയെ പ്രതിരോധിക്കുന്നതിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊണ്ടപ്പോൾ ചുരുക്കം ചിലർ മാത്രം വേറിട്ട രീതിയിൽ ചിന്തിച്ചു.ആഷിഖ് അബുവിൻ്റെ ‘വൈറസ് ‘ എന്ന സിനിമയുടെ പ്രമോഷനുവേണ്ടിയുള്ള നാടകമാണ് ഇതെല്ലാം എന്ന് ആരോപിച്ചു ! ജനങ്ങൾക്കുവേണ്ടി ഉറക്കം കളയുന്ന മന്ത്രിയ്ക്ക് ചില മനുഷ്യർ(?) നൽകിയ പാരിതോഷികം !

പക്ഷേ അതൊന്നും ടീച്ചറെ ബാധിക്കുകയില്ല.അവർ പരിഭവങ്ങളില്ലാതെ തൻ്റെ കർത്തവ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കും.

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മൂർദ്ധാവിൽ കിട്ടിയ അടിയാണ് ശൈലജ ടീച്ചർ.സ്ത്രീയാണ് അവർ.ഉശിരും നന്മയുമുള്ള സ്ത്രീ ! പെൺവർഗ്ഗത്തെ പുച്ഛിക്കരുത് എന്ന സന്ദേശമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.

നിപ ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവിനെയും മക്കളെയും എല്ലാവരും ഒറ്റപ്പെടുത്തിയ സമയത്ത്,അവരെ സ്നേഹത്തോടെ ചേർത്തുനിർത്തിയ ആളാണ് ശൈലജ ടീച്ചർ.ലിനിയുടെ മക്കളെ സ്വന്തം മക്കളായി അവർ കണക്കാക്കി.സ്നേഹമാണ് ടീച്ചർ.പരിധികളില്ലാതെ നിറഞ്ഞുതുളുമ്പുന്ന നിഷ്കളങ്കമായ സ്നേഹം…

അഭിമാനമാണ് ശൈലജ ടീച്ചർ.അവരുടെ നന്മകൾ നാടോടിക്കഥകളായി തലമുറകൾ തോറും പ്രചരിക്കും….

Written by-Sandeep Das