എഴുതിയത് : Sandeep Das

പണ്ട് ഹിന്ദി എന്ന ഭാഷയോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു.ടെലിവിഷനിൽ ദൂരദർശൻ മാത്രം ലഭ്യമായിരുന്ന കാലം.ദൂരദർശനിലൂടെ ലഭിച്ചിരുന്ന ഹിന്ദി പ്രോഗ്രാമുകളും ക്രിക്കറ്റ് കമൻ്ററിയുമെല്ലാം ഞാൻ നല്ലതുപോലെ ആസ്വദിച്ചിരുന്നു.അക്കാലത്ത് അർത്ഥമറിയാത്ത ഹിന്ദി വാക്കുകൾ പോലും ഹൃദയത്തോട് ചേർത്തുവെച്ചിരുന്നു.

ഈ ചിന്താഗതിയ്ക്ക് മാറ്റം വരുത്തിയത് സോഷ്യൽ മീഡിയയാണ്.ഞാൻ ഒരുപാട് ഉത്തരേന്ത്യക്കാരോട് ഫെയ്സ്ബുക്കിലൂടെ സംവദിച്ചിട്ടുണ്ട്.ഹിന്ദിയിൽ പ്രാവീണ്യം നന്നെ കുറവായതുകൊണ്ട്,ചർച്ചകളിൽ ഇംഗ്ലിഷാണ് ഉപയോഗിക്കാറുള്ളത്.”ഹിന്ദി അറിയാത്തവന് ഇന്ത്യയിൽ ജീവിക്കാനുള്ള അർഹതയില്ല” എന്ന് പല ഉത്തരേന്ത്യക്കാരും എന്നോട് പച്ചയ്ക്ക് തന്നെ പറഞ്ഞിട്ടുണ്ട് ! ഇതെല്ലാം വിളിച്ചുകൂവുന്നത് ഒരു പബ്ലിക് പ്ലാറ്റ്ഫോമിലാണ് എന്ന കാര്യം കൂടി ഒാർക്കണം !

തങ്ങൾ വരേണ്യവർഗ്ഗമാണെന്ന ധാരണ ഹിന്ദി സംസാരിക്കുന്ന മനുഷ്യർക്കുണ്ട്.ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാരെ അവർ പുച്ഛത്തോടെയാണ് കാണുന്നത്.ഭാരതീയർ എല്ലാം ഒറ്റക്കെട്ടാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന കുറുക്കൻമാർ പോലും ചില സമയങ്ങളിൽ അറിയാതെ കൂവിപ്പോവാറുണ്ട്.ചോരത്തിളപ്പ് എന്നത് ഉത്തരേന്ത്യക്കാരുടെ കുത്തകയാണെന്ന് കരുതുന്ന ചാനൽ അവതാരകരെയും കണ്ടിട്ടുണ്ട്.

പാക്കിസ്ഥാൻ്റെ പിടിയിൽ അകപ്പെടുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത അഭിനന്ദൻ വർദ്ധമാൻ എന്ന ധീരനായ കമാൻ്റർ തമിഴ്നാട് സ്വദേശിയാണ്.അഭിനന്ദൻ മദ്ധ്യപ്രദേശിൻ്റെയോ ഹരിയാനയുടെയോ പ്രതിനിധി ആയിരുന്നുവെങ്കിലോ?അദ്ദേഹത്തിൻ്റെ ആ എെഡൻ്റിറ്റി ഹിന്ദി ബെൽറ്റ് രഹസ്യമായെങ്കിലും ആഘോഷമാക്കുമായിരുന്നു.

”ഒരു രാജ്യം ; ഒരു ഭാഷ ” എന്നൊക്കെ കേൾക്കുമ്പോൾ ചില ‘നിക്ഷ്പക്ഷർക്ക് ‘ ഒന്നും തോന്നില്ല.”ഒരു ഭാഷ കൂടി അറിയുന്നത് നല്ലതല്ലേ” എന്ന് അവർ ചോദിക്കും.കാര്യങ്ങൾ അത്ര ലളിതമല്ല.ഫാസിസം അടുത്തെത്തുന്നത് അവർ തിരിച്ചറിയുന്നില്ല.ഹിന്ദിയ്ക്കും ആ ഭാഷയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നവർക്കും അത്രയേറെ നിഷ്കളങ്കത്വം കല്പിച്ചുകൊടുക്കരുത്.അവരുടെ താത്പര്യങ്ങൾ വേറെയാണ്.

ശരിക്കും എന്ത് മഹത്വമാണ് ഹിന്ദിയ്ക്ക് അവകാശപ്പെടാനുള്ളത്? പല ഇന്ത്യൻ ഭാഷകൾക്കും ഹിന്ദിയേക്കാൾ പാരമ്പര്യമുണ്ട്.ബംഗാളിയിലും മലയാളത്തിലുമൊക്കെ ഇറങ്ങിയിട്ടുള്ള വിഖ്യാതകൃതികളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി സാഹിത്യത്തിന് അത്ര വലിയ ഒൗന്നത്യമൊന്നും ആരോപിക്കാനാവില്ല.

ഇതുപോലെ തന്നെയാണ് സിനിമയും.ഇന്ത്യൻ സിനിമ=ബോളിവുഡ് എന്നതാണ് പൊതു അവസ്ഥ.പക്ഷേ രാജ്യം കണ്ട ഏറ്റവും മികച്ച 3 അഭിനേതാക്കൾ(മോഹൻലാൽ,കമൽഹാസൻ,മമ്മൂട്ടി)ദക്ഷിണേന്ത്യക്കാരാണ്.കലാമൂല്യവും സത്യസന്ധതയും പരിഗണിക്കുമ്പോൾ ബോളിവുഡിന് മലയാളസിനിമയെ വെല്ലാനാകുമോ?
ലോക ഭൂപടത്തിൽ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ സത്യജിത്ത് റേ സിനിമകൾ ചെയ്തത് ബംഗാളിയിലാണ്.ബാഹുബലി എന്ന സിനിമ കളക്ഷൻ റെക്കോർഡുകളെ പിടിച്ചുകുലുക്കിയപ്പോൾ ഗോസായിമാർക്ക് വലിയ അസ്വസ്ഥതയുണ്ടായിരുന്നു.

ഹിന്ദി അറിയാതെ യഥാർത്ഥ ഭാരതീയനാവില്ല എന്ന് വിശ്വസിക്കുന്നവർ സൗത്ത് ഇന്ത്യയിൽ വരെയുണ്ട്.ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കുന്ന ഒരാളെ കണ്ടാൽ നമുക്ക് അയാളോട് ബഹുമാനം തോന്നും.അതേസമയം മാതൃഭാഷയായ മലയാളത്തോട് മോശമല്ലാത്ത പുച്ഛവുമുണ്ട്.

എല്ലാ ഭാഷകളും ആശയവിനിമയത്തിനുവേണ്ടിയുള്ളതാണെന്ന സത്യം അംഗീകരിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണിത്.നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഏതു ഭാഷയും പഠിക്കാം.അല്ലാതെ ഭാഷാപഠനം അനിവാര്യതയല്ല.വിശേഷിച്ചും ഇന്ത്യയിൽ.ഒരുപാടൊരുപാട് ഭാഷകൾ സഹവസിക്കുന്ന രാജ്യമാണിത്.നമ്മുടെ ഭരണഘടനാ ശിൽപികൾ അക്കാര്യം മനസ്സിലാക്കിയിരുന്നു.ആ വൈവിദ്ധ്യം അതേപടി നിലനിൽക്കുകയാണ് വേണ്ടത്.എല്ലാ ഭാരതീയരും കഷ്ടപ്പെട്ട് ഹിന്ദി പഠിക്കേണ്ടതില്ല.

ലയണൽ മെസ്സി എന്ന ഫുട്ബോളർ പൊതുവേദികളിൽ മാതൃഭാഷയിൽ സംസാരിച്ചിട്ടുണ്ട്.എന്നുകരുതി ലോകം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാതിരുന്നിട്ടില്ല ! ഇത്രയേറെ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഇംഗ്ലിഷും ആത്യന്തികമായി ഒരു ഭാഷ മാത്രമാണ്.അത് നല്ലപോലെ സംസാരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആരും ബഹുമാനം അർഹിക്കുന്നില്ല.ഇത് ഹിന്ദിയ്ക്കും ബാധകമാണെന്ന് പറയേണ്ടതില്ലല്ലോ.

മലയാളികളുടെ ഇഷ്ടകഥാപാത്രമാണ് പഞ്ചാബി ഹൗസിലെ രമണൻ.പുള്ളി പറയുന്നതേ ഞങ്ങൾക്കും പറയാനുള്ളൂ-

”ഞങ്ങൾ ചോറാണ് തിന്നണത്.അതുകൊണ്ടുത­ന്നെ ഹിന്ദിയ്ക്കുവേണ്ടിയുള്ള മുറവിളി എന്തിനാണെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം.ആ പരിപ്പ് ഇവിടെ വേവില്ല മിത്രങ്ങളേ….”

Written by-Sandeep Das

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.