ഇത്തരക്കാരിൽ നിന്നാണ് നമ്മൾ ‘സാമൂഹിക അകലം’ പാലിക്കേണ്ടത്

252

Sandeep Das

ജനം ടി.വിയുടെ മേധാവിയായ അനിൽ നമ്പ്യാരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണിത്. വലിയ സന്തോഷത്തിലാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. അനിലിൻ്റെ ആഹ്ലാദത്തിന്റെ കാരണം എന്താണെന്ന് അറിയണ്ടേ?കേരളം സ്വപ്നം കണ്ടിരുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) തമിഴ്നാട്ടിലെ മധുരയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലളിതമായി പറഞ്ഞാൽ നമ്മുടെ സംസ്ഥാനത്തിന് വലിയൊരു നഷ്ടം സംഭവിച്ചു. അതിനാണ് അനിൽ നമ്പ്യാർ സന്തോഷിക്കുന്നത് ! കാത്തുസൂക്ഷിച്ച മാമ്പഴം കാക്ക കൊത്തിക്കൊണ്ടുപോയി എന്നൊക്കെയാണ് എഴുതിവിട്ടിരിക്കുന്നത് ! അളവില്ലാത്ത ആനന്ദം! അതിർത്തിയിൽ കർണ്ണാടക രണ്ടുകുട്ട മണ്ണിട്ടാൽ തീരുന്നതാണ് കേരളത്തിന്റെ ഒന്നാം നമ്പർ എന്ന് പരിഹസിച്ചതും അനിലിന്റെ മിത്രങ്ങളാണ്. എന്തുകൊണ്ടാണ് ഇവർക്കെല്ലാം കേരളത്തോട് ഇത്രയേറെ ശത്രുത?

രോഗികൾക്ക് ചികിത്സ നൽകുന്നത് രാഷ്ട്രീയം നോക്കിയിട്ടല്ല. എയിംസ് വന്നാൽ അതിന്റെ ഗുണം മുഴുവൻ മലയാളികൾക്കും ലഭിക്കും-ഇപ്പോൾ പരിഹസിക്കുന്ന അനിൽ നമ്പ്യാർക്ക് ഉൾപ്പടെ. കേരളത്തിന്റെ ‘നമ്പർ വൺ’ എന്ന വിശേഷണം എല്ലാ മലയാളികൾക്കും അവകാശപ്പെട്ടതാണ്. നമ്മുടെ അഭിമാനനേട്ടമാണത്. അനിലിനെപ്പോലുള്ളവർക്ക് അതൊന്നും ഈ ആയുസ്സിൽ മനസ്സിലാവില്ല.
എയിംസിന്റെ മുൻ ഡയറക്ടറായ ഡോ. എം.സി മിശ്ര കേരളത്തെ പ്രശംസിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം കേരളത്തെ മാതൃകയാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിന്റെ ആരോഗ്യമേഖല ഉന്നതനിലവാരമുള്ളതാണ്. പല അവസരങ്ങളിലും നാം അത് തെളിയിച്ചിട്ടുമുണ്ട്.കോവിഡിനുമുമ്പ് കേരളത്തെ പിടിച്ചുലച്ചത് നിപ്പയാണ്. കോവിഡിനേക്കാൾ മരണഭീതി ഉയർത്തിയ വ്യാധിയായിരുന്നു അത്. ആളുകൾ ഭയംമൂലം പരക്കംപാഞ്ഞിരുന്ന സമയം. രോഗികളെയും അവരുടെ വീട്ടുകാരെയും ക്രൂരമായി ഒറ്റപ്പെടുത്തിയിരുന്ന കാലം. പക്ഷേ നമ്മൾ നിപ്പയ്ക്ക് മൂക്കുകയറിട്ട് നിയന്ത്രിച്ചുനിർത്തി.നമ്മുടെ നാട്ടിൽ രണ്ടുതവണ പ്രളയമുണ്ടായി. ആ സമയത്ത് പകർച്ചവ്യാധികൾ കേരളത്തെ കീഴടക്കുമെന്ന് ഭയന്നിരുന്നു. അതിനെയും നാം അതിജീവിച്ചു.

മാതൃമരണനിരക്ക് പരമാവധി കുറച്ചതിന് അവാർഡ് ലഭിച്ച സംസ്ഥാനമാണ് കേരളം. അല്ലെങ്കിൽത്തന്നെ നമ്മുടെ നാട് ഏത് കാര്യത്തിലാണ് പുറകിലുള്ളത്?ആ നിലയ്ക്ക് കേരളത്തിന്റെ കിരീടത്തിലെ പൊൻതൂവലാകുമായിരുന്നു എയിംസ്. പക്ഷേ അത് ലഭിക്കാത്തതിന്റെ പേരിൽ നമ്മൾ വിലപിക്കാനൊന്നും പോകുന്നില്ല. കൈവശമുള്ള പരിമിതമായ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് കേരളം യുദ്ധങ്ങൾ ജയിക്കുക തന്നെ ചെയ്യും. അങ്ങനെ തോറ്റുകൊടുക്കാൻ സാധിക്കില്ലല്ലോ!അനിൽ നമ്പ്യാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ കേരളം ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.

”ഗോ ഗോ കൊറോണ” എന്ന മുദ്രാവാക്യം വിളിച്ച് കൊറോണയെ നാടുകടത്താൻ കേരളം ശ്രമിച്ചിട്ടില്ല.ദേഹത്ത് ചാണകം പുരട്ടിയാൽ അസുഖം മാറുമെന്ന് പറഞ്ഞിട്ടില്ല.ഗോമൂത്രം മൂന്നുനേരം സേവിച്ചാൽ കൊറോണ ഭസ്മമാകുമെന്ന് അവകാശപ്പെട്ടിട്ടില്ല.ശാസ്ത്രീയ രീതികൾ അവലംബിച്ചാണ് കേരളം കൊറോണയെ എതിരിടുന്നത്. അനിലിനെ അത് പ്രകോപിപ്പിച്ചുവെന്ന് തോന്നുന്നു.മുഖത്ത് എത്രയൊക്കെ മാന്യത വരുത്താൻ ശ്രമിച്ചാലും ഉള്ളിലെ ദ്രംഷ്ടകൾ ഇടയ്ക്ക് പുറത്തുവരും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
അനിൽ നമ്പ്യാരെയും ജനം ടി.വിയേയും തിരുത്താനാകുമെന്ന പ്രതീക്ഷയില്ല. അവർ അങ്ങനെയായിപ്പോയി. ചെയ്യാനുള്ളത് നമുക്കാണ്. ഈ വക ചിന്താഗതികൾ വെച്ചുപുലർത്തുന്നവരെ ഏഴയലത്തുപോലും അടുപ്പിക്കരുത്. ‘സാമൂഹിക അകലം’ എപ്പോഴും നല്ലതാണ്….!
Written by-Sandeep Das