മുഷ്താഖ്…നീയാണ് അമ്മയോടുള്ള സ്നേഹത്തിൻ്റെ മഹത്തായ മാതൃക !

0
399

Sandeep Das എഴുതുന്നു

പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ പക്വത വർദ്ധിക്കും എന്നാണ് വയ്പ്.പക്ഷേ കൊച്ചുകുട്ടികൾ മുതിർന്നവർക്ക് മാതൃകയാവുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാറുള്ളത്! മുഷ്താഖ് എന്ന എട്ടുവയസ്സുകാരൻ അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ക്രൂരനായ ഒരച്ഛൻ്റെ മകനാണ് മുഷ്താഖ്.ഭാര്യയെ ഉപദ്രവിക്കുന്നതാണ് അയാളുടെ ഇഷ്ട വിനോദം ! അമ്മയുടെ അവസ്ഥ ആ കുട്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.പക്ഷേ മുഷ്താഖ് നിശബ്ദത

Sandeep Das
Sandeep Das

പാലിക്കുകയോ സ്വകാര്യമായി കരയുകയോ ചെയ്തില്ല.ഒന്നര കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഒാടിച്ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു.പൊലീസ് അച്ഛനെ പിടികൂടുകയും ചെയ്തു !

ഇതല്ലേ അമ്മയോടുള്ള സ്നേഹത്തിൻ്റെ മഹത്തായ മാതൃക!?

ശാരീരികവും മാനസികവുമായ ഒരുപാട് ക്ലേശങ്ങൾ സഹിച്ചാണ് അമ്മമാർ മക്കളെ വളർത്തിവലുതാക്കുന്നത്.പക്ഷേ അമ്മയ്ക്ക് വയസ്സാവുമ്പോൾ പല സന്താനങ്ങളും അക്കാര്യം മറന്നുപോകാറുണ്ട്.അതുകൊണ്ടാണ് വൃദ്ധസദനങ്ങൾ ഈ മണ്ണിൽ തഴച്ചുവളരുന്നത്.

ചിലർക്ക് മാതാപിതാക്കളുടെ സ്വത്തുക്കൾ മാത്രമേ ആവശ്യമുള്ളൂ.അമ്മയ്ക്ക് ആവശ്യമുള്ള മരുന്നുകൾ എത്തിച്ചുകൊടുക്കാത്തവരുണ്ട്.വല്ലപ്പോഴും ഒരു സിനിമയ്ക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടാൽ അമ്മയോട് തട്ടിക്കയറുന്ന മക്കളുണ്ട്.

മാറാരോഗം വന്ന് കിടപ്പിലാകുന്ന അമ്മമാർ എത്രയും പെട്ടന്ന് മരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ പരിചയമുണ്ട്.ഒരുപാട് കുട്ടികൾക്ക് ജന്മം നൽകിയിട്ടും അവസാനകാലത്ത് ഹോംനഴ്സിൻ്റെ പരിചരണം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്ന എത്രയോ അമ്മമാരുണ്ട് നമ്മുടെ നാട്ടിൽ…!

അമ്മയുടെ സ്നേഹം ലഭിക്കുന്നതിനുവേണ്ടി മക്കൾ പരസ്പരം മത്സരിക്കുന്ന കാലത്തിൻ്റെ പേരാണ് യൗവ്വനം.വാർദ്ധക്യത്തിലും മത്സരം അവശേഷിക്കും.അമ്മയെ ഒഴിവാക്കുക എന്നതാവും ലക്ഷ്യമെന്നുമാത്രം!

നിഷ്കളങ്കതയാണ് ശൈശവത്തിൻ്റെ ഏറ്റവും വലിയ സവിശേഷത.ആ പ്രായത്തിൽ തോന്നുന്നത് ഉപാധികളില്ലാത്ത സ്നേഹമായിരിക്കും.അതു­കൊണ്ടാണ് മുഷ്താഖ് എന്ന ബാലൻ ഈ വിധം പെരുമാറിയത്.വളർന്നുവരുമ്പോൾ ആ മനോനിലയാണ് നമുക്ക് കൈമോശം വരുന്നത്.

ഭാര്യമാരെ തല്ലുന്നതിനുവേണ്ടി ഭർത്താക്കൻമാർ പല കാരണങ്ങളും കണ്ടെത്താറുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന്…
വീട്ടുജോലികൾ ‘കൃത്യമായി ചെയ്യാത്തതിന്…’
ആൺകുട്ടിയ്ക്ക് ജന്മം നൽകാത്തതിന്…

അങ്ങനെ കാരണങ്ങൾ സുലഭമാണ് ! മദ്യപിച്ചുവന്ന് ഭാര്യയെ മർദ്ദിക്കുന്നത് ചിലർക്കൊരു ഹരമാണ് !

മിക്ക സ്ത്രീകളും ഇതെല്ലാം സഹിക്കാറാണ് പതിവ്.അപൂർവ്വം പേരേ രക്ഷപ്പെടാറുള്ളൂ.ഭർത്താവുമായി പിണങ്ങിയാൽ ജനിച്ച വീടിൻ്റെ സപ്പോർട്ട് പോലും കിട്ടിയെന്നുവരില്ല.പിന്നെ എങ്ങനെ രക്ഷപ്പെടാനാണ്!? അവർ നരകിച്ച് ജീവിക്കും.അല്ലെങ്കിൽ മരണത്തിനു കീഴടങ്ങും.

നല്ല എരിവുള്ള ഭക്ഷണം ഉണ്ടാക്കിയതിന് ഭാര്യയെ കൊന്നുകളഞ്ഞ സംഭവം വരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ! എന്നാൽ ഈ കുറ്റത്തിൻ്റെ ഗൗരവം സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.അയൽപക്കത്തെ വീട്ടിലെ ചേട്ടൻ ഭാര്യയെ തല്ലുന്നതുകണ്ടാൽ 99% പേരും ഇടപെടില്ല.അതിൽ അത്ര അസ്വാഭാവികതയൊന്നുമില്ല എന്ന ബോധം വല്ലാതെ വേരിറങ്ങിപ്പോയിരിക്കുന്നു !

കാര്യങ്ങൾ അതുകൊണ്ടും തീരുന്നില്ല.പൊതുസ്ഥ­ലങ്ങളിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഞരമ്പുരോഗികളെ നിയമപരമായി കൈകാര്യം ചെയ്യാൻ പലരും തയ്യാറാകാറില്ല.അതിന് തുനിഞ്ഞിറങ്ങുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യും !

കൺമുമ്പിൽ വെച്ച് വലിയൊരു കുറ്റകൃത്യം നടന്നാൽ നമ്മളിൽ പലരും സാക്ഷി പറയാതെ ഉറക്കം നടിക്കും.ഒരു നല്ല കാര്യത്തിനുവേണ്ടി അല്പം ബുദ്ധിമുട്ടാൻ പോലും നാം തയ്യാറല്ല.

ഇവിടെയാണ് മുഷ്താഖിൻ്റെ പ്രസക്തി.അവൻ്റെ കാല്പാടുകൾ പിന്തുടരാൻ മുതിർന്നവർ തീരുമാനിച്ചാൽ കുറ്റകൃത്യങ്ങൾ ഒരുപാട് കുറയും.

ലക്ഷക്കണക്കിന് മുഷ്താഖുമാർ ജീവിക്കുന്ന രാജ്യമാണിത്.അവർക്കും അവരുടെ അമ്മമാർക്കും നന്മകളുണ്ടാവട്ടെ…

Written by-Sandeep Das

 —