ചിത്രയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !

491

Sandeep Das എഴുതുന്നു 

ചിത്രയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !

ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ മലയാളി താരമായ പി.യു ചിത്ര സ്വർണ്ണം നേടിയിട്ടുണ്ട്.കേവലം ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ആയുസ്സുള്ള ഒരു വാർത്തയായി ഈ സംഭവം ഒതുങ്ങരുത്.നാം ചിത്രയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.ശരിക്കും ഈ പെൺകുട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !

Sandeep Das
Sandeep Das

ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അനുഭവിച്ചേക്കാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളാണ് ചിത്ര.ജീവിതം മടുത്തുപോയ പുരുഷൻമാർക്കും വിവേചനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്കും ധൈര്യമായി ഉറ്റുനോക്കാവുന്ന യുവപ്രതിഭ !

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ മുണ്ടൂരിലാണ് ചിത്ര ജനിച്ചത്.കൂലിപ്പണിയും കൃഷിയുമൊക്കെ ചെയ്ത് ജീവിക്കുന്ന നിർധനരായ മാതാപിതാക്കളുടെ മകളായിരുന്നു അവൾ.മറ്റു പല കായികതാരങ്ങളെയും പോലെ വൻനഗരത്തിൻ്റെ പിൻബലവും പണം വാരിയെറിയുന്ന രക്ഷിതാക്കളും ചിത്രയ്ക്ക് ഉണ്ടായിരുന്നില്ല.

അതുപോലുള്ള സാഹചര്യങ്ങളിൽ വളരുന്ന പെൺകുട്ടികൾ പൊതുവെ വളരെ വേഗത്തിൽ വിവാഹിതരാകാറുണ്ട്.അച്ഛനും അമ്മയ്ക്കും താത്പര്യം ഇല്ലെങ്കിൽപ്പോലും നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് കല്യാണം നടത്തിക്കും ! അതിനെയാണ് ചിത്ര ആദ്യം മറികടന്നത്.അവളുടെ മനസ്സ് എപ്പോഴും മൈതാനങ്ങളിലായിരുന്നു.

Image result for p u chitraസ്പോർട്സിലൂടെ രക്ഷപ്പെടാം എന്ന് കരുതുന്ന ഒരാൾക്ക് ഏറ്റവും കുറവ് പ്രോത്സാഹനം നൽകുന്ന ഒരു ജനതയാണ് നമ്മൾ.പെൺകുട്ടിയാണെങ്കിൽ പ്രത്യേകിച്ചും.നമ്മുടെ കുട്ടികൾ പഠനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന കാഴ്ച്ചപ്പാട് വെച്ചുപുലർത്തുന്നവർ തന്നെയാണ് മേരികോമിനെയും സാനിയ മിർസയേയും പി.വി സിന്ധുവിനെയും മറ്റും ആഘോഷമാക്കുന്നത് ! അവരൊന്നും ഒരു രാത്രി കൊണ്ട് പൊട്ടിമുളച്ചവരല്ല.

ഒരു പ്രായം കഴിഞ്ഞാൽ മിക്ക പെൺകുട്ടികളുടെയും കളി അവസാനിക്കും.ഗ്രൗണ്ടു­കൾ പുരുഷന് സംവരണം ചെയ്തതുപോലെയാണ്.അതിനെയും ചിത്ര എതിർത്തുതോൽപ്പിച്ചു.മുണ്ടൂരിലെ സ്കൂൾ ഗ്രൗണ്ടിൽ ചിത്ര മുടങ്ങാതെ പരിശീലനത്തിനെത്തുമായിരുന്നു.ആരെല്ലാം വരാതിരുന്നാലും ചിത്ര വരുമായിരുന്നു എന്നാണ് പരിശീലകൻ പറയുന്നത്.

Image result for p u chitra2017ൽ ഭുവ്നേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചിത്ര സ്വർണ്ണം നേടിയിരുന്നു.പക്ഷേ ലണ്ടനിലെ വേൾഡ് ചാമ്പ്യൻഷിപ്പിനുള്ള ദേശീയ ടീമിൽ നിന്ന് ചിത്ര തഴയപ്പെട്ടു.ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചിട്ടുപോലും ചിത്ര പരിഗണിക്കപ്പെട്ടില്ല !

ആ ഘട്ടത്തിൽ ചിത്ര അനുഭവിച്ച മാനസികസംഘർഷങ്ങൾ എത്രമാത്രമാണെന്ന് ഊഹിക്കാൻ പോലും സാദ്ധ്യമല്ല.

അത്ലറ്റിക് ഫെഡറേഷൻ്റെ ഏഴംഗ കമ്മിറ്റിയിൽ പി.ടി ഉഷയുൾപ്പടെ മൂന്ന് മലയാളികളുണ്ടായിരുന്നു.അവരുടെ പിന്തുണ ചിത്രയ്ക്ക് ലഭിച്ചില്ല.

വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക എന്ന ചിത്രയുടെ മോഹത്തിന് ഒമ്പതുവർഷത്തെ പഴക്കമുണ്ടായിരുന്നു.ഒരു ദശകത്തോളം അതിനുവേണ്ടി കഠിനപ്രയത്നം നടത്തിയിട്ടും ഒരു നിമിഷം കൊണ്ട് ആ മോഹം സ്ഫടികപാത്രം പോലെ വീണുടഞ്ഞു !

Image result for p u chitraചിത്ര കഷ്ടപ്പെട്ടതുമുഴുവൻ മാതാപിതാക്കളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു.പക്ഷേ അവർ രണ്ടുപേരും മുണ്ടൂരിലെ കൊച്ചുവീട്ടിലിരുന്ന് മകളുടെ വിധിയോർത്ത് കരയുകയായിരുന്നു !

ഒരു അത്ലറ്റിൻ്റെ ഏറ്റവും വലിയ സമ്പത്ത് ശാരീരികക്ഷമതയാണ്.അക്കാര്യത്തിലും ചിത്ര വെല്ലുവിളി നേരിട്ടു.മുട്ടിനുപരിക്കേറ്റതുമൂലം മാസങ്ങളോളം കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു.

ഇത്രയെല്ലാം അനുഭവിച്ച പെൺകുട്ടിയാണ് ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക പുതച്ചുനിന്നത് !

പോരാട്ടവീര്യത്തിൻ്റെ പര്യായമാണ് ആ ഇരുപത്തിമൂന്നുകാരി….!

ജീവിതത്തിൽ വിജയിക്കാനാകാതെ വരുമ്പോൾ നമ്മളിൽ പലരും സാഹചര്യങ്ങളെ പഴിചാരി രക്ഷപ്പെടാറാണ് പതിവ്.ചിത്ര അങ്ങനെയല്ല.

ചിത്ര തഴയപ്പെട്ടപ്പോൾ മലയാളികൾ ഒന്നടങ്കം പി.ടി ഉഷയെ തള്ളിപ്പറഞ്ഞിരുന്നു.പക്ഷേ ചിത്ര ആരെയും പഴിച്ചിരുന്നില്ല.ഇന്നും ഉഷയെ ആദരവോടെ ‘മാഡം’ എന്നാണ് വിളിക്കുന്നത്.

ചിത്രയുടെ ആത്മവിശ്വാസം അപാരമാണ്.തള്ളിപ്പറഞ്ഞവരെക്കൊണ്ടുതന്നെ കയ്യടിപ്പിക്കുമെന്ന് ചിത്ര പരസ്യമായി പറഞ്ഞിരുന്നു.അതാണ് ഇപ്പോൾ സത്യമായിരിക്കുന്നത് !

പുരുഷമേധാവിത്വം വളരെ വ്യക്തമായി കാണാവുന്ന ഒരു മേഖലയാണ് സ്പോർട്സ്.”ആണുങ്ങളെപ്പോലെ കളിച്ച് ജയിക്കടാ….” എന്ന മട്ടിലുള്ള വാചകങ്ങൾ ഗ്രൗണ്ടിൽ സ്ഥിരമായി കേൾക്കാം.അവിടെയാണ് ഈ കൊച്ചു ഗ്രാമത്തിലെ പെൺകുട്ടി ജയിച്ചുനിൽക്കുന്നത് !

സ്ത്രീശാക്തീകരണത്തിൻ്റെ പ്രതീകങ്ങളെ തേടി എന്തിനാണ് ദേശീയതലത്തിലേക്കും അന്താരാഷ്ട്രതലത്തിലേക്കും പാഞ്ഞുചെല്ലുന്നത്? കേരളത്തിൻ്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ..