റീമയെ തെറിവിളിക്കുന്നവർ ആദ്യം സ്വന്തം വീട്ടിലെ സ്ത്രീകളെ പൂര തിരക്കിൽ കൊണ്ടുപോകട്ടെ !

0
1103

Sandeep Das എഴുതുന്നു 

”ഞാൻ പലതവണ തൃശ്ശൂർ പൂരത്തിന് പോയിട്ടുണ്ട്.പക്ഷേ അവിടെ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് തോന്നിയിട്ടുണ്ട്.പലപ്പോഴും പൂരം എന്നത് ആണുങ്ങളുടെ മാത്രം ഫെസ്റ്റിവലാണ്.പൂരത്തിന് പോയപ്പോൾ മോശം അനുഭവം ഉണ്ടായിട്ടുമുണ്ട്….”

Sandeep Das
Sandeep Das

നടി റിമ കല്ലിങ്കൽ പറഞ്ഞ അഭിപ്രായം ഇതാണ്.(വരികൾ കൃത്യമല്ലെങ്കിലും ആശയം ഇതുതന്നെ).അവർ പറഞ്ഞത് സത്യമാണെങ്കിലും,അതിൻ്റെ പേരിൽ ചില സോ കോൾഡ് പൂരപ്രേമികൾ റിമയെ വിളിച്ച തെറികൾക്ക് കണക്കില്ല !

റിമ എന്ന വ്യക്തിയോടുള്ള വെറുപ്പ് ആളുകൾ പ്രകടിപ്പിക്കുന്നു എന്നാണ് ആദ്യം കരുതിയത്.പക്ഷേ സംഗതി അതല്ല.പൂരത്തെക്കുറിച്ച് സമാനമായ അഭിപ്രായം പറഞ്ഞ ഒരു സാധാരണ പെൺകുട്ടിയും ഇപ്പോൾ സൈബർ ആക്രമണം നേരിടുന്നുണ്ട്.

കുറച്ചുനാളുകൾക്ക് മുമ്പ് റിമ ഒരു വാദം മുന്നോട്ടുവെച്ചിരുന്നു.’പൊരിച്ച മീൻ’ എന്നുപറഞ്ഞാൽ എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും.അങ്ങേയറ്റം പ്രസക്തമായ ഒരു പ്രസ്താവനയായിരുന്നു അത്.പക്ഷേ മിക്ക ആളുകളും അക്കാര്യം മനസ്സിലാക്കിയില്ല.

നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്,വീട്ടിൽ പച്ചക്കറിയോ ഇറച്ചിയോ മറ്റോ വാങ്ങിയാൽ അത് കഴുകുന്നത് മുതൽ തീൻമേശയിൽ വിളമ്പുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സ്ത്രീകളാണ്.കഴിക്കാൻ വന്നിരിക്കുക എന്ന ചുമതല മാത്രമേ പുരുഷനുള്ളൂ.മിക്കപ്പോഴും അവർക്ക് മുഴുത്ത കഷ്ണങ്ങൾ തന്നെ ഭക്ഷിക്കാൻ കിട്ടുകയും ചെയ്യും.മറിച്ചു സംഭവിക്കുന്ന വീടുകൾ ഉണ്ടാവാം.പക്ഷേ എണ്ണത്തിൽ വളരെ കുറവാണ്.

കഷ്ടപ്പെട്ട് മീൻകറി വെച്ചതിനുശേഷം,അതിൻ്റെ ഗ്രേവി മാത്രം ഉപയോഗിച്ച് ഊണുകഴിക്കേണ്ടിവരുന്ന പെൺകുട്ടികൾ ഈ നാട്ടിൽ ധാരാളമുണ്ട് എന്ന വസ്തുത ആർക്കെങ്കിലും നിഷേധിക്കാനാകുമോ?അതിനെക്കുറിച്ചാണ് റിമ പറഞ്ഞത്.പ്രിവിലേജുകളുടെ കൂമ്പാരത്തിനു മുകളിൽ വിരാജിക്കുന്ന പുരുഷൻമാർക്ക് അക്കാര്യം ഉൾക്കൊള്ളാനായില്ല.

തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവൽ വായിച്ചിട്ടുണ്ടോ? ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കിയ കൃതിയാണത്.മലംകോരുന്ന ജോലി ചെയ്യുന്ന ചുടലമുത്തു, സ്വന്തം മകന് ‘മോഹനൻ’ എന്ന് പേരിടാൻ തീരുമാനിക്കുമ്പോൾ വലിയ ഒച്ചപ്പാടുകളുണ്ടാവുന്നു !

സമൂഹം എക്കാലത്തും ഇങ്ങനെയാണ്.അടിച്ചമർത്തപ്പെട്ടവരുടെ നൊമ്പരങ്ങൾ അവർക്ക് മാത്രമേ അറിയുകയുള്ളൂ.അതിനുനേരെ പല്ലിളിച്ചുകാട്ടാൻ ഒരു വലിയ ജനക്കൂട്ടം എപ്പോഴുമുണ്ടാവും.

ചിലപ്പോൾ ഒരു സ്ത്രീ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ഒരുപാട് പൂരങ്ങളിലും പെരുന്നാളുകളിലും പങ്കെടുത്തിട്ടുണ്ടാവാം.പക്ഷേ അതിനെ ഭാഗ്യമെന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ.അടുത്ത തവണ അവൾ ശാരീരികമായി ഉപദ്രവിക്കപ്പെടില്ല എന്ന് ഉറപ്പുതരാൻ കഴിയുമോ? ഈയൊരു അരക്ഷിതാവസ്ഥ പുരുഷനില്ല.അതിനെക്കുറിച്ചാണ് റിമ സംസാരിച്ചത്.

നമ്മളെ സംബന്ധിച്ചിടത്തോളം, ചെണ്ടമേളത്തിനൊപ്പം ഒരു പെൺകുട്ടി ചാടിത്തുള്ളുക എന്നത് ഇന്നും അസാധാരണമാണ്.അത്തരം സംഭവങ്ങൾ വലിയ വാർത്തയാകുന്നത് അതുകൊണ്ടാണല്ലോ.പുരുഷാരത്തിന് നടുവിൽ നിന്ന് ഡാൻസ് ചെയ്യുന്ന പെണ്ണിന് പല നീചമായ അധിക്ഷേപങ്ങളും കേൾക്കേണ്ടിവരും.എന്നാൽ പുരുഷന് ആ വക പ്രശ്നങ്ങളൊന്നുമില്ലാതെ പൂരം ആസ്വദിക്കാം.

ധാരാളം സ്ത്രീകൾ പൂരത്തിന് പോകാറുണ്ട്.എന്നുകരുതി പുരുഷൻമാരെപ്പോലെ സ്വസ്ഥവും സ്വതന്ത്രവും ആയ മനസ്സോടെ ഏതെങ്കിലുമൊരു പെണ്ണിന് ആൾക്കൂട്ടത്തിൽ നിൽക്കാൻ സാധിക്കുമോ? ശരീരത്തിലൂടെ ഇഴഞ്ഞേക്കാവുന്ന കരങ്ങളെക്കുറിച്ച് സദാ ബോധവതികളായിരിക്കും അവർ.ഈ വ്യത്യാസമാണ് ചർച്ച ചെയ്യപ്പെടേണ്ടത്.

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുക എന്ന വൃത്തികേടിന് ചിലപ്പോഴൊക്കെ പുരുഷനും ഇരയാകാറുണ്ട്.പക്ഷേ അവന് അത് എളുപ്പത്തിൽ മറക്കാൻ കഴിയും.അവളുടെ കാര്യം അങ്ങനെയല്ല.പവിത്രത,വിശുദ്ധി,മാനം,ചാരിത്ര്യം തുടങ്ങിയ യുക്തിയില്ലാത്ത സങ്കൽപ്പങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അവയൊന്നും ഒരു സുപ്രഭാതത്തിൽ മാഞ്ഞുപോകുന്നതല്ല.

റിമ പൂരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ചിലരുടെ പരാതി ! സത്യത്തിൽ ആ പരാതി ഉന്നയിക്കുന്നവരല്ലേ പൂരത്തെ അവഹേളിക്കുന്നത്? വർഷങ്ങളായി നടന്നുവരുന്ന ഒരു വലിയ മേളയെ തകർക്കാൻ ഒരു ചലച്ചിത്രതാരത്തിൻ്റെ അഭിപ്രായത്തിന് കഴിയുമോ?

മുഴുവൻ പുരുഷൻമാരെയും അപമാനിക്കരുത് എന്നും ചിലർ റിമയെ ഉപദേശിക്കുന്നു.റിമ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത് ഞരമ്പുരോഗികളായ പുരുഷൻമാരെ മാത്രമാണെന്ന കാര്യം, സാമാന്യബോധമുള്ള എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. എന്തിനാണ് ചങ്ങാതിമാരേ നിങ്ങൾ തലയിലെ പൂട തപ്പുന്നത്?

പൂരം നിരോധിക്കണം എന്നല്ല റിമ പറഞ്ഞത്.ലിംഗവ്യത്യാസമില്ലാതെ ആളുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിലേക്ക് പൂരം മാറണം എന്നാണ് അഭിപ്രായപ്പെട്ടത്.ഇതുപോലുള്ള പോസിറ്റീവ് ആയ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.ഹെൽത്തി ആയ വിമർശനങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ മെച്ചപ്പെടലിന് വകുപ്പുള്ളൂ.

ചില വിഡ്ഢികൾ റിമയുടെ ഭർത്താവായ ആഷിഖ് അബുവിനോട് പ്രസവിക്കാൻ ആവശ്യപ്പെടുന്നുണ്ട് ! ഇതൊക്കെയാണ് അവൻമാരുടെ മനസ്സിലെ ലിംഗസമത്വം ! അതിന് കയ്യടിക്കാൻ കുറേ കുലസ്ത്രീകളും !

ജെൻ്റർ ഇക്വാലിറ്റി എന്നാൽ സാമൂഹികപരമായ തുല്യതയാണെന്ന അടിസ്ഥാനകാര്യമെങ്കിലും ആദ്യം മനസ്സിലാക്കണം.എന്നിട്ടുപോരേ വാചകമടി?

Written by-Sandeep Das