Sandeep Das എഴുതുന്നു 

ശ്രീറാം വെങ്കട്ടരാമൻ എന്ന എെ.എ.എസ് ഒാഫീസറെ സാമാന്യം നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.ധാരാളം വായനക്കാരും ഫോളോവേഴ്സുമുള്ള ഒരു അഭിഭാഷകനാണ് അതെഴുതിയത്.എന്നെ ഞെട്ടിച്ചത് ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മയാണ്.മരിച്ചുകിടക്കുന്ന കെ.എം ബഷീർ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി ! ആ എഴുത്തിന് ധാരാളം ലൈക്കുകളും ലഭിച്ചിട്ടുണ്ട് !

Sandeep Das
Sandeep Das

ഉദ്യോഗസ്ഥരെ വിഗ്രഹങ്ങളാക്കി മാറ്റുന്ന സംസ്കാരമാണ് ഇവിടെ നിലനിൽക്കുന്നത്.ഇപ്പോൾ ശ്രീറാമിൻ്റെ ഫാൻസിൽ ഭൂരിഭാഗവും മൗനത്തിലാണ്.പക്ഷേ വരുംദിവസങ്ങളിൽ അവർ പതിയെ പുറത്തുവരും.തങ്ങളുടെ ആരാധ്യപുരുഷനെ പരോക്ഷമായിട്ടെങ്കിലും ന്യായീകരിക്കാൻ ശ്രമിക്കും.സംശയമുള്ളവർ കാത്തിരുന്ന് കണ്ടോളൂ.

ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാവുമ്പോൾ,സമൂഹം നിലകൊള്ളേണ്ടത് ഇരയോടൊപ്പമാണ്.പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ വേട്ടക്കാരന് പിന്തുണ ലഭിക്കും.കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഒരു സെലിബ്രിറ്റി ആവുമ്പോഴാണ് അങ്ങനെ സംഭവിക്കാറുള്ളത്.

സൽമാൻ ഖാൻ്റെ കാര്യം ഒാർമ്മയില്ലേ? റോഡരികിൽ ഉറങ്ങിക്കിടന്ന സാധുമനുഷ്യരുടെ ദേഹത്തിലൂടെ വണ്ടി കയറ്റിയിറക്കിയ കേസ്.”പൊതുസ്ഥലത്ത് കിടന്നുറങ്ങാൻ ഇവറ്റകളോട് ആരാണ് പറഞ്ഞത്? ” എന്ന മട്ടിലാണ് സല്ലുവിൻ്റെ സഹപ്രവർത്തകർ അന്ന് പ്രതികരിച്ചത് ! ധാരാളം ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന സൽമാനെ ഉപദ്രവിക്കരുതെന്ന വാദം വേറെയും !

ശ്രീറാമിൻ്റെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്.ഒരു എെ.എ.എസ് ഒാഫീസർ എന്ന നിലയിലുള്ള പ്രാഗല്ഭ്യമൊക്കെ ഈയവസരത്തിൽ ചർച്ചയ്ക്ക് കൊണ്ടുവരുന്നത് അത്ര നിഷ്കളങ്കമൊന്നുമല്ല.അത് ബഷീർ എന്ന മാദ്ധ്യമപ്രവർത്തകനോട് കാണിക്കുന്ന അനീതിയാണ്.

എത്ര നിർഭാഗ്യവാനാണ് ബഷീർ ! അർദ്ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ശബ്ദിച്ചപ്പോൾ ബൈക്ക് റോഡിൻ്റെ അരികിലേക്ക് ഒതുക്കിനിർത്തി സംസാരിക്കുകയാണ് അദ്ദേഹം ചെയ്തത്.മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഒാടിക്കുന്ന പലരെയും കണ്ടിട്ടുണ്ട്.പക്ഷേ ഒരു പൗരൻ റോഡിൽ പാലിക്കേണ്ട എല്ലാ മര്യാദകളും ബഷീർ കാണിച്ചിരുന്നു.അപ്പോഴാണ് ശ്രീറാമിൻ്റെ കാർ വന്ന് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത് !

ഇതിനു വിപരീതമാണ് ശ്രീറാം.ട്രാഫിക് ബോധവത്കരണ ക്ലാസുകളിൽ പങ്കെടുക്കുകയും സ്വന്തം ജീവിതത്തിൽ അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീറാം എന്നത് വ്യക്തമാണ്.ശ്രീറാം മദ്യപിച്ചതും ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്തതും ഒന്നുമല്ല വിഷയം.മദ്യപിച്ച് വാഹനമോടിക്കുക എന്നത് മാപ്പർഹിക്കാത്ത അപരാധമാണ്.സ്വബോധമില്ലാതെ ഡ്രൈവ് ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ അതിനെ വകവെയ്ക്കാതെ ഹൈസ്പീഡിൽ വണ്ടിയോടിച്ചു എന്നാണ് സഹയാത്രികയുടെ മൊഴി.അതിൻ്റെ പേര് ധാർഷ്ട്യം എന്നാണ്.

സാധാരണഗതിയിൽ നിങ്ങൾ ഇതിലാരുടെ കൂടെയാണ് നിൽക്കുക? അല്പമെങ്കിലും മനുഷ്യപ്പറ്റുള്ളവർക്ക് ബഷീറിനെ പിന്തുണയ്ക്കാനേ സാധിക്കൂ.ഒറ്റ ഇടി കൊണ്ട് തകർന്നുപോയത് ഒരു കുടുംബമാണ്.ബഷീറിൻ്റെ ഭാര്യയും രണ്ടു കുട്ടികളും അനാഥരായി.പിന്നെ എന്തിനാണ് ചിലരുടെ തൂലികയിൽനിന്ന് അറസ്റ്റിലായ പ്രതിയ്ക്കുവേണ്ടി വാക്കുകൾ അടർന്നുവീഴുന്നത്? പൊലീസ് അനാസ്ഥ കാണിച്ചുവെന്നും പരാതിയുണ്ട്.

”എപ്പോഴും ചിരിക്കുന്ന മനുഷ്യൻ” എന്നാണ് ബഷീറിനെക്കുറിച്ച് സഹപ്രവർത്തകർ പറയുന്നത്.അദ്ദേഹം സ്വന്തമായി ഒരു വീടുവെച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.എത്രയോ ലേഖനങ്ങൾ ഇനിയും എഴുതാൻ ബാക്കിയുണ്ടായിരുന്നു !

ബഷീറിൻ്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഒന്ന് സന്ദർശിച്ചുനോക്കൂ.അതിൽ ആശകളും പ്രതീക്ഷകളും കാണാം.മതങ്ങൾ പലതുണ്ടെങ്കിലും മനുഷ്യൻ ഒന്നാണെന്ന് ചിന്തിക്കുന്ന വിശാലമനസ്കനെയും കാണാം….

ആ മനുഷ്യനെ എങ്ങനെയാണ് ചിലർ മറന്നുപോകുന്നത്…..?

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.