വൈഷ്ണവിയുടെ എസ്.എസ്.എൽ.സി ഉജ്ജ്വലവിജയത്തിന് വിശാലമായ മാനങ്ങളുണ്ട്

0
611

Sandeep Das എഴുതുന്നു 

വിജയങ്ങൾ പലവിധമുണ്ട്.ജേതാവിൻ്റെ വ്യക്തിപരമായ നേട്ടം മാത്രമായി ഒതുങ്ങിപ്പോവുന്ന ജയങ്ങളുണ്ട്.എന്നാൽ ചിലർ ജയിക്കുമ്പോൾ ഒരു സമൂഹം മുഴുവനും കൂടെ ജയിക്കും ! വൈഷ്ണവി എന്ന പെൺകുട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ കരസ്ഥമാക്കിയ ഉജ്ജ്വലവിജയത്തിന് വിശാലമായ മാനങ്ങളുണ്ട്.എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ മിടുക്കി എച്ചിപ്പാറ ആദിവാസി കോളനിയിലെ ബാലകൃഷ്ണൻ-ഷീബ ദമ്പതിമാരുടെ മകളാണ്.

 Sandeep Das
Sandeep Das

സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച റാങ്ക് സ്വന്തമാക്കിയതുവഴി കേരളത്തിൻ്റെ അഭിമാനമായി മാറിയ ശ്രീധന്യ എന്ന പെൺകുട്ടിയെ, ഒരാൾ ‘ആദിവാസി കുരങ്ങ് ‘ എന്ന് വിശേഷിപ്പിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.ഇതുപോലുള്ള നീചൻമാരോട് പടപൊരുതിയാണ് ഒാരോ ആദിവാസിയും വളർന്നുവരുന്നത്.

പഴകിയ വസ്ത്രങ്ങൾ ധരിച്ച്,പ്രാകൃതമായ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് ആദിവാസികൾ എന്നതാണ് പൊതുബോധം.അവർ മുഖ്യധാരയിലേക്ക് വരുന്നത് പോലും സഹിക്കാൻ കഴിയാത്ത ആളുകളുണ്ട്.അങ്ങനെയിരിക്കെ സിവിൽ സർവ്വീസ് പോലെ ഗ്ലാമറുള്ള വേദിയിൽ ഒരു ആദിവാസി മിന്നിത്തിളങ്ങിയാൽ എങ്ങനെയിരിക്കും!? ശ്രേഷ്ഠരെന്ന് സ്വയം കരുതുന്നവരുടെ ഉള്ളിലെ അപകർഷതാബോധം പുറത്തുവരും ! അതുകൊണ്ടാണ് ശ്രീധന്യ അധിക്ഷേപിക്കപ്പെട്ടത്.

ആദിവാസി കോളനികളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ച് കേട്ടാൽ പുറത്തുനിന്നുള്ളവർക്ക് അത്ഭുതം തോന്നും.പലതും കെട്ടുകഥകളായി അനുഭവപ്പെടും.അത്രത്തോളമുണ്ട് അവരുടെ ദുരിതങ്ങൾ !

ഗുഹകളിലും ഏറുമാടങ്ങളിലും വരെ താമസിക്കുന്ന ആദിവാസികളുണ്ട് ! അന്നം കിട്ടാതെ മരിച്ചുവീഴുന്ന ഒരു വിഭാഗമാണത്.ശൈശവവിവാഹം ആദിവാസികൾക്കിടയിൽ സാധാരണമാണെത്രേ.അതിലെ നിയമപ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിൻ്റെ കുഴപ്പം.

പല ആദിവാസി കോളനികളിലും കുട്ടികൾ പത്താം ക്ലാസ് വരെ പഠിക്കുന്നതുപോലുമില്ല ! എസ്.എസ്.എൽ.സി എന്ന കടമ്പ കടന്നാലും അതോടെ പഠനം അവസാനിപ്പിച്ച് കൂലിപ്പണിയ്ക്ക് പോകും.അവിടത്തെ പാവപ്പെട്ട മാതാപിതാക്കൾക്ക് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഒന്നുമറിയില്ല.

മക്കളുടെ കരിയറിനെക്കുറിച്ച് അവർ ജനിച്ചുവീഴുന്ന നിമിഷം മുതൽക്ക് ചിന്തിച്ചുതുടങ്ങുന്നവരാണ് പല മാതാപിതാക്കളും.കുട്ടികളെ ഏറ്റവും നല്ല സ്കൂളിൽ ചേർക്കും.ട്യൂഷൻ ഏർപ്പാടാക്കും.അങ്ങനെ വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കും.അത്തരം സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളോടാണ് പാവപ്പെട്ട ട്രൈബൽ സ്റ്റ്യൂഡൻ്റ്സ് മത്സരിക്കേണ്ടത്.

രണ്ടുകൂട്ടരും ഒാടുന്നത് ഒരേ മേളയിലാണ്.ലക്ഷ്യവും ഒന്നുതന്നെ.പക്ഷേ ഒരാളുടെ ട്രാക്ക് പരവതാനി പോലെ മിനുമിനുത്തതാണെങ്കിൽ,അപരൻ്റെ പഥം കല്ലും മുള്ളും നിറഞ്ഞതാണ്.ഒരു അത്ലറ്റിന് മികച്ച പരീശീലകരുടെയും ഉപദേശകരുടെയും വേദനസംഹാരികളുടെയും പിൻബലമുണ്ട്.മറുവശത്ത് ഒാടുന്നയാൾക്ക് ഇച്ഛാശക്തി മാത്രമാണ് കൈമുതൽ !

”എന്തൊക്കെയായാലും നീയൊന്നും ഞങ്ങളുടെ ഒപ്പം എത്താൻ പോകുന്നില്ല” എന്ന മട്ടിലുള്ള വാചകങ്ങൾ ചില സഹപാഠികളെങ്കിലും ഒളിഞ്ഞും തെളിഞ്ഞും വൈഷ്ണവിയോട് പറഞ്ഞിട്ടുണ്ടാകാം.ചില അദ്ധ്യാപകർ പോലും ഉള്ളിൻ്റെയുള്ളിൽ ആ രീതിയിൽ ചിന്തിച്ചിട്ടുണ്ടാവാം.

പക്ഷേ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ആ സ്കൂളിൽ ഫുൾ എ പ്ലസ് നേടിയ ഏക വിദ്യാർത്ഥിനിയായി വൈഷ്ണവി മാറി ! നല്ല കട്ട ഹീറോയിസം !

ജന്മത്തിൻ്റെ പേരിൽ അഹങ്കരിക്കുന്ന ചില മനുഷ്യരുണ്ട്.പൊതുവെ വളരെ പ്രോഗസ്സീവ് ആയ സോഷ്യൽ മീഡിയയിൽ പോലും അത്തരക്കാരെ ധാരാളമായി കാണാം.

”നിന്നെ കാണാൻ ഒരു കോളനി ലുക്കുണ്ടല്ലോ….”
”നീയെന്താ ഒരുമാതിരി കോളനിയിലെ ആളുകളെപ്പോലെ സംസ്കാരമില്ലാതെ പെരുമാറുന്നത്…? ”

ഇതുപോലുള്ള വരികൾ യുവാക്കൾ പോലും നിരന്തരം ഉപയോഗിക്കുന്നു.എത്ര നിസ്സാരമായിട്ടാണ് ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ അപമാനിക്കുന്നത് !

കോളനിയിൽ ജനിച്ചതുകൊണ്ട് ഒരാൾ മോശമോ ഫ്ലാറ്റിൽ ജീവിച്ചതുകൊണ്ട് ഒരാൾ മഹാനോ ആവുന്നില്ല.മണിമാളികയിൽ ജനിക്കുന്നത് ഒരാളുടെ കഴിവാണോ? അല്ലെങ്കിൽ കോളനിയിൽ പിറന്നുവീഴുന്നത് അപരാധമാണോ?

ശ്രീധന്യയുടെയും വൈഷ്ണവിയുടെയുമൊക്കെ നേട്ടങ്ങൾ അത്തരക്കാർക്കുള്ള മുഖമടച്ചുള്ള അടികളാണ് ! അവരുടെ എെഡൻ്റിറ്റിയ്ക്കുനേരെ ഊറിച്ചിരിച്ചവരെല്ലാം ഇപ്പോൾ വായും പിളർന്ന് അമ്പരന്നുനിൽക്കുകയാണ് !

ശ്രീധന്യയെ ‘ആദിവാസി പെൺകുട്ടി’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിരുന്നു.വൈഷ്ണവിയുടെ കാര്യത്തിലും അവർ അതുതന്നെ പറഞ്ഞേക്കാം.അത്തരക്കാരുടെ ‘നിഷ്കളങ്കത’യ്ക്ക് നല്ല നമസ്കാരം.മനുഷ്യമനസ്സുകളിലെ വേർതിരിവുകൾ അവസാനിക്കട്ടെ.ആ വിശേഷണവും അപ്പോൾ സ്വാഭാവികമായും ഇല്ലാതാകും.

അതുവരെ ആദിവാസി എന്നുതന്നെ പറയണം.വര്യേണബോധം ബാധിച്ച മനസ്സുകളിൽ ആ എെഡൻ്റിറ്റി തറച്ചുകയറണം….!

വൈഷ്ണവിയ്ക്ക് ഇനി വിജയങ്ങൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.ഇപ്പോഴത്തെ ജയം ഫ്ലൂക്കാണെന്ന് വരുത്തിത്തീർക്കാൻ വെമ്പിനിൽക്കുന്ന കുറേ ആളുകൾ അവൾക്കുചുറ്റും ഉണ്ടാകും.അത്തരക്കാർക്ക് ഒരു ചെറുപഴുതുപോലും ലഭിക്കാതിരിക്കട്ടെ…

പ്രിയപ്പെട്ട വൈഷ്ണവീ,നീ എപ്പോഴും ജയിക്കണം.നിന്നിൽ നിന്ന് അനേകായിരം വൈഷ്ണവിമാർ രൂപംകൊള്ളണം….!

Written by-Sandeep Das