ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

0
541

Sandeep Das എഴുതുന്നു 
Sandeep Das
Sandeep Das

ചിത്രത്തിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു.രഞ്ജിത്ത് കെ.ആർ എന്നാണ് ഇദ്ദേഹത്തിൻ്റെ പേര്.വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ്.വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു അയ്യപ്പക്ഷേത്രത്തിനുനേരെയാിരുന്നു പ്രതിയുടെ ഈ പരാക്രമം.ഒരു കലാപത്തിനുവരെ വകുപ്പുള്ള പൊള്ളുന്ന വിഷയമായിരുന്നു ഇത്.പക്ഷേ സംഭവം നടന്ന് ദിവസങ്ങൾക്കകം പ്രതിയെ വലയിലാക്കിയ രഞ്ജിത്തും സഹപ്രവർത്തകരും ആ ഭീകരമായ സാദ്ധ്യതയെ ഇല്ലാതാക്കി.

പൊലീസ് ഇത്തരത്തിൽ ഉണർന്നുപ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?ക്ഷേത്രത്തിൽക്കയറി അക്രമം കാണിച്ചത് അഹിന്ദുക്കളാണെന്ന് ചിലർ പ്രചരിപ്പിക്കുമായിരു­­ന്നു.അത് കുറച്ചുപേരെങ്കിലും കണ്ണുംപൂട്ടി വിശ്വസിക്കുമായിരുന്നു.ഇത്തരം കാര്യങ്ങളിൽ തെളിവിൻ്റെ ആവശ്യമൊന്നുമില്ല.ഇന്ത്യയിൽ ഉണ്ടായിട്ടുള്ള വർഗീയ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം മനസ്സിലാകും.

Image result for valanchery temple incidentഒരു സംഘർഷത്തിന് കേട്ടറിവുകൾ തന്നെ ധാരാളമാണ്.സംഭവം നടന്നത് മലപ്പുറത്തും.’മിനി പാക്കിസ്ഥാൻ’ എന്ന് പലരും പുച്ഛത്തോടെ വിളിക്കുന്ന ജില്ല.മലപ്പുറമെന്നാൽ മുസ്ലീങ്ങൾ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണെന്നാണ് ചിലരുടെ ധാരണ.ട്വിറ്ററിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഒരു വ്യക്തി മലപ്പുറത്ത് ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് പറഞ്ഞിരുന്നു.

2017ലും സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു.അന്നും മലപ്പുറത്ത് ക്ഷേത്രപ്രതിഷ്ഠ തകർക്കപ്പെട്ടിരുന്നു.സംഭവംനടന്നത് റംസാൻ മാസത്തിലും.അതിനുപുറകിൽ മുസ്ലീങ്ങളാണെന്ന് അക്കാലത്ത് ചിലർ ആരോപിച്ചിരുന്നു.എന്നാൽ യഥാർത്ഥ പ്രതി അറസ്റ്റിലായതോടെ കുളം കലക്കി മീൻപിടിക്കാമെന്ന മോഹം പൊലിഞ്ഞു.കേരള പൊലീസിൻ്റെ തക്കസമയത്തുള്ള ഇടപെടലുകളാണ് ആ കേസിലും നിർണ്ണായകമായത്.

അയ്യപ്പഭഗവാൻ്റെ പേരുപറഞ്ഞ് അക്രമങ്ങൾ കാണിച്ച ഒരു കൂട്ടം ആളുകളെ നാം കഴിഞ്ഞ വർഷം കണ്ടതാണ്.അവർ സാധാരണക്കാരെയും പത്രപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു.ദൈവത്തിനുപോലും പൊറുക്കാൻ കഴിയാത്ത അപരാധങ്ങൾ.എന്നിട്ടും അവരെ ‘ഭക്തർ’ എന്നാണ് മാദ്ധ്യമങ്ങൾ പോലും വിളിച്ചിരുന്നത് !

സുവർണ്ണാവസരങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരു സംഘം കേരളത്തിലുണ്ട്.”മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു” എന്നുപറയുന്ന ഒട്ടനവധി ഹിന്ദുക്കളെ അവർ കണ്ടിട്ടുണ്ടാവില്ല.ഇനി അഥവാ കണ്ടാലും അതറിയാത്തതുപോലെ അഭിനയിക്കും !

രണ്ടുതവണ പ്രളയം വന്നതാണ്.രണ്ടുതവണയും ജാതിയും മതവുമൊക്കെ ഒലിച്ചുപോയതാണ്.ഒരു ആപത്തുവന്നാൽ ഹിന്ദു/ക്രിസ്ത്യൻ/മുസ്ലിം എന്ന വേർതിരിവൊക്കെ അവസാനിക്കും.പിന്നെ അവിടെ മനുഷ്യൻ മാത്രമേ ഉണ്ടാകൂ.പക്ഷേ അതൊന്നും ചിലർക്ക് മനസ്സിലാവില്ല.അവർ മതം തങ്ങളുടെ ആയുധമായി ഉപയോഗിച്ചുകൊണ്ടേയിരിക്കും…

അതുകൊണ്ടുതന്നെ രഞ്ജിത്തും ടീമും ഒത്തിരി അഭിനന്ദനങ്ങൾ അർഹിക്കുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളാഞ്ചേരി എസ്.എെ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുകയായിരുന്നു.ഏറ്റെടുത്ത കേസിൻ്റെ ഗൗരവം അദ്ദേഹത്തിന് അറിയാമായിരുന്നു.മറ്റൊരു തലത്തിലേക്ക് പോകാൻ സാദ്ധ്യതയുണ്ടായിരുന്ന വിഷയമായിരുന്നു ഇത് എന്ന് രഞ്ജിത്ത് പറയുകയും ചെയ്തിട്ടുണ്ട്.

പക്ഷേ പ്രതിയെ പിടിച്ചതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാനോ വീമ്പുപറയാനോ രഞ്ജിത്തിന് താത്പര്യമില്ല.തൻ്റെ സഹപ്രവർത്തകർക്കാണ് അദ്ദേഹം ക്രെഡിറ്റ് നൽകുന്നത്.മാദ്ധ്യമങ്ങളോട്സംസാരിക്കേണ്ടത് തൻ്റെ മേലുദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അല്ലെങ്കിലും മികച്ച ഉദ്യോഗസ്ഥർ അങ്ങനെയാണ്.കുറച്ച് വാക്കുകളും കൂടുതൽ ജോലിയും !

ഇതുപോലുള്ള പ്രഗൽഭർ നിയമപാലകരായി ഉള്ളപ്പോൾ കേരളം പഴയതുപോലെ തന്നെ സുന്ദരമായി തുടരും.സല്യൂട്ട് സർ…

Written by-Sandeep Das