”മേയർ ബ്രോ….! ”തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്

415

Sandeep Das എഴുതുന്നു 

”മേയർ ബ്രോ….! ”

തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്.കേരളീയർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെയും ആദരവിൻ്റെയും അടയാളമാണ് ആ വിളി.അതിനെക്കുറിച്ച് ചോദിച്ചാൽ പ്രശാന്ത് മനോഹരമായി പുഞ്ചിരിക്കും.പുതിയ കാലത്തിൻ്റെ സവിശേഷതയാണ് ആ വിളി എന്ന് പറഞ്ഞ് വിഷയം അവസാനിപ്പിക്കും.പ്രശംസകളോടുള്ള പ്രതികരണത്തിൻ്റെ കാര്യത്തിൽ മേയർ വളരെ മിതഭാഷിയാണ്.

Sandeep Das
Sandeep Das

പക്ഷേ നാടിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് നൂറുനാവാണ് ! തെക്കിൻ്റെയും വടക്കിൻ്റെയുമെല്ലാം പേരിൽ പരസ്പരം പോരടിക്കുന്ന പ്രവണതയെക്കുറിച്ച് പ്രശാന്ത് പറഞ്ഞത് ഇങ്ങനെയാണ്-

”ഒാഖിയടിച്ചത് തിരുവനന്തപുരത്താണ്.അന്ന് കാസർഗോഡ് മുതൽ ഇങ്ങോട്ടുള്ള മുഴുവൻ ആളുകളും സഹായിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു.പ്രളയം വന്നപ്പോൾ തിരുവനന്തപുരത്തുള്ള മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും മാതൃകാപരമായി ഇടപെട്ടു.പിന്നെ എന്തിനാണ് തെക്ക്,വടക്ക് എന്നൊക്കെപ്പറഞ്ഞ് മനുഷ്യരെ വേർതിരിച്ചുകാണുന്നത്….?”

പ്രാദേശികവാദങ്ങൾക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണിത്.അതുകൊണ്ടുതന്നെ എക്കാലത്തും ഒാർമ്മിക്കപ്പെടേണ്ട തരം വാക്കുകളാണ് മേയർ ഉരുവിട്ടത് !

തിരുവനന്തപുരത്തുനിന്ന് മറ്റു ജില്ലകളിലേക്ക് ഒഴുകിയ സഹായങ്ങൾക്ക് കണക്കില്ല.ശരിക്കും ലോഡുകളുടെ രൂപത്തിൽ പ്രവഹിച്ചത് അളവില്ലാത്ത സ്നേഹമാണ്.അതിനുപുറകിൽ പ്രധാനമായും പ്രവർത്തിച്ചത് മേയറുടെ കരങ്ങളാണ്.

Image may contain: 1 person, smilingപ്രശാന്തിന് കാര്യങ്ങൾ ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല എന്ന കാര്യം മനസ്സിലാക്കണം.ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കരുത് എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.തുടരെ രണ്ടാം വർഷവും പ്രളയം വന്നതിനാൽ,ചില ആളുകൾക്കെങ്കിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ മടിയുണ്ടായിരുന്നു.തെക്കനെയും മൂർഖനെയും ഒന്നിച്ചുകണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണമെന്ന പഴഞ്ചൊല്ല് പലരും പൊടിതട്ടിയെടുത്തിരുന്നു.അതിനുപുറമെ,സഹായിച്ച് ഉപദ്രവിക്കുന്നവരുടെ സാന്നിദ്ധ്യവും(പഴയ തുണികളും മറ്റും കൊടുത്തുവിടുന്നവർ !)

ഒരുപക്ഷേ ഇതിനേക്കാളെല്ലാം വലിയ പ്രശ്നം കലക്ടർ വാസുകിയോടുള്ള താരതമ്യമായിരുന്നു.2018ലെ പ്രളയത്തിൻ്റെ സമയത്ത് വാസുകി നടത്തിയ അസാമാന്യമായ പ്രവർത്തനങ്ങൾ ആളുകളുടെ മനസ്സിലുണ്ടായിരുന്നു.”മിസ് യൂ വാസുകി മാഡം” എന്ന് പറഞ്ഞുകൊണ്ടിരുന്ന ഒരു ജനതയ്ക്കുവേണ്ടിയാണ് പ്രശാന്ത് പ്രവർത്തിക്കാനിറങ്ങിയത്.അത് വളരെ വലിയ ഒരു ഉത്തരവാദിത്വമായിരുന്നു.അവിടെ പിഴവുകൾക്ക് സ്ഥാനമില്ലായിരുന്നു.

ഒരു ലീഡർക്ക് ഉണ്ടാകേണ്ട ചില ഗുണങ്ങളുണ്ട്.ചുറ്റുമുള്ളവരിൽ സ്വാധീനംചെലുത്താനുള്ള ശേഷി ചില വ്യക്തികൾക്ക് നൈസർഗ്ഗികമായിത്തന്നെ ലഭിക്കും.ഇംഗ്ലിഷിൽ ‘charisma’ എന്നുപറയും.വ്യക്തിപ്രഭാവം എന്ന സംഗതി ഉറപ്പായിട്ടും പ്രശാന്തിൽ കാണാം.ആയിരത്തിലധികം ആളുകൾ അദ്ദേഹത്തോടൊപ്പം ഒരേമനസ്സോടെ നിന്ന് പ്രവർത്തിച്ചത് അതുകൊണ്ടാണ്.

പ്രശാന്തിന് അപാരമായ അർപ്പണബോധവുമുണ്ട്.മേയറും വോളണ്ടിയർമാരും നമുക്കുവേണ്ടി പകലും രാത്രിയും വിശ്രമമില്ലാതെ ജോലിചെയ്തു.പ്രശാന്തിൻ്റെ ഫെയ്സ്ബുക്ക് പേജിൽ വരെ പൊതുജനങ്ങളോടുള്ള സൗഹാർദ്ദപരമായ സമീപനം കാണാം.കൂട്ടത്തിലൊരാളായി നിൽക്കുക എന്ന ശൈലിയാണ് പ്രശാന്ത് ആദ്യകാലം മുതൽക്ക് സ്വീകരിച്ചുപോന്നിട്ടുള്ളത്.അതുകൊണ്ടാണ് അദ്ദേഹം ഇത്രയേറെ ജനകീയനാകുന്നതും.

തിരുവനന്തപുരത്തിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് പ്രശാന്ത്.ആ റെക്കോർഡും അദ്ദേഹത്തിൻ്റെ മികവിനുള്ള പാരിതോഷികമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മേയർ ബ്രോയ്ക്കെതിരെ ചെളിവാരിയെറിയാൻ ഒരു സംഘം ഇറങ്ങിയിട്ടുണ്ട്.അവർ പ്രശാന്ത് ചെയ്ത നന്മകളെ പുച്ഛിക്കുകയും വിലകുറച്ചുകാണുകയും ചെയ്യുന്നു.പ്രശാന്തി­നെ അധിക്ഷേപിക്കുന്ന തരത്തിൽ വിക്കിപീഡിയ പേജ് തിരുത്താൻ ശ്രമിക്കുന്നു ! അത്തരക്കാർക്ക് കേരളത്തെ പിന്നിൽനിന്ന് കുത്താൻ മാത്രമേ അറിയൂ.ഒരാൾ മുന്നിൽ നിന്ന് നയിക്കുന്നത് കണ്ടാൽ അവർക്ക് സഹിക്കുമോ!?

പ്രിയപ്പെട്ട പ്രശാന്ത്,പരിഹാസങ്ങളിലും വിമർശനങ്ങളിലും തളരാതെ മുന്നോട്ടുകുതിക്കുക.”ബ്രോ” എന്ന് മനസ്സറിഞ്ഞുതന്നെ വിളിക്കുന്നതാണ്.നിങ്ങൾ തളരില്ല.ഇത്രയേറെ സ്നേഹം അതിരുകളില്ലാതെ പരന്നൊഴുകുമ്പോൾ നിങ്ങളൊരിക്കലും തളരുകയില്ല…

Written by-Sandeep Das

Advertisements