എഴുതിയത് : Sandeep Das

കുട്ടിക്കാലത്ത് മോഹൻലാൽ എന്ന നടനുവേണ്ടി ഞാൻ പലരോടും വഴക്കുണ്ടാക്കിയിട്ടുണ്ട്.(സിനിമാനടൻമാരുടെ പേരുപറഞ്ഞ് പരസ്പരം തല്ലുകൂടുന്ന പ്രായമെല്ലാം കഴിഞ്ഞുപോയെങ്കിലും ഇന്നും മോഹൻലാൽ തന്നെയാണ് ഇഷ്ടനടൻ).ഫാൻഫൈറ്റിൻ്റെ ഭാഗമായി മമ്മൂട്ടിയെ പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്.പക്ഷേ അദ്ദേഹത്തെ അവഗണിക്കാൻ എനിക്ക് ഒരുകാലത്തും സാധിച്ചിരുന്നില്ല.ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിൽ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും,മമ്മൂട്ടിയെ ഞാൻ ഉള്ളുകൊണ്ട് ബഹുമാനിച്ചിരുന്നു.ബഹുമാനിക്കാതിരിക്കുക എന്ന ഒാപ്ഷൻ ഇല്ലായിരുന്നു എന്നും പറയാം !

മലയാളസിനിമയിലെ രണ്ടു വന്മരങ്ങളെ താരതമ്യം ചെയ്യുമ്പോൾ,ജന്മസിദ്ധമായ കഴിവുകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാലാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ലെന്ന് തോന്നുന്നു.ലാലിനെ ‘ബോൺ ആക്ടർ’ എന്നാണ് സകലരും വിശേഷിപ്പിക്കാറുള്ളത്.അഭിനയിക്കുന്നതിനുവേണ്ടി ജനിച്ച വ്യക്തി.അങ്ങനെയുള്ള ലാലിനേക്കാൾ മികച്ച അഭിനേതാവാണ് മമ്മൂട്ടി എന്ന് ഉറച്ചുവിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈ നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ട്.അതാണ് മമ്മൂട്ടിയുടെ വിജയം.

ശരിക്കും മമ്മൂട്ടി എന്ന അഭിനേതാവ് വലിയൊരു സാദ്ധ്യതയാണ് നമുക്കുമുമ്പിൽ തുറന്നുവെയ്ക്കുന്നത്.നൈസർഗ്ഗികമായ പ്രതിഭയെ കഠിനാദ്ധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും മറികടക്കാനായേക്കും എന്ന സാദ്ധ്യത !

ആ വലിയ നടൻ്റെ പ്രയാണം ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല.1970കളുടെ ആരംഭത്തിൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ , ‘കാലചക്രം’ മുതലായ സിനിമകളിൽ മമ്മൂട്ടി ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.സിനിമ കണ്ട ഒരാളും ഒാർത്തിരിക്കാനിടയില്ലാത്ത വേഷങ്ങൾ ! ആദ്യമായി മുഖ്യവേഷം ചെയ്ത ‘ദേവലോകം’ വെളിച്ചം കണ്ടതുമില്ല.ആഗ്രഹിച്ചതുപോലൊരുവേഷം ചെയ്യാൻ മമ്മൂട്ടിയ്ക്ക് 1980 വരെ കാത്തിരിക്കേണ്ടിവന്നു-കെ.ജി ജോർജ്ജിൻ്റെ മേള.

‘സിനിമാനടൻ’ എന്ന വിശേഷണം ഒരു വലിയ ബാദ്ധ്യത കൂടിയാണ്.ഏതാനും സിനിമകളിൽ മുഖം കാണിച്ചതിനുശേഷം വിസ്മൃതിയിലേക്ക് മറയുന്ന അവസ്ഥ ഭീകരമാണ്.അതിനേക്കാൾ ഭേദം അവസരം കിട്ടാതിരിക്കുന്നതാണ്.അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളാണ് മമ്മൂട്ടി.പക്ഷേ അദ്ദേഹം തളർന്നില്ല !

താരപദവിയിൽ എത്തിയതിനുശേഷവും അദ്ദേഹം വെല്ലുവിളികൾ നേരിട്ടിരുന്നു.’പെട്ടി-കുട്ടി-മമ്മൂട്ടി’ എന്ന ഫോർമുലയിൽ വന്ന പല സിനിമകളും നിരാശപ്പെടുത്തിയ സമയമുണ്ടായിരുന്നു.’ന്യൂഡെൽഹി’ എന്ന സിനിമയാണ് ആ ഘട്ടത്തിൽ വഴിത്തിരിവായത്.പക്ഷേ മോശം സമയത്തും മമ്മൂട്ടിയ്ക്ക് അപാരമായ ആത്മവിശ്വാസമുണ്ടായിരുന്നു.ന്യൂഡെൽഹിയിലെ നായിക സുമലത അക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കേവലം ഒരു നടനാകുന്നതിനുവേണ്ടി സിനിമയിൽ വന്ന ആളൊന്നുമല്ല മമ്മൂട്ടി.അദ്ദേഹം ലക്ഷ്യമിട്ടത് ഒരു സിംഹാസനം തന്നെയായിരുന്നു.അതിൽ തെറ്റൊന്നും ഇല്ലതാനും.എന്തിനാണ് സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് !?

മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത മാത്സര്യമാണ്.മോഹൻലാൽ വളർന്നുവരുന്ന കാലത്ത് ”ഈ പയ്യൻ എനിക്ക് പാരയാകും” എന്ന് മമ്മൂട്ടി ശ്രീനിവാസനോട് തമാശമട്ടിൽ പറഞ്ഞിട്ടുണ്ട്.കമൽഹാസനോട് മത്സരമുണ്ട് എന്ന കാര്യം ഒരു പൊതുവേദിയിൽ വെച്ച് വെളിപ്പെടുത്തിയ ആളാണ് മമ്മൂട്ടി.’പോക്കിരിരാജ’യുടെ ചിത്രീകരണം നടക്കുമ്പോൾ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമുണ്ട്.പൃഥ്വി അതിരാവിലെ ജിംനേഷ്യത്തിൽ പോയപ്പോൾ അവിടെ മമ്മൂട്ടിയെ കണ്ടുവെത്രേ ! തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ പൊരുതിനിൽക്കുന്ന നടനാണ് മമ്മൂട്ടി.പക്ഷേ അത് ആരോഗ്യപരമായ മത്സരം മാത്രമാണ്.

മമ്മൂട്ടിയുടെ മാത്സര്യം വ്യക്തിവിരോധമായി മാറുന്നില്ല എന്നതാണ് ശ്രദ്ധയമായ കാര്യം.തങ്ങൾക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നുതന്നത് മമ്മൂട്ടിയാണെന്ന് പറഞ്ഞിട്ടുള്ള സിനിമാക്കാരുടെ എണ്ണമെടുത്താൽ അതിന് അന്ത്യമുണ്ടാവില്ല ! മത്സരവും സ്നേഹവും ഒന്നിച്ചുകൊണ്ടുപോകാൻ ചുരുക്കം ചിലർക്കേ സാധിക്കാറുള്ളൂ ; വിശേഷിച്ചും സിനിമയിൽ…

ഇത്രയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല.”ഇനിയൊന്നും ചെയ്യാനില്ല” എന്നുപറഞ്ഞ് അടങ്ങിയിരിക്കാൻ അദ്ദേഹം തയ്യാറല്ല.സമീപകാലത്ത് ‘യാത്ര’ , ‘പേരൻപ് ‘ മുതലായ ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞത് അതുകൊണ്ടാണ്.നല്ല കഥകൾ കണ്ടെത്തുന്ന കാര്യത്തിൽ മമ്മൂട്ടിയ്ക്ക് അസാമാന്യമായ ഉത്സാഹമുണ്ട്.പ്രഗൽഭരായ പല സംവിധായകരും തുടക്കം കുറിച്ചത് മമ്മൂട്ടിയോടൊപ്പമാണ് എന്നത് യാദൃശ്ചികമല്ല.

ഒരു കഥാപാത്രമായി മാറുന്നതിനുവേണ്ടി എന്തു കഷ്ടപ്പാടുകൾ സഹിക്കാനും മമ്മൂട്ടി തയ്യാറാണ്.’പാഥേയം’ എന്ന സിനിമയിലെ ചന്ദ്രദാസ് എന്ന കവിയെ നോക്കുക.ആ സിനിമയുടെ എഴുത്തുകാരനായ ലോഹിതദാസിൻ്റെ ആത്മാംശം ഏറെയുള്ള കഥാപാത്രമായിരുന്നു അത്.ലോഹിയുടെ ചില നോട്ടങ്ങൾ പോലും മമ്മൂട്ടി ആ സിനിമയിൽ കൊണ്ടുവന്നിരുന്നു !

മറ്റു ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുമ്പോഴും,മമ്മൂട്ടി സ്വന്തമായിട്ടാണ് ഡബ്ബ് ചെയ്യാറുള്ളത്.ഒരു ഭാഷ ചുരുങ്ങിയ സമയത്തിനകം സ്വായത്തമാക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.സിനിമ പോലെ വലിയൊരു മാദ്ധ്യമത്തിൽ അത് പ്രകടിപ്പിക്കുന്നത് വലിയ റിസ്കും ആണ്.പിഴച്ചുപോയാൽ വലിച്ചുകീറാൻ ആളുകളുണ്ടാകും.പക്ഷേ മമ്മൂട്ടി അത് അനായാസം ചെയ്യും !

സേതുരാമയ്യർ എന്ന സി.ബി.എെ ഉദ്യോഗസ്ഥനെയും പെരുമാൾ എന്ന ക്രൈംബ്രാഞ്ച് ഒാഫീസറെയും എസ്.എൻ സ്വാമി സൃഷ്ടിച്ചത് ഏതാണ്ട് ഒരേസമയത്താണ്.പക്ഷേ ആ രണ്ടു വേഷങ്ങളും തമ്മിൽ യാതൊരു സാമ്യവും തോന്നില്ലെന്ന് മമ്മൂട്ടി ഉറപ്പുവരുത്തിയിരുന്നു.അങ്ങനെ എത്രയോ വേഷങ്ങൾ !

ഒരു വടക്കൻ വീരഗാഥയ്ക്കുവേണ്ടി ചുരികയേക്കാൾ മൂർച്ചയുള്ള ഡയലോഗുകളാണ് എം.ടി വാസുദേവൻ നായർ എഴുതിയത്.ആ റോളിൽ മമ്മൂട്ടിയെ മാത്രമേ സങ്കൽപ്പിക്കാനാകൂ.സൂക്ഷ്മാഭിനയത്തിൻ്റെ പ്രദർശനമാണ് ‘ഭൂതക്കണ്ണാടി’.മമ്മൂട്ടിയുടെ തൊണ്ടയിടറുമ്പോൾ മലയാളികളുടെ മനസ്സുപിടയും.തനിയാവർത്തനം മുതൽ പത്തേമാരി വരെയുള്ള സിനിമകളിൽ അത് കണ്ടതാണ്.പാലേരിമാണിക്യത്തിലെ സ്ത്രീലമ്പടനെ അവതരിപ്പിക്കുമ്പോൾ തൻ്റെ ഇമേജ് മമ്മൂട്ടിയ്ക്കൊരു വിഷയമായില്ല.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഭിനയം ഒരു അഭിനിവേശമാണ് !

തൻ്റെ ശക്തികളെക്കുറിച്ച് മമ്മൂട്ടിയ്ക്ക് വ്യക്തമായ ധാരണയുണ്ട്.ഗാംഭീര്യമുള്ള ശബ്ദത്തിൻ്റെ സാദ്ധ്യതകളെ അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്താറുണ്ട്.വ്യത്യസ്തമായ ഭാഷാശൈലികൾ പറഞ്ഞുഫലിപ്പിക്കുന്നതിൽ തനിക്ക് അസാമാന്യമായ കഴിവുണ്ടെന്ന് അറിയാവുന്ന മമ്മൂട്ടി അത്തരത്തിലുള്ള ഒരുപാട് വേഷങ്ങൾ കൈയ്യെത്തിപ്പിടിച്ചിട്ടുണ്ട്.നൃത്തത്തിലും കോമഡിയിലും മമ്മൂട്ടിയ്ക്ക് പ്രാവീണ്യം കുറവാണ് എന്ന വിമർശനത്തിന് ഒരുപാട് പഴക്കമുണ്ട്.ഈ രണ്ടു മേഖലകളിലും മെച്ചപ്പെടാനുള്ള ശ്രമങ്ങൾ മമ്മൂട്ടി എല്ലാക്കാലത്തും നടത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മമ്മൂട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്.പരിശ്രമം കൊണ്ടും ഒരാൾക്ക് ലോകപ്രശസ്തനാകാം.അതിന് ടാലൻ്റിൻ്റെ കാര്യത്തിൽ ലോകത്തിലെ ഒന്നാമനാകണമെന്നില്ല !

‘അഹങ്കാരി’ എന്ന് മമ്മൂട്ടിയെ പലരും വിളിക്കാറുണ്ട്.അദ്ദേഹം ആരെയും സുഖിപ്പിക്കാറില്ല എന്നത് സത്യമാണ്.”ഞാൻ ഇങ്ങനെയാണ് ; അത് മനസ്സിലാക്കി ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി” എന്ന നയമാണ്.പൊതുവെ സിനിമാക്കാർ ആരെയും പിണക്കാറില്ല.അവരുടെ നിലനില്പിൻ്റെ പ്രശ്നമാണത്.അതുപോലൊരു മേഖലയിൽ ഇപ്രകാരം തുറന്നുപെരുമാറുന്ന മമ്മൂട്ടിയോട് ആദരവും അത്ഭുതവും മാത്രമേ തോന്നിയിട്ടുള്ളൂ !

മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് ഇതുവരെ ഒരുവാക്കുപോലും പറയാതിരുന്നത് ബോധപൂർവ്വമാണ്.സൗന്ദര്യത്തെക്കുറിച്ചുള്ള വാഴ്ത്തുമൊഴികൾക്കിടയിൽ മമ്മൂട്ടി എന്ന നടൻ്റെ മികവ് മുങ്ങിപ്പോകാറുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരിക്കൽ മമ്മൂട്ടി തന്നെ അഭിപ്രായപ്പെടുകയുണ്ടായി-

”മികച്ച നടൻമാരിൽ ഒരാൾ എന്ന് എന്നെപ്പറ്റി പറയാൻ പലർക്കും മടിയാണ്.ഏറ്റവും സുന്ദരനാണെന്ന് പറയും.സുന്ദരൻമാർ ഒരുപാടുണ്ട് ഇവിടെ.എനിക്ക് ആ പദവി ആവശ്യമില്ല….”

അതുകൊണ്ടുതന്നെ സുന്ദരൻ എന്ന് പറയുന്നില്ല.ഇന്ത്യൻ സിനിമയിലെ അഭിനയവിസ്മയത്തിന് എല്ലാവിധ ആശംസകളും.ഇനിയുമൊരുപാട് വർഷങ്ങൾ ഇങ്ങനെ കടന്നുപോകട്ടെ…ഒത്തിരിയൊത്തിരി കഥാപാത്രങ്ങൾക്ക് ജീവൻ ലഭിക്കട്ടെ….

Written by-Sandeep Das

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.