Sandeep Das സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ഈ ഫോട്ടോ ഏറ്റവും ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റാണ്. കപടസദാചാരം വിളമ്പുന്നവരുടെ മോന്തായം തകർക്കുന്ന ചിത്രം. നിധിപോലെ സൂക്ഷിച്ചുവെയ്ക്കാനും വരുംതലമുറകൾക്ക് കൈമാറാനുമുള്ള ഫ്രെയിം.സംഗതി ഇത്രയേ ഉള്ളൂ. തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അവരുടെ കോളജിനടുത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡിൽ ഒരുമിച്ചിരുന്ന് വർത്തമാനം പറയാറുണ്ട്. അവിടത്തെ സദാചാര പൊലീസിന് അത് തീരെ രുചിച്ചില്ല. അവർ ഷെഡ്ഡിലെ സ്റ്റീൽ ബെഞ്ച് മുറിച്ച് വികൃതമാക്കി. അതോടെ രണ്ടുപേർക്ക് ഒരുമിച്ച് ഇരിക്കാൻ സാധിക്കില്ല എന്ന സ്ഥിതിയായി.
കുരുപൊട്ടിയ ആങ്ങളമാർക്ക് പുതിയ തലമുറയിലെ ചുണക്കുട്ടികളെ ശരിക്കറിയില്ലായിരുന്നു. അവർ പരസ്പരം ആലിംഗനം ചെയ്തും മടിയിലിരുന്നും പ്രതിഷേധിച്ചു. അതുകണ്ട നേരാങ്ങളമാർ ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെ തലസ്ഥാനനഗരിയിൽ അലയുന്നുണ്ട് എന്നാണ് കേട്ടത് !മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാൻ എന്തിനാണ് ചിലർ ഇത്ര ഉത്സാഹം കാട്ടുന്നത്? രണ്ട് വ്യക്തികൾ ഒന്നിച്ചിരിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യട്ടെ. അവർ നമ്മുടെ നെഞ്ചത്തല്ല ഇരിക്കുന്നത്. അത് നമ്മളെ ബാധിക്കുന്ന വിഷയമേയല്ല. പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത?
കേരളത്തിന് ഒരു സംസ്കാരമുണ്ട് എന്ന ഡയലോഗ് സദാചാരക്കമ്മിറ്റിക്കാർ സ്ഥിരം ഇറക്കാറുള്ളതാണ്. അന്യരുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ് ഏറ്റവും മഹത്തായ സംസ്കാരം. മനുഷ്യരെ തെറിവിളിക്കുന്നതും തല്ലിയോടിക്കുന്നതും നല്ല സംസ്കാരത്തിൻ്റെ പരിധിയിൽ വരില്ല.കമിതാക്കൾ മാത്രം നേരിടുന്ന പ്രശ്നമാണോ മോറൽ പൊലീസിങ്ങ്? അല്ലേയല്ല.കൊല്ലത്തെ ഒരു ബീച്ചിൽ വെച്ച് അമ്മയേയും മകനെയും സദാചാരക്കമ്മിറ്റി ആക്രമിച്ച സംഭവം ഓർമ്മയില്ലേ? ഭാര്യയും ഭർത്താവും ഒന്നിച്ച് നടക്കുന്നത് കണ്ടാൽ തുറിച്ചുനോക്കുന്നവരുണ്ട്. സഹോദരീസഹോദരൻമാരെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. ഒരു സിനിമാനടി മോഡേൺ വസ്ത്രം ധരിച്ചാൽ ആകാശം ഇടിഞ്ഞുവീണത് പോലെ ബഹളംകൂട്ടുന്നവരുമുണ്ട്.
അപ്പോൾ ഇതൊരു മാനസിക പ്രശ്നമാണ്. തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് ലഭിക്കുമ്പോൾ ഉണ്ടാവുന്ന അസൂയ. ലൈംഗിക ദാരിദ്ര്യം എന്ന് ചുരുക്കിപ്പറയാം. ഈ രോഗത്തിന് ചികിത്സ ആവശ്യമാണ്. അടിത്തട്ടിൽനിന്ന് തന്നെ ട്രീറ്റ്മെന്റ് ആരംഭിക്കണം.നമ്മുടെ നാട്ടിലെ മാതാപിതാക്കൾ മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാറില്ല. ആ വിഷയം പഠിപ്പിക്കാൻ അദ്ധ്യാപകർക്കുപോലും ചമ്മലാണ്. പോൺ വിഡിയോകളിലൂടെയും ഫയർ മാസികയിലൂടെയും ലൈംഗികതയെ അടുത്തറിയുന്നവരാണ് നമ്മൾ. അതിൻ്റേതായ എല്ലാ പ്രശ്നങ്ങളും ഈ സമൂഹത്തിനുണ്ട്.
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ചിട്ടയായി കൊടുക്കണം. നല്ല സ്പർശനവും മോശം സ്പർശനവും തിരിച്ചറിയാനുള്ള ശേഷി കുട്ടികൾക്കുണ്ടാകണം. ലിംഗപരമായ വേർതിരിവുകൾ ഇല്ലാതാകണം. ജെൻഡർ ന്യൂട്രൽ യൂണിഫോം പോലുള്ള ആശയങ്ങൾ ആ വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്.
രണ്ട് വ്യക്തികൾ സ്നേഹബഹുമാനങ്ങളോടെ ചെയ്യുന്ന പ്രക്രിയയാണ് സെക്സ്. അതിനപ്പുറമുള്ള യാതൊരു മാനങ്ങളും അതിന് കൽപ്പിക്കേണ്ടതില്ല.
സെക്സിനെക്കുറിച്ച് കൃത്യമായ ധാരണകൾ എല്ലാവർക്കും കൈവന്നാൽ സദാചാര പൊലീസുകാർക്ക് വംശനാശം സംഭവിക്കും.ഇതെല്ലാം കേൾക്കുമ്പോൾ ചില ആങ്ങളമാർ ചോദിക്കുമായിരിക്കും-
”എന്താണ് ഈ ലൈംഗിക വിദ്യാഭ്യാസം? ടീച്ചർമാരും കുട്ടികളും ഒന്നിച്ചിരുന്ന് ബ്ലൂ ഫിലിം കാണുന്നതല്ലേ? ഹഹഹ…!”
”നിൻ്റെ അമ്മയേയോ പെങ്ങളെയോ ഇങ്ങനെയൊരു സാഹചര്യത്തിൽ കണ്ടാൽ നീ സഹിക്കുമോ?”
എൻ്റെ പൊന്ന് ആങ്ങളമാരേ,ഇതുപോലുള്ള മണ്ടത്തരങ്ങൾ നീയൊന്നും വിളമ്പാതിരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ് എന്ന് പറയുന്നത്. അമ്മയും പെങ്ങളും നിങ്ങളുടെ അടിമകളല്ലെന്നും അവർക്ക് വ്യക്തിത്വവും തീരുമാനങ്ങളും ഉണ്ടെന്നും മനസ്സിലാക്കാനുള്ള വകതിരിവ് വേണം.സദാചാര പൊലീസിനെതിരെ നമുക്ക് യോഗങ്ങൾ നടത്താം. പ്രസംഗിക്കാം. മുദ്രാവാക്യം വിളിക്കാം. പക്ഷേ ഈ ഫോട്ടോ അതിനേക്കാളെല്ലാം ഫലപ്രദമാണ്. സിംപിൾ & പവർഫുൾ…!