”എൻ്റെ മക്കളെ കൊന്നവരെ കോടതി വെറുതെ വിട്ടു പോലും ! ഇനി ഞാൻ എൻ്റെ മക്കളെ എവിടെയാണ് ഒളിപ്പിക്കുക !? ‘

205

Written by-Sandeep Das

സന്തോഷ് കീഴാറ്റൂർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്.വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുനാടകം അവതരിപ്പിച്ച സന്തോഷ് നമ്മുടെ ഹൃദയങ്ങളെ ജയിച്ചടക്കിയിരിക്കുകയാണ്.

പെൺമക്കളെ നഷ്ടപ്പെട്ട അമ്മയുടെ വേഷമാണ് സന്തോഷ് കൈകാര്യം ചെയ്തത്.ആ ഏകാംഗ നാടകത്തിലെ ഒരു ഡയലോഗ് ഇങ്ങനെയായിരുന്നു-

”എൻ്റെ മക്കളെ കൊന്നവരെ കോടതി വെറുതെ വിട്ടു പോലും ! ഇനി ഞാൻ എൻ്റെ മക്കളെ എവിടെയാണ് ഒളിപ്പിക്കുക !? ”

സന്തോഷ് ഉന്നയിച്ച ചോദ്യത്തിന് നമുക്കാർക്കും മറുപടിയില്ല.ഇതുപോലൊരു നാട്ടിൽ എങ്ങനെയാണ് പെൺകുട്ടികൾ മനഃസമാധാനത്തോടെ ജീവിക്കുക!?

വാളയാറിൽ നടന്ന സംഭവത്തിനുനേരെ കണ്ണടയ്ക്കാൻ മനുഷ്യനായി പിറന്ന ഒരാൾക്കും സാധിക്കില്ല.രണ്ട് പിഞ്ചുകുട്ടികൾക്കാണ് ജീവിതം നഷ്ടമായത്.അവർ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന സൂചന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.പക്ഷേ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു !

അപൂർവ്വം സിനിമാതാരങ്ങൾ മാത്രമാണ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായത്.അതിൽ ഒട്ടും തന്നെ അത്ഭുതവുമില്ല.’കലാകാരൻ സമൂഹത്തിനുവേണ്ടി സംസാരിക്കണം’ എന്നൊരു തത്വമുണ്ട്.പക്ഷേ ബഹുഭൂരിപക്ഷം സിനിമാക്കാരും അതിൽ വിശ്വസിക്കുന്നില്ല.

‘സ്വന്തം കാര്യം സിന്ദാബാദ് ‘ എന്ന നയമാണ് കൂടുതൽ സിനിമാതാരങ്ങളും സ്വീകരിച്ചുപോരുന്നത്.ആരെയും പിണക്കാതെ ജീവിക്കുക എന്നതാണ് ലക്ഷ്യം.സമൂഹത്തിൻ്റെ സ്പന്ദനങ്ങളെക്കുറിച്ച് അജ്ഞരാണ് അവർ.അക്കൂട്ടത്തിലെ വ്യത്യസ്തനാണ് സന്തോഷ്.അദ്ദേഹത്തിൻ്റെ ഉള്ളിൽ മനുഷ്യത്വത്തിൻ്റെ വറ്റാത്ത ഉറവയുണ്ട്.സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുമ്പോൾ ആ മനസ്സ് നോവുന്നുണ്ട്.അതുകൊണ്ടാണ് സന്തോഷ് എകാംഗ നാടകവുമായി രംഗത്തെത്തിയത്.

അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നപ്പോഴും സന്തോഷ് പരസ്യമായി പ്രതിഷേധിച്ചിരുന്നു.കല്ലട ബസ് വിവാദം കത്തിനിന്ന സമയത്ത് സന്തോഷ് അവർക്കെതിരെ പ്രതികരിച്ചിരുന്നു.നട്ടെല്ലും നിലപാടുകളും ഉള്ള അഭിനേതാവാണ് സന്തോഷ്.

ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി-

”നടനായി മാറിയില്ലായിരുന്നുവെങ്കിൽ ഞാനൊരു ഹോട്ടൽ സപ്ലൈയറായി ജോലി ചെയ്യുമായിരുന്നു.എൻ്റെ അച്ഛന് ചെറിയൊരു ഹോട്ടലുണ്ടായിരുന്നു.നാടകമില്ലാത്ത സമയത്തൊക്കെ ഞാൻ അവിടെ പണിയെടുക്കാറുണ്ട്….”

ഒരു കാര്യം വ്യക്തമാണ്.സന്തോഷ് സുഖശീതളിമയുടെ മട്ടുപ്പാവിലിരിക്കുന്ന സിനിമാക്കാരനല്ല.മണ്ണിനെ മറന്ന് വിണ്ണിൽക്കയറിയ സുന്ദര താരവുമല്ല.അദ്ദേഹം ഒരു മനുഷ്യനാണ്.മണ്ണിൽ ചവിട്ടി നിൽക്കുന്ന പച്ചമനുഷ്യൻ!

നിന്ദിതരും പീഡിതരുമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനാണ് സന്തോഷ് കൊതിക്കുന്നത്.കുറേ സിനിമകളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും നാടകത്തെ പ്രണയിക്കുന്നു.പൊങ്ങച്ചങ്ങളില്ലാതെ പൊതുജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.ഇവയെല്ലാം വളരെയേറെ പ്രശംസനീയമായ കാര്യങ്ങളാണ്.

സന്തോഷ് ഒരു സൂപ്പർതാരമൊന്നുമല്ല.അദ്ദേഹത്തിനുപുറകിൽ വലിയ ആരാധകക്കൂട്ടവുമില്ല.സന്തോഷിൻ്റെ നാടകം ഫെയ്സ്ബുക്കിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാതെ പോയത് അതുകൊണ്ടാവാം.ഒരു വമ്പൻ താരം ഇതേ പ്രവൃത്തി ചെയ്തിരുന്നുവെങ്കിൽ നാം അത് ആഘോഷിക്കുമായിരുന്നു.

ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് സന്തോഷ് കീഴാറ്റൂർ.ചേർത്തുപിടിക്കണം ഈ മനുഷ്യനെ….

Written by-Sandeep Das