ചാൻസ് ചോദിച്ചു നടന്നവരാണ് പിൽക്കാലത്തു സൂപ്പർ സ്റ്റാറുകൾ വരെ ആയിട്ടുള്ളത്

206

Written by- Sandeep Das

വളരെയേറെ ദൗർഭാഗ്യകരമായ ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്.ബിനീഷ് ബാസ്റ്റിൻ എന്ന പാവം നടൻ ഒരു പൊതുവേദിയിൽ വെച്ച് ക്രൂരമായ രീതിയിൽ അപമാനിക്കപ്പെട്ടു ! പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ നടന്ന ഒരു പരിപാടിയിലാണ് സംഭവം.ചടങ്ങിൽ ബിനീഷും സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും അതിഥികളായിരുന്നു.”എൻ്റെ സിനിമകളിൽ ചാൻസ് ചോദിച്ചുവന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല” എന്ന് അനിൽ പറഞ്ഞുവെത്രേ !

ഇതിനെതിരെ ബിനീഷ് ശബ്ദമുയർത്തി.വേദിയിൽ ഇട്ടിരുന്ന കസേരയിൽ ഇരിക്കാതെ നിലത്തിരുന്ന് പ്രതിഷേധിച്ചു.സംഘാടകർ ബിനീഷിനോട് മോശമായി പെരുമാറി.പൊലീസിനെ വിളിക്കുമെന്ന് വരെ അവർ പറഞ്ഞു.ഒന്നാലോചിച്ചുനോക്കൂ.അതിഥിയായി ചെന്ന ഒരാളുടെ അവസ്ഥയാണ് !

ചടങ്ങിൽ ബിനീഷ് സംസാരിച്ചിരുന്നു.അദ്ദേഹം പറഞ്ഞ ചില വരികൾ കേട്ടാൽ കണ്ണുനിറഞ്ഞുപോകും.തൊണ്ടയിടറിക്കൊണ്ടാണ് ബിനീഷ് പറഞ്ഞവസാനിപ്പിച്ചത്-

”ഞാനൊരു കൂലിപ്പണിക്കാരനാണ്.ഉയർന്ന ജാതിയിൽ പെട്ടവനല്ല.എനിക്ക് വിദ്യാഭ്യാസവുമില്ല.പ­ക്ഷേ ഞാനും ഒരു മനുഷ്യനാണ്….”

കൂലിപ്പണി ചെയ്യുന്നവർ നല്ല വസ്ത്രം ധരിക്കുന്നതും വലിയ വേദികളിൽ കയറുന്നതൊന്നുമൊന്നും പലർക്കും സഹിക്കില്ല.അത്തരക്കാരുടെ മനസ്സ് ഇപ്പോഴും പഴയ ജന്മി-കുടിയാൻ കാലഘട്ടത്തിലാണ്.വളരെയേറെ നിരാശ തോന്നുന്നുണ്ട്.

ആരാണ് ഈ അനിൽ രാധാകൃഷ്ണ മേനോൻ? അയാൾ ചെയ്ത സിനിമകൾ മഹത്തരമാണെന്ന അഭിപ്രായം എനിക്കില്ല.നാളെ സത്യജിത് റേയുടെ തലത്തിലേക്ക് അനിൽ ഉയർന്നാൽ പോലും ഒരു സഹജീവിയോട് ഇങ്ങനെയൊന്നും പെരുമാറാൻ പാടില്ല.ഒരു കലാകാരന് പ്രാഥമികമായി വേണ്ടത് മനുഷ്യത്വമാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയാത്തവർ നല്ല ആർട്ടിസ്റ്റുകളാവില്ല.

ലോഹിതദാസ് എന്ന മഹാപ്രതിഭയെ ആദ്യമായി കണ്ടതിനെക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ എഴുതിയിട്ടുണ്ട്.പുതിയ ഷർട്ടും ജീൻസും ധരിച്ചാണ് ഉണ്ണി ചെന്നത്.ലോഹിയുടെ മറുപടി ഇങ്ങനെയായിരുന്നു-

”എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കണ്ട.ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി….”

അതിൻ്റെ പേരാണ് മനുഷ്യത്വം.അതുപോലൊരു മനസ്സാണ് ഒരു ഫിലിംമേക്കർക്ക് വേണ്ടത്.അനിൽമാർക്ക് അത് മനസ്സിലാകുമോ എന്തോ !

അനിലിൻ്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്ന് ബിനീഷ് പറയുന്നു.ഇനി അഥവാ അവസരം തേടി അലഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എന്താണ് കുഴപ്പം?

സാക്ഷാൽ അമിതാഭ് ബച്ചൻ വരെ ചാൻസ് ചോദിച്ച് നടന്നിട്ടുണ്ട്. ഉയരത്തിൻ്റെയും ശബ്ദത്തിൻ്റെയും പേരുപറഞ്ഞ് പല സംവിധായകരും ബിഗ് ബിയെ തഴഞ്ഞിട്ടുണ്ട്.പിൽക്കാലത്ത് ബച്ചൻ സൂപ്പർതാരമായപ്പോൾ അദ്ദേഹത്തിൻ്റെ അതേ സവിശേഷതകൾ ആഘോഷിക്കപ്പെട്ടു ! കിടിലൻ ഡയലോഗുകളിലൂടെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ബച്ചന് ഒാൾ ഇന്ത്യാ റേഡിയോയിലെ അനൗൺസറുടെ ജോലി ആഗ്രഹിച്ചിട്ടും കിട്ടിയിരുന്നില്ല എന്ന കാര്യവും മനസ്സിലാക്കുക !

ഷാറൂഖ് ഖാൻ കരിയറിൻ്റെ ആരംഭത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.അനിലിൻ്റെ ഭാഷയിൽ പറഞ്ഞാൽ ”സീരിയലുകളിലും മറ്റും അഭിനയിച്ചുനടക്കുന്ന ഒരു മൂന്നാം കിട നടനായിരുന്നു” എസ്.ആർ.കെ.അതേ വ്യക്തി പിന്നീട് ബോളിവുഡിൻ്റെ കിംഗ് ഖാനായി മാറി.താൻ ഇപ്പോഴും സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ട് എന്ന് നടൻ മമ്മൂട്ടി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.പിന്നെ എന്തിനാണ് ബിനീഷിനെ പുച്ഛിക്കുന്നത്?

ഇനി ബിനീഷ് കൂലിപ്പണിക്കാരനാണ് എന്നതാണോ പ്രശ്നം? അയാളുടെ തൊഴിലാണോ തമ്പുരാക്കൻമാരെ വിറളിപിടിപ്പിക്കുന്നത്? എങ്കിൽ അറിയുക.രജനീകാന്ത് സിനിമയിൽ വരുന്നതിനുമുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട്.അതും മറക്കാം.’ദ ഗ്രേറ്റസ്റ്റ് ഷോമാൻ’ എന്ന് ലോകം വിളിച്ച രാജ് കപൂർ എങ്ങനെയാണ് വളർന്നുവന്നത്?

കിദാർ ശർമ്മ എന്ന സംവിധായകൻ്റെ തേഡ് അസിസ്റ്റൻ്റ് ആയിട്ടാണ് രാജ് കപൂർ തൻ്റെ
സിനിമാജീവിതം ആരംഭിച്ചത്.ഒാരോ ഷോട്ടിനും തുടക്കത്തിൽ ക്ലാപ്പ് അടിക്കുന്ന പണിയാണ് രാജ് ആദ്യം ചെയ്തത്.സിനിമാസെറ്റിലെ ഏറ്റവും താഴേക്കിടയിലുള്ള ജോലിയായിരുന്നു അത്.പിന്നീടുള്ള കാര്യങ്ങൾ ഇന്ത്യൻ സിനിമയിലെ ചരിത്രമാണ് !

ചില താരപുത്രൻമാരും താരപുത്രികളും പാരമ്പര്യത്തിൻ്റെ ബലത്തിൽ നേട്ടമുണ്ടാക്കാറുണ്ട്.പക്ഷേ പ്രഗൽഭരായ മിക്ക അഭിനേതാക്കളും ചാൻസ് ചോദിച്ച് അലഞ്ഞുതന്നെ വളർന്നുവന്നവരാണ്.ഒരിക്കലും വന്ന വഴി മറന്നുകൂടാ!

ആ വേദിയിൽ കരയാതെ പിടിച്ചുനിൽക്കാൻ ബിനീഷിന് എങ്ങനെ സാധിച്ചു എന്ന് മനസ്സിലാവുന്നില്ല.ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു ദിവസം വേറെ ഉണ്ടായിട്ടില്ലെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.ഉറങ്ങിക്കിടന്ന മനുഷ്യനെ വിളിച്ചുണർത്തിയതിനുശേഷം ചോറില്ല എന്ന് പറഞ്ഞതുപോലെ!

ബിനീഷിൻ്റെ അഭിമുഖങ്ങൾ കണ്ടിട്ടുണ്ടോ? “ടീമേ” എന്ന് വിളിച്ച് സംസാരം തുടങ്ങുന്ന ഒരു നിഷ്കളങ്കനാണ് അയാൾ.പ്രിവിലേജുകൾ കൈമുതലായി ഉള്ളവരുടെ ലോകത്ത് സ്വപ്രയത്നം കൊണ്ടു മാത്രം ഉയർന്നുവന്ന സാധാരണക്കാരൻ.അതുപോലൊരു മനുഷ്യനെ അപമാനിക്കുന്നവരെ സമ്മതിച്ചുകൊടുത്തേ മതിയാകൂ.ബിനീഷിനൊപ്പമാണ്.എല്ലാ അർത്ഥത്തിലും…

അനിൽ രാധാകൃഷ്ണ മേനോൻ,ആദ്യം താങ്കൾ മനുഷ്യൻ്റെ വേദനകളെ തിരിച്ചറിയണം.എന്നിട്ട് ഉണ്ടാക്കാം ക്ലാസിക്കുകൾ…