മതം ഏതാണെന്ന് ചോദിച്ചാൽ ‘ഇന്ത്യൻ’ എന്ന് ഉത്തരം പറയുന്ന കുടുംബമാണ് വിജയ് യുടെത്

0
289
Written by Sandeep Das
ജോസഫ് വിജയ് എന്ന ചിന്ന ദളപതി
ധാരാളം മാസ് രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് നടൻ വിജയ്.ആ സീനുകളെല്ലാം ഒരുപാട് കൈയ്യടികൾ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.എന്നാൽ അതിനെ വെല്ലുന്ന ഹീറോയിസമാണ് വിജയ് ഇപ്പോൾ ജീവിതത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്.
‘മാസ്റ്റർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് കാരവാനിന് മുകളിൽ കയറി ആരാധകരോടൊപ്പം സെൽഫി എടുത്തിരുന്നു.ആ ഫോട്ടോ വെറും മാസല്ല ; കൊലമാസാണ് ! ഇന്നത്തെ ഇന്ത്യയിൽ അത്തരമൊരു ചിത്രത്തിന് അളക്കാനാവാത്തവിധമുള്ള പ്രസക്തിയുണ്ട്.
ആ സെൽഫി വളരെയേറെ പ്രതീകാത്മകമാണെന്ന് പറയാം.വെറുപ്പിൻ്റെ രാഷ്ട്രീയത്തെ പുഞ്ചിരികൊണ്ട് നേരിടുന്ന വിജയ് ! അയാൾക്കുപിന്നിൽ തടിച്ചുകൂടിയിരിക്കുന്ന ആരാധകർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ മനുഷ്യത്വമുള്ള ജനതയുടെ വികാരങ്ങളെയാണ്.
അഭിമാനത്തോടെയും അല്പം ആശ്വാസത്തോടെയും ചൂണ്ടിക്കാട്ടാൻ ഒരു വിജയ് ഉണ്ടല്ലോ ! Image result for vijay and fans selfyഫാസിസ്റ്റുകൾക്ക് മുമ്പിൽ മുട്ടുവിറയ്ക്കാത്ത ഒരു അഭിനേതാവെങ്കിലുമുണ്ടല്ലോ !
കഴിഞ്ഞുപോയ ദിവസങ്ങൾ വിജയിനെ സംബന്ധിച്ചിടത്തോളം വളരെയേറെ കഠിനമായിരുന്നു.ആദായനികുതിവകുപ്പ് അയാളെ കസ്റ്റഡിയിൽ എടുത്തു.നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യുന്ന സാധാരണ രീതിയ്ക്ക് പകരം ഷൂട്ടിങ്ങ് തടസ്സപ്പെടുത്തി പിടിച്ചുകൊണ്ട് പോയി.സിനിമകൊണ്ട് ജീവിക്കുന്ന അനേകം മനുഷ്യർ അങ്കലാപ്പിലായി.മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ.വസതിയിൽ റെയ്ഡും.
വിജയിൻ്റെ ഭാര്യയും ചോദ്യശരങ്ങൾ നേരിടേണ്ടിവന്നു.ഷൂട്ടിംഗ് ലൊക്കേഷനിൽ വരെ പ്രതിഷേധക്കാർ അണിനിരന്നു.അനുമതി വാങ്ങിയതിനുശേഷം മാത്രം നടത്തുന്ന ഷൂട്ടിങ്ങ് നിർത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടു.’ജോസഫ് വിജയ് ‘ കുടുങ്ങി എന്ന് പറഞ്ഞ് വർഗീയവാദികൾ തലകുത്തിമറിഞ്ഞ് ആഘോഷിച്ചു.ഇത്രയൊക്കെ ഉഴുതുമറിച്ചിട്ടും വിജയിൻ്റെ വീട്ടിൽ നിന്ന് കള്ളപ്പണമൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല.
‘മെഴ്സൽ’ എന്ന സിനിമ റിലീസായ സമയത്താണ് വിജയ് ‘ജോസഫ് വിജയ് ‘ ആയി മാറിയത്.ആ സിനിമ ഉയർത്തിയ കാമ്പുള്ള വിമർശനങ്ങൾ ഫാസിസ്റ്റുകളെ ചൊടിപ്പിച്ചു.അതോടെ അവർ പതിവ് തുറുപ്പുചീട്ടായ വർഗീയത പുറത്തെടുത്തു.ക്രിസ്ത്യാനിയായ വിജയ് ഹിന്ദുക്കളുടെ നെഞ്ചത്ത് കയറുന്നു എന്ന നിലയിൽ അതിനെ വളച്ചൊടിക്കാൻ ശ്രമിച്ചു.അവർക്ക് ആകെ അറിയാവുന്നത് അത് മാത്രമാണല്ലോ.മതങ്ങളുടെ പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ചുനിർത്തുക !
ഒരു മതേതര കുടുംബത്തിൽനിന്നാണ് വിജയിൻ്റെ വരവ്.അയാളുടെ അച്ഛൻ ക്രിസ്തുമത വിശ്വാസിയാണ്.അമ്മ ഹിന്ദുവും.സംഗീതയുടെ ഭർത്താവാണ് ജോസഫ് വിജയ്.ഹൈന്ദവ ശൈലിയിലാണ് അവർ വിവാഹിതരായത്.വിജയിൻ്റെ സന്താനങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. മതം ഏതാണെന്ന് ചോദിച്ചാൽ ‘ഇന്ത്യൻ’ എന്ന് ഉത്തരം പറയുന്ന ഒരു കുടുംബം.
അങ്ങനെയുള്ള വിജയിനെ ഏതെങ്കിലുമൊരു മതത്തിൻ്റെ ചാപ്പയടിക്കുന്നവരെ എന്താണ് വിശേഷിപ്പിക്കേണ്ടത്? ഭൂമിയ്ക്ക് ഭാരമല്ലേ അത്തരക്കാർ?
വിജയിൻ്റെ ഒൗദ്യോഗിക നാമം ജോസഫ് വിജയ് എന്ന് തന്നെയാണ്.പക്ഷേ രജനീകാന്തിനെ ആരും ‘ശിവാജി റാവു ഗെയ്ക്ക്വാദ്’ എന്ന് വിശേഷിപ്പിക്കാറില്ലല്ലോ.അപ്പോൾ ഉദ്ദ്യേശം വർഗീയത തന്നെയാണ് ; വർഗീയത മാത്രമാണ് ! ചങ്കുറപ്പുള്ളതുകൊണ്ട് വിജയ് ആരുടെയും മുന്നിൽ തലകുനിച്ചില്ല.ഒന്ന് കണ്ണടച്ചാൽ ഈ മാനസികപീഡനങ്ങളെല്ലാം വിജയിന് ഒഴിവാക്കാമായിരുന്നു.ഫാസിസ്റ്റുകളെ പുകഴ്ത്തിയാൽ കുരുക്കുകളിൽ നിന്ന് രക്ഷ നേടാം ; അവാർഡുകൾ വാരിക്കൂട്ടാം.രജനീകാന്തിനെപ്പോലുള്ളവർ അതിൻ്റെ മാതൃക കാണിച്ചുതരുന്നുണ്ടല്ലോ.ഒഴുക്കിനൊപ്പം നീന്തുക എന്ന് ലളിതമായി പറയാം.പക്ഷേ രജനിയല്ല വിജയ്.
നിങ്ങൾ അയാളെ തകർക്കാൻ ശ്രമിച്ചോളൂ.പഴയതിനേക്കാൾ കരുത്തോടെ വിജയ് ഇവിടെത്തന്നെയുണ്ടാവും.വർഗീയവാദികളുടെ പ്രതിഷേധമുണ്ടായിട്ടും ‘മെഴ്സൽ’ സൂപ്പർഹിറ്റായി.’മാസ്റ്റർ’ എന്ന സിനിമയ്ക്ക് ഇപ്പോൾ ആവശ്യത്തിലേറെ പബ്ലിസിറ്റി ആയിട്ടുണ്ട്.തീവ്രവാദികൾ എറിയുന്നതെല്ലാം ബൂമറാങ്ങ് പോലെ തിരിച്ചുവരും.നാം തന്നെ ജയിക്കും.