Sandeep Das

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ചപാക്’ ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്. ജനപ്രീതി വളരെയേറെയുള്ള ഒരു അതിജീവനഗാഥ. ലക്ഷ്മി എന്ന പെൺകുട്ടി അത്രയേറെ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.’ചപാക് ‘ എന്തായാലും സാമ്പത്തികവിജയം നേടും.പ്രമേയത്തിന്റെ പ്രത്യേകത മൂലം ആ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും വാരിക്കൂട്ടും. നായികയുടെ പ്രകടനം ഉറപ്പായിട്ടും പ്രശംസിക്കപ്പെടും.

സ്വപ്നതുല്യമായ നാളുകളാണ് ദീപികയ്ക്ക് വരാനിരിക്കുന്നത്. അതിൽ അഭിരമിച്ച് ജീവിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പക്ഷേ ദീപിക ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഇന്ത്യയിലെ ഫാസിസ്റ്റുകളെ വിറളിപിടിപ്പിച്ചുകൊണ്ട് അവർ തെരുവിലിറങ്ങി. ബോളിവുഡിലെ പല പ്രമുഖരും ഇതുവരെ ശബ്ദിച്ചിട്ടുപോലുമില്ല. സൂപ്പർ താരങ്ങൾ വരെ ഫാസിസ്റ്റുകളുടെ പാദസേവ ചെയ്യുന്നതിൽ വ്യാപൃതരാണ്. ചിലർ അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.

അവർക്കിടയിൽ നിന്നാണ് ഒരു ദീപിക ഉദയം ചെയ്തത്. ബാഡ്മിന്റണിലൂടെ ഇന്ത്യയെ വാനോളമുയർത്തിയ പ്രകാശ് പദുക്കോണിന്റെ മകൾ പ്രകാശം ചൊരിയുക തന്നെയാണ്.പതിവുപോലെ ദീപികയുടെ സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം എത്തിയിട്ടുണ്ട്.ഇതിനുമുമ്പ് ഇവർ ബഹിഷ്കരിച്ചത് ‘പദ്മാവത് ‘ എന്ന സിനിമയാണ്. ആ ചിത്രം ബോക്സ് ഒാഫീസിൽ വൻ വിജയമാണ് കൊയ്തത് ! ചപാക്കും ഇവർ ബ്ലോക്ബസ്റ്ററാക്കുമെന്ന് തോന്നുന്നു !

‘പദ്മാവത് ‘ റിലീസായ സമയത്ത് ദീപികയുടെ ശിരസ്സ് ഛേദിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ആ ഹീനകൃത്യം നടപ്പിലാക്കുന്നവർക്ക് കോടികൾ പാരിതോഷികം പ്രഖ്യാപിച്ച ആളുകളുണ്ട്.ദീപികയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചവരുണ്ട്. ഇത്രയൊക്കെ ചെയ്തിട്ട് ദീപിക തോറ്റുപോയോ? അവരെ നിശബ്ദയാക്കാൻ സാധിച്ചുവോ ഈ ഗുണ്ടകൾക്ക്?രാജ്യം ഉറ്റുനോക്കുന്ന ഘട്ടത്തിൽ ദീപിക ശ്രദ്ധേയമായ ഇടപെടൽ നടത്തി. ആളുകൾ അനീതിയ്ക്കെതിരെ പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തുറന്നുപറഞ്ഞു.

ഈ തീരുമാനത്തിന്റെ പേരിൽ പല സഹപ്രവർത്തകരും ദീപികയുമായി ഇടഞ്ഞിട്ടുണ്ടാവും. കുറേ പ്രൊജക്റ്റുകളിൽ നിന്ന് ദീപികയെ തഴഞ്ഞേക്കാം. മർദ്ദിച്ചും കൊന്നുതള്ളിയും ഇരുമ്പഴികൾക്കുള്ളിൽ പൂട്ടിയും വിജയം വരിക്കാൻ ദാഹിച്ചുനില്ക്കുന്ന ഫാസിസ്റ്റുകൾ ദീപികയുടെ രക്തത്തിനുവേണ്ടി ഉറഞ്ഞുതുള്ളിയേക്കാം. അവരെ രാജ്യദ്രോഹിയാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞിട്ടു­ണ്ടാവും. ദീപികയുടെ സിനിമകളിലെ ഗ്ലാമർ വേഷങ്ങൾ ഉയർത്തിക്കാട്ടി കപടസദാചാരം വിളമ്പുന്നവരെയും പ്രതീക്ഷിക്കാം.ഇതൊന്നും ദീപികയെ പിന്തിരിപ്പിച്ചില്ല ! വെറുതെ സിനിമ ബഹിഷ്കരിക്കാനൊന്നും നിൽക്കണ്ട മിത്രങ്ങളേ. പണി പാളും. ഇത് ആളു വേറെയാണ് !

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.