ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി

0
1543

Sandeep Das

നിങ്ങൾക്കറിയാമോ? ന്യൂസീലാൻഡിൻ്റെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ ഒരു നിരീശ്വരവാദിയാണ്. ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന പതിവ് അവർ വർഷങ്ങൾക്കുമുമ്പേ ഉപേക്ഷിച്ചതാണ്.പ്രൈം മിനിസ്റ്റർ എന്ന നിലയിൽ ആദ്യമായി ഓഫീസിലെത്തിയപ്പോൾ ജസീന്തയുടെ കൈവശം ബൈബിളുണ്ടായിരുന്നില്ല.അവർ ദൈവനാമം ഉരുവിട്ടതുമില്ല.പതിവിന് വിരുദ്ധമായ നടപടികളായിരുന്നു അതെല്ലാം.

Image result for new zealand prime minister jacinda ardern"ന്യൂസീലാൻഡിലെ മുസ്ലീം പള്ളികളിൽ നടന്ന ഭീകരാക്രമണം ലോകത്തെ നടുക്കിയിരുന്നു.ആ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ജസീന്ത നേരിട്ടെത്തിയിരുന്നു.ഹിജാബ് ധരിച്ചാണ് ജസീന്ത വന്നത്. അതിനുശേഷം പാർലിമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ ‘അസലാമു അലൈക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് ജസീന്ത തൻ്റെ പ്രസംഗം ആരംഭിച്ചത്.

ജസീന്ത ഇതെല്ലാം ചെയ്തത് ഇസ്ലാം മതത്തോടുള്ള താത്പര്യം മൂലമല്ല. ജന്മം കൊണ്ട് ലഭിച്ച ക്രിസ്തുമതം വരെ ഉപേക്ഷിച്ച അവർക്ക് മതങ്ങളോട് മമതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ ജസീന്തയുടെ ഉള്ളിൽ മനുഷ്യത്വമുണ്ട്. ഭീകരാക്രമണത്തിൻ്റെ സമയത്ത് ജസീന്ത കൈക്കൊണ്ട നിലപാടായിരുന്നു ശരി.

പ്രിയപ്പെട്ടവരുടെ വിയോഗം മൂലം തകർന്നുനിൽക്കുന്ന മനുഷ്യരോട് ദൈവവിശ്വാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ല എന്ന് ജസീന്തയ്ക്ക് അറിയാമായിരുന്നു.അവരുടെ കണ്ണീരൊപ്പുക എന്നതായിരുന്നു ആ സമയത്ത് പ്രധാനം.ആ ജോലി ജസീന്ത ഭംഗിയായി നിർവ്വഹിച്ചു.

Image result for new zealand prime minister jacinda ardern"രാജ്യത്തിൻ്റെ ഭരണാധികാരി ഹിജാബ് ധരിച്ച് സാന്ത്വനവാക്കുകളുമായി എത്തിയപ്പോൾ ഭീകരാക്രമണത്തിൻ്റെ ഇരകൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.പ്രധാനമന്ത്രി നമ്മളിൽ ഒരാളാണെന്ന് അവർക്ക് അനുഭവപ്പെട്ടു.

മതവിശ്വാസികളെയും മതവിരോധികളെയും താൻ ഒരുപോലെയാണ് കാണുന്നതെന്ന് ജസീന്ത പറഞ്ഞിട്ടുണ്ട്.ജസീന്ത മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നില്ല.മുസ്ലീങ്ങളുടെ പരമ്പരാഗത വസ്ത്രം കാണുമ്പോൾ ന്യൂസീലൻഡിൻ്റെ പ്രധാനമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല.മതേതര മൂല്യങ്ങൾക്ക് വിരുദ്ധമായി ഇതുവരെ ജസീന്ത പ്രവർത്തിച്ചിട്ടുമില്ല.

പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ജസീന്ത പറഞ്ഞത് ”ഇൗ ഗവൺമെൻ്റ് എല്ലാ ന്യൂസീലാൻഡുകാർക്കും വേണ്ടി പ്രവർത്തിക്കും” എന്നാണ്.അതായത് ചില വിഭാഗങ്ങൾക്ക് മുൻഗണന നൽകുകയോ ചില വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുകയോ ചെയ്യില്ല എന്ന് 
 മതങ്ങളുടെ പേരിൽ മനുഷ്യരെ വേർതിരിക്കില്ല എന്ന്  ന്യൂസീലാൻഡിനെ ഒരു മതരാഷ്ട്രമാക്കാൻ പദ്ധതിയില്ല എന്ന്

ഒരു രാജ്യത്ത് പല തരം മനുഷ്യർ ജീവിക്കുന്നുണ്ടാവും.ഭരണാധികാരിയുടെ വിശ്വാസത്തോടും പ്രത്യയശാസ്ത്രത്തോടും എല്ലാവർക്കും യോജിപ്പുണ്ടാവണമെന്നില്ല.വിയോജിപ്പുകളെ മാനിക്കാനും സത്യങ്ങൾ തിരിച്ചറിയാനും ഭരണാധികാരിയ്ക്ക് സാധിക്കണം.എതിർശബ്ദങ്ങളെ നിഷ്കരുണം അമർച്ച ചെയ്യുന്ന ഏകാധിപതികളെ ഇനിയുള്ള തലമുറകൾ വെറുപ്പോടെയും പുച്ഛത്തോടെയും മാത്രമേ സ്മരിക്കുകയുള്ളൂ.

ജസീന്തയുടെ സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് വിദ്യാഭ്യാസത്തിനാണ്.ലോകനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് ജസീന്ത അഭിപ്രായപ്പെട്ടിട്ടുണ്ട്.വാതുറന്നാൽ മണ്ടത്തരവും പരസ്പരവിദ്വേഷവും മാത്രം വിളമ്പുന്ന ഒരു തലമുറ അവിടെ വളർന്നുവരരുത് എന്ന് ജസീന്തയ്ക്ക് നിർബന്ധമുണ്ട്.

ചില കാര്യങ്ങൾ ചുമ്മാ പറഞ്ഞു എന്നേയുള്ളൂ. ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി.ആ ഭാഗ്യം എല്ലാവർക്കും ലഭിക്കില്ല എന്ന് അറിയാമല്ലോ