ഒരു മനുഷ്യന് ഇത്രയൊക്കെ സഹിക്കാനാവുമോ ?

69

Sandeep Das

ഒരു മനുഷ്യന് ഇത്രയൊക്കെ സഹിക്കാനാവുമോ ?

പിണറായി വിജയനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഈ ചോദ്യം എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. റോസാപ്പൂക്കൾ നിറഞ്ഞ വഴിത്താരകൾ അദ്ദേഹത്തിന് ഒരുകാലത്തും ലഭിച്ചിട്ടില്ല. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ പാതകളിലൂടെ സഞ്ചരിച്ചാണ് പിണറായി ഇവിടംവരെയെത്തിയത്. ഒരു സാധാരണ മനുഷ്യന് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വേദനകൾ ഇതിനോടകം അദ്ദേഹം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയും ഒരുപാട് വെല്ലുവിളികൾ വരാനിരിക്കുന്നു.

മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ സുഖിപ്പിക്കുന്നു എന്നതാണ് ഏറ്റവും പുതിയ ആരോപണം. ഈദുൽ ഫിത്തർ പ്രമാണിച്ച് ചെറിയ ചില ഇളവുകൾ നൽകിയതാണ് കുത്തിത്തിരിപ്പുകാരെ പ്രകോപിപ്പിച്ചത്. ആറ്റുകാൽ പൊങ്കാല നല്ല രീതിയിൽ നടന്ന കാര്യമൊക്കെ അക്കൂട്ടർ സൗകര്യപൂർവ്വം മറന്നുകഴിഞ്ഞു.

പ്രശ്നക്കാരായ ചില ആളുകൾ എല്ലാ മതങ്ങളിലുമുണ്ട്. അവരുടെ കണ്ണിലെ കരടാണ് പിണറായി. അദ്ദേഹം മതഭ്രാന്തിനെ ശക്തമായി എതിർക്കുന്നു എന്നതാണ് കാരണം. ഒാരോ ആഴ്ച്ചയിലും ഒാരോ ചാപ്പയാണ് മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്നത്. പിണറായി വിജയൻ മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന് ഇപ്പോൾ പറയും. നാളെ അദ്ദേഹത്തെ കാവിയിൽ മുക്കിയെടുക്കാൻ ശ്രമിക്കും. യഥാർത്ഥ വിശ്വാസികൾ ഇതുവരെ മുഖ്യമന്ത്രിയോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. കേരളത്തിൻ്റെ നായകൻ്റെ പ്രയാണം ശരിയായ ദിശയിലാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ചിലർ മുഖ്യമന്ത്രിയെ മാൻഡ്രേക്ക് എന്നാണ് വിളിക്കുന്നത്. പ്രളയവും നിപയും കൊറോണയുമൊക്കെ പിണറായി കാശുകൊടുത്ത് ഇറക്കുമതി ചെയ്തതാണ് എന്ന മട്ടിൽ സംസാരിക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. എല്ലാറ്റിനും കാരണം പിണറായിയുടെ എെശ്വര്യക്കുറവാണെത്രേ!

ഒരു കള്ളക്കേസിന്റെ പേരിൽ ആ മനുഷ്യനെ പതിറ്റാണ്ടുകളോളം കല്ലെറിഞ്ഞതാണ്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്നത് ചിലർക്കൊരു ഹരമാണ്. ഒരു വർഗീയപ്രസ്ഥാനത്തിന്റെ മുഖപത്രം ആ ധ്വനിയുള്ള കാർട്ടൂൺ വരെ പ്രസിദ്ധീകരിക്കുകയുണ്ടായി.
പിണറായി വിജയന്റെ കുടുംബത്തെക്കുറിച്ചു­പോലും നിറംപിടിപ്പിച്ച നുണക്കഥകൾ എഴുതിനിറച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ വിദേശത്ത് സ്ഥാപനമുണ്ടെന്ന് ആരോപിച്ചു. ‘കമല ഇന്റർനാഷണൽ’ എന്നൊരു പേരും മെനഞ്ഞെടുത്തു. പിണറായിയുടെ വാസം മണിമാളികയിലാണെന്ന് നാടുനീളെ പാടിനടന്നു. മലയാളികൾക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന പത്രസമ്മേളനങ്ങളെ മെഗാസീരിയൽ എന്ന് വിശേഷിപ്പിച്ചു. ആറുമണിത്തള്ള് എന്ന് പരിഹസിച്ച് സായൂജ്യമടഞ്ഞു.
വിഷംപുരട്ടിയ ദുഷ്പ്രചരണങ്ങളെ പിണറായി എങ്ങനെയാണ് അതിജീവിച്ചത്? അതിനുള്ള മറുപടി ഒരു ഷർട്ട് പറയും. രക്തക്കറയുള്ള ഒരു ഷർട്ട്!

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പിണറായി എം.എൽ.എ ആയിരുന്നു. അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി കണ്ണൂർ ജയിലിലിട്ട് നിഷ്കരുണം തല്ലിച്ചതച്ചു. പിന്നീട് പിണറായി നിയമസഭയിലെത്തി. ചോരപുരണ്ട സ്വന്തം കുപ്പായം ഉയർത്തിക്കാട്ടി തീപ്പൊരി പ്രസംഗവും നടത്തി. അത്രയും തീവ്രമായ ജീവിതാനുഭവങ്ങൾ ഉള്ള മനുഷ്യനാണ്. അദ്ദേഹത്തെ വീഴ്ത്താൻ എതിരാളികൾ വെട്ടിയ ചതിക്കുഴികൾക്ക് ആഴം പോരാതെവന്നു.

കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളുടെയെല്ലാം ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെയ്ക്കുന്നതിൽ മനംനൊന്ത് വിലപിക്കുന്ന പിണറായി വിജയനെ ഇതുവരെ കണ്ടിട്ടില്ല. വിശ്രമമില്ലാതെ അഹോരാത്രം ജോലി ചെയ്ത് മാതൃക കാട്ടുകയാണ് ചെയ്യുന്നത്.
സകല നുണകളെയും പുഞ്ചിരി കൊണ്ടാണ് നേരിടുന്നത്. ”ഞാൻ താമസിക്കുന്നത് പൊന്നാപുരം കോട്ടയിലല്ല” എന്ന് ചിരിച്ചുകൊണ്ട് പറയാൻ ഇവിടെ പിണറായി വിജയൻ മാത്രമേയുള്ളൂ. ജാതിയിൽ താഴ്ന്നവനാണെന്ന് ചില തമ്പുരാക്കൻമാർ നിരന്തരം ഒാർമ്മിപ്പിക്കുമ്പോഴും പിണറായിക്ക് കുലുക്കമില്ല. വിലകുറഞ്ഞ ജൽപനങ്ങൾ അദ്ദേഹത്തെ സ്പർശിക്കുന്നതുപോലുമില്ല.
1990കളിലെ ഇ.കെ നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്നു പിണറായി വിജയൻ. അന്ന് മികച്ച ഭരണാധികാരി എന്ന പേര് സമ്പാദിച്ചതുമാണ്. അതുകഴിഞ്ഞാണ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീടുള്ള 17 വർഷങ്ങൾ മന്ത്രിക്കസേരയില്ലാതെ പിണറായി ജീവിച്ചുതീർത്തു. അതിൽ അദ്ദേഹത്തിന് തെല്ലും പരാതിയില്ലായിരുന്നു.

വോട്ട്ബാങ്ക് പൊളിറ്റിക്സും അധികാരമോഹവും പിണറായി വിജയനെ ബാധിച്ചിട്ടില്ല. അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. ശരികളുടെ നിലപാടുകളാണ്. വോട്ടില്ലാത്ത അതിഥിത്തൊഴിലാളികൾക്കുവേണ്ടി ശബ്ദിച്ചത് അതുകൊണ്ടാണ്. പൊതുസമൂഹം ഇന്നും മനുഷ്യരായി പരിഗണിക്കാത്ത ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞത് പിണറായി വിജയനിലെ മനുഷ്യസ്നേഹിയാണ്.

ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം ഏതാണെന്ന് ചോദിച്ചപ്പോൾ പിണറായി പറഞ്ഞു-
”അധികാരത്തിലെത്തിയപ്പോൾ ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്തു. പെൻഷൻ കിട്ടിയ വയോധികർ അവശത മറന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. അതായിരുന്നു എറ്റവും വലിയ സന്തോഷം….”
ഇതാണ് നമ്മുടെ മുഖ്യമന്ത്രി. മീൻപിടിക്കുന്ന, ബീഡിതെറുക്കുന്ന,കയർ പിരിക്കുന്ന സാധാരണക്കാരുടെ തലവൻ. മണ്ണിൽ ചവിട്ടിനിൽക്കുന്ന ഭരണാധിപൻ! നാട് കൊറോണയുടെ ദുരന്തമുഖത്ത് നിൽക്കുമ്പോൾ സ്വന്തം ജന്മദിനം ആഘോഷിക്കാൻ പിണറായി തയ്യാറല്ല. ജനങ്ങൾക്കുവേണ്ടി ഒാടിനടക്കുന്ന അദ്ദേഹത്തിന് അതിനുള്ള സമയവുമില്ല.

പിണറായി വിജയനെ അംഗീകരിക്കാത്ത ധാരാളം ആളുകളുണ്ട്. അവരുടെ തലച്ചോറിൽ ഇന്നല്ലെങ്കിൽ നാളെ വെളിച്ചം പരക്കും.
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്ന സമയത്ത് 255 എന്ന നമ്പർ പിണറായി വിജയൻ്റെ മേൽ പതിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മേൽവിലാസം കേവലമൊരു സംഖ്യയല്ല. പണ്ട് തല്ലിച്ചതച്ചവരുടെ ഇളമുറക്കാർ ഇന്ന് വിജയനെ സല്യൂട്ട് ചെയ്യുന്നു. എല്ലാ തെറ്റുകളും കാലം തിരുത്തും.
തിരുത്തിയേ മതിയാകൂ….!