പ്രിയ സഞ്ജൂ…നിങ്ങൾക്ക് നിങ്ങൾ മാത്രമാണ് തുണ, നിരാശപ്പെടരുത്…അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുക

0
327

Sandeep Das

അങ്ങനെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 സീരീസ് അവസാനിച്ചു.മലയാളിയായ സഞ്ജുവിന് ഒരു കളിയിലെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതിയത്.ഡെൽഹിയിലേക്കും രാജ്കോട്ടിലേക്കും നാഗ്പൂരിലേക്കും മലയാളികൾ പ്രതീക്ഷയോടെ നോക്കിയിരുന്നു.’സഞ്ജു കാത്തിരിക്കുന്നു’ എന്ന തലക്കെട്ട് പല തവണ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പക്ഷേ ശുഭകരമായ ഒന്നുംതന്നെ സംഭവിച്ചില്ല.സീരീസിലുടനീളം സഞ്ജു പകരക്കാരൻ്റെ കുപ്പായമണിഞ്ഞ് സൈഡ്ബെഞ്ചിലിരുന്ന് കളികണ്ടു !

നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തിയത്.ആ സെലക്ഷൻ ആരുടെയും ഒൗദാര്യമായിരുന്നില്ല.ഒരു സ്ഥാനം സഞ്ജു പിടിച്ചുവാങ്ങുക തന്നെയായിരുന്നു.

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ സഞ്ജു നേടിയ 212 റണ്ണുകൾ ആ ടൂർണ്ണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.ഇന്ത്യയിൽ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയുടെ എ ടീമിനെ സഞ്ജു തിരുവനന്തപുരത്തുവെച്ച് തല്ലിച്ചതച്ചിരുന്നു.കഴിഞ്ഞുപോയ എെ.പി.എല്ലിൽ രാജസ്ഥാനുവേണ്ടിയും സഞ്ജു തിളങ്ങിയിരുന്നു.

അല്ലെങ്കിൽത്തന്നെ സഞ്ജുവിൻ്റെ പ്രതിഭയെക്കുറിച്ച് ആർക്കാണ് സംശയമുള്ളത്? അണ്ടർ 19 ലോകകപ്പിൽ കളിക്കാനിറങ്ങിയ കാലം മുതൽക്ക് സഞ്ജുവിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നുണ്ട്.­ആ ടൈമിംഗും ബോഡി ബാലൻസും വസീം അക്രത്തെപ്പോലുള്ള പ്രഗൽഭരെ പ്രീതിപ്പെടുത്തിയതാണ്.”സഞ്ജു മഹേള ജയവർദ്ധനയെ ഒാർമ്മിപ്പിക്കുന്നു” എന്ന് സുനിൽ ഗാവസ്കർ പലതവണ പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് പതിനെട്ടാം വയസ്സിൽ ഒരു എെ.പി.എൽ കരാർ സഞ്ജുവിന് ലഭിച്ചത്.അനായാസം സിക്സറുകളടിക്കുന്ന,അതോടൊപ്പം ടച്ച്-പ്ലേയും കൈവശമുള്ള അസാമാന്യ പ്രതിഭാശാലി !

ഏറ്റവും പ്രയാസകരമായ ക്രിക്കറ്റ് ഷോട്ടായ ലോഫ്റ്റഡ് കവർഡ്രൈവ് സഞ്ജു അനായാസം കളിക്കും.പേസും സ്പിന്നും നന്നായി കൈകാര്യം ചെയ്യും.അയാളെ ബൗൺസറുകളെറിഞ്ഞ് ഭയപ്പെടുത്താനാവില്ല.­ഫ്രണ്ട്ഫൂട്ടിൽ വരെ പുൾഷോട്ടുകൾ പായിക്കും.സഞ്ജു ഋഷഭ് പന്തിനെപ്പോലെ അഗ്ലി ഷോട്ടുകൾ കളിക്കാറില്ല.ക്ലാസും മാസും ഒത്തുചേരുന്ന ബാറ്റ്സ്മാനാണ് സഞ്ജു.ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ സഞ്ജു മനോഹരമായി നേരിടുന്ന കാഴ്ച്ച നാം എെ.പി.എല്ലിൽ കണ്ടിട്ടുണ്ട്.

പക്ഷേ സഞ്ജുവിന് ടീം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ സ്ഥാനമില്ല ! ബംഗ്ലാദേശിനെതിരെ ഒരു കളിയിലെങ്കിലും സഞ്ജുവിനെ ഇറക്കേണ്ടതായിരുന്നില്ലേ ? സഞ്ജു മലയാളിയായതുകൊണ്ടല്ല ഇത് പറയുന്നത്.അയാൾ അത് ശരിക്കും അർഹിച്ചിരുന്നു.

ഋഷഭ് പന്ത് വളരെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്.തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും അയാൾ അതിനോട് നീതിപുലർത്തുന്നില്ല.നാഗ്പൂരിൽ ഒരു ടെയ്ൽ-എൻഡറുടെ ഷോട്ട് കളിച്ചാണ് പന്ത് ഒൗട്ടായത്.വിക്കറ്റിനുപുറകിലും അയാൾ ഒരുപാട് പിഴവുകൾ വരുത്തുന്നുണ്ട്.ഒരു കളിയിൽ പന്തിനുപകരം സഞ്ജുവിന് അവസരം നൽകുന്നതിൽ ഒരു തെറ്റും ഇല്ലായിരുന്നു.

അവസാനമത്സരത്തിൽ ക്രുനാൽ പണ്ഡ്യയ്ക്കുപകരം മനീഷ് പാണ്ഡേ ആണ് കളിച്ചത്.മനീഷിന് ഒരു അന്താരാഷ്ട്ര കരിയറുണ്ടാക്കാൻ ഇന്ത്യൻ ടീം ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്.പക്ഷേ അയാൾക്ക് വേണ്ടത്ര സ്ഥിരതയില്ല.പ്രായവും മനീഷിന് അത്ര അനുകൂലമല്ല.ശിഖർ ധവാനാണെങ്കിൽ എല്ലാക്കാലത്തും ഒരു ശരാശരി ടി20 ബാറ്റ്സ്മാനാണ്.ഇന്ത്യൻ ടീമിൻ്റെ ഭാവികൂടി കണക്കിലെടുക്കുമ്പോൾ സഞ്ജുവിനെ പരീക്ഷിക്കാനുള്ള യഥാർത്ഥ സമയം ഇതായിരുന്നില്ലേ?

ആരോടു പറയാൻ? ആരു കേൾക്കാൻ!?

ടീം സെലക്ഷൻ്റെ മാനദണ്ഡം മെറിറ്റ് മാത്രമാണെന്ന് വിശ്വസിക്കണമെങ്കിൽ അസാമാന്യമായ നിഷ്കളങ്കത ആവശ്യമാണ്.ഇന്ത്യൻ ക്രിക്കറ്റിൽ ലോബികൾ എപ്പോഴും സജീവമാണ്.മുംബൈ,ഡെൽഹി,ബാംഗ്ലൂർ,ചെന്നൈ തുടങ്ങിയ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയ മോശം ക്രിക്കറ്റർമാരുടെ ഒരു പട്ടിക തയ്യാറാക്കിയാൽ അതിന് അവസാനമുണ്ടാവില്ല.നിർ­ഭാഗ്യവശാൽ സഞ്ജു ഒരു മലയാളിയായിപ്പോയി.

ഇന്ത്യ-ബംഗ്ലാദേശ് സീരീസിലെ ആദ്യ മത്സരം നടന്ന ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു.കളിക്കാർ മാസ്ക് ധരിച്ചാണ് പരിശീലിച്ചത്.മത്സരശേഷം ചില ബംഗ്ലാ താരങ്ങൾ ഛർദ്ദിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ഡെൽഹിയിലെ സ്റ്റേഡിയത്തിൽ ഇതേ പ്രശ്നം മുമ്പും ഉണ്ടായിട്ടുള്ളതാണ്.പക്ഷേ അവർക്കൊക്കെ മുടങ്ങാതെ അന്താരാഷട്രമാച്ചുകൾ ലഭിച്ചുകൊണ്ടിരിക്കും ! അതാണ് ഇന്ത്യൻ ക്രിക്കറ്റിൻ്റെ രീതി ! ഈ ആനുകൂല്യം നമ്മുടെ കൊച്ചു കേരളത്തിനില്ല.

സീരീസിനുശേഷം ശ്രേയസ് അയ്യരെയും ശിവം ദുബേയേയും സഞ്ജയ് മഞ്ജരേക്കർ ഇൻ്റർവ്യൂ ചെയ്തിരുന്നു.”നിങ്ങൾ ഇരുവരും മുംബൈക്കാർ ആയതിൽ സന്തോഷമുണ്ട് ” എന്ന് സഞ്ജയ് പരസ്യമായി പറഞ്ഞു ! ഇത്തരം ഇടുങ്ങിയ മനസ്സുള്ളവരാണ് ഇന്ത്യൻ ക്രിക്കറ്റ് നിറയെ!

സഞ്ജുവിൻ്റെ ഭാഗത്തും കുറച്ച് പോരായ്മകളുണ്ട്.ആഭ്യന്തരക്രിക്കറ്റിൽ അയാൾ വലിയ സ്ഥിരത പുലർത്തിയിട്ടില്ല.പക്ഷേ അങ്ങനെയുള്ള പല കളിക്കാരെയും സിസ്റ്റം മുൻകൈ എടുത്ത് ഇതിഹാസങ്ങളാക്കി മാറ്റിയിട്ടുണ്ട്.ആ സൗകര്യം സഞ്ജു പ്രതീക്ഷിക്കേണ്ടതില്ല.

ഭാവിയിൽ സഞ്ജു ഇന്ത്യൻ ടീമിൽ കളിച്ചേക്കാം.പക്ഷേ അപ്പോഴും ചുരുക്കം കളികൾ കൊണ്ട് അയാൾ കഴിവ് തെളിയിക്കേണ്ടിവരും.ഫോം ആകുന്നത് വരെ അവസരങ്ങൾ ലഭിക്കുന്നത് ഋഷഭ് പന്തുമാർക്ക് മാത്രമാണ്.സഞ്ജു സംസാരിക്കുന്ന ഭാഷ മലയാളമാണല്ലോ…!

പ്രിയ സഞ്ജൂ,നിങ്ങൾക്ക് നിങ്ങൾ മാത്രമാണ് തുണ.നിരാശപ്പെടരുത്.അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുക.സഹതാരങ്ങളേക്കാൾ പത്തിരട്ടി അർപ്പണബോധം പ്രകടമാക്കുക.അതുമാത്രമേയുള്ളൂ പോംവഴി….

Written by-Sandeep Das