
സന്ദീപ് വേരേങ്കിൽ
പ്രവാസലോകവും കോവിഡും
ലോകം മുഴുവൻ കൊറോണഭീതിയിലാണ്. മിക്കവാറും രാജ്യങ്ങളിൽ ലോക്ക്ഡൗൺ ആണ്. ഇൻഡ്യയിൽ 21 ദിനസമ്പൂർണ്ണലോക്ക് ഡൗൺ ആണ്. മനുഷ്യർ ലോകമെമ്പാടും ഒറ്റപ്പെടലിലേക്കു കൂപ്പുകുത്തിയത് വളരെപ്പെട്ടെന്നായിരുന്നു. നാം എവിടെയാണോ അവിടെ തുടരുക എന്നതാണ് എല്ലാ ഭരണകർത്താക്കളും സ്വീകരിച്ചിരിക്കുന്ന നയം. ജനങ്ങൾ ഗ്രാമങ്ങളോ പട്ടണങ്ങളോ ജില്ലയോ സംസ്ഥാനമോ രാജ്യമോ ഒക്കെയായി ഒറ്റപ്പെട്ടുകിടക്കുന്നു. ലോകത്ത് 99% പ്രദേശങ്ങളിലും ഒറ്റപ്പെട്ടുപോയവർക്ക് ജീവൻ രക്ഷിക്കാനുള്ള ഭക്ഷണവും മരുന്നും പാർപ്പിടവും മനുഷ്യത്വപരമായി ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ലോക്ക് ഡൗൺ കാലത്തിന്നുമുമ്പുവരെ കുടുങ്ങിക്കിടക്കുന്നവരെ രാജ്യങ്ങൾ പരസ്പരസഹകരണത്തോടെ വിമാനങ്ങളയച്ച് പൗരസ്ത്യദേശത്തേക്കെത്തിക്കുമായിരുന്നു.
ലോക്ക് ഡൗൺ വന്നതോടുകൂടെ അതെല്ലാം നിലച്ചു. എൻ്റെ കൂടെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന എൻ്റെ ഭാര്യക്ക് സ്വന്തം മാതാപിതാക്കളെ കാണാൻ അയൽഗ്രാമത്തിലേക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്.
രോഗത്തെ വരുതിയിലാക്കാൻ ലോകമെമ്പാടുമുള്ള മനുഷ്യർ ഒത്തുചേർന്നു പ്രവർത്തിക്കുകയേ നിവൃത്തിയുള്ളൂ എന്നതിന്ന് വളരെയധികം പ്രാധാന്യമുണ്ട്. ലോക്ക് ഡൗൺ താല്ക്കാലികമാണ്. 21 ദിവസംമുതൽ ഒന്നരമാസംവരെ അതു നീണ്ടുപോയേക്കാം. അതല്ലാതെ അതൊരു ഭീതിദമായ അവസ്ഥാവിശേഷമല്ല. ഒതുങ്ങിയിരിക്കുക. ആരും ഒതുങ്ങിയിരിക്കുന്നവരെ അക്രമിക്കുകയില്ല. അതേസമയം, പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്തേക്കാം. രോഗവ്യാപനം നടന്നേക്കാം എന്ന സന്ദേഹമുണർത്തുന്നതിനാലാണത്. ലോക്ക് ഡൗൺ സമയത്ത് പൗരന്മാരോട് മാനുഷികപരമായി പെരുമാറുകയെന്നതാണ് രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാട്. അവിടെ പൗരൻ എന്നോ പൗരസ്ത്യൻ എന്നോ ഉള്ള വിവേചനം ഉണ്ടായിരിക്കുകയില്ല. താമസിക്കാനുള്ള കാലാവധിപോലും പ്രശ്നമില്ലെന്നർത്ഥം.
ഇൻഡ്യക്കാർ ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്നു. എല്ലാവരേയും നാട്ടിലെത്തുകയെന്നത് ശ്രമകരമാണ്. എല്ലാ രാജ്യങ്ങളും ഇങ്ങനെ തുടങ്ങിയാൽ അത് രോഗവ്യാപനത്തിനുള്ള സാദ്ധ്യത പതിന്മടങ്ങ് ഇരട്ടിപ്പിക്കും. പക്ഷപാതപരമായി കുറച്ചാളുകളെമാത്രം നാട്ടിലെത്തിക്കുന്നതു ശരിയല്ലല്ലോ. നമ്മുടെ സംസ്ഥാനത്തും ഒരു മുറിയും ഒമ്പതുപേരും എന്ന നിലയിൽ മറുനാട്ടിലെ ലക്ഷക്കണക്കിന്നുപേരുണ്ട്. അവരെയൊന്നും അവരവരുടെ നാട്ടിലെത്തിക്കാൻ കഴിയാത്തതിന്നുകാരണവും വ്യത്യസ്തമല്ല. മനുഷ്യരാശിയുടെ നിലനില്പിന്നെതിരെയുള്ള യുദ്ധമായി വേണം നമ്മളിതിനെ കാണാൻ. പ്രവാസികൾക്കു പലർക്കും ഒതുങ്ങിയിരിക്കുന്ന നേരത്തും ശമ്പളം ലഭിക്കുന്നുണ്ട്. അവിടെ അനധികൃതമായി താമസിക്കുന്ന നിരവധിപേരും ഉണ്ടായിരിക്കാം. അവർ ഈ അവസരത്തിൽ നാട്ടിലെത്താൻ വെമ്പൽകൊള്ളും എന്നത് സത്യമാണ്. മറ്റൊരു രാജ്യത്ത് അനധികൃതമായി താമസിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അത്തരക്കാർക്ക് നാട്ടിലെത്താൻ ഇപ്പോൾ നാം വിമാനം അയച്ചുകൊടുക്കണമെന്നാണോ ? പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്ന് കോടിക്കണക്കിന്നു പണം ചെലവിടേണ്ടതായും വരും.
ലോക്ക് ഡൗണിനുശേഷം ഏതുവിധേനയെങ്കിലും പ്രവാസികളെ എത്തിച്ചാൽപ്പോലും അവർക്ക് നാട്ടിൽ 28 ദിവസത്തെ ക്വാറൻടൈൻ ആയിരിക്കും ഫലം. ഒരു മാസത്തേക്ക് ജയിൽവാസത്തിന്നു തുല്യമായ അവസ്ഥയായിരിക്കുമെന്നർത്ഥം.
ഇവർക്ക് തിരിച്ച് പ്രവാസലോകത്തേക്കു പോവാനും സമയം എടുക്കും. 15 ദിവസം അങ്ങനെ കുറഞ്ഞതു നഷ്ടപ്പെടാം. അഥവാ പോയാലും പ്രവാസലോകത്ത് 28 ദിവസത്തെ കോറൻടൈൻ ഏർപ്പെടുത്തിയേക്കാം. ചുരുക്കത്തിൽ രണ്ടരമാസത്തെ ജയിൽവാസത്തിന്നുതുല്യമായ ഒറ്റപ്പെടൽ വേണ്ടിവരുമെന്നർത്ഥം. അതിനേക്കാൾ എത്രയോഭേദമായിരിക്കും മൂന്നോ നാലോ ആഴ്ചത്തെ ഇപ്പോളനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടൽ. കൂടാതെ ചാടിപ്പിടിച്ച് നാട്ടിലെത്തിച്ചാൽ തിരിച്ചു ചെല്ലുമ്പോൾ ജോലിയും കണ്ടേക്കില്ല. കൂട്ടപ്പലായനങ്ങൾ രോഗവ്യാപനത്തോത് വർദ്ധിപ്പിക്കുകയും നിരപരാധികളെ കൊലയ്ക്കു കൊടുക്കുകയും ചെയ്തേക്കാം. ഇതു കൂടാതെ മറ്റനേകം ഭവിഷ്യത്തുകളും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എന്തിനും നാം സംയമനം പാലിച്ചേ മതിയാകൂ. ഇത് രോഗമാണ് , യുദ്ധമല്ല എന്നോർക്കുന്നത് എപ്പോളും നല്ലതായിരിക്കും.
അന്യസംസ്ഥാനങ്ങളിൽ അനേകം മലയാളികൾ ഒറ്റപ്പെട്ടിരിക്കുന്നുണ്ട്. അവരെ തിരിച്ചെത്തിക്കാൻ നാം വിമാനം അയയ്ക്കാൻ തയ്യാറാവുമോ ? അഥവാ അവർ വണ്ടിപിടിച്ച് വന്നാലും 28 ദിവസം കോറൻടൈനിൽ പോവേണ്ടി വരും.
രാഷ്ട്രീയപ്രേരിതമായി പ്രവാസികളെ നാട്ടിലെത്തിക്കാൻ നിലവിളിക്കുന്ന സംഘടനകളോട് ഇതെല്ലാമാണെനിക്കു പറയാനുള്ളത്. പ്രവാസലോകത്തും ലോക്ക് ഡൗൺ ആയതിനാൽ കൊറോണയെ പതിന്നാലു ദിവസത്തിനകം നേരിടാൻ കഴിയുമെന്നിരിക്കേ കൂട്ടത്തോടെ നാട്ടിലെത്തിക്കണമെന്നത് പമ്പരവിഡ്ഢിത്തരമാണ്. പ്രവാസികളോട് എന്നും ബഹുമാനമാണ്. സ്നേഹമാണ്. സാഹോദര്യമാണ്. രോഗത്തെ ചെറുക്കാൻ സഹകരിക്കണം എന്നൊരഭ്യർത്ഥനമാത്രം.