മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ… (മാമാങ്കത്തിന്റെ ചരിത്രം)

610

Sandeep Verengil

മാമാങ്കം

പണ്ടുപണ്ട് തിരുന്നാവായ മണൽപ്പുറത്തുവച്ച് ഒരുത്സവം നടത്തുകയും അതിനു സകലനാട്ടുരാജാക്കന്മാരും അവിടെ ചെന്നുകൂടുകയും ചെയ്തിരുന്നു.മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തിനോടനുന്ധിച്ചാണ് ഈ ഉത്സവം നടത്തിയിരുന്നത്. അതിനാൽ ഇതിനു “മാഘമകം” എന്നു നാമം സിദ്ധിച്ചു.അതു ലോപിച്ച് മഹാമകം എന്നും മഹാമകം ലോപിച്ച് മാമകം എന്നും ഒടുവിൽ മാമാങ്കം എന്നുമായിത്തീർന്നു എന്നു വിശ്വസിക്കാം.ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിന്നിരുന്ന ഒരാഘോഷമായാണ്‌ അവസാനകാലങ്ങളിൽ പന്ത്രണ്ടുവർഷത്തെ ഇടവേളകളിൽ നടത്തിവന്നിരുന്ന മാമാങ്കം അറിയപ്പെട്ടത്.

ഇക്കാലമായപ്പോളേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായികപ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ,സംഗീത,കരകൗശലവിദ്യകളുടെ പ്രകടനങ്ങൾ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകിയിരുന്നു.ഈ മഹോത്സവത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറുവർഷത്തിലധികംകാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്.

ബി സി അഞ്ചാംനൂറ്റാണ്ടുമുതൽ എ ഡി പന്ത്രണ്ടാംനൂറ്റാണ്ടിന്റെ അവസാനംവരെ തെക്കേ ഇൻഡ്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേരസാമ്രാജ്യം.ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീനമായ തമിഴ് രാജവംശങ്ങൾ ചോളരും പാണ്ഡ്യരുമായിരുന്നു. സംഘകാലത്തോടെതന്നെ (ക്രി.മു. 100 – 200) ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു. ചേരസാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംചേരസാമ്രാജ്യം സംഘകാലത്തും രണ്ടാംചേരസാമ്രാജ്യം എ ഡി 800മുതൽ എ ഡി 1102വരെയുമാണ്.തമിഴ്നാട്ടിലെ സേലംമുതൽ നമ്മുടെ മലബാർകടൽത്തീരംവരെയായിരുന്നു ചേരസാമ്രാജ്യം പടർന്നുപന്തലിച്ചിരുന്നത്.

ചേരന്മാരുടെ കാലത്താണ് കേരളത്തിലെ വനങ്ങളും കാട്ടുമൃഗങ്ങളും താരതമ്യേന കുറഞ്ഞ നദീതീരങ്ങളിൽ വനനശീകരണം നടത്തി വൻതോതിൽ പാടശേഖരങ്ങൾ സൃഷ്ടിച്ച് വിവിധയിനം കൃഷികൾ ചെയ്യാനാരംഭിച്ചത്. മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോല്പത്തി എന്നു കരുതുന്നു. ചേരതലസ്ഥാനം തമിഴ്നാട്ടിലെ കരൂർ ആണെന്നു വിശ്വസിക്കപ്പെടുന്നു. ചേരസാമ്രാജ്യം പിന്നീട് വിസ്ത്രൃതി പ്രാപിച്ച് കേരളത്തിന്റെ സമുദാതിർത്തിവരെ ചെന്നെത്തി. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ടു തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി (തിണ്ടിസ്) മറ്റൊന്ന് മുസിരി അഥവാ മുചിരി. ഇവ രണ്ടും ഇന്ന് ഏതു പ്രദേശത്താണെന്നു കൃത്യമായും പറയുന്ന രേഖകൾ ഇല്ല.

റോമക്കാരുമായുള്ള ( ഇറ്റലിക്കാർ ) വാണിജ്യത്തിലൂടെയാണ് ചേരർ അഭിവൃദ്ധിപ്രാപിച്ചത്. പട്ടണം എന്ന പുരാതനതുറമുഖമാണ് മുസിരിസ് എന്ന് അനുമാനിക്കുന്ന തരത്തിൽ പുരാവസ്തുഗവേഷകർ എത്തിച്ചേർന്നിട്ടുണ്ട്. പൊതുവെ സമാധാനപ്രിയരായിരുന്ന ചേരന്മാർ സാഹിത്യത്തിനും കൃഷിക്കും കന്നുകാലിവളർത്തലിനും കരകൗശലനിർമ്മാണത്തിനും വാണിജ്യത്തിനും ഊന്നൽ നൽകിയിരുന്നതായിക്കാണാം. കേരളത്തിലെ പുരാതനമായ ക്ഷേത്രങ്ങൾ ചേരസാമ്രാജ്യത്തിന്റെ സംഭാവനയാണ്. ഒരു തരത്തിൽ പറഞ്ഞാൽ വടക്കേ ഇൻഡ്യൻ ശക്തികളെ തടഞ്ഞുനിർത്തിയിരുന്ന പ്രബലതെക്കേഇൻഡ്യൻശക്തിയായ ചോളന്മാരാണ് ചേരന്മാരെ പില്ക്കാലത്ത് ആക്രമിച്ച് ശിഥിലമാക്കിയത്. ഇങ്ങനെയൊക്കെയാണെങ്കിലും ചോളന്മാരുമായി നൂറുവർഷത്തെ യുദ്ധംപോലും അതിജീവനത്തിന്നായി ചേരന്മാർ നടത്തിയിട്ടുണ്ട്.

ആദിചേരന്മാരുടെ കാലംമുതൽതന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധദ്രവ്യങ്ങൾ, ആനക്കൊമ്പ്, തടി, മുത്ത്, രത്നങ്ങൾ തുടങ്ങിയവ മലബാർ തീരത്തുകൂടെ ഈജിപ്ത്, റോം, ഗ്രീസ്, ഫിനീഷ്യ, അറേബ്യ, മെസൊപ്പെട്ടേമിയ, പേർഷ്യ, ചൈന എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഒന്നാംചേരരാജവംശം മരുമക്കത്തായസമ്പ്രദായമാണ് തുടർന്നിരുന്നതെങ്കിൽ രണ്ടാംചേരരാജവംശം അക്കാലത്തെ മേധാവികളായിരുന്ന ബ്രാഹ്മണരുടെ സൃഷ്ടിയായിരുന്നു. ബ്രാഹ്മണമേധാവിത്വത്തിലാണ് എ ഡി എഴുന്നൂറുമുതൽ എ ഡി ആയിരത്തിയിരുന്നൂറുവരെ ചേരന്മാർ ഭരിച്ചുകൊണ്ടിരുന്നത്. രാജാക്കന്മാർ ക്ഷത്രിയന്മാരായിരുന്നു.

ഈ കാലഘട്ടത്തിലാണ് മാമാങ്കം എന്ന ഉത്സവം ഉത്ഭവിച്ചതെന്നാണ് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. അക്കാലത്തെ കേരളത്തിലെ നാട്ടുരാജ്യങ്ങളെല്ലാതും താഴെ കൊടുത്തിരിക്കുന്നു. വായനക്കാരായ നിങ്ങളും ഇതിലേതെങ്കിലും നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടവരായിരിക്കും.

തിരുവിതാംകൂർ (തിരുവനന്തപുരം)
പെരുമ്പടപ്പ് സ്വരൂപം (കൊച്ചി )
നെടിയിരുപ്പ് സ്വരൂപം ( സാമൂതിരി / കോഴിക്കോട്)
എളയടത്തു സ്വരൂപം
ദേശിങ്ങനാട് സ്വരൂപം
ആറ്റിങ്ങൽ സ്വരൂപം
കരുനാഗപ്പള്ളി സ്വരൂപം
കാർത്തികപ്പള്ളി സ്വരൂപം
കായംകുളം രാജവംശം
പുറക്കാട്ട് രാജവംശം
പന്തളം രാജവംശം
തെക്കുംകൂർ രാജവംശം
വടക്കുംകൂർ രാജവംശം
പൂഞ്ഞാർ ദേശം
കരപ്പുറം രാജ്യം
അഞ്ചിക്കൈമൾ രാജ്യം
ഇടപ്പള്ളി സ്വരൂപം
പറവൂർ സ്വരൂപം
ആലങ്ങാട് ദേശം
കൊടുങ്ങല്ലൂർ രാജവംശം
തലപ്പിള്ളി
ചെങ്ങഴിനാട്
ആലങ്ങാട് ദേശം
പറവൂർ സ്വരൂപം
വള്ളുവനാട്
തരൂർ സ്വരൂപം
കൊല്ലങ്കോട്
കവളപ്പാറ സ്വരൂപം
വെട്ടത്തു നാട്
പരപ്പനാട്
കുറുമ്പ്രനാട്
കടത്തനാട്
മൂഷകരാജവംശം
കോലത്തിരി
കോട്ടയം രാജവംശം
കുരങ്ങോത്ത്
രണ്ടുതറ
അറയ്ക്കൽ രാജവംശം
നീലേശ്വരം രാജവംശം
കുമ്പദേശം
നെടുങ്ങനാട്
കോടശ്ശേരിസ്വരൂപം

വള്ളുവക്കോനാതിരിയായിരുന്നു ( വെള്ളാട്ടിരി ) വള്ളുവനാടിന്റെ രാജാവ്. ചേരസാമ്രാജ്യത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ മാമാങ്കത്തിന്റെ നടത്തിപ്പ് ചേരചക്രവർത്തിയായ ചേരമാൻ പെരുമാളിനായിരുന്നു. എന്നാൽ ഈ സാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ വള്ളുവക്കോനാതിരിയായിരുന്നു മാമാങ്കത്തിന്നു നിലപാട് നിന്നിരുന്നത്. ഒറ്റപ്പാലംമുതൽ തിരൂർവരെ നീളുന്ന വള്ളുവനാടിന്റെ തലസ്ഥാനം അങ്ങാടിപ്പുറമായിരുന്നു. പൂന്താനവും എഴുത്തച്ഛനും വള്ളത്തോളും മോയിൻകുട്ടിവൈദ്യരും കുഞ്ചൻനമ്പ്യാരുമെല്ലാമുൾപ്പെടെ നിരവധി പ്രമുഖർ വള്ളുവനാട്ടുകാരായിരുന്നു.

എ ഡി 1200 കാലഘട്ടത്തിലാണ് നെടിയിരുപ്പുസ്വരൂപത്തിലെ രാജാവായ സാമൂതിരി പൊന്നാനിയും കോഴിക്കോടും കേന്ദ്രമാക്കി സാമൂതിരിരാജവംശം സ്ഥാപിക്കുന്നത്. 1485 ൽ സാമൂതിരി വള്ളുവക്കോനാതിരിയിൽനിന്നും ചതിയിലൂടെ മാമാങ്കത്തിൽ നിലപാടുനില്ക്കാനുള്ള അധികാരം പിടിച്ചെടുത്തു. എതിർത്തപ്പോൾ വള്ളുവനാട് പിടിച്ചെടുക്കുകയും കോനാതിരിയെ നാടുകടത്തുകയും ചെയ്തു. 1485ലെ മാമാങ്കംമുതലാണ് സാമൂതിരി ഈ മഹോത്സവം കൈയാളുന്നത്. അന്നുമുതലാണ് വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിൽ പലതിലും സാമൂതിരി ആധിപത്യം സ്ഥാപിക്കുകയും വരുമാനം സാമൂതിരിവംശത്തിലേക്കു കടത്തുകയും ചെയ്തുവന്നിരുന്നത്. അങ്ങനെയാണ് വള്ളുവനാട്ടുകാരുടെ പ്രതിനിധികളായ രാജ്യസ്നേഹംതുളുമ്പുന്ന ചാവേറുകളുടെ ഉദ്ഭവം. അവർ മാമാങ്കത്തിൽ വീരചരമം പ്രാപിച്ചുവരുകയും ചെയ്തു. 1755 ലാണ് അവസാനത്തെ മാമാങ്കം അരങ്ങേറിയത്. 1756 ൽ മൈസൂരിലെ ഭരണാധികാരിയായ ഹൈദ്രാലി കേരളം ആക്രമിച്ചതോടുകൂടെ മാമാങ്കവും അവസാനിച്ചു.

സാമൂതിരി കീഴടക്കിയ ഭൂപ്രദേശങ്ങളിലെ ഒരു ഗ്രാമത്തിലാണ് ( പരുതൂർ ) ഞാൻ ജനിച്ചുവളർന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം എന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട്. ചേരന്മാരുടെ കാലത്ത് നിർമ്മിതമായ ഈ ക്ഷേത്രം പില്ക്കാലത്ത് സാമൂതിരി പിടിച്ചടക്കുകയും അധികാരം സ്ഥാപിക്കുകയും സമ്പത്ത് കൈക്കലാക്കുകയും ചെയ്തുവന്നു. സാമൂതിരിയാണ് ഇന്നും ക്ഷേത്രം ഭരിക്കുന്നത്. ഇപ്പോളും സാമൂതിരി രാജ വക എന്ന് ക്ഷേത്രത്തിൽ പലയിടത്തും പേരെഴുതിവച്ചിരിക്കുന്നതു കാണുമ്പോൾ മനസ്സിൽ ഒരു ചാവേർ മാമാങ്കത്തിനായി കൊതിക്കുന്നതുപോലെ തോന്നിപ്പോവുന്നു.

സമ്പാദനവും സാക്ഷാത്കാരവും – സന്ദീപ് വേരേങ്കിൽ

Advertisements