വൈറലായ “വഴുതന”യിലെ ആശയപ്പാപ്പരത്തവും പൊരുത്തക്കേടുകളും

2370

Sandeep Verengil

വൈറലായ “വഴുതന”യിലെ ആശയപ്പാപ്പരത്തവും പൊരുത്തക്കേടുകളും

ഒന്ന്. വഴുതനയിലെ വീട്ടമ്മയ്ക്കു കടുത്ത ദാരിദ്ര്യമാണെന്നാണ് അടുക്കളപ്പാത്രങ്ങളും വെള്ളം കോരാൻ ഉപയോഗിക്കുന്ന പാളയും കയറും പഴയ അലുമിനിയബക്കറ്റുമൊക്കെ പ്രേക്ഷകരോടു വിളിച്ചോതുന്നത്. അതേസമയം, ചെമന്ന പ്ലാസ്റ്റിക് കപ്പ് ആകട്ടേ പുതുപുത്തനും! ഒരു പഴയ കപ്പ് സംവിധായകനു കിട്ടിയില്ലായിരിക്കും. അതോ ഇനി “കപ്പി”നു പ്രതീക്ഷയ്ക്കു വകയില്ലാത്തതിനാൽ ആദ്യമേതന്നെ പുതിയതൊരെണ്ണം സംഘടിപ്പിച്ചതാവുമോ എന്തോ ?

രണ്ട്. പേസ്റ്റ് ഉപയോഗിച്ചാണ് ഇവർ പല്ലു തേക്കാറുണ്ടായിരുന്നത് എന്ന് പേസ്റ്റ് ഞെക്കുന്നതിലൂടെ മനസ്സിലാക്കാം. പേസ്റ്റ് ഉപയോഗിക്കുന്നവർ ഉമിക്കരി സാധാരണഗതിയിൽ വീട്ടിൽ സൂക്ഷിക്കാറില്ല. പേസ്റ്റ് ഉപയോഗിക്കുന്ന ഈ വീട്ടമ്മ നാക്കു വടിക്കുന്ന ദൃശ്യം വീഡിയോയിൽ കാണിച്ചതുമില്ല. പേസ്റ്റും ഉമിക്കരിയും വീട്ടിൽ സൂക്ഷിക്കുന്നതിനാൽ താല്ക്കാലികമായ ഒരു ദാരിദ്ര്യം അനുഭവിക്കുന്നവളായിമാത്രമേ കാണാൻ കഴിയൂ. മോഷ്ടിക്കത്തക്കതായ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്ന ഒരുവളായിക്കാണാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

മൂന്ന്. വഴുതനങ്ങ കറി വയ്ക്കാൻ ആവശ്യമായ മറ്റു ചേരുവകൾ വീട്ടിൽ ഉണ്ടെന്നനുമാനിക്കാം. അപ്പോൾ എല്ലാം തീർന്നുപോയിട്ടില്ല. താല്ക്കാലികമായ പ്രതിസന്ധിയാണ് വന്നതെന്ന് നമുക്ക് അനുമാനിക്കത്തക്കതായി ഒട്ടേറെ മറ്റു തെളിവുകളും വീഡിയോയിൽ ഉണ്ട്. ദിവസങ്ങൾ പട്ടിണി കിടന്നതിന്നുശേഷം അരി മോഷ്ടിച്ചതിന്റെ പേരിൽ തല്ലിക്കൊന്ന ആദിവാസിയുവാവിന്റെ മുഖം നമ്മൾ അത്ര പെട്ടെന്നൊന്നും മറന്നു പോവില്ല. എന്നാൽ കവിളൊട്ടിയ ഒരു ആദിവാസിപ്പെൺകൊടിയെയല്ല ഇവിടെ നമ്മൾ കാണുന്നത്. തികച്ചും പരിഷ്കൃതയായ വീട്ടമ്മയെയാണ്.

നാല്. കുട്ടിക്ക് ചോറ് കൊടുത്തയയ്ക്കുന്നുണ്ട്. അപ്പോൾ അരി ഉണ്ടായിരുന്നു. കറിക്കുമാത്രമാണ് പഞ്ഞമുണ്ടായിരുന്നത്. കറിക്കു പഞ്ഞമുള്ളവർ കഞ്ഞിയല്ലേ സാധാരണ കുടിക്കാറുള്ളത് എന്നു ചോദിക്കുന്നില്ല. ഇപ്പോളത്തെ കുട്ടികളല്ലേ ? അവർക്ക് കറിയില്ലാതെ ചോറിറങ്ങില്ലല്ലോ. ഒരു രൂപയ്ക്ക് റേഷൻകടയിൽ അരി ലഭിക്കുന്ന ഇക്കാലത്ത് “ഒരു മണി അരിയില്ലാത്ത വീട്” സ്വപ്നത്തിൽപ്പോലും കാണാൻ കഴിയുകയില്ല എന്നത് മറ്റൊരു കാര്യം.

അഞ്ച്. കുട്ടിക്ക് ഐഡന്റിറ്റി കാർഡും യൂനിഫോമും ബാഗും ഒക്കെ കാണുന്നുണ്ട്. പുതിയ തലമുറതന്നെ. സ്കൂളിലേക്ക് നടന്നു പോകുന്നു. കുട്ടി പഠിക്കുന്നത് ഉച്ചഭക്ഷണം ഇല്ലാത്ത സ്കൂളിലാണ്. അതുകൊണ്ടാണല്ലോ ചോറ് കൊടുത്തയയ്ക്കേണ്ടിവരുന്നത്. സർക്കാർ സ്കൂളിലേക്കു പോകാതെ ഏതോ സി ബി എസ് സി സ്കൂളിലാണു കുട്ടി പഠിക്കുന്നതെന്നു വ്യക്തം. അതു കൊണ്ടാണല്ലോ അമ്മ രാവിലെ വിളിക്കുമ്പോൾ കള്ളത്തരം പറഞ്ഞ് സ്കൂളിലേക്കിന്നില്ല എന്നു കുട്ടി പറയുന്നത്. ഹി ഹി. ഉമിക്കരി സൂക്ഷിക്കുന്ന വീട്ടിലെ എത്ര കുട്ടികൾ സി ബി എസ് സി സ്കൂളിൽ പഠിക്കുന്നുണ്ട് ? സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഉച്ചഭക്ഷണം നൽകുന്നുണ്ടല്ലോ. കോഴിയെ വളർത്തി ജീവിക്കുന്ന അത്യന്തം പാവപ്പെട്ടവരായ ഇവർ തന്റെ കുട്ടിയെ എന്തുകൊണ്ട് സർക്കാർ സ്കൂളിലേക്കു വിടുന്നില്ല ? കൊടിയ ദാരിദ്ര്യം ഇല്ലതന്നെ.

ആറ്. കറി വയ്ക്കാൻ വഴുതനങ്ങ മോഷ്ടിക്കുന്ന വീട്ടമ്മ കുറഞ്ഞപക്ഷം നാലു കോഴികളെയെങ്കിലും വളർത്തുന്നതായിക്കാണാം. കോഴികളിലൊന്നിനെ വിറ്റാൽത്തന്നെ രണ്ടംഗകുടുംബത്തിന്ന് ഒരാഴ്ച കറിവയ്ക്കാനുള്ള പച്ചക്കറി ലഭിക്കും എന്നാർക്കാണറിയാത്തത്. ഒരു മണി അരിയില്ല എന്ന് പറയുന്ന വീട്ടമ്മ കോഴിയുടെ കണക്കു മറന്നുപോയോ ? വഴുതനങ്ങ മോഷ്ടിക്കാൻമാത്രം ദാരിദ്ര്യം ഈ കുടുംബത്തിനില്ല എന്ന് ഇതിൽനിന്നെല്ലാം വ്യക്തം. അല്ലെങ്കിൽത്തന്നെ തന്റെ അയൽവാസിയുടെ വഴുതനങ്ങ മോഷ്ടിക്കുന്ന കഥയിൽ തെറ്റായ സന്ദേശമില്ലേ ? അയൽവാസിയോട് ഒരു വാക്കു ചോദിക്കാമായിരുന്നില്ലേ എന്നു ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റില്ലല്ലോ.

ഏഴ്. വീട്ടമ്മയെ ദാരിദ്ര്യംകൊണ്ടുമോഷ്ടിക്കുന്ന ആളുകളുമായി ‘ താരതമ്യപ്പെടുത്താൻ ഒരിക്കലുമാവില്ല. അവരുടെയും അവരുടെ ഭർത്താവിന്റെയും ശബ്ദത്തിൽ തികഞ്ഞ സംസ്കാരസമ്പന്നതയും വിദ്യാഭ്യാസയോഗ്യതയും നിഴലിക്കുന്നുണ്ട്. കേവലം ഒരു ജോലിയില്ലായ്മ അയൽവാസിയുടെ വഴുതനങ്ങ മോഷ്ടിച്ചതിൽ എത്തിച്ചേരുന്ന കഥയെ ന്യായീകരിക്കാനുമാവില്ല. ആശയപ്പാപ്പരത്തമെന്നല്ലാതെ എന്തു പറയാൻ!

ഏഴ്. പട്ടണത്തിലേക്കു ചേക്കേറണമെന്ന മോഹമുള്ള ഭർത്താവിനോടു പിന്തുണ പ്രഖ്യാപിക്കുന്ന ഭാര്യ ബബ്ബബ്ബ എന്നു വിളിച്ചാണ് കോഴിയെ രാവിലെ ഇറക്കിവിടുന്നത്. കോഴികളെ രാവിലെ വിടുമ്പോൾ സ്വാതന്ത്ര്യം ലഭിക്കുന്ന സന്തോഷത്തോടെ വിശപ്പടക്കാനുള്ള വെമ്പലിൽ ഒറ്റ ഓട്ടമായിരിക്കും. അതിരാവിലെ കോഴിക്കാരി ബബ്ബബ്ബ അടിക്കുന്നത് ആദ്യമായിട്ടാണു കാണുന്നത്. പട്ടണത്തിലെ സ്കൂളിൽ ചേർക്കണമെന്നും പറയുന്നുണ്ട്. ഇപ്പോൾത്തന്നെ സി ബി എസ് സി ആണ്. ഇനി ഇൻറർനാഷണൽ സ്കൂളിൽ ചേർക്കണമെന്നായിരിക്കും ഉദ്ദേശിക്കുന്നത്.

എട്ട്. വഴുതനങ്ങ മോഷ്ടിച്ച കാര്യം വളരെ നിസ്സാരമായാണു വീട്ടമ്മ ഭർത്താവിനോടു പറയുന്നത്. ഇതറിയുന്ന ഭർത്താവും അതേ ഭാവത്തിലാണ് പ്രതികരിക്കുന്നത്. ദാരിദ്ര്യത്തിൽനിന്നു പിറവികൊള്ളുന്ന ഈ കഥയിൽ വിങ്ങലിന്റെയും തേങ്ങലിന്റെയും പശ്ചാത്തലസംഗീതമാണ് ഒരുക്കിയിരിക്കുന്നതപ്പോൾ. ഒരു തമാശരൂപത്തിൽ മോഷണത്തെ കാണുന്ന ഇരുവർക്കുംയോജിച്ചരീതിയിലല്ല സംഗീതം ഈണമിടുന്നത്

ഒമ്പത്. ആരാന്റെ വഴുതനങ്ങ ആരും കാണാതെ കഷ്ടപ്പെട്ടു പിച്ചിയെടുത്ത് “എല്ലാവരും കാണത്തക്കരീതിയിൽ ” ഒളിപ്പിച്ചുവച്ചു കഴുകിയെടുത്തതിന്നുശേഷം വഴുതനങ്ങ എടുത്തു വീശിയാണ് വീട്ടമ്മ അകത്തേക്കു കയറിപ്പോവുന്നത്. തികച്ചും വിരോധാഭാസമായിപ്പോയില്ലേ എന്നു ചോദിച്ചാൽ ഇങ്ങോട്ടു തുപ്പരുത്, തുപ്പിയാലും ഇത് വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ കുന്ത്രാണ്ടത്തിലേക്കുതന്നെയാണതു വീഴുക എന്നോർമ്മിപ്പിച്ചുകൊണ്ട് പത്താമത്തെ പൊരുത്തക്കേടെന്താണെന്നു വിശദീകരിക്കാൻ ത്രാണിയില്ലാത്തതിനാൽ അതെന്താണെന്നു ചിന്തിക്കാൻ വായനക്കാരോടഭ്യർത്ഥിച്ച് ഞാനീ മാഹാത്മ്യം ഉപസംഹരിക്കുന്നു.

സന്ദീപ് വേരേങ്കിൽ