സുരേഷ്-കമല ദമ്പതിമാർ; ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തണമെന്നതിൻ്റെ മാതൃക

504

Sandeep Das എഴുതുന്നു 

സുരേഷ്-കമല ദമ്പതിമാർ; ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തണമെന്നതിൻ്റെ മാതൃക

വയനാട്ടിലെ ഇടിയംവയൽ എന്ന ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്.കൂലിപ്പണിക്കാരായ സുരേഷിൻ്റെയും കമലയുടെയും ഭവനമാണത്.സിവിൽ സർവ്വീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ശ്രീധന്യ ആ വീട്ടിലാണ് ജനിച്ചത്.സുരേഷ്-കമല ദമ്പതിമാർ ഒരു വലിയ മാതൃകയാണ്.ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തണം എന്നതിൻ്റെ മാതൃക !

നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾ മിക്കപ്പോഴും പഠനം പാതിവഴിയിൽ നിർത്താറുണ്ട്.അല്ലെങ്കിൽ നിർത്തേണ്ടിവരാറുണ്ട്.വിശേഷിച്ചും പെൺകുട്ടികൾ.ഭാവിയിൽ കെട്ടിച്ചുവിടേണ്ട പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചിട്ട് പ്രയോജനമില്ല എന്ന ചിന്ത സമ്പന്നൻ്റെ തലയിൽ വരെ ഉദിക്കുമ്പോൾ പാവപ്പെട്ടവൻ്റെ കാര്യം പറയേണ്ടതില്ലല്ലോ !

Sandeep Das
Sandeep Das

എന്നാൽ സുരേഷും കമലയും മകളെ പരമാവധി പഠിപ്പിച്ചു.അടച്ചുറപ്പുള്ള ഒരു വീട് പോലും അവർക്കില്ല.ഒട്ടേറെ കഷ്ടപ്പാടുകളുടെ നടുവിൽ നിൽക്കുമ്പോഴും മകളുടെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും അവർ ചെയ്തില്ല ! പഠിപ്പുനിർത്തി ജോലിചെയ്യാൻ നിർബന്ധിച്ചില്ല !

പഠനം പൂർത്തിയാക്കിയതിനുശേഷം ശ്രീധന്യ ചിലയിടങ്ങളിൽ ജോലി ചെയ്തിരുന്നു.അതെല്ലാം ഉപേക്ഷിച്ചാണ് സിവിൽ സർവ്വീസിനു പുറകെ പോയത്.സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മാതാപിതാക്കൾക്ക് മണ്ടത്തരമായി തോന്നിയേക്കാവുന്ന ഒരു നീക്കം.പക്ഷേ കമലയും സുരേഷും മകളുടെ സ്വപ്നത്തിന് സർവ്വ പിന്തുണയും നൽകി !

സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയക്കൊടി പാറിക്കുമ്പോൾ ശ്രീധന്യയ്ക്ക് 26 വയസ്സായിരുന്നു പ്രായം.നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് ‘കെട്ടുപ്രായം കഴിഞ്ഞ’ പെൺകുട്ടി.18 വയസ്സു തികയുമ്പോഴേക്കും മകളുടെ കല്യാണം നടത്തി ‘ഭാരം ഒഴിവാക്കാൻ’ ശ്രമിക്കുന്ന മാതാപിതാക്കളെ അനുകരിക്കാൻ ശ്രീധന്യയുടെ അച്ഛനമ്മമാർ തയ്യാറല്ലായിരുന്നു !

പൊതുവെ പെൺകുട്ടികളുടെ കാര്യത്തിൽ പല അച്ഛനമ്മമാരും ഇങ്ങനെയൊന്നുമല്ല പ്രവർത്തിക്കുന്നത്.ഒരു പെൺകുട്ടി കാലത്ത് എഴുന്നേൽക്കാൻ അല്പം വൈകിയാൽ ഉടനെ ചോദ്യം വരും-”ഭർത്താവിൻ്റെ വീട്ടിൽ നീ ഇത് ചെയ്യുമോ!?”

മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് എന്ന പ്രസ്താവന നിരന്തരം കേട്ടുകൊണ്ടാണ് ഒാരോ പെണ്ണും വളർന്നുവരുന്നത്.അവളുടെ ജീവിതത്തിലെ ആദ്യ രണ്ടു ദശകങ്ങൾ വിവാഹം എന്ന മാമാങ്കത്തിലേക്കുള്ള തയ്യാറെടുപ്പാണ്.

ജനിച്ചുവളർന്ന വീട് ഉപേക്ഷിച്ച് മറ്റൊരു വീട്ടിൽ ജീവിക്കുക എന്ന് പറഞ്ഞാൽ കരൾ പിളരുന്ന വേദനയാണ്.ശമ്പളമില്ലാത്ത ജോലിക്കാരിയെപ്പോലെയാണ് പല പെൺകുട്ടികളും ഭർത്താവിൻ്റെ വീട്ടിൽ ജീവിക്കുന്നത്.എന്നിട്ടും സ്ത്രീധനവും സ്വർണ്ണവും വരന് നൽകണം !

വിവാഹം കഴിഞ്ഞ് എത്ര വർഷങ്ങൾ കടന്നുപോയാലും ഭാര്യവീട്ടിൽ നിന്ന് എന്തെങ്കിലും കിട്ടാനുള്ള വകുപ്പുണ്ടെങ്കിൽ പല ഭർത്താക്കൻമാരും അത് നിഷേധിക്കാറില്ല.

പെൺകുട്ടിയ്ക്ക് വിവാഹശേഷവും പഠിക്കാം എന്ന ഉറപ്പോടെയാണ് പല വിവാഹങ്ങളും നടക്കുന്നത്.പക്ഷേ അത് എല്ലായ്പ്പോഴും പാലിക്കപ്പെടാറില്ല.വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു പെണ്ണിന് ആരെയും ഭയക്കേണ്ടതില്ല.

ശ്രീധന്യയുടെ കാര്യം നോക്കുക.ഭാവിയിൽ വിവാഹം കഴിക്കുകയാണെങ്കിൽ വരനെ സ്വന്തമായി തെരഞ്ഞെടുക്കാനുള്ള കരുത്ത് ഇപ്പോൾ അവർക്കുണ്ട്.അതിന് അവരെ പ്രാപ്തയാക്കിയത് വിദ്യാഭ്യാസമാണ്.അത് നൽകിയത് മാതാപിതാക്കളും.ഇങ്ങ­നെയാണ് പുരുഷാധിപത്യത്തെ തകർക്കേണ്ടത്.

സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള ഒരു പെണ്ണിന് ഭർതൃവീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യേണ്ടിവരില്ല.

ജാതിയും മതവും അല്ല ; വിദ്യാഭ്യാസവും ശാസ്ത്രവും ആണ് പ്രധാനമെന്ന് ശ്രീധന്യയുടെ അച്ഛൻ പറയുന്നു.ദുർമന്ത്രവാദത്തിൽ വിശ്വസിക്കുന്ന കോളേജ് അദ്ധ്യാപകർ ഉള്ള നാടാണ് ഇത് എന്നോർക്കുക !

സുമേഷിനും കമലയ്ക്കും ഒൗപചാരിക വിദ്യാഭ്യാസം കുറവായിരിക്കാം.അവർക്ക് വൈറ്റ് കോളർ ജോലിയും ഇല്ലായിരിക്കാം.പക്ഷേ ഈ ദമ്പതിമാർ ഒരു സർവ്വകലാശാലയാണ്.പേരിനൊപ്പം അനവധി ബിരുദങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ഒരുപാട് രക്ഷിതാക്കൾക്ക് അത്ഭുതത്തോടെ മാത്രം വീക്ഷിക്കാൻ സാധിക്കുന്ന ഉന്നത നിലവാരമുള്ള സർവ്വകലാശാല….!

Written by-Sandeep Das

Advertisements