സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം ‘ എന്ന സിനിമയ്ക്കുള്ളിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് രണ്ട് പാർട്ടികളിൽ ഉള്ള ശ്രീനിവാസനും, ജയറാമും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. സിനിമയിൽ പറയുന്ന ആ കാര്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതാണോ?⭐
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉1991 ഒക്ടോബർ 30-നാണ് സന്ദേശം റിലീസാവുന്നത്. സിനിമ ഇറങ്ങിയിട്ട് ഏകദേശം 30 വർഷം പിന്നിടുന്നു.ആ കാലത്തെ രാഷ്ട്രീയത്തിലേക്കും അതിലെ സംഭാഷണങ്ങൾക്കു പിന്നിലുള്ള സാഹചര്യങ്ങളിലേക്കും ഒന്നു തിരിഞ്ഞു നോക്കുന്നത് കൗതുകകരമായിരിക്കും. ആ സിനിമയിലെ ഏതാനും സന്ദർഭങ്ങൾ നോക്കാം
⚡പോളണ്ടെന്നു കേൾക്കുമ്പോഴേക്കും പ്രഭാകരൻ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്. പോളണ്ടിനെ കുറിച്ച് പറഞ്ഞാൽ പ്രഭാകരനു മാത്രമല്ല, വിപ്ലവ പാർട്ടിക്കാർക്കെല്ലാം ദേഷ്യം വരും . അതിനു കാരണമറിയണമെങ്കിൽ ശ്രീനിവാസൻ ‘സന്ദേശം’ എഴുതിയ കാലത്തെ രാഷ്ട്രീയകാലാവസ്ഥ കൂടി അറിയണം. ഇന്ത്യയിൽ ഒരു പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ സമയമാണ് (1991). ലോകരാഷ്ട്രീയവും നിർണായകമായ ഒരു ദശാസന്ധിയിലെത്തി നിൽക്കുന്നു. ഇക്കാലത്താണ് ‘സന്ദേശം’ വരുന്നത്. സോവിയറ്റ് യൂണിയൻ തകരുകയും , സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഓരോന്നായി കമ്യൂണിസത്തിന്റെ തുടലു പൊട്ടിച്ച് പുറത്തുകടക്കുകയും ചെയ്തത് 1989-91 കാലത്തായിരുന്നു.
കമ്യൂണിസ്റ്റ് പക്ഷത്തായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഭരണകൂടങ്ങൾ അമേരിക്കൻ പിന്തുണയോടെ അട്ടിമറിക്കപ്പെട്ടതും ഇക്കാലത്തു തന്നെ.ഇന്ത്യയിൽ, 1991 മെയ്- ജൂൺ മാസങ്ങളിലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കോൺഗ്രസ് ഗവൺമെന്റ് ഉദാരവത്കരണ- സാമ്പത്തിക നയങ്ങൾക്ക് തുടക്കമിട്ടു. കേരളത്തിലും ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇവിടെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാണുണ്ടായത്. ഈ സർക്കാർ വന്ന് ഏതാനും മാസങ്ങൾക്കകമാണ് ‘സന്ദേശം’ പുറത്തുവരുന്നത്. അങ്ങനെയാണ് വിപ്ലവപാർട്ടിക്കാരനായ (ആർ.ഡി.പി) പ്രഭാകരൻ പ്രതിപക്ഷത്തും , അഹിംസാ പാർട്ടിക്കാരുടെ (ഐ.എൻ.എസ്.പി) പ്രതിനിധിയായ പ്രകാശൻ ഭരണപക്ഷത്തുമായത്. പ്രഭാകരൻ കമ്യൂണിസ്സുകാരുടെയും , പ്രകാശൻ കോൺഗ്രസ്സിന്റെയും ആളാണെന്ന് ആദ്യസീനിൽ തന്നെ വ്യക്തം.
പോളണ്ടിൽ എന്തു സംഭവിച്ചു എന്ന പ്രഭാകരന്റെ ചോദ്യത്തിന് ”സോളിഡാരിറ്റിയും ലെ വലേസയും (Lech Walesa) കൂടി കുതിച്ചുകയറി അടിയറവു പറയിപ്പിച്ചില്ലേ” എന്നാണ് പ്രകാശൻ ആവേശത്തോടെ തിരിച്ചു ചോദിക്കുന്നത്. തൊഴിലാളിവർഗത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തെ തൊഴിലാളികൾ തന്നെ സംഘടിച്ച് അധികാരത്തിൽനിന്ന് പുറത്താക്കുകയായിരുന്നു പോളണ്ടിൽ. അതാണ് അക്കാര്യം പറയാൻ പ്രകാശന് ഇത്ര ആവേശം.സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന കാലത്ത്, പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മാത്രമായിരുന്നു ഔദ്യോഗിക അംഗീകാരം.
തൊഴിലാളികൾ സമരരംഗത്തിറങ്ങിയപ്പോൾ സമരം ചെയ്യാനുള്ള അവകാശവും കമ്മ്യൂണിസ്റ്റ് സർക്കാർ റദ്ദാക്കി. 1980 സെപ്റ്റംബറിൽ ഗദാൻസ് ഷിപ്യാർഡിൽ സ്വതന്ത്രതൊഴിലാളി യൂണിയനുകൾ ചേർന്ന് സോളിഡാരിറ്റി എന്ന കോൺഫെഡറേഷൻ രൂപീകരിച്ചു. ലെ വെലേസ എന്ന തൊഴിലാളിയുടെ നേതൃത്വത്തിൽ കപ്പൽശാലയിൽ ഉപരോധ സമരം നടന്നു. അത് മറ്റു പലയിടത്തേക്കും വ്യാപിച്ചു. പൊതുപണിമുടക്കുകൾ നടന്നു. അതോടെ സർക്കാർ ലെക് വലേസയെ പിടിച്ച് തടവിലാക്കി. 1983-ൽ വലേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടി. പക്ഷെ നേരിട്ടു പോയി വാങ്ങാൻ കഴിഞ്ഞില്ല. പകരം ഭാര്യയെ അയച്ചു.സമ്മാനത്തുക സോളിഡാരിറ്റിയുടെ ബ്രസൽസിലുള്ള താൽക്കാലിക ആസ്ഥാനത്തിനു സംഭാവനയായും നൽകി.
വീട്ടുതടങ്കലിനു തുല്യമായി 1987 വരെ കഴിച്ചുകൂട്ടിയ ലെ വലേസ 1988-ൽ വീണ്ടും സമരത്തിനിറങ്ങി. 1989-ൽ തൊഴിലാളികളുമായി സർക്കാർ ചർച്ചക്കു തയ്യാറായി. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ സമ്മതിച്ചു. സോവിയറ്റ് യൂണിയന്റെ ഇംഗിതത്തിനപ്പുറം ഒന്നും നടക്കാത്ത പോളണ്ടിൽ നിന്നുള്ള ഈ വാർത്ത കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്വാതന്ത്യവാദികൾക്ക് ഉത്തേജനം പകർന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്കാണ് അത് ചെന്നെത്തിയത്.
⚡”നിക്കാരാഗ്വായിലെ ഒർട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക അവിടെ ഒരു പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു, ജർമനിയെ നിങ്ങൾ തകർത്തു. ഹംഗറിയിലും , റുമാനിയായിലും സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. പക്ഷെ വിയറ്റ്നാമിലെയും , വടക്കൻ കൊറിയയിലെയും ചെറുത്തു നിൽക്കുന്ന പതിനായിരക്കണക്കിന് പേർ ഞങ്ങളുടെ പ്രതീക്ഷയാണെന്ന് നീ മനസ്സിലാക്കിക്കോ”. സാമ്രാജ്യത്വ പക്ഷപാതിയായ പ്രകാശനോടുള്ള പ്രഭാകരന്റെ ചോദ്യങ്ങൾ ഇതൊക്കെയായിരുന്നു. മധ്യ അമേരിക്കൻ രാഷ്ട്രമാണ് നിക്കാരഗ്വ. ദരിദ്രകർഷകർ ഏറെയുള്ള നാട്.
കമ്യൂണിസത്തെ തുരത്താൻ യു.എസ്. നടത്തിയ ഇടപെടലിനിരയായ രാഷ്ട്രങ്ങളിലൊന്നാണിത്. അവിടെ ഡാനിയൽ ഓർട്ടേഗയുടെ നേതൃത്വത്തിലുണ്ടായിരുന്നു സർക്കാരിനെ അമേരിക്ക കലാപത്തിലൂടെ അട്ടിമറിച്ച കാര്യമാണ് പ്രഭാകരൻ പറഞ്ഞത്. കമ്യൂണിസ്റ്റുകൾക്കെതിരെ കോൺട്രകൾ എന്ന പ്രതിവിപ്ലവസേനയക്ക് സി.ഐ.എ. രൂപം നൽകി. ഒടുവിൽ ഒർട്ടേഗയുടെ നേതൃത്വത്തിലുണ്ടായിരുന്ന, സാന്തനിസ്ത പാർട്ടിക്കാരുടെ സർക്കാരിനെ അമേരിക്ക അട്ടിമറിക്കുക തന്നെ ചെയ്തു.1990-ൽ ബഹുകക്ഷി തിരഞ്ഞെടുപ്പിലൂടെ സാന്തനിസ്തകൾ പുറത്തുപോയി. അടുത്ത തിരഞ്ഞെടുപ്പിലും ഒർട്ടേഗ തോറ്റു. പക്ഷെ, 2006-ൽ സാന്തിനിസ്ത പാർട്ടി തിരിച്ചെത്തുകയും ഒർട്ടേഗ വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. 2016-ൽ വീണ്ടും ജയിച്ചു. ഈ വരവിൽ ഭാര്യയെ വൈസ് പ്രസിഡന്റുമാക്കി.
⚡ജർമനിയെ തകർത്തില്ലേ എന്നായിരുന്നു പ്രഭാകരന്റെ ഒരു ചോദ്യം. കിഴക്കൻ ജർമനിയെ പടിഞ്ഞാറൻ ജർമനിയോട് ചേർത്തതായിരുന്നു ഉദ്ദേശിച്ചതെന്ന് വ്യക്തം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനി രണ്ടായി പരിഞ്ഞു കിടക്കുകയായിരുന്നു. പടിഞ്ഞാറൻ ജർമനിയിൽ ജനാധിപത്യമാണ് നിലനിന്നത്. കിഴക്കൻ ജർമനിയാവട്ടെ സോവിയറ്റ് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുമായിരുന്നു.
ജനാധിപത്യ അവകാശങ്ങൾ ആഗ്രഹിച്ചവർ കിഴക്കൻ ജർമനിയിൽനിന്ന് പടിഞ്ഞാറൻ ജർമനിയിലേക്ക് രക്ഷപ്പെടാൻ തുടങ്ങി. സമ്പദ് സമൃദ്ധിയിലും ഏറെ മുന്നിലായിരുന്ന അവിടേക്ക് തൊഴിലിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും വേണ്ടി ചെറുപ്പക്കാരും പോകാൻ തുടങ്ങി.1961-ൽ ബർലിനിൽ വലിയൊരു മതിലു കെട്ടി കിഴക്കൻ ജർമനി ഈ പ്രവാഹം തടഞ്ഞു. 150-ലധികം കിലോ മീറ്റർ നീളത്തിലായിരുന്നു മതിൽ. മുമ്പ് ഒറ്റ രാജ്യമായി കഴിഞ്ഞ ജനതയാണവർ. മതിലു കെട്ടി തിരിച്ചതോടെ പരസ്പരം കാണാൻ പോലും അവർക്ക് കഴിഞ്ഞില്ല. അങ്ങനെ അപ്പുറവും , ഇപ്പുറവുമായിപ്പോയ ബന്ധുക്കളെ കുറിച്ചുള്ള വ്യസനകഥകളൊക്കെ അക്കാലത്ത് പുറത്തുവരികയുണ്ടായി.
വലിയ സുരക്ഷയായിരുന്നു മതിലിന്. നൂറോളം നിരീക്ഷണ ടവറുകൾ സ്ഥാപിച്ചിരുന്നു. എന്നിട്ടും സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ആളുകൾ മതിലെടുത്തു ചാടി പടിഞ്ഞാറൻ ജർമനിയിലേക്ക് രക്ഷപ്പെട്ടു. കണ്ണിൽ പെട്ടവരെയൊക്കെ ഭടന്മാർ പിന്നിൽ നിന്ന് വെടിവെച്ച് വീഴുത്തുകയും ചെയ്തു.സോവിയറ്റ് യൂണിയൻ തന്നെ തകരുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ, ജർമനിയിലും സ്വാതന്ത്ര്യത്തിനു വേണ്ടി ജനം തെരുവിലിറങ്ങി. 1989-നവംബറിൽ ജനങ്ങൾ മതിൽ പൊളിക്കുക തന്നെ ചെയ്തു. അതിന്റെ തുടർച്ചയായി ഇരു ജർമനികളും ഒന്നായി. ഇപ്പോഴും മതിലിന്റെ ഇത്തിരി ഭാഗം അവിടെ നിലനിർത്തിയിട്ടുണ്ട്. വിഭജനത്തിന്റെ സ്മരണയ്ക്കായി. ഇപ്പോഴും എല്ലാ വർഷവും അവർ അവിടെ ഒത്തുകൂടി ഓർമ്മപ്പൂക്കളർപ്പിക്കാറുണ്ട്.
⚡പ്രഭാകരന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പ്രകാശൻ തുടങ്ങിയത് ഹംഗറിയിൽ നിന്നാണ്. ”മൂരാച്ചിയെന്ന് മുദ്രകുത്തി പത്തു നാൽപ്പത്കൊല്ലം ശവപ്പെട്ടിയിൽ കിടത്തിയ നേതാവിനെ ജനം പുറത്തെടുത്ത് കൊണ്ടു പോയി ആദരിച്ചില്ലേ” എന്നായിരുന്നു അയാളുടെ ചോദ്യം. ആരായിരുന്നു ആ മൂരാച്ചി എന്ന് നോക്കാം.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് നിയന്ത്രണത്തിലായ ഹംഗറിയിൽ ഇമ്രെ നാഗി (Imre Nagy) എന്നൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ വരുതിയിൽനിന്ന് പുറത്തുകടക്കാൻ അദ്ദേഹം ശ്രമിച്ചു.
രാജ്യത്ത് ജനാധിപത്യ അവകാശങ്ങൾ അനുവദിക്കാൻ തുടങ്ങിയ അദ്ദേഹം ആവിഷ്കാര സ്വാതന്ത്ര്യവും , മാധ്യമസ്വാതന്ത്രവുമൊക്കെ നടപ്പാക്കാൻ തുനിഞ്ഞു. ഇതിന്റെ പേരിൽ അദ്ദേഹത്തെ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടം 1955-ൽ പുറത്താക്കുകയും അദ്ദേഹത്തിന്റെ നയങ്ങളെ പിന്തിരിപ്പൻ എന്നു മുദ്രയടിക്കുകയും ചെയ്തു.
എന്നാൽ ജനങ്ങൾ വിപ്ലവം നടത്തുകയും നാഗിയെ തിരികെ അധികാരത്തിലേറ്റുകയും ചെയ്തു. ഹംഗറിയെ നിഷ്പക്ഷ രാഷ്ട്രമാക്കി നാഗി പ്രഖ്യാപിച്ചു. അധികം നീണ്ടു നിന്നില്ല അത്. സോവിയറ്റ് യൂണിയന്റെ ചെമ്പട കുതിച്ചെത്തി, ജനകീയ മുന്നറ്റം അടിച്ചമർത്തി. നാഗിയെ പിടികൂടി വധിച്ചു. പേരു കൊത്താത്ത കല്ലറയിലാണ് ശവം അടക്കിയത്. ജനങ്ങൾ കണ്ടെത്താതിരിക്കാനായിരുന്നു അത്. അടക്കിയ സ്ഥലവും വെളിപ്പെടുത്തിയില്ല. നാഗിയുടെ അനുസ്മരണങ്ങൾ നടത്തുന്നതിനെ വിലക്കുകയും ചെയ്തു.
പിന്നീട് 1980-കളുടെ ഒടുവിൽ സോവിയറ്റ് നിയന്ത്രണത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ആദ്യ രാഷ്ട്രമായി ഹംഗറി. 1989 ഒക്ടോബറിൽ ഹംഗറിയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്വയം പിരിഞ്ഞുപോവൽ പ്രഖ്യാപനവും നടത്തി. തുടർന്ന് ജനങ്ങൾ നാഗിയുടെ സംസ്കാരസ്ഥലം കണ്ടെത്തുകയും മൃതദേഹം പുറത്തെടുത്ത് ആദരവോടെ പുനഃസംസ്കാരം നടത്തുകയുമായിരുന്നു. ഇതാണ് പ്രകാശൻ പറഞ്ഞ സംഭവം.
ഇതു മാത്രമല്ല, കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട പല വാർത്തകളും നിറഞ്ഞുനിന്ന കാലത്താണ് ‘സന്ദേശം’ പുറത്തുവരുന്നത്. കാരണം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിലെല്ലാം കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ജനാധിപത്യ മുന്നേറ്റങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കകത്ത് പുറത്തറിയാതെ കിടന്ന പല സംഭവങ്ങളും ഇക്കാലത്ത് പുറം ലോകമറിഞ്ഞു.
⚡”കമ്യൂണിസ്റ്റുകൾ ജനാധിപത്യത്തിനും , പൗരാവകാശങ്ങൾക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്യത്തിനുമൊക്കെ വേണ്ടി വാദിക്കും, ഇതിനായി മുദ്രാവാക്യം മുഴക്കും, പക്ഷെ, തങ്ങളുടെ വ്യവസ്ഥിതി വരുന്നതോടെ ഈ ആവകാശങ്ങളെല്ലാം അവർ ഇല്ലാതാക്കും, പകരം സ്വന്തം പാർട്ടിയുടേതുമാത്രമായ സർവാധിപത്യം കൊണ്ടുവരും”- ഇങ്ങനെയൊരു വിമർശനം കമ്യണിസ്റ്റുകൾ എക്കാലവും നേരിടുന്നുണ്ട്. ആ വിമർശകർക്ക് ഉദാഹരിക്കാൻ പറ്റിയ ഒട്ടനവധി സംഭവങ്ങൾ
വാർത്തകളിലൂടെ പുറത്തുവന്ന കാലമായിരുന്നു അത്. അതിൽ നിന്നാവണം പ്രകാശൻ പോളണ്ടിനെയും , ഹംഗറിയെയും കുറിച്ചൊക്കെ ഉത്തരം പറയാൻ പഠിച്ചത്. എന്നാൽ ഇതെല്ലാം അമേരിക്കൻ പിന്തുണയുള്ള വലതുപക്ഷമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ നിലപാട്.ഏതായാലും പ്രക്ഷോഭങ്ങളുടെയെല്ലാം ഫലമായി, സോവിയറ്റ് രാഷ്ട്രങ്ങൾ ഒന്നൊന്നായി അക്കാലത്ത് (1989-1991) സ്വതന്ത്രമാവുകയും അവ ജനാധിപത്യ വഴിയിലേക്ക് നീങ്ങുകയും ചെയ്തു. ചെക്കോസ്ലാവാക്യയിൽ (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കും , സ്ലോവാക്യയും) വിദ്യാർഥികൾ നടത്തിയ സമരം അക്കൂട്ടത്തിൽ വേറിട്ട സമരരീതി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. വിദ്യാർഥികൾ ഒത്തുകൂടി, സമാധാനപരമായി നടത്തിയ ആ സമരം വെൽവെറ്റ് റവല്യൂഷൻ എന്നാണറിയപ്പെട്ടത്.
⚡പുതിയ കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ ബജറ്റ് റിപ്പോർട്ട് പത്രത്തിൽ വായിക്കുന്നത് പ്രഭാകരനും , പ്രകാശനും തമ്മിലുള്ള മറ്റൊരു വാക്പോരിന് തിരി കൊളുത്തുന്നു. ഉള്ളിക്കു വില കയറുന്നുവെന്ന വാർത്ത എടുത്തു കാണിക്കുകയാണ് പ്രഭാകരൻ. അയാളെ പ്രകാശൻ പ്രതിരോധിക്കുന്നത് തുണി തുന്നുന്ന സൂചിയ്ക്ക് വില കുറയുമെന്ന വാർത്ത ഉയർത്തിക്കാണിച്ചാണ്. രൂപയുടെ മൂല്യം കുറച്ചതുമൂലം ജനങ്ങൾ പൊറുതിമുട്ടിയെന്നും , ടൺ കണക്കിന് സ്വർണം വിദേശത്ത് പണയം വെച്ചുവെന്നുമൊക്കെ പുത്തൻ സാമ്പത്തിക നയത്തെ എതിർത്തുകൊണ്ട് പ്രഭാകരൻ പറയുന്നു. ആളുകളുടെ തലയെണ്ണി സർക്കാർ കടം വാങ്ങിയിരിക്കുകയാണെന്നും ഐ.എം.എഫുകാർ ഇപ്പോ നമ്മളെയൊക്കെ അറസ്റ്റ് ചെയ്യാൻ വരുമെന്നു കൂടി അയാൾ മുന്നറിയിപ്പ് നൽകുന്നു.
പക്ഷെ, രൂപയുടെ മൂല്യം കുറച്ചത് നല്ലതിനാണെന്നും അതുകൊണ്ട് ഇവിടെ ഡോളറുകൾ കുന്നുകൂടുമെന്നും , വ്യവസായ ശാലകൾ ഉയരുമെന്നും അങ്ങനെ അഞ്ചു വർഷം കൊണ്ട് നമ്മുടെ രാജ്യം ‘ഹരിത സ്വർഗഭൂമി’യാകും എന്നുമൊക്കെയാണ് പ്രകാശൻ തട്ടിവിടുന്നത്.അഞ്ചല്ല, ഇപ്പോൾ വർഷം പത്തുമുപ്പതു കഴിഞ്ഞു ആ നയം തുടങ്ങിയിട്ട്. സ്കൂട്ടറിന് ബുക്ക് ചെയ്താൽ വർഷങ്ങളോളം കാത്തിരിക്കേണ്ടിയിരുന്ന കാലമൊക്കെ ആ നയത്തിലൂടെ മാറിക്കിട്ടി. ഒന്നു ഫോൺ ചെയ്താൽ ഏതു വാഹനവും വീട്ടുമുറ്റത്ത് എത്തിച്ചു തരുന്ന അവസ്ഥയുണ്ടിപ്പോൾ. കമ്പനികളുടെ എണ്ണം പെരുകി. കംപ്യൂട്ടറും , വിവരസാങ്കേതികതയും വലിയ സാധ്യതകൾ തുറന്നു. ടെലിവിഷൻ എന്നത് ദൂരദർശനിലെ ചിത്രഗീതവും , വൈദ്യുതിതടസ്സവും മാത്രമായിരുന്ന കാലം മാറി.
ദൃശ്യമാധ്യമങ്ങൾ സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്തതോടെ നൂറു കണക്കിന് ചാനലുകൾ സ്വീകരണമുറിയിലെത്തി. അവയൊക്കെ ആയിരക്കണക്കിന് പേർക്ക് തൊഴിൽകൊടുക്കുന്നു. ഇങ്ങനെ ചില മേഖലകൾ തുറന്നുകൊടുത്തപ്പോൾ രാജ്യത്ത് പുതിയ തൊഴിലുകളും അവസരങ്ങളും വന്നുകയറി എന്നത് കാണാതിരുന്നുകൂടാ.രാജ്യം ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഉദാരവൽക്കരണ നയങ്ങൾ രാജ്യം തുടങ്ങിവെച്ചത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ അവിടെനിന്നും വിട്ടിരിക്കുന്നു.
ഉദാരവത്കരണം വല്ലാതെ ഉദാരമാക്കിയിരിക്കുന്നു. സർക്കാർ സ്ഥാപനങ്ങളെ ആദ്യം നഷ്ടത്തിലാക്കുക, പിന്നെ ആ നഷ്ടത്തിന്റെ പേരു പറഞ്ഞ് വിറ്റഴിക്കുക തുടങ്ങിയ പല തന്ത്രങ്ങളും ഉദാരവത്കരണത്തിന്റെ പേരിൽ നടക്കുന്നു. തീവണ്ടി സർവീസ് വരെ വിറ്റു തുടങ്ങി. ഇപ്പോൾ കർഷകരുടെ ഭൂമിയിലും കൈവെച്ചിരിക്കുന്നു. ഒരു ഭാഗത്ത് സമ്പന്നരുടെ സമ്പത്തു വർധിച്ചിരിക്കുന്നു; അപ്പുറത്ത് ദരിദ്രരുടെ എണ്ണവും കൂടുന്നു. സത്യത്തിൽ പ്രഭാകരൻ ആശങ്കപ്പെട്ടതുപോലെ ഐ.എം.എഫുകാർ നമ്മളെ അറസ്റ്റ് ചെയ്യാനൊന്നും വന്നില്ലെങ്കിലും പ്രകാശൻ പ്രത്യാശിച്ചപോലെ രാജ്യം ഹരിത സ്വർഗഭൂമിയായിട്ടുമില്ല. ഉദാരവത്കരണം പിടിവിട്ട് പോവുകയാണെന്നും നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞുതുടങ്ങിയിരിക്കുന്നു ഇപ്പോൾ.
⚡”ഞങ്ങളുടെ കൂട്ടത്തിൽ വർഗീയവാദികളുണ്ടെന്നാണ് ആർ.ഡി.പി.ക്കാർ പറയുന്നത്. ഞാൻ ചോദിക്കട്ടെ, അൽപ്പസ്വൽപ്പം കോഴി ബിരിയാണി കഴിച്ചാൽ അതെങ്ങനെയാണ് വർഗീയതയാവുന്നത്?” ഐ.എൻ.എസ്.പിയുടെ മണ്ഡലം പ്രസിഡന്റ് പൊതുവാൾജി മൈക്കിനു മുന്നിൽ നിന്ന് പ്രസംഗിക്കുകയാണ്. മാമുക്കോയയാണ് പൊതുവാൾജി. (അദ്ദേഹത്തിന്റെ ഉന്തിയ പല്ലുകൾ ആർ.ഡി.പിക്കാർ ഭരിച്ചിരുന്നപ്പോൾ പൊലീസുകാർ അടിച്ചിളക്കിയതാണത്രെ).
കോഴി ബിരിയാണിയെ വർഗീയതയുമായി ബന്ധപ്പെടുത്തി പറയുന്നതിനു പിന്നിൽ അന്നത്തെ രാഷ്ടീയകാലാവസ്ഥയുണ്ട്.
തൊട്ടുമുന്നിലെ തിരഞ്ഞെടുപ്പിൽ (1987) ഇടതുമുന്നണിയിൽ ഘടകക്ഷിയായി ഒരു സാമുദായിക പാർട്ടിയും ഉണ്ടായിരുന്നില്ല. എന്നിട്ടും വിജയിച്ചു. സാമുദായിക പാർട്ടികളില്ലെങ്കിലും കേരളത്തിൽ ജയിക്കാൻ കഴിയുമെന്ന് തെളിയിച്ചത് ആ തിരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ടുതന്നെ 1991-ലെ തിരഞ്ഞെുപ്പിൽ വർഗീയതയുമായി ബന്ധമില്ലാത്തവർ എന്ന് ഇടതുമുന്നണി അഭിമാനത്തോടെ സ്വയം വിശേഷിപ്പിച്ചിരുന്നു.
91-ലെ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പ് മുസ്ലീം ലീഗ് യു.ഡി.എഫ്. വിട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ ‘പ്രശ്നങ്ങളെല്ലാം’ പെട്ടെന്ന് പറഞ്ഞുതീർത്ത് അവർ മുന്നണിയിൽ തിരിച്ചെത്തി. അത് തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണവിഷയമായി. നിങ്ങളുടെ കൂട്ടത്തിൽ വർഗീയവാദികളുണ്ടല്ലോ, ഞങ്ങളുടെ കൂടെ അത് ഇല്ലല്ലോ എന്ന് ഇടതുപക്ഷ പ്രവർത്തകർ എടുത്തുപറഞ്ഞിരുന്നു. അതിനാണ് ‘സന്ദേശ’ത്തിലെ പൊതുവാൾജി ഇങ്ങനെ തടിതപ്പുന്ന മറുപടി പറയുന്നത്.
⚡”ഉൾപ്പാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. നമ്മൾ ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിയ്ക്കുന്നതും ,കട്ടൻചായ കുടിയ്ക്കുന്നതും അതുകൊണ്ടാണ്. എന്നുവെച്ച് പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യാനാണ് ഭാവമെങ്കിൽ അച്ചടക്കം എന്താണെന്ന് ഞങ്ങൾ പഠിപ്പിയ്ക്കും” എന്ന് താത്വികാചാര്യൻ ഭീഷണപ്പെടുത്തിയല്ലോ.
പതിക്രിയാ ‘വാതക’വും , കൊളോണിയലിസവും ഒന്നും ദഹിയ്ക്കാത്ത ഉത്തമനും മറ്റു സഖാക്കൾക്കും കിട്ടിയതായിരുന്നു ഈ മുന്നറിയിപ്പ്. നമ്മൾ എന്തുകൊണ്ട് തോറ്റു എന്നതിന് ലളിതമായ ഉത്തരം അവർക്ക് കിട്ടണം. അതായിരുന്നു അവർ കാണിച്ച അച്ചടക്കലംഘനം. സ്റ്റഡി ക്ലാസ്സിനൊന്നും കൃത്യമായി വരാത്തതു കൊണ്ടാണ് ഉത്തമനെ പോലുള്ളവർ ഇങ്ങനെ ചോദിക്കുന്നതെന്നായിരുന്നു പ്രഭാകരന്റെ നിലപാട്.
ആഗോള വിഷയങ്ങൾ മനുഷ്യന് മനസ്സിലാകാത്ത ഭാഷയിൽ താത്വികമായി വിശകലനം ചെയ്യുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളിലെ ബുദ്ധിജീവികളെയും , അത് കണ്ണടച്ച് ന്യായീകരിക്കുന്ന അണികളെയും പരിഹസിക്കുകയാണ് ഈ രംഗത്ത്. താത്വികവിശകലനങ്ങൾ ഇപ്പോൾ പണ്ടത്തെയത്രെ കേൾക്കാറില്ലെങ്കിലും പാടെ ഇല്ലാതായിട്ടില്ല. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അതിന് സാമ്രാജ്യത്വത്തെ കുറ്റപ്പെടുത്തുന്ന പ്രസംഗങ്ങൾ ഇന്നും കേൾക്കുന്നത് അതുകൊണ്ടാണല്ലോ.
സത്യത്തിൽ ആ വർഷം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നില്ല. അന്നത്തെ ഇടതുപക്ഷ സർക്കാരിന് ഒരു വർഷം കൂടി കാലാവധിയുണ്ടായിരുന്നു. എന്നിട്ടും ലോക്സഭയിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് വന്നപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം നടത്തുകയായിരുന്നു. അതിന് പ്രേരകമായ ഒരു കാര്യം രാജ്യത്ത് സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുത്ത യജ്ഞമാണ്. അതിന്റെ ഒരു ഗ്ലാമറുമായാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ പരാജയപ്പെട്ടു.തോറ്റ പാർട്ടിയുടെ ഓഫീസിലിരുന്ന് പ്രഭാകരനും ഉത്തമനും തോൽവിയുടെ കാരണം ചികയുകയാണ്.
സാക്ഷരത വന്നപ്പോൾ ജനങ്ങൾക്ക് വിവരം വെച്ചില്ലേ, അതുകൊണ്ടായിരിക്കും നമ്മൾ തോറ്റതെന്ന് അയാൾ ഒരു വെളിപാടുപോലെ പറയുന്നു. പാർട്ടിയിലെ വിമതനായ ഉത്തമൻ കുറേക്കൂടി കടന്നാണ് പറയുന്നു. ശരിയാ, ജനങ്ങൾക്ക് നല്ല വിവരം വെച്ചാൽ എല്ലാ പാർട്ടിക്കാരേം അവർ കല്ലെറിഞ്ഞുകൊന്നേനെ എന്ന്. സ്റ്റഡി ക്ലാസ്സ് മുടക്കുന്നതു
കൊണ്ടായിക്കാം ഉത്തമന് ഇങ്ങനെയൊക്കെ സ്വയംവിമർശനം നടത്താൻ തോന്നുന്നത്.
📌 കടപ്പാട്: സി. കരുണാകരൻ
❌ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേവലം അറിവിന് വേണ്ടി മാത്രമാണ്. ഒരു രാഷ്ട്രീയപാർട്ടിയെയും ചെറുതാക്കാനോ വലുതാക്കാനോ ഉദേശിച്ചല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം❌