ദെണ്ണക്കോലും സൂസി സിസ്റ്ററും പിന്നെ മറ്റു ചിലരും

511

Sandhya Bhaskaran എഴുതുന്നു 

ദെണ്ണക്കോലും സൂസി സിസ്റ്ററും പിന്നെ മറ്റു ചിലരും
🍒
( യാത്ഥാർത്ഥ്യത്തിൽ കുഴച്ചെടുത്തു നിർമ്മിച്ച ഈ സാങ്കൽപ്പിക കഥ സർക്കാർ അക്കാദമികളോ മറ്റ് പുരസ്ക്കാര ദാതാക്കളോ ഏതെങ്കിലും പുരസ്ക്കാരങ്ങൾക്ക് പരിഗണിച്ചാൽ അവർക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുന്നതായിരിക്കും.)

കർത്താവിന്റെ മണവാട്ടിയാകുവാൻ കുടുംബക്കാർ നിശ്ചയിച്ചതിൻ പ്രകാരം കന്യാമഠത്തിൽ പാർത്ത്

Sandhya Bhaskaran
Sandhya Bhaskaran

സഭയെ സേവിച്ച് ജീവിതം ധന്യമാക്കുവാൻ എത്തിച്ചേർന്നതായിരുന്നു കൗമാരത്തിനും യൗവ്വനത്തിനുമിടയിൽ നാണിച്ചു നിൽക്കുന്ന പ്രായക്കാരി സൂസി. അങ്ങനെയിരിക്കെ ഇരട്ട പിറന്ന മാൻകുട്ടികളെ നെഞ്ചിൽ വളർത്തുന്ന സൂസി സിസ്റ്ററിന്റെ ഉടലിൽ ഹോർമോണുകൾ സംഘനൃത്തം തുടങ്ങി. വല്ലാത്ത തലവേദനയും നടുവേദനയുമെല്ലാം കൂടെ കൂടെ ശല്ല്യപ്പെടുത്തി. ജാനറ്റ് സിസ്റ്ററിന്റെ നിർദ്ദേശപ്രകാരമാണ് അടുത്തു തന്നെയുള്ള അരമനയിലെ നല്ലവനായ ഒരു അച്ചനെ ചെന്നു കണ്ടത്. അദ്ദേഹത്തിന്റെ കൈവശമുള്ള ‘ദെണ്ണക്കോൽ’ (അംശവടി അല്ല ) തൊട്ടു പ്രാർത്ഥിച്ചാൽ അസുഖങ്ങൾ ഭേദമാവുമെന്ന് ജാനറ്റ് സിസ്റ്റർ പറഞ്ഞിരുന്നു. പറഞ്ഞത് സത്യമായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം സൂസി സിസ്റ്ററിന്റെ തലവേദനയും നടുവേദനയുമെല്ലാം ഗലീലിയോ കടൽ കടക്കുകയും കൂടുതൽ ഉല്ലാസവതിയായിത്തീരുകയും ചെയ്തു. ഇടക്കിടെ ശരീരവേദനകൾ വരുമെങ്കിലും ‘ദെണ്ണക്കോൽ’ തൊട്ടുള്ള പ്രാർത്ഥന അവയെല്ലാം ഭേദമാക്കുകയും ചെയ്തു.

കാര്യങ്ങൾ ഇങ്ങനെ പോകവേ ഒരിക്കൽ സൂസി സിസ്റ്ററിന് കടുത്ത തലവേദനയും തലകറക്കവും ഛർദ്ദിയും തുടങ്ങി. ‘ദെണ്ണക്കോൽ’ പ്രാർത്ഥന ഫലിക്കാതെ വന്നു. സഭയുടെ മേൽനോട്ടത്തിലുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുൻപ് പ്രശ്നം മദർ സുപ്പീരിയറിന്റെ കോടതിയിൽ വാദം കേട്ട് തീർപ്പുകൽപ്പിക്കേണ്ടതുണ്ടായിരുന്നു. മദർ സുപ്പീരിയറിന്റെ നേതൃത്വത്തിൽ എല്ലാ ‘കന്യക’മാരും സുസി സിസ്റ്ററിനു ചുറ്റും നിന്ന് ചോദ്യങ്ങൾ തുടങ്ങി.’ ദെണ്ണക്കോലിന്റെ കാര്യം സൂസി സിസ്റ്റർ പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി. എങ്കിലും മദർ സുപ്പീരിയറിന് ‘ അവസാന തീർപ്പിലെത്തേണ്ടതുണ്ടായിരുന്നു.അവർ ചോദിച്ചു:
ഈ’ദെണ്ണക്കോൽ’ കാഴ്ച്ചയിൽ എങ്ങനെയാണ്?’
സൂസി സിസ്റ്റർ ഒന്നും മിണ്ടിയില്ല. വേദനകൾ ഇല്ലാതാക്കാനെത്തുന്ന നീളൻ കുപ്പായക്കാരെല്ലാം സൂസി സിസ്റ്ററിന് ശ്വേതാംബരധാരികളായ ദൈവദൂതന്മാരായിരുന്നു. അവർക്ക് പേരുകളോ വ്യക്തിത്വമോ ഉണ്ടായിരുന്നില്ല.
എങ്കിലും മദർ സുപ്പീരിയറിന് അവസാന തീർപ്പിലെത്തേണ്ടതുണ്ടായിരുന്നു. സൂചനകൾ നൽകി അവർ ഉത്തരം പറയുന്നതിനായി സൂസി സിസ്റ്ററെ പ്രോത്സാഹിപ്പിച്ചു:
‘ഈ പറയുന്ന കോലിന്റെ നിറം ,നീളം അങ്ങനെ എന്തെങ്കിലും പ്രത്യേകതകൾ ഓർമ്മയുണ്ടോ?’
സൂസി സിസ്റ്റർ മൗനം ഭജിച്ചു.
ഒടുവിൽ രണ്ടും കൽപ്പിച്ച് മദർ സുപ്പീരിയർ
ആ പ്രധാന സൂചന ചോദ്യരൂപത്തിലാക്കി:
‘കോലിന് ഇടത്തേക്ക് ചെറിയൊരു വളവുണ്ടോ?’
‘ ഉംമ് ‘
സൂസി സിസ്റ്റർ അതെ എന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് മൗനം ഭഞ്ജിച്ചു.
‘ഓ.. ഫാദർ ഫെർണാണ്ടസ് ‘
മദർ സുപ്പീരിയർ അറിയാതെ പറഞ്ഞു പോയി…….