ആദ്യ വിവാഹത്തിലെ കുട്ടിയെ എങ്ങനെ നിയമപരമായി സ്വന്തം കുട്ടിക്ക് തുല്യമാക്കി മാറ്റാം ?

244

ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ എങ്ങനെ നിയമപരമായി സ്വന്തം കുട്ടിക്ക് തുല്യമാക്കി മാറ്റാം

Sandhya Janardhanan Pillai എഴുതുന്നു

നിയമങ്ങളെ കുറിച്ചുള്ള അജ്ഞത കൊണ്ട് മാത്രം അതിന്റെ ഗുണം ആളുകൾക്ക് ലഭിക്കാതെ പോകുന്നത് കഷ്ടമാണ്. നിയമങ്ങളിലെ, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ചില വ്യവസ്ഥകളെ കുറിച്ച്‌ പ്രത്യേകിച്ചും സ്ത്രീകൾ, കുട്ടികൾ, വിഭിന്ന ശേഷിയുള്ളവർ, Hiv ബാധിതർ എന്നിവർക്കായുള്ള നിയമങ്ങളെ കുറിച്ച് ആഴ്ചയിൽ ഒരിക്കൽ FB യിൽ എഴുതി തുടങ്ങാമെന്നൊരാലോചന.ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെട്ടാൽ ജീവിതം ധന്യമായി . സ്റ്റെപ് പേരെന്റെ അഡോപ്ഷനെ കുറിച്ചാകട്ടെ ആദ്യത്തെ കുറിപ്പ്. ഡിവോഴ്‌സും പുനർ വിവാഹവുമൊക്കെ കേരളത്തിൽ ഇപ്പോൾ സർവസാധാരണമായി കഴിഞ്ഞിരിക്കുന്നു.വേർപിരിഞ്ഞ വിവാഹ ബന്ധത്തിലെ കുട്ടി പലപ്പോഴും അച്ഛൻ /അമ്മയുടെ മാത്രം കസ്റ്റഡിയിൽ വളരുകയും അവർ പുനർ വിവാഹം ചെയ്യുന്നതോടു കൂടി കുട്ടി രണ്ടാനച്ഛൻ /അമ്മയോടൊപ്പം ആകും ജീവിക്കുക. താൻ ജീവിക്കുന്നത് തന്റെ സ്വന്തം മാതാവ് /പിതാവിന്റെ കൂടെ അല്ല എന്ന വിവരം പോലും കുട്ടിക്ക് അറിയാത്ത തരത്തിൽ ആഴ്ന്ന ബന്ധം കുട്ടിയും സ്റ്റെപ് പേരെന്റും തമ്മിൽ ഉണ്ടാകും. എന്നാൽ നിയമപരമായ ദത്തെടുക്കലിലൂടെ അല്ലാതെ ഇവർക്ക് കുട്ടിയിലും, കുട്ടിക്ക് തിരിച്ചും യാതൊരു നിയമപരമായ അവകാശവും ഉണ്ടാകില്ല. കൂടാതെ ജനന സ ർട്ടിഫിക്കറ്റിലെ അമ്മ /അച്ഛന്റെ സ്ഥാനത്തെ പേരുകൾ മാറ്റാതെ കിടക്കുന്നതും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് 2015-ലെ ബാല നീതി നിയമത്തിൽ രണ്ടാനമ്മ /രണ്ടാനച്ഛന് കുട്ടിയെ നിയമ പരമായി ദത്തെടുക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ ദത്തു നൽകാൻ ബയോളോജിക്കൽ പേരെന്റിന്റെ സമ്മതം പ്രധാനമാണ്. അടുത്തിടെ കുടുംബ കോടതി വഴി ഇത്തരം ഒരു ഉത്തരവ് വാങ്ങാൻ പോയപ്പോഴാണ് ഈ വിഷയം അധികമാരും കൈകാര്യം ചെയ്തിട്ടില്ലെന്നു തോന്നിയത്. ഒരു പക്ഷെ സ്റ്റെപ് പേരെന്റെ അഡോപ്ഷനുമായി ബന്ധപ്പെട്ട കേരളത്തിലേ ആദ്യത്തെ ഉത്തരവായിരിക്കും കഴിഞ്ഞയാഴ്ച തിരുവനന്തപുരം കുടുംബ കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. കുട്ടിക്ക് 18 വയസ്സാകുന്നത് വരെ മാത്രമേ ഈ ഒരു നടപടി സ്വീകരിക്കാൻ കഴിയൂ. എല്ലാ മതത്തിൽ പെട്ടവർക്കും ഇത്തരത്തിൽ ദത്തെടുക്കാൻ അവകാശമുണ്ട്. കുട്ടി എവിടെയാണോ താമസിച്ചു വരുന്നത് ആ ജില്ലയിൽ ദത്തെടുക്കലിനായി അധികാര പെടുത്തിയിട്ടുള്ള കുടുംബ കോടതിയിൽ വേണം പെറ്റീഷൻ നൽകാൻ. പുനർ വിവാഹം കഴിഞ്ഞവരും പ്ലാൻ ചെയ്യുന്നവരും ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലേ 😊 ഇങ്ങനെ ഒരു സാധ്യത ഉള്ളത് അറിയാത്തതു കാരണം ആളുകൾ വേണ്ട നടപടികൾ എടുക്കാതെ
പോകരുതല്ലോ… നിങ്ങൾക്ക് ഈ വിവരം ഇൻഫൊർമേറ്റീവ് ആയി തോന്നിയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും അങ്ങനെ ആകാം. അത് കൊണ്ട് പരമാവധി ആളുകളിലേക്ക്‌ ഇത്തരം വിവരം എത്തിക്കുമല്ലോ.