കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി കുട്ടികളോട് കാട്ടിയത്

171

Sandhya Janardhanan Pillai

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി  കുട്ടികളോട് കാട്ടിയത്.  മാതൃഭൂമി മുൻ പേജിൽ തന്നെ വലിയ പ്രാധാന്യത്തോടു കൂടി നൽകിയ ബാല ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് കള്ള കേസുകൾ പെരുകുന്നു എന്ന വാർത്തയുടെ അപകടം,പ്രത്യാഘാതം വിവരണാതീതം. ഏത് പത്രം ഇത്തരത്തിലുള്ള വാർത്ത നൽകിയാലും അത് കുട്ടികളോട് ചെയ്യുന്ന ചതിയായേ കരുതാൻ കഴിയൂ. വാളയാറിലെ കുഞ്ഞുങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് പോക്‌സോ പോലുള്ള നിയമങ്ങൾ ശക്തമാക്കണമെന്നു മുറവിളി കൂട്ടിയവരാണ് ഇപ്പൊ വ്യാജ പരാതിയിൽ ഇടിച്ചു നിക്കുന്നത് എന്നതാണ് ഒരു വിരോധാഭാസം !!

Image result for pocso"വ്യാജ പരാതികൾ നല്കിയവർക്കെതിരെ പോക്‌സോ നിയമത്തിലെ 22ആം വകുപ്പനുസരിച്ചു കേസ്‌ രജിസ്റ്റർ ചെയ്യാമെന്നിരിക്കെ 4008 പരാതികൾ വ്യാജമാണെന്ന കണ്ടെത്തിയ പോലീസ് ഒരു പരാതിയിൽ എങ്കിലും മേൽ വകുപ്പ് പ്രകാരം കേസെടുത്തോ എന്ന്‌ ലേഖിക അന്വേ ഷിച്ചോ ആവോ ? ഒരു അലങ്കാരത്തിന് അല്ലല്ലോ നിയമത്തിൽ വ്യവസ്ഥകൾ എഴുതി വെച്ചിട്ടുള്ളത്.

ഇത്തരം കേസുകളെ കുറിച്ച് വിവരം ലഭിച്ചാലുടൻ കേസ്‌ രജിസ്റ്റർ ചെയ്യണെമെന്നുള്ളതിനാൽ കേസ്‌ രജിസ്റ്റർ ചെയ്യുകയും എന്നാൽ പിന്നീടുണ്ടാകുന്ന ബാഹ്യ സമ്മർദ്ദം കാരണം സാറെ ഞങ്ങളെ വിട്ടേരെ കേസൊന്നും ഞങ്ങൾക്ക് വേണ്ടേ വേണ്ടെന്ന പറഞ്ഞു പോയിട്ടുള്ളവരാകും ഇതിൽ മിക്കതും. അങ്ങനെ പോലീസിന് റെഫർ ചെയ്യേണ്ടി വരുന്ന കേസുകളൊക്കെ വ്യാജമാണ് എന്ന് എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? മറ്റൊരു കാര്യം, പരാതിയിൽ ഉറച്ചു നിന്നാലും പോലീസിന് ആരോപണ വിധേയനെതിരെ ആവശ്യമായ തെളിവ് ശേഖരിക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രം പരാതി എങ്ങനെ വ്യാജമാകും ?

No photo description available.ലൈംഗിക വൈകൃതങ്ങൾ ഉള്ള ഭർത്താവ് കുട്ടിയോട് മോശമായി പെരുമാറി എന്ന്‌ മറ്റുള്ളവരെ വിശ്വസിപ്പിക്കണമെങ്കിൽ ഒരു അമ്മ എന്ത് തെളിവുകൾ കൊണ്ട് വരണമെന്നാണ് എല്ലാവരും ശഠിക്കുന്നത് ആവോ ? മറിച്ചു ആരോപണ വിധേയന് കേസിൽ നിന്ന് ഊരണമെങ്കിൽ ഭാര്യ 5 വർഷം മുൻപ് അയാൾക്കെതിരെ എവിടെയെങ്കിലും നൽകിയ ഗാർഹിക പീഡന പരാതി മതി. പിന്നെ ഭാര്യയുടെ മുൻ വൈരാഗ്യത്തിന് തെളിവായി. പരാതി വ്യാജമായി. ലൈംഗിക അതിക്രമങ്ങൾ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ വെച്ച് നടക്കുന്നതല്ല. മറ്റുള്ള കേസുകൾ മാതിരി ലൈംഗിക അതിക്രമങ്ങൾക്ക് തെളിവ് നിരത്താൻ അത്ര എളുപ്പമല്ല പ്രത്യേകിച്ച് നോൺ പെനെട്രേറ്റിവ് കേസുകളിൽ.

വാർത്തയിൽ പറയുന്ന കേസുകളെ കുറിച്ചറിയില്ല. പക്ഷെ ഇത്തരം കുറച്ച് കേസുകൾ വിസ്തരിച്ചെഴുതി വ്യാജ പരാതികൾ സർവ സാധാരണമാണ് എന്ന ലേഖികയുടെ നിഗമനം ഉണ്ടാക്കുന്ന അനന്തര ഫലത്തെ കുറിച്ച് അവർക്ക് വല്ല ബോധവും ഉണ്ടോ എന്നറിയില്ല. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സ്ഥിരം അനുഭവിക്കുന്ന പ്രശ്നമാണ് അതിക്രമത്തിന് ഇരയായി എന്ന് പോലീസിനെയും നീതിപീഠത്തെയും ബോധ്യപ്പെടുത്താൻ എടുക്കുന്ന തത്രപ്പാട് . പോക്‌സോ കേസുകൾ സർവ്വതും വ്യാജമാണ് എന്ന മുൻധാരണയോടെയിരിക്കുന്ന പോലീസുകാരും കോടതികളുമൊക്കെയാണ് നമുക്കേറെയും.

Image result for pocso"ഈ മുൻധാരണകൾ നൽകുന്ന അപകടം ചെറുതല്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സൈക്കോളജിസ്റ് ഒരു 11വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് വിശ്വസിക്കാൻ തയ്യാറാകാതിരിക്കുകയും ആൾക്കെതിരെ രണ്ടാമതും കേസ്‌ വന്നപ്പോൾ മാത്രം ആദ്യത്തെ കേസ് അന്വേഷിച്ചു പോയതുമൊക്കെ ഈ അടുത്ത കാലത്ത് നടന്ന സംഭവമാണ്. ഇതുപോലെ എത്രയോ കേസുകൾ പറയാനുണ്ട്. നിയമങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് വിലങ്ങുതടിയാകുന്നത് ബന്ധപ്പെട്ടവർ വെച്ച് പുലർത്തുന്ന ഇത്തരം മുൻ ധാരണകളാണ്. ഇതിനെ അരക്കിട്ടുറപ്പിക്കുന്ന ഇത്തരം വാർത്തകൾ ദയവു ചെയ്ത് നൽകാതിരിക്കാൻ മാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന വലിയ ചതിയാകും അത്. അവർക്ക് നിങ്ങൾ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട് !!

Advertisements