ഒരേ സമയം ദേശീയത പറയുകയും അന്യസംസ്ഥാന തൊഴിലാളികളെ പുഛിക്കുകയും ചെയ്യുന്നവർ വായിച്ചിരിക്കാൻ

0
143
Saneesh Chennara
ഒരു സുഹൃത്ത് ഇന്നിപ്പോൾ വാട്ട്സാപ്പിൽ കുറെ കാര്യങ്ങൾ ചോദിച്ചിരിക്കുന്നു. എന്താ സഖാവെ ഉത്തരമില്ലേ എന്ന മട്ടിലാണ് ഇരിപ്പ്. ഒന്ന് രണ്ട് സ്ഥലങ്ങളിൽ നിന്ന് കൂടി ഇതിന്റെ കോപ്പി വരാനുള്ളതിനാൽ മറുപടി ഇവിടെ ആക്കാമെന്ന് കരുതി. രണ്ടും സുക്കറണ്ണന്റെ പറമ്പാണല്ലോ.
1. കേരളം എല്ലാ കാര്യത്തിലും സ്വയം പര്യാപ്തമാണ്. ആദ്യം അതിഥി തൊഴിലാളികളെ പറഞ്ഞ് വിട്ട് മലയാളികൾ പറമ്പിലിറങ്ങി അധ്വാനിക്കണം.
തീർച്ചയായും ഇറങ്ങാം. താങ്കളുടെ സർക്കാരുദ്യോഗം ഉപേക്ഷിച്ച് താങ്കളും ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ മക്കളെയും കുടുംബത്തിലുള്ളവരെയും ഇനി എഞ്ചിനീയറിംഗിനോ മറ്റേതെങ്കിലും കോഴ്സോ പഠിപ്പിക്കാതെ കൃഷിയും കിളയും പഠിപ്പിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നു.
രണ്ട് മികച്ച നിർദ്ദേശമാണ്. മാനുഷിക മൂല്യമുണ്ട്. എങ്കിലും ചെറിയ തിരുത്ത്.
2. അധികം വരുന്ന പാൽ അതിഥി തൊഴിലാളികൾക്ക് കൊടുക്കാതെ അട്ടപ്പാടിയിലെ ആദി വാസികൾക്ക് കൊടുത്തൂടെ.
തീർച്ചയായും. അതിഥി തൊഴിലാളികൾക്കൊപ്പം അവരെയും പരിഗണിക്കേണ്ടതാണ്. എന്നാൽ ആ കുഞ്ഞുങ്ങൾക്ക് ഏത് തരത്തിലുള്ള പോഷകാഹാര കുറവാണോ ഉള്ളത് അത് പരിഗണിച്ച് വേണം ചെയ്യാൻ. അല്ലാതെ അതിഥി തൊഴിലാളികൾക്ക് കിട്ടാതിരിക്കാൻ വേണ്ടി അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് നല്കിയാൽ അത് കൂടുതൽ അപകടമാകും. എങ്കിലും ഇത്തരുണത്തിൽ അവരെ ഓർത്ത നല്ല മനസിന് നന്ദി.
മൂന്ന് വല്ലാത്തൊരു ചോദ്യമാണ്.
3. ആയിരം അന്യ സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചപ്പോൾ അവർക്ക് താമസം ഭക്ഷണം. മലയാളികൾ ആണെങ്കിൽ ലാത്തിയടി.
പ്രിയ സുഹൃത്തേ, അതിഥി തൊഴിലാളികൾ നമ്മുടേത് പോലെ മികച്ച വിദ്യാഭ്യാസം ഉള്ളവരോ മികച്ച ചുറ്റുപാടിൽ നിന്ന് വരുന്നവരോ അല്ല (ഇതേ നമ്മൾ തന്നെ ലോക്ക് ഡൗണിന് തലേ ദിവസം സൂപ്പർ മാർക്കറ്റിൽ കയറി നിരങ്ങി). ഈ വിവരം കോറോണയെന്നല്ല യാതൊരു വൈറസിനും അറിയില്ല. എന്ന് വെച്ച് ബാക്ടീരിയകൾക്ക് അറിയുമെന്ന് തെറ്റിദ്ധരിക്കരുതേ. ആയതിനാൽ ഈ ലോക്ക് ഡൗൺ സമയത്ത് (അല്ലാത്ത സമയത്തും) അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. ഒരു സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ച് നാട് കത്തിക്കുകയല്ല വേണ്ടത്. അതിൽ ഭരണകൂടം വിജയിക്കുകയും ചെയ്തു. പിന്നെ അകാരണമായി ലാത്തിയടി കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ ഇനിയെങ്കിലും വാർത്ത കാണാൻ പറയുക. (ചിലപ്പോൾ സംഭവിക്കാം)
നാല് ചരിത്രപരമാണ് ടീമേ…
4. പണി ചെയ്യാനും കച്ചവടത്തിനും വന്നവരെ അതിഥികളായി കാണരുത്. അങ്ങിനെയാണ് ബ്രിട്ടീഷ് കാർക്കെതിരെ സമരം ചെയ്യേണ്ടി വന്നത്.
ബ്രിട്ടീഷ് കാർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യ നാട്ടു രാജ്യങ്ങളായിരുന്നു എന്നതാണ് വസ്തുത. 1947 ഇന്ത്യ സ്വാതന്ത്ര രാജ്യമായ വിവരം അങ്ങ് അറിഞ്ഞ് കാണുമെന്ന് എനിക്കറിയാം. 1950 ജനു 26 അതിന്റെ ഭരണഘടന നിലവിൽ വരികയും ചെയ്തു. ഇപ്പോൾ ഈ തൊഴിലാളികൾ ഇന്ത്യയിൽ തന്നെയുള്ള പല സ്ഥലങ്ങളിലേക്കുമാണ് തൊഴിലന്വേഷിച്ച് വരുന്നത് എന്നറിയുക. ഇന്ത്യക്കിപ്പോൾ ലോകത്തെ അനേകം രാജ്യങ്ങളുമായി വ്യാപാരക്കരാറുകൾ ഉണ്ട്. എങ്കിലും അവരും ഇന്ത്യയെ ഭരിക്കുകയില്ല. ആ കാര്യത്തിലും ഭയപ്പെടേണ്ട.
അഞ്ച് പൊതു തത്വമാണ്.
5. ജോലിക്ക് വന്നവൻ ജോലിക്കാരനാണ്. അയാളെ അതിഥിയായി പരിഗണിക്കേണ്ടതില്ല. അതിഥികളെ ക്കൊണ്ട് പണിയെടുപ്പിക്കുന്നത് മലയാളിക്ക് ചേർന്നതല്ല.
ജോലിക്ക് വന്നവനെ താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ കാണുക. താങ്കളുടെ മനസ്സിനും സാഹചര്യത്തിനും അനുസരിച്ച്. എങ്കിലും അവനെ അകാരണമായി ആക്രമിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക. അതിഥിയെക്കൊണ്ട് പണിയെടുപ്പിക്കാത്ത നല്ല മനസിന് നന്ദി.
അടുത്തത് ക്ളാസ് ഐറ്റം
6. വീട്ടിൽ കയറി അക്രമം കാണിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് കേരളം കൊടുത്ത പേരാണ് അതിഥി.
അല്ല അയാൾ ആരായാലും കുറ്റവാളിയാണ്. അതിപ്പോൾ മലയാളി ആയാലും. കുറ്റവാളികൾക്ക് ഭാഷ, തൊഴിൽ, സംസ്ഥാനം, അംശം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേക പേരുകളില്ല. എന്നാൽ കുറ്റവാളിയെ മുൻകൂട്ടി കണ്ടെത്താനുള്ള യന്ത്രം ഇല്ലാത്തതിനാൽ നമുക്കയാളെ കുറ്റവാളി അല്ലാത്ത മനുഷ്യനായ് മാത്രമേ പരിഗണിക്കാനാകൂ. അല്ലേൽ പിന്നെ ദുഷ്ടനായ കംസൻ ചെയ്തതു പോലെ എല്ലാ കുഞ്ഞുങ്ങളെയും കൊല്ലേണ്ടി വരും.
അടുത്തത് അപേക്ഷയാണ്
7.കേരള സർക്കാർ എത്രയും വേഗം അന്യസംസ്ഥാന തൊഴിലാളികളെ നാട് കടത്തണം.
അല്ലയോ സുഹൃത്തെ, താങ്കൾ കുറച്ച് നാളുകൾക്ക് മുമ്പ് അരുൾ ചെയ്തത് ഇപ്രകാരമായിരുന്നല്ലോ. നാമെല്ലാം ഭാരത മക്കളാകുന്നു. മതത്തേക്കാളും വലുതാണ് രാജ്യം. കൂടാതെ കേരളം ഇന്ത്യയിലാണെന്നും ഇന്ത്യ കേരളത്തിലല്ലെന്നും അങ്ങ് പരിഹസിച്ചിരുന്നു. അങ്ങ് എത്ര പെട്ടെന്നാണ് അത് മറന്നു പോയത്. ഒന്ന് കൂടി പറഞ്ഞിരുന്നു. തമാശയായിട്ട്. ഓർമയില്ല അല്ലേ. കാശ്മീരിൽ സ്ഥലം വാങ്ങാമെന്നും കാശ്മീരി പെൺകുട്ടികളെ കല്യാണം കഴിക്കാം എന്നുമൊക്കെ.
തോന്നുമ്പോ തോന്നുമ്പോ ഇങ്ങനെ യുടേൺ എടുക്കുന്നത് എന്ത് പ്രഹസനമാണ് സജീ…