മഴയും പ്രളയവും കാരണം എറണാകുളത്തെ സ്കൂളുകൾക്ക് അവധിപ്രഖ്യാപിക്കുന്നതിൽ വന്ന കാലതാമസം കാരണം കുട്ടികൾ കുറച്ചു കഷ്ടപ്പെടുകയുണ്ടായി . എറണാകുളം ജില്ലാ കലക്ടർ രേണുരാജ് വ്യകപകമായ വിമര്‍ശത്തിനും ഇരയായിരുന്നു. മഴകാരണം സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍ അവധി ആയിരുന്നു. എന്നാല്‍ ഇന്നലെ മഴ മാറി നിന്നതിനെ തുടര്‍ന്ന് ചില ഇടങ്ങള്‍ ഒഴികെ ഇന്ന് സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനം ആയിരുന്നു. പക്ഷെ രാത്രി വീണ്ടും മഴ ശക്തമായപ്പോള്‍ സ്കൂള്‍ അവധി ഉണ്ടോ എന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചു എങ്കിലും ഒരു അറിയിപ്പും വന്നിരുന്നില്ല. മഴ കുറവുള്ള ഇടങ്ങളില്‍ കുട്ടികള്‍ സ്കൂളുകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ എറണാകുളത്ത് അങ്ങനെ ആയിരുന്നില്ല. രാവിലെ കുട്ടികള്‍ സ്കൂളില്‍ എത്തിയശേഷമാണ് ഇന്നവിടെ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആണ് സമയം തെറ്റി അവധി പ്രഖ്യാപിച്ചത്, അപ്പോഴേയ്ക്കും ഭൂരിഭാഗം കുട്ടികളും സ്കൂളുകളില്‍ എത്തുകയും ചെയ്തു കഴിഞ്ഞിരുന്നു. എന്നാൽ ജില്ലയിലെ സ്കൂളുകള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച നടപടി വിവാദമായതോടെ പുതുക്കിയ നിര്‍ദേശവുമായി എറണാകുളം കളക്ടര്‍ രംഗത്തുവന്നു . ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ ഡോ. രേണു രാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. രക്ഷകർത്താക്കളും പൊതുജനങ്ങളും എല്ലാം തന്നെ രേണുരാജിനെ വിമർശിച്ചു എങ്കിലും ഇപ്പോൾ വിവാദ നായകനായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് -ന്റെ ഭാര്യയാണ് രേണുരാജ് എന്നതുകൊണ്ട് ചില ഞരമ്പുരോഗികൾ രേണുരാജിനെതിരെ അശ്ലീലപരമായും വർഗ്ഗീയപരമായും വൻതോതിൽ സൈബർ ആക്രമണം അഴിച്ചുവിട്ടു. ഒരു കളക്റ്ററുടെ അവസ്ഥ ഇതാണെങ്കിൽ ഈ നാട്ടിലെ ഒരു സാധാരണ സ്ത്രീയുടെ കാര്യം പറയുകയും വേണ്ട. സംഗീത് കുമാർ സതീഷിന്റെ കുറിപ്പ് വായിക്കാം
സംഗീത് കുമാർ സതീഷ്.
മനുഷ്യർ എത്രമാത്രം സാംസ്കാരികമായി അധഃപതിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് കളക്ടർ രേണുരാജിന്റെ ‘അവധി പ്രഖ്യാപനവുമായി’ ബന്ധപ്പെട്ടുള്ള പോസ്റ്റിനു കീഴിൽ വന്ന അശ്ളീല കമെന്റുകൾ. കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതും അതുമായി ബന്ധപ്പെട്ട സാങ്കേതികതയും തത്കാലം അവിടെ നിൽക്കട്ടെ, എന്നാൽ സ്വയം സാക്ഷരരും സംസ്കാരസമ്പന്നരും എന്ന് മേനി നടിക്കുന്ന മലയാളികളാണ് (മുഴുവൻ മലയാളികളും അല്ല) ഇത്തരം തരംതാണ അശ്ളീല കമെന്റുകൾ എഴുതി ഇടുന്നതെന്നു ഓർക്കുമ്പോൾ ഞാനും ഒരു മലയാളി ആണ് എന്ന് പറയാൻ ലജ്ജ തോന്നുന്നു.
എത്രമാത്രം അശ്ലീലമായാണ് ഇത്തരം കമെന്റുകൾ എഴുതിയിടുന്നവർ ചിന്തിക്കുന്നതെന്നു ഓർക്കണം. അതിതീവൃ ലൈംഗീക ദാരിദ്ര്യം സ്വയം അനുഭവിക്കുകയും അതിൽ നിന്നുയരുന്ന നിരാശയുടെ ഫലമായി എല്ലാ മസാലക്കൂട്ടുകളും ചേർത്താണ് ഇത്തരത്തിൽ പരമാവധി അശ്ലീലം ചിന്തിച്ചും മനസ്സിൽ ചിത്രീകരിച്ചും, ‘ഇന്ന’ കാരണത്താലാണ് അവർക്കു അവധി പ്രഖ്യാപിക്കാനായി താമസം വന്നതെന്നും, ‘ഇന്ന’ കാര്യം ചെയ്തുകൊണ്ടിരുന്നതിനാലാണ് അവർ രാവിലെ എണീക്കാൻ വൈകിയതെന്നും ഒക്കെ ചിന്തിക്കുവാനും ഫേസ്ബുക്കിൽ കയറിയിരുന്നു അക്ഷരം തെറ്റാതെ എഴുതിയിട്ട് രതിമൂർച്ചയടയുന്നവരുടെയും തൊലിക്കട്ടി അപാരം തന്നെ.
ഇവന്റെയൊക്കെ മകളോ, അമ്മയോ, പെങ്ങളോ, ഒക്കെ ദിവസവും രാവിലെ എന്തെങ്കിലും ദൈനംദിനകാര്യങ്ങൾ ചെയ്യാൻ വൈകിയാൽ ശ്രീമതി രേണുരാജിന് മേൽ ഇവർ ഭാവനയിൽ കണ്ടു ചിന്തിച്ച കാര്യങ്ങളായിരിക്കുമോ തലേ രാത്രി അല്ലെങ്കിൽ വെളുപ്പാൻ കാലത്തു അവരും ചെയ്തിട്ടുണ്ടാവുക?
ഒരു സ്ത്രീ ഒരു കാര്യം ചെയ്യാൻ വൈകിയാലോ, കാലത്തെ എണീക്കാൻ താമസിച്ചാലോ, അവർ തലേ രാത്രി ‘സെക്സ് ചെയ്തത് കൊണ്ട് മാത്രം’ ആയിരിക്കും എന്ന് ഭാവനാസമ്പുഷ്ടമായി മാത്രം ചിന്തിക്കാൻ തോന്നുന്നത് അതിതീവ്രമായ ലൈംഗീക ദാരിദ്ര്യവും അതുമൂലമുള്ള Sexual Frustration ഉം ചേർന്നുള്ള മാനസികരോഗമുള്ളവർക്ക് മാത്രമാണ്. അതിനെത്രയും വേഗം ചികിത്സ നേടേണ്ടതുണ്ട്, അല്ലെങ്കിൽ മറ്റുള്ളവരോട് തോന്നുന്ന ഇതേ മനോഭാവം ഇതെഴുതിയവരുടെ വീട്ടിലുള്ളവരോട് പോലും തോന്നിത്തുടങ്ങുന്ന കാലം വിദൂരമല്ല. എത്രയും വേഗം ചികിത്സിക്കുക .
ഒരു പുരുഷനായിരുന്നു രേണുരാജ് എന്ന ജില്ലാ കല്ലെക്ടറുടെ സ്ഥാനത്തു ഈ വിവാദത്തിൽ പെട്ടതെങ്കിൽ ഇവരിങ്ങനെ എഴുതിവിടുമോ? വരുമോ ഇത്തരം തരംതാണ അശ്ളീല കമെന്റുകൾ? കളക്ടർ സ്ത്രീ ആണെങ്കിൽ ഉടൻ അതിൽ ലൈംഗീകത..കഷ്ടം തന്നെ. സ്ത്രീ അല്ലെങ്കിൽ പെണ്ണ് എന്ന രണ്ടക്ഷരം എഴുതികാണിച്ചാൽ പോലും അതിൽ ‘രതി’ മാത്രം കാണുന്ന സമൂഹമായി കേരളം അധപതിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിനു മാറ്റം വരണമെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസമേഖലയിലും സാമൂഹ്യ മേഖലയിലും അതി ബൃഹത്തായ പരിഷ്കരണങ്ങൾ അത്യന്താപേക്ഷിതമാണ്. അടുത്തിടെ തുടങ്ങിയ ജൻഡർ ന്യൂട്രൽ പരിഷ്കരണങ്ങളും, ലിംഗവ്യത്യാസമില്ലാത്ത സ്കൂൾ കാമ്പുസുകൾ (Mixed School Campus) ഒക്കെ കുറച്ചെങ്കിലും മാറ്റം വരുത്തും എന്ന് പ്രത്യാശിക്കാം.
ലൈംഗീകത എല്ലാജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതവും, പ്രത്യേകിച്ച് മനുഷ്യന് നിലനിൽപിന് മാത്രമല്ല അവന്റെ മാനസികവും ശാരീരികവുമായ ആസ്വാദനത്തിനും, ആരോഗ്യമുള്ള സമൂഹത്തിനും ആവശ്യമാണ്. എന്നാൽ ഏതുപെണ്ണിനെ കണ്ടാലും അവൾ ഒരു Sexual Instrument മാത്രമാണെന്നും വളച്ചാൽ വളയുമെന്നും, ‘എനിക്കുകിട്ടുമോ’ എന്നും മാത്രം ചിന്തിക്കുന്ന മലയാളികൾ ഒരു ദുരന്തം തന്നെയാണ്. അതിന്റെ വിഷലിപ്തത പടർന്നുകൊണ്ടേയിരിക്കും സമൂഹത്തിൽ, എത്ര തലമുറ കഴിഞ്ഞാലും.
കേരളത്തിലെ ലൈംഗീക കുറ്റകൃത്യങ്ങളുടെ എണ്ണവും സ്ത്രീ പീഡനപരമ്പരകളും ചേർത്ത് വായിച്ചാൽ ഇക്കാര്യം മനസ്സിലാകും.ഇത്തരം സ്ത്രീവിരുദ്ധവും അശ്ലീലവും ആയ പോസ്റ്റുകൾ കളക്ടർക്കെതിരെമാത്രമല്ല ആര്കെതിരെയായാലും പോസ്റ്റി ആസ്വദിച്ചു ആനന്ദിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനുള്ള വില അവർ നൽകിയേ മതിയാകൂ. അതിലൂടെ സമൂഹത്തിലെ ഇത്തരം ചീഞ്ഞ പുഴുക്കുത്തുകൾക്കു ഒരു മുന്നറിയിപ്പായിരിക്കും എന്നതിൽ സംശയമില്ല. കളക്ടർ രേണുരാജിനെതിരെ Verbal Abuse ചെയ്തവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ..