സംഗീത് കുമാർ സതീഷ്
‘ഇനിയും പലരും കൊല്ലപ്പെട്ടേക്കാം’.
പ്രശസ്ത മലയാള സിനിമ-സീരിയൽ അഭിനേത്രി ‘ശ്രിമതി കുളപ്പുള്ളി ലീല അന്തരിച്ചു’ എന്ന ഇന്നലത്തെ സോഷ്യൽ മീഡിയ ‘വ്യാജ’ വാർത്തയാണ് ഈ കുറിപ്പിന് ആധാരം.
ഇതിനുമുൻപ് സലിം കുമാർ, വിജയരാഘവൻ, കവിയൂർ പൊന്നമ്മ, S. ജാനകി, എന്തിന് അമിതാബ് ബച്ചൻ, സ്റ്റീവ് ജോബ്സ്, ബരാക്ക് ഒബാമയെ വരെ സൈക്കോപാത്തുകളായ ഈ സാഡിസ്റ്റുകൾ ഇത്തരത്തിൽ സോഷ്യൽമീഡിയയിലൂടെ കൊന്നിട്ടുണ്ട് പലവട്ടം. കരുതിയിരിക്കുക ‘ഇനിയും പലരും ഇത്തരത്തിൽ കൊല്ലപ്പെട്ടേക്കാം’.
സൈബറിടങ്ങളിലെ വ്യാജ മരണങ്ങൾ ഒരു തുടര്കഥയാണിപ്പോ. ഇന്നലെ ജോലിക്കിടവേളയിൽ ഒന്ന് FB യിലൂടെ കണ്ണോടിച്ചപ്പോഴാണ് ശ്രിമതി കുളപ്പുള്ളി ലീല എന്ന അഭിനേത്രിയുടെ മരണ വാർത്ത സചിത്രം എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള (ആര്എന്നോർകുന്നില്ല) ഒരാൾ ഷെയർ ചെയ്തത് കാണുന്നത്. കണ്ടപാടെ മറിച്ചൊന്നും ആലോചിക്കാതെ ഞാൻ അത് WHATSAPP ഇലൂടെ ഏറ്റവും അടുപ്പമുള്ള മൂന്നു നാല് പേർക്ക് ഷെയർ ചെയ്തു.
ഞാൻ സാധാരണ ഏതു വർത്തയായാലും അതിന്റെ സത്യാവസ്ഥ ഉറപ്പാക്കാതെ (ഫാക്ട് ചെക്ക്) ഒന്നും കണ്ണുമടച്ചു ഷെയർ ചെയ്യാത്തതാണ്, പക്ഷെ എന്തോ ശ്രിമതി കുളപ്പുള്ളി ലീല മരിച്ചെന്നറിഞ്ഞപ്പോ എന്നിലെ സഹജ വാസന പുറത്തു വന്നു. കണ്ണുമടച്ചു ഷെയർ ചെയ്തു. പിന്നീട് വാർത്ത വ്യാജമെന്നറിഞ്ഞയുടനെ എല്ലാവര്ക്കും ഒരു തിരുത്തൽ മെസ്സേജ് ഒരു ‘സോറിയുടെ’ പിൻബലത്തോടെ അയച്ചു തടിയൂരുകയും ചെയ്തു.
പൊതുവിൽ നമുക്ക് നേരിട്ടോ അല്ലാതെയോ അറിയാവുന്ന ആരുടേയും പ്രത്യേകിച്ച് (പ്രശസ്തരോ, അൽപ പ്രശസ്തരോ, അതി പ്രശസ്തരോ) ആയവരുടെ മരണവാർത്ത കേൾക്കുമ്പോൾ മുൻപിൻ നോക്കാതെ എത്രയും വേഗത്തിൽ അത് പലരോടു പറഞ്ഞറിയിക്കുക എന്നത് മനുഷ്യ സഹജമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല എന്നിലൂടെ അത് ആദ്യം മറ്റുള്ളവർ അറിയണം എന്ന ഒരു സ്വാർത്ഥത നാമറിയാതെ നമ്മിലൊക്കെ ഒളിഞ്ഞിരിപ്പുണ്ട്. പണ്ടൊക്കെ വീടുകൾതോറുമോ, വഴിയിൽ കാണുന്നവരോടോ, കൂട്ടുകാരോടോ, ബന്ധുക്കളോടോ ഒക്കെ എത്രയും വേഗം ഇത്തരം മരണ വാർത്തകൾ ഓടി നടന്നു പറയുമായിരുന്നു, പിന്നെ ക്രമേണ ഈ വാർത്താപ്രക്ഷേപണത്തിന്റെ വേഗത നാമറിയാതെ കൂടി. അത് പിന്നെ ലാൻഡ് ഫോൺ ഡയൽ ചെയ്തും, മൊബൈൽ ഫോണിലൂടെ വിളിച്ചുപറഞ്ഞും, ഇന്നിപ്പോ ഫേസ്ബുക്, ടെലിഗ്രാം, ട്വിറ്റെർ, വാട്സാപ്പ് വഴിയും മിന്നൽ വേഗത്തിൽ ആളുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും സെക്കന്റുകളുടെ പോലും സമയം എടുക്കാതെ എത്തുന്നു.
ശ്രിമതി കുളപ്പുള്ളി ലീല ഈ വാർത്തക്കെതിരെ ഇന്നലെ തന്നെ ദ്ര്യശ്യ അച്ചടി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ‘കക്കാൻ പോയാലും ആരെയും ഇങ്ങനെ കൊല്ലരുത്’ എന്നാണ് അവർ ദുഖത്തോടെ പറഞ്ഞത്. ഇത്തരം വ്യാജ വാർത്തകൾ പടച്ചു വിടുന്ന സാമൂഹ്യ ദ്രോഹികൾ ഒരു കാര്യം മനസിലാക്കുക, ഇത്തരത്തിൽ ഇരയാക്കപ്പെടുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഉണ്ടാകുന്ന Mental Trauma. ജീവിച്ചിരിക്കെ അവരുടെ മരണം ലോകം മുഴുവൻ അറിയുന്നു, ചർച്ച ചെയ്യുന്നു, ഷെയർ ചെയ്യപ്പെടുന്നു, വർത്തയാവുന്നു, അറിഞ്ഞവർ നേരിട്ടും അല്ലാതെയും ആദരാഞ്ജലികളും, അനുശോചനവും നേരുന്നു, Horrible.
മരണവാർത്ത അറിഞ്ഞു അവരുടെ വീട്ടിൽ എത്രപേർ ചെന്നിട്ടുണ്ടാകാം, ആരൊക്കെ നേരിട്ട് അവരുടെ ഫോണിലോട്ടു വിളിച്ചിട്ടുണ്ടാകാം, വിദേശത്തൊക്കെയുള്ള ബന്ധുക്കളുണ്ടെങ്കിൽ അവർക്കുണ്ടാകുന്ന അങ്കലാപ്പ് എത്ര? അറിഞ്ഞു സങ്കടപ്പെട്ടവരുണ്ടാകാം, കരഞ്ഞവരുണ്ടാകാം.
ആരാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ചു വിടുന്നത്?
ഇതിന്റെ പിന്നിൽ ഒരു സൃഷ്ടാവ് (Creator) ആയ സൈബർ ചെകുത്താൻ എവിടെയോ ചിരിച്ചു കൊണ്ട് ഒളിച്ചിരിക്കുന്നുണ്ട്. ഒരുപക്ഷെ ഈ ആർട്ടിക്കിൾ വായിച്ചു ഊറി ചിരിക്കുന്നുണ്ടാകാം. ചിരിച്ചോ നന്നായി തന്നെ ചിരിച്ചോ.എനിക്ക് തോന്നുന്നത് ഇതൊരു മാനസിക രോഗമാണെന്നാണ്. ഒരു പ്രത്യേകതരം Celebrity Death Hoax Syndrome. ഈ രോഗം സോഷ്യൽ മീഡിയ പ്രചാരത്തിൽ വന്നതോട് കൂടിയാണ് ഉടലെടുത്തത് എന്നാണു മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ ആകുമ്പോൾ ആർക്കും എന്ത് വാർത്തയും സൃഷ്ടിച്ചു വിടാം, മറ്റു മാധ്യമങ്ങളിലെ പോലെ വാർത്തയുടെ ശരിയും തെറ്റും പരിശോധിച്ച് പ്രസിദ്ധീകരിക്കാൻ ഒരു എഡിറ്റർ ഇല്ല എന്നത് ഇത്തരക്കാർ മുതലെടുക്കുന്നു.
സോഷ്യൽ മീഡിയയിൽ ആകുമ്പോൾ പെട്ടെന്ന് ആളുകൾ വിശ്വസിക്കും, എത്രയും വേഗം ലോകം മുഴുവൻ എത്തും, ഫാക്ട് ആണോ ഫേക്ക് ആണോ എന്ന് ആലോചിക്കാതെ ജനങ്ങൾ സെക്കന്റുകൾക്കുള്ളിൽ ഷെയർ ചെയ്തു പരത്തും, ഫേക്ക് ആണെന്ന് തെളിഞ്ഞാലും, വാർത്ത സൃഷ്ടിച്ചവനോ / അവൾക്കോ ഒന്നും സംഭവിക്കാനില്ല, എന്നും മറഞ്ഞു തന്നെ ഇരിക്കാം എന്ന ചിന്ത.ഇതൊരു തരാം സാഡിസം ആണ്. പ്രശസ്തരായ ഇരകളുടെ മാനസിക ആഘാതത്തിൽ ഉന്മാദം കണ്ടെത്തുന്നവർ. സൈക്കോപാത്തുകൾ.
പക്ഷെ ഇത് സൃഷ്ടിക്കുന്നവനോ അവളോ ഒരു കാര്യം ഓർത്താൽ നന്ന്, ഇതല്ല ഏതു സോഷ്യൽ മീഡിയ വ്യാജ പോസ്റ്റിന്റെയും വർത്തയുടെയും ഒറിജിൻ അഥവാ ഉറവിടം കണ്ടെത്താൻ ഇന്ന് നിമിഷനേരം വേണ്ട, സെക്കൻഡുകൾക്കുള്ളിൽ കഴിയും, അതിനുള്ള സംവിധാനങ്ങൾ ഇന്ന് എല്ലാ രാജ്യങ്ങളുടെയും സൈബർ സെക്യൂരിറ്റി വിഭാഗങ്ങളുടെ കൈകളിൽ ഉണ്ട്. പിടിക്കപ്പെട്ടാൽ Information Technology Act – 66E, 66A,72 എന്നീ വകുപ്പുകൾ പ്രകാരം രണ്ടു മുതൽ മൂന്ന് വര്ഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും ഇന്ത്യയിൽ. ഒരുങ്ങിയിരിക്കുക. അടുത്ത വാർത്ത സൃഷ്ടിക്കാൻ ലാപ്ടോപ്പ് തുറക്കുമ്പോൾ ഓർത്തോ.
അടുത്ത വാർത്ത സൃഷ്ടിക്കാനായി, സോഷ്യൽ മീഡിയയിലൂടെ ആരെ കൊല്ലാം എന്ന ചിന്ത മനസ്സിൽ വരുമ്പോൾ, നിങ്ങളുടെ തൊട്ടു മുന്നിലുള്ള നിങ്ങള്ക്ക് മാത്രം അതിപ്രശസ്തരായ ചിലരുണ്ടല്ലോ, നിങ്ങളുടെ അച്ഛൻ, അമ്മ, ഭാര്യ, മകൾ, മകൻ, അവരുടെ തന്നെ ആയിക്കോട്ടെ അടുത്തത്, അത് വെച്ച് അങ്ങ് കാച്ചിക്കോ, ഒരു വ്യാജ-മരണ വാർത്ത, എന്നിട്ടു ആ വാർത്ത കണ്ടു അറിയാവുന്നവർ അന്ധാളിച്ചു, വ്യാകുലപ്പെട്ടു വിളിച്ചു ചോദിക്കുമ്പോൾ, വീട്ടിൽ വരുമ്പോൾ, അത് കേട്ടും കണ്ടും അനുഭവിച്ചും നീയൊക്കെയും ആത്മസായൂജ്യം അടയുക. ജീവിച്ചിരിക്കെ മരണപ്പെടുന്നവരുടെ വേദനയും മാനസിക ആഘാതവും നീയൊക്കെയും അറിയുക, അതുകണ്മുന്നിൽ കണ്ടു, അനുഭവിച്ചു, ആത്മസ്‌ഖലനം നടത്തി സ്വയം രതിമൂര്ഛയടഞ്ഞു ഒടുങ്ങുക. നല്ല നമസ്കാരം.