Sangeeth Sekhar

മലയാളസിനിമയിൽ നിലപാട് എന്നൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.സ്വന്തം നിലനില്പിനപ്പുറം വേറൊരു പ്രത്യേകിച്ച് നിലപാടുമില്ലാത്തവരാണിവർ.പറയുന്ന വാക്കിനു കാലണ വില കല്പിക്കാത്ത തമ്പുരാക്കന്മാർ ഭരിക്കുന്ന ഒരു ഇൻഡസ്ട്രി . വിനയനിൽ നിലപാട് കണ്ടിട്ടുണ്ട്.വിനയൻ സിനിമ ചെയ്തു കൊണ്ടിരുന്ന കാലത്തും അതിനു സാധിക്കാതെ ഒറ്റപ്പെട്ടപ്പോഴും നിലപാടിൽ മായം ചേർത്തിട്ടില്ല .തുളസീദാസിന്റെ കുട്ടനാടൻ എക്സ്പ്രസ്സ് എന്ന സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിട്ട് വാക്കു തെറ്റിച്ച്‌ അഡ്വാൻസും തിരിച്ചു കൊടുക്കാതെ ഒന്നര കൊല്ലത്തോളം അയാളെ വട്ടം കറക്കിയ ഗോപാലകൃഷ്ണൻ എന്ന സൂപ്പർതാരത്തെ താക്കീത് ചെയ്യുന്നതോടെയാണ് മാക്ട ചെയർമാനായിരുന്ന വിനയന്റെ പതനത്തിന്റെ തുടക്കം . ഒരു നിർമ്മാതാവിനും ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാനായി മാക്ട ആ കാലത്ത് നടീനടന്മാർക്ക് എഗ്രിമെന്റ് നിർബന്ധമാക്കണമെന്ന നിയമം കൊണ്ടുവരണമെന്ന് ആലോചിക്കുകയാണ് . സൂപ്പർതാരങ്ങൾ ഉൾപ്പെടെ ആർക്കും അത്തരമൊരു എഗ്രിമെന്റിൽ താല്പര്യം ഉണ്ടായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ . മാക്ട സൂപ്പർ താരത്തിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്ന സമയത്ത് A.M.M.A നടനൊപ്പം നിന്നു .പ്രശ്നം പരിഹരിക്കാൻ സൂപ്പർതാരത്തിന് വിനയൻ 3 മാസത്തെ സമയം നൽകിയപ്പോൾ 3 ദിവസം കൊണ്ട് ചരടുവലികൾക്കൊടുവിൽ മറ്റു സൂപ്പർതാരങ്ങളുടെ ആശീർവാദത്തോടെ മാക്ട നെടുകെ പിളർത്തിക്കൊണ്ടാണ് ഗോപാൽജി തിരിച്ചടിച്ചത്. സിദ്ധിഖിന്റെ നേതൃത്വത്തിൽ സിബി മലയിൽ ,സത്യൻ അന്തിക്കാട് ,ഫാസിൽ,ജോഷി,കമൽ തുടങ്ങിയ പ്രമുഖരെല്ലാം മാക്ട വിട്ടു.സൂപ്പറിന്റെ പിന്തുണയോടെ ഫെഫ്ക തുടങ്ങി.

Image result for VINAYANഇനി വിനയൻ ചെയ്ത ഗുരുതരമായ തെറ്റുകളെ കുറിച്ച് ചിന്തിക്കാം . സിനിമയിലെ താഴെത്തട്ടിലെ തൊഴിലാളികൾക്ക് സഹായകരമാകുന്ന രീതിയിൽ ഒരു കോ ഓപ്പെറേറ്റിവ് സൊസൈറ്റി രൂപീകരിക്കാൻ വിനയൻ മുൻകൈ എടുത്തിരുന്നു.യൂണിറ്റ് മെമ്പേഴ്സ്റ്റിനും ഡ്രൈവർമാർക്കും ശമ്പളം വർധിപ്പിക്കാനായി നിർമാതാക്കളുടെ അസോസിയേഷനോട് ഉടക്കി സമരം നടത്തിയതും വിനയന്റെ കാലത്താണ്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നേ ഏകദേശം എത്ര ചിലവ് വരുമെന്നതിന്റെ ഒരു ഡീറ്റെയിൽ ആയുള്ള എസ്റ്റിമേറ്റ് സമർപ്പിക്കണമെന്നുള്ള നിഷ്കർഷയും ഉയർന്നു വന്നത് ഇതേ കാലത്താണ്. താരങ്ങൾക്ക് എത്ര ലക്ഷം വേണമെങ്കിലും കൂട്ടിക്കൊടുത്ത് ഓച്ഛാനിച്ചു നിൽക്കാൻ തയ്യാറുള്ളവർക്ക് തൊഴിലാളികൾക്ക് വേതന വർദ്ധനവ് എന്നത് അംഗീകരിക്കാൻ സാധിച്ചില്ല. ഒടുവിൽ നിർമാതാക്കളെ സംരക്ഷിക്കാനായി എഗ്രിമെന്റ് കൊണ്ട് വരുന്ന കാര്യം ആലോചിച്ചതോടെ എല്ലാത്തിനും അവസാനവുമായി.സൂപ്പർതാരങ്ങളുടെ ആധിപത്യം മലയാളസിനിമയ്ക്ക് ദോഷമേ ചെയ്യൂ എന്ന തിരിച്ചറിവിൽ അത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയ വ്യക്തി എന്നത് കൊണ്ട് മാത്രമാണ് ഇന്നും പല അന്ധരായ സൂപ്പർതാര ഫാൻസും ഇദ്ദേഹത്തെ കണ്ണുമടച്ചു എതിർക്കുന്നത്.ശ്രീശാന്തിന്റെ ദൃശ്യങ്ങൾ ബി.സി.സി.ഐ എഡിറ്റ് ചെയ്തു കളഞ്ഞ പോലെയാണ് മാക്ടയുടെ വെബ് സൈറ്റിൽ നോക്കിയാൽ 2006 -08 കാലഘട്ടത്തിലെ ചെയർമാന്റെ പേരും പടവും ഇല്ലാതെ ശൂന്യമായി ഇട്ടിരിക്കുന്നത്കാണപ്പെടുന്നത്.

വിനയന്റെ കൂടെ നിന്നിരുന്ന ജോസ് തോമസ് ഉൾപ്പെടെയുള്ള ചുരുക്കം സംവിധായകർ അനായാസം മറുകണ്ടം ചാടി,അയാൾ സിനിമയിലേക്ക് കൊണ്ടുവന്ന യുവനടന്മാരും നടികളും വിനയനെ കണ്ടാൽ മാറി നടക്കാൻ തുടങ്ങി (ഞാൻ കൊണ്ട് വന്നു എന്നതിന്റെ ക്രെഡിറ്റ് ഒന്നും വേണ്ടെന്നു വിനയൻ തന്നെ പറയുന്നുണ്ട് ,കഴിവുള്ളവർ അവരുടെ കഴിവ് കൊണ്ട് മാത്രമാണ് തിളങ്ങിയതും പിടിച്ചു നിന്നതുമെന്നു യാഥാർഥ്യ ബോധത്തോടെ വിനയൻ അംഗീകരിക്കുന്നുമുണ്ട്.) .ചാനലുകളിൽ വിനയനുമായുള്ള അഭിമുഖങ്ങൾ എഡിറ്റ് ചെയ്ത ശേഷം മാത്രമാണ് ടെലികാസ്റ്റ് ചെയ്തിരുന്നത് ,സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ എല്ലാം തന്നെ അദ്ദേഹത്തെ ഒഴിവാക്കി തുടങ്ങി,പുള്ളി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പ്രമുഖരും ഉയർന്നു വരുന്നവരുമെല്ലാം മാറി നിന്ന് തുടങ്ങി ,സൂപ്പർതാര ആരാധകർ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം തുടങ്ങി. ചുരുക്കി പറഞ്ഞാൽ അയിത്തം എന്ന മനോഹരമായ ആചാരം മലയാളസിനിമയിലൂടെ തിരിച്ചെത്തി.

മലയാളസിനിമയിലെ വമ്പന്മാർ എല്ലാവരും മറുവശത്ത് നിൽക്കുമ്പോൾ മറ്റേതൊരു വ്യക്തിയുടെയും കരിയർ അവിടെ തീരേണ്ടതാണ്. പൊടി പോലും കിട്ടാത്ത രീതിയിൽ വിസ്മൃതിയിലേക്ക് പറഞ്ഞയക്കപ്പെടുന്നതിനു പകരം വിനയൻ പൊരുതി നിന്നു. വിനയനിനി ഇവിടെ വേണ്ടെന്ന നിലപാടെടുത്തവരെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം വീണ്ടും സിനിമകൾ എടുത്തു. യക്ഷിയും ഞാനും ,രഘുവിന്റെ സ്വന്തം റസിയ ,ഡ്രാക്കുള ഇതെല്ലാം വന്നു.വിനയൻ സ്വയം സമ്മതിക്കുന്നുമുണ്ട് ,നമുക്കുമറിയാം ഇതെല്ലാം തന്നെ അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളെ വച്ച് നോക്കുമ്പോൾ നിലവാരമില്ലാത്ത സിനിമകളാണ്.സിനിമയെന്നേ പറയാൻ പറ്റില്ലായിരിക്കും .എന്തായാലൂം ടെക്‌നീഷ്യന്മാരെ കിട്ടാതെ,നടീനടന്മാരെ കിട്ടാതെ ,തീയേറ്ററുകൾ കിട്ടാതെ ,കിട്ടിയ അസംസ്കൃത വസ്തുക്കളെല്ലാം വച്ചയാൾ സിനിമ എടുത്തു കൊണ്ടിരുന്നു.ലൊക്കേഷനിൽ സമരങ്ങൾ ,ഒരു ദിവസം വരുന്ന ക്യാമറ മേനോൻ അടുത്ത ദിവസമുണ്ടാകില്ല,സെൻസറിംഗ് നടക്കാതിരിക്കാൻ ഉടക്കുകൾ എന്നിങ്ങനെ ഒറ്റപ്പെടുത്തലിന്റെ അങ്ങേയറ്റം കണ്ടിട്ടും അങ്ങേരിവിടെ സിനിമയെടുത്തു കൊണ്ടിരുന്നു. .യക്ഷിയും ഞാനും സെൻസർ ചെയ്യാൻ അനുവദിക്കാതിരുന്നപ്പോൾ ഹൈക്കോടതിയിൽ പോയി കേസ് കൊടുത്തു ജയിച്ചാണ് പടം സെൻസർ ചെയ്യിച്ചത് .

മലയാളസിനിമയിലെ ചിലർ ഒരു മാഫിയ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നടിച്ചു വിനയനോടൊപ്പം നിന്ന തിലകനെന്ന മഹാനടനെ ഇവരെല്ലാം കൂടെ ഒറ്റപ്പെടുത്തി നരകിപ്പിച്ചാണ് പറഞ്ഞയച്ചത്.യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹം സൈൻ ചെയ്ത സിനിമകളിൽ നിന്നുവരെ ഒഴിവാക്കി.വിനയന്റെ കൂടെ നിന്ന മാള അരവിന്ദൻ ,ക്യാപ്റ്റൻ രാജു എന്നീ അപൂർവം നടന്മാർക്കും അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.2009 ൽ വിലക്കേർപ്പെടുത്തിയ ശേഷം 2011 ലാണ് കടുത്ത എതിർപ്പുകളെ തുടർന്ന് അത് പിൻവലിക്കുന്നത് . ഈ കാലയളവിൽ വിനയനെടുത്ത 3 ചിത്രങ്ങളിലും അലി അക്ബറിന്റെ അച്ഛൻ എന്ന സിനിമയിലും മാത്രമാണ് തിലകന് അവസരം കിട്ടിയത് . തിലകനെ അഭിനയിപ്പിച്ചതിനു സിനിമയുടെ തുടക്കം മുതലേ അലി അക്ബർ നേരിട്ട പ്രശ്നങ്ങൾക്ക് കയ്യും കണക്കുമില്ല.അങ്ങേരുടെ കാർ തടഞ്ഞു ഭീഷണി മുതൽ റിലീസിന് തീയേറ്ററുകൾ നൽകാതെ ഉപരോധം വരെയുണ്ടായി.അവസാനം അലി അക്ബർ കോഴിക്കോട്ട് ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനു ശേഷം മാത്രമാണ് കുറച്ചു തീയേറ്ററുകൾ കിട്ടിയത്.സോഹൻ റോയിയുടെ ഡാം 999(ഷെയിൻ നിഗത്തെ കളിയാക്കി കവിതയെഴുതിയ അതെ ഹോളിവുഡ് സംവിധായകൻ ,തിലകൻ ചേട്ടൻ സെറ്റിൽ വന്നാൽ വേറെ ടെക്‌നീഷ്യൻസ് വരില്ലെന്നും പറഞ്ഞു തിലകനെ ഒഴിവാക്കിയ ആൾ .) തുടങ്ങിയ സിനിമകളിൽ നിന്നുമൊക്കെ നിഷ്കരുണം ഒഴിവാക്കാക്കിയ ശേഷം സീരിയലുകളിൽ പോലും അഭിനയിക്കാൻ അനുവദിക്കാതെ നരകിപ്പിച്ചവർ പിന്നീട് പലപ്പോഴും ഫിലോസഫി വിളമ്പുന്ന കേട്ട് ചിരിച്ചു പോയിട്ടുണ്ട്. തിലകന്റെ മരണശേഷം A.M .M .A ഇറക്കിയ സോവനീറിൽ നിന്നുവരെ ആ മഹാനടന്റെ പേരൊഴിവാക്കി ഇവർ കാട്ടിയ പക മലയാള സിനിമയെ ഉദ്ധരിക്കാനായിരുന്നു എന്നോർക്കുമ്പോൾ ആശ്വാസമുണ്ട്.ഒരാളുടെ മരണശേഷം പോലും അയാളോടുള്ള പക വച്ചുപുലർത്തിയ പുണ്യാത്മാക്കളാണ് ഇവരൊക്കെ എന്നാലോചിക്കുമ്പോഴാണ് സ്‌ക്രീനിൽ കാട്ടുന്നതും ജീവിതവും രണ്ടായി കാണാത്തവരോട് സഹതാപം തോന്നുന്നത്

കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു കോംപെറ്റിഷൻ കമ്മീഷനിലേക്കാണ് വിനയൻ പോയത് .മലയാളസിനിമയിലെ അനാരോഗ്യകരമായ നിലപാടുകൾക്കെതിരെ നിലപാടെടുത്തത് കൊണ്ട് മാത്രം തനിക്ക് മലയാളസിനിമയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ A.M .M .A ക്കും ഫെഫ്കക്കുമെതിരെ കൊടുത്ത പരാതിയിൽ വിനയന് അനുകൂലമായിട്ടാണ് 2017 ൽ വിധി വന്നത്.തൻ്റെ സിനിമകളിൽ സഹകരിക്കരുതെന്നു നടീനടന്മാർക്കും ടെക്‌നീഷ്യൻസിനും കർശന നിർദേശം നൽകി തന്നെ കോർണർ ചെയ്‌തെന്ന ആരോപണം അന്വോഷണത്തിൽ സത്യമെന്നു തെളിഞ്ഞതോടെ A.M .M .A,,ഫെഫ്ക ,സിബി മലയിൽ ,ഇന്നസെന്റ് ,ബി.ഉണ്ണികൃഷ്ണൻ തുടങ്ങിയവക്കെല്ലാം ഫൈൻ അടിച്ചു കൊടുക്കുകയും ചെയ്തു .

ഒരു മാപ്പിൽ എല്ലാ പ്രശ്നങ്ങൾ തീരുമെന്ന ഘട്ടത്തിലും മാപ്പ് ഞാൻ പറയില്ലെന്ന ഉറച്ച നിലപാടെടുത്ത വിനയൻ ,നിങ്ങളാണെന്റെ ഹീറോ .ഒരു ഇൻഡസ്ട്രി മുഴുവൻ എതിരായി നിന്നിട്ടും അവരെ വെല്ലുവിളിച്ചു കൊണ്ടിവിടെ സിനിമകൾ ഇറക്കിയ നിങ്ങളെടുത്ത നിലപാടിനപ്പുറം ഒരു നിലപാടും മലയാളസിനിമയിൽ ഒരാളും എടുത്തിട്ടുമില്ല.ഇപ്പോൾ വെടിനിർത്തലിന്റെ കാലമാണ്.വിനയന് റീ എൻട്രി ലഭിച്ചു കഴിഞ്ഞു.സൂപ്പർതാര ചിത്രങ്ങൾ വരെ ഉടനെ ചെയ്യുന്നുമുണ്ട്.എന്നിട്ടും ഇപ്പോഴും തൻ്റെ പഴയ നിലപാടിൽ നിന്ന് അണുവിട പുറകോട്ടു മാറാതെ ഓരോ തവണയും അത് അടിവരയിട്ടു പറയുന്ന വിനയൻ എന്ന വ്യക്തിക്കാണ് സല്യൂട്ട്… വല്ലാത്തൊരു ചൊറിച്ചിലാണ് ഇപ്പോഴും ചിലർക്ക് വിനയന്റെ പേര് കേട്ടാൽ .സംഭവമിത്രേയുള്ളൂ ,ഇവരൊക്കെ തലയിലേറ്റി നടക്കുന്ന രാജാക്കന്മാർ നഗ്നരാണെന്നു വിനയൻ ഉറക്കെ(പല തവണ ) വിളിച്ചു പറഞ്ഞു . ഏകദേശം പത്ത് കൊല്ലത്തോളം ഒരു ഇന്ഡസ്ട്രിയോടും അത് നിയന്ത്രിക്കുന്ന വൻ ശക്തികളോടും വിട്ടുവീഴ്ചയില്ലാതെ ഫൈറ്റ് ചെയ്തു നിന്ന മനുഷ്യൻ .. ഏജ്‌ജാതി മനുഷ്യൻ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.