സംഗീത് കുമാർ സതീഷ്
ഭഗവൽ സിംഗിന്റെ വിശ്വാസം രണ്ടു പേരുടെ ജീവനെടുത്തു.സാക്ഷര കേരളത്തിലാണ് ഇത് അരങ്ങേറിയതെന്നോർക്കണം. ഭഗവത് സിങിന്റെ ചക്കര ‘വിശ്വാസത്താൽ’ കശാപ്പു ചെയ്യപ്പെട്ടത് രണ്ടു യുവതികൾ. താൻ വിശ്വസിക്കുന്ന മുകളിലുള്ള ആർക്കോ ബലികൊടുത്തതാണ് രണ്ടു മനുഷ്യ ജീവനുകളെ. സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി. കൊന്നു കഷണങ്ങളാക്കി കുഴിച്ചിട്ടു. എന്തിനീ ക്രൂരത? വേറൊന്നിനുമല്ല, താൻ കൊതിച്ച സൗഭാഗ്യങ്ങൾ , സാമ്പത്തിക അഭിവൃദ്ധി, രണ്ടു ജീവനുകൾ ബലി കൊടുത്താൽ മുകളിൽ നിന്നും സൗഭാഗ്യം ഇറക്കി കൊടുക്കും എന്ന ‘അടിയുറച്ച മൂഢ വിശ്വാസം’.
കേരളാ യൂണിവേഴ്സിറ്റിയിൽ പഠിച്ചതാണ് ഈ മഹാൻ, സർവകലാശാല വിദ്യാഭ്യാസം അയാളിൽ എന്ത് മാറ്റം വരുത്തി?

‘കോ പേ’ എന്ന രണ്ടക്ഷരത്തിലെ (കൊതിപ്പിക്കൽ & പേടിപ്പിക്കൽ) കൊതിപ്പിക്കലിൽ ആണ് ഇവർ വീണത്, പോയത് ഒന്നുമൊന്നും അറിയാത്ത രണ്ടു യുവജീവനുകളും. ഒരാളുടെ ദുരാഗ്രഹവും വിശ്വാസവും കവർന്നത് രണ്ടു വിലപ്പെട്ട ജീവനുകൾ.പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ മേനി പറയാമെങ്കിലും, ചെറിയ ഡോസിലെ വിശ്വാസം, ഒടുവിൽ ഡോസ് കൂടുന്തോറും അന്ധവിശ്വാസമായി മാറും. ഇതുകേട്ട് കേരളത്തിലെ വിശ്വാസി സമൂഹം മൂക്കത്തു വിരൽ വെക്കാൻ വരട്ടെ, വിശ്വാസത്തിന്റെ പേരിൽ കാര്യസാധ്യത്തിനായി നിങ്ങൾ കൊടുക്കുന്ന ചെറിയതോതിലുള്ള കാണിക്ക, നേര്ച്ച, വഴിപാടു, പൂജ തുടങ്ങിയ എല്ലാ ‘കൈക്കൂലികളും’ ഒന്ന് തന്നെ. നിങ്ങൾ എറിയുന്നത് ഒരു നാണയമാണെങ്കിൽ, ഭഗവത് സിംഗ് എറിഞ്ഞത് രണ്ടു ജീവനുകൾ എന്ന് മാത്രം.
ഇവിടെ അയാളുടെയും നിങ്ങളുടെയും ഉദ്ദേശ്യം ഒന്ന് തന്നെ. നിങ്ങളുടേത് ഡോസ് കുറഞ്ഞ കൈക്കൂലി, അയാളുടേത് ഡോസ് കൂടിയത് അത്രമാത്രമാണ് വ്യത്യാസം. തത്വത്തിൽ നിങ്ങളും ആയാളും ചെയ്യുന്നത് ഒന്നുതന്നെ.കണ്ടിട്ട് കേരള സമൂഹത്തിൽ ഇതുവരെ നടന്ന ‘നവോഥാനമൊന്നും’ പോരാ, വിദഗ്ധ ചികിത്സ തന്നെ വേണ്ടിവരും. വിശ്വാസത്തിന്റെ പേരിൽ പൊതിഞ്ഞു വെച്ച് നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാത്തരം ക്രിയകളും, ആഭിചാരങ്ങളും നിരോധിക്കണം. അന്ധവിശ്വാസ നിർമാർജന ബില്ല് ഫയലുകളിൽ ഉറങ്ങാൻ തുടങ്ങിയിട്ടു ഒരു പതിറ്റാണ്ടാകുന്നു. കൃത്യമായ നിയമനിർമാണം നടത്തുക മാത്രമല്ല ആളുകളിൽ മതിയായ അവബോധം സൃഷ്ടിച്ചു, ശാസ്ത്ര-യുക്തി ചിന്തയും, മാനവികതയും ഉണ്ടാക്കുവാൻ സർക്കാരുകളും, രാഷ്ട്രീയ പാർട്ടികളും, മറ്റു സംഘടനകളും മുൻകൈ എടുത്തേ തീരു. തുടങ്ങണം അവനവന്റെ വീടുകളിൽ നിന്നും.ഇല്ലെങ്കിൽ ഉദ്ദിഷ്ട കാര്യസാധ്യത്തിനു വേണ്ടി വിശ്വാസത്തിന്റെ പേരിൽ ഇവിടെ ഇനിയും നരബലികൾ നടക്കും. പല മനുഷ്യരുംപകൽ വെളിച്ചത്തിൽ ആധുനികനാണെങ്കിലും, ഉള്ളിൽ ഗുഹാ മനുഷ്യന്റെ മനസ്സും കൊണ്ടാണ് ജീവിക്കുന്നത്.