ക്ഷേത്രത്തിൽ ദളിതൻ പാടേണ്ട എന്ന് സംഘപരിവാർ, സംശയിക്കണ്ട കേരളത്തിൽ തന്നെയാണ്

536

പട്ടിക വിഭാഗത്തിൽ നിന്നും ആദ്യമായി സോപാനഗായകനായി നിയമിച്ച വിനിൽ ദാസിന് കൊച്ചി ദേവസ്വം ബോർഡില്‍ വിലക്ക് കൽപ്പിച്ച് സംഘപരിവാർ. ചേരാനല്ലൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആർഎസ്എസ്‌ നിയന്ത്രിക്കുന്ന ക്ഷേത്രോപദേശക സമിതിയാണ് ​ഗായകനെതിരെ അയിത്തം കല്പിച്ചത്. കീഴ് ജാതിയിൽപെട്ടയാൾ സോപാനപാട്ടിന്‌ വരരുതെന്നായിരുന്നു ആവശ്യം.

ഫോൺ വഴി ഭീഷണികളും വന്നു. പ്രൊബേഷൻ കാലയളവിൽ ഒരു ദിവസംപോലും ജോലി മുടക്കിയിട്ടില്ലാത്ത വിനിലിനെതിരെ, ജോലിക്ക് വരുന്നില്ലെന്നും പാടാനറിയില്ലെന്നും ആരോപിച്ച് കള്ളപ്പരാതികൾ അയച്ചു. ജോലിക്ക്‌ എത്തിയപ്പോൾ ബൈക്കിന്റെ ടയർ പഞ്ചറാക്കുകയും സീറ്റ് കുത്തിക്കീറുകയും ചെയ്തു. വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള മുറി പൂട്ടിയിട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജാതി പറഞ്ഞ് അവഹേളിച്ചു. ഉപദേശകസമിതിക്കാരുടെ ഉപദ്രവങ്ങൾക്കെതിരെ ദേവസ്വം ബോർഡിന് വിനിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടക്കുന്നു.

ഇതുമായി ബന്ധപ്പെട്ടു നാല് സംഘപരിവാർ പ്രവർത്തകർക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.മാർച്ചിൽ നടക്കുന്ന ഉത്സവത്തിൽ മേളങ്ങളുടെ ചുമതല കരാറടിസ്ഥാനത്തിൽ മുമ്പ്‌ ജോലി ചെയ്തയാളെ ഏല്‍പ്പിച്ചു. അതിനായി ഫെബ്രുവരി അഞ്ചുമുതൽ മാർച്ച് 10 വരെ വിനിൽ ദാസിനെക്കൊണ്ട് നിർബന്ധിത അവധിയെടുപ്പിച്ചു. അപേക്ഷയിൽ ഒപ്പിടാൻ അസിസ്‌റ്റന്റ്‌ കമീഷണർ ഭീഷണിപ്പെടുത്തിയെന്ന് വിനിൽ പറ‍ഞ്ഞു. വിനിലിന്റെ പരാതിയില്‍ പ്രശ്നത്തില്‍ ദേവസ്വം പ്രസിഡ‍ന്റ് ഇടപെട്ടു. ലീവ് അപേക്ഷ റദ്ദാക്കി ജോലിയിൽ തുടരാൻ അനുമതി ലഭിച്ചു. വിനിൽ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്‌.