അമ്പലക്കമ്മറ്റികാർ അനുവാദം നൽകിയ ഷൂട്ടിങ് മുടക്കാൻ വർഗ്ഗീയവാദികൾക്ക് എന്തവകാശം ?

0
221

ക്ഷേത്രപരിസരത്തു വച്ച് നടത്തിയ സിനിമാ ഷൂട്ടിങ് , അതിൽ ഹിന്ദു മുസ്ലിം പ്രണയം ഉണ്ടെന്നു ആരോപിച്ചു സംഘ്പരിവാറുകാർ തടഞ്ഞ സംഭവം വിവാദമായിരുന്നു. സിനിമാ ഷൂട്ടിംഗ് സംഘത്തിന് നേരെ അക്രമണവും നടത്തിയിരുന്നു. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് സംഘപരിവാറുകാർ തടഞ്ഞത്
അതുമായി ബന്ധപ്പെട്ട പോസ്റ്റാണ്

വാര്യായേർക്ക് കെ.ജയദേന്റ കിടിലൻ മറുപടി

കെ.ജയദേവൻ.

കാവിക്കൊടികൾ വെച്ച് CPI(M) ഓഫീസിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സാദ്ധ്യമാണോ എന്ന്, ടി.വി ചാനലുകളിൽ വന്നിരുന്ന് വർഗീയത മാത്രം വിളമ്പി ആളായി മാറിയ ഒരു വിദ്വാൻ ചോദിച്ചതായി മാധ്യമങ്ങളിൽ കണ്ടു. ഒരു ചോദ്യത്തിന് ഒരു ഉത്തരം വേണമല്ലോ. മാനവികതയും, മതേതരത്വവും ചിത്രീകരിക്കുകയാണെങ്കിൽ, വെറുപ്പിന് പകരം സ്നേഹത്തന്റ ആശയമാണ് സിനിമ പങ്കുവെക്കുന്നതെങ്കിൽ അത് സാദ്ധ്യമാണ് എന്നാണ് എന്റ ഉത്തരം. AKG സെന്റർ മുതൽ, കേരളത്തിലെ ഏത് പാർട്ടി ഓഫീസും നിങ്ങൾക്ക് ഷൂട്ടിങ്ങിനായി ലഭ്യമാകും.

പക്ഷേ, പ്രശ്നമതല്ല വാര്യരേ.. താങ്കളുടെ ചോദ്യം തന്നെ കേരളം അംഗീകരിക്കില്ല. സ്വന്തം പാർട്ടി ഓഫീസുകൾ വിട്ടുനൽകാനോ, നൽകാതിരിക്കാനോ ഉള്ള CPI (M) ന്റ അവകാശം പോലെ, ക്ഷേത്ര പരിസരത്ത് ഷൂട്ടിങ്ങ് അനുവദിക്കാനോ അനുവദിക്കാതിരിക്കുവാനോ ഉള്ള അവകാശം സംഘപരിവാറിനാണ് എന്ന മട്ടിലുള്ള ആ ആക്രോശം അങ്ങ് വാര്യേത്ത് കൊണ്ട് വെച്ചാൽ മതി. അതൊന്നും തീരുമാനിക്കുന്നത് നിങ്ങളല്ല കോയ. പാർട്ടി ഓഫീസുകൾ CPI(M) ന്റ സ്വത്താണ്. അമ്പലങ്ങളാകട്ടെ, ഹിന്ദുക്കളുടേതാണ് എന്ന് വാദിച്ചാൽ തന്നെയും അത് സംഘപരിവാറിന്റേത് ഒട്ടും തന്നെയല്ല.

അന്തിനേരങ്ങളിൽ, അമ്പലമുറ്റത്ത് ആറടി നീളത്തിലുള്ള മുളവടി വീശി, ചെറുപ്പക്കാരെ പരിശീലിപ്പിച്ച്, അവരിൽ അപര വിദ്വേഷവും വെറുപ്പും സമാസമം നിറച്ച് ആ പാവങ്ങളെ കോഞ്ഞാട്ടയാക്കി വിടുന്നതാണ് അമ്പലങ്ങളുമായുള്ള ആർ.എസ്‌.എസിന്റ ഏകബന്ധം.ക്ഷേത്രപരിസരത്തെങ്ങാനും എത്തിപ്പെടുന്ന അവർണ്ണരെ തല്ലിയോടിക്കാൻ വേണ്ടി മാത്രം ട്രൗസറും ബനിയനും മുളവടിയും ഡ്രസ് കോഡായി സ്വീകരിച്ച പഴയ കാലത്തിന്റ തുടർച്ച അവിടം കൊണ്ട് തീരും. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.
ഇനി വായില്ലാംകുന്നിലെ കാര്യം പറയാം. അമ്പല കമ്മിറ്റിക്കാരോട് അനുവാദം വാങ്ങിയാണത്രെ ഷൂട്ടിങ്ങ് തുടങ്ങിയത്. അതൊരു ചെറിയ സംരംഭമാണെന്നാണ് അറിവ്. കഥയിൽ ഹിന്ദു – മുസ്ലീം പ്രണയമുണ്ട് പോലും. മറ്റൊരു ലൊക്കേഷനിൽ ഉപയോഗിക്കേണ്ട പച്ച നിറത്തിലുള്ള കൊടികളും അവരുടെ കയ്യിൽ ഉണ്ടായിരുന്നത്രെ.

പച്ച നിറത്തിലുള്ള കൊടികൾ കണ്ടപ്പോൾ സംഘികൾക്ക് ഹാലിളകി. അത് ഇവിടേക്കുള്ളതല്ലെന്നും, ഷൂട്ടിങ്ങ് യൂണിറ്റ് കൈയ്യിൽ വെച്ചതാണെന്നും വിശദീകരിച്ചെങ്കിലും അവർ വിട്ടില്ല. ചുകപ്പ് കണ്ട കാളയെപ്പോലെ എന്ന പ്രയോഗം , ഇനി മുതൽ, പച്ച കണ്ട സംഘിയെപ്പോലെ എന്ന് തിരുത്താമെന്നാണ് തോന്നുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വമറിഞ്ഞപ്പോൾ, UDF പ്രവർത്തകർ ലീഗ് പതാക വീശുന്ന വീഡിയോ ,പാക്കിസ്ഥാനിലെ തീവ്രവാദികൾ രാഹുലിന് ജയ് വിളിക്കുന്നതാണ് എന്നും പറഞ്ഞ് ലോകം മുഴുവൻ പ്രചരിപ്പിച്ചവരാണ് ഇന്ത്യയിലെ സംഘപരിവാരം. അവരെന്തും പറയും; ചെയ്യും.ഹിന്ദു – മുസ്ലീം പ്രണയം ഉണ്ട് എന്ന് കൂടി കേട്ടപ്പോൾ അവർ ശരിക്കും പച്ച കണ്ട സംഘിയായി.( ചുകപ്പ് കണ്ട കാള എന്നത് പഴയ പ്രയോഗം.)

കേരളത്തിൽ പ്രചുരപ്രചാരം നേടിയ വലിയൊരു മിത്തിൻ്റെ ഭാഗമാണ് വായില്ലാംകുന്ന്. നമ്പൂതിരിയായ വരരുചിക്ക്, പറയ സ്ത്രീയിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഇളയവന്റ സ്ഥലം. മൂത്തയാൾ അഗ്നിഹോത്രി, ഇന്ദ്രപദം നേടാനായി 100 യാഗങ്ങൾക്ക് പരിശ്രമിച്ച മഹാപണ്ഡിതനായിരുന്നു. പിന്നെ, പാക്കനാർ, നാറാണത്ത് ഭ്രാന്തൻ, പാണനാർ, പെരുന്തച്ചൻ തുടങ്ങി മാനവികതയുടേയും, പ്രതിഭാ വിലാസത്തിന്റയും ആൾരൂപങ്ങളായ 10 പേർ വേറെ. ഒരേ വേരിൽ നിന്ന് പൊട്ടിയ വെവ്വേറെ ജാതികൾ ! ഒടുവിലെ സന്താനമായി വായില്ലാക്കുന്നിലപ്പനും…

പണ്ട്, മുപ്പത് വർഷം മുൻപ്, 1991 ൽ പറയിപെറ്റ പന്തിരുകുലത്തിലൂടെ ഞങ്ങളൊരു യാത്ര നടത്തിയിരുന്നു. ഒറ്റപ്പാലം NSS കോളേജ് യൂണിയന്റ നേതൃത്വത്തിൽ ഒരു സാംസ്കാരിക യാത്ര. നാല് ദിവസം നീണ്ടു നിന്ന അത് തുടങ്ങിയത് വായില്ലാം കുന്നിൽ നിന്നാണ്. കാൽനടയായി അവസാനിച്ചത് ഉപ്പുകുറ്റന്റ പൊന്നാനിയിലും.

അന്നത്തെ കേരളം ജാതിവാദികളാലും, വർഗീയ വാദികളാലും ഈ വിധം പരുക്കേൽപ്പിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നിട്ടും, ഞങ്ങളുടെ ജീവകോശങ്ങളിൽ ഉറങ്ങിക്കിടന്നിരുന്ന സ്വാഭാവികമായ രാഷ്ട്രീയ ചോദന, ജാതീയതക്കും വർഗ്ഗീയതയ്ക്കുമെതിരായ ഒരു സന്ദേശ യാത്രയാക്കി അന്നതിനെ മാറ്റുകയുണ്ടായി. കവിതകൾ, തെരുവു നാടകങ്ങൾ സംഗീത ശിൽപ്പങ്ങൾ..അങ്ങിനെ പലതും. തൃശൂർ ആകാശവാണിയുടെ ‘യുവവാണി’ പരിപാടിയിൽ ഒരു റേഡിയോ നാടകമായും അന്ന് ഞങ്ങളത് അവതരിപ്പിച്ചു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, എന്തൊരു ദീർഘദർശിത്വമായിരുന്നു ആ യാത്രയ്ക്ക്. കേരളത്തിന്റ സഹോദര്യ മനോഭാവത്തിൽ വിഷം കലർത്തുന്ന സംഘപരിവാറിനെതിരായി ഇപ്പോൾ വേണ്ടത് നേർക്കുനേരെയുള്ള ഒരു യുദ്ധമാണ്. അണിയറയിൽ നിന്ന് അവർ അരങ്ങിലേക്കെത്തിയ സ്ഥിതിക്ക്, ജനാധിപത്യ കേരളത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. അതിന്റ തുടക്കമെന്നോണം, വായില്ലാം കുന്നിൽ നിന്ന് ഒരു രണ്ടാം സാംസ്കാരിക യാത്ര തുടങ്ങാൻ മതേതര വിശ്വാസികൾക്ക് ഒരു ആലോചന ഇപ്പോൾ നടത്താവുന്നതാണ്.