ഒന്നര വർഷം മുൻപ് എഴുതിയ പോസ്റ്റാണ്. സംഘപരിവാർ അക്രമിസംഘങ്ങൾ കേരളത്തിന്റെ തെരുവുകളിൽ അഴിഞ്ഞാടുമ്പോൾ അതിന് വഴിവെച്ചവരിൽ പ്രധാനികളായ കേരളത്തിലെ മാധ്യമങ്ങളുടെ കുറ്റകരമായ പങ്ക് ഓർത്തേ പറ്റൂ. ഇന്നിപ്പോൾ സംഘപരിവാർ വാർത്തകളേയും സംഘപരിവാർ നേതാക്കളേയും ബഹിഷ്കരിക്കാൻ മാധ്യമങ്ങൾ ആലോചിക്കുമ്പോൾ, ചില മാധ്യമങ്ങൾ തീരുമാനിക്കുമ്പോൾ, മാധ്യമ പ്രവർത്തകരുടെ സംഘടന നിലപാടെടുക്കാൻ നിർബന്ധിതമാവുമ്പോൾ സംഘപരിവാറിന് വഴിവെട്ടിയ മാധ്യമ ഭൂതകാലം നമ്മളോർക്കണം. കുറ്റബോധത്തോടെ ഓർക്കണം. നെറിയും മനുഷ്യത്വവുമില്ലാത്ത സംഘപരിവാരത്തിന് ചില്ലറ ലാഭങ്ങൾക്കു വേണ്ടി പിന്തുണയും വിസിബിലിറ്റിയും നൽകിക്കൊണ്ട് ഒരു നാടിന്റെ രാഷ്ട്രീയവും സാമുദായികവുമായ ഉറപ്പുകളെ ഒറ്റ് കൊടുക്കുകയായിരുന്നെന്നും ഓർക്കണം. സ്വന്തം ക്യാമറകൾക്കും വോയ്സ് റെക്കോർഡറുകൾക്കും മുന്നിൽ നിന്ന് നമ്മളെത്തന്നെ കൊല്ലാൻ നോക്കുന്നവരുടെ രാഷ്ട്രീയം ഇനിയെങ്കിലും മനസ്സിലാക്കണം.

———-

കഴിഞ്ഞ അഞ്ചോ ആറോ വർഷമേ ആയിട്ടുള്ളൂ സംഘപരിവാർ പ്രതിനിധികൾക്ക് കേരളത്തിലെ വാർത്താ ചാനലുകളിൽ സ്ഥിരമായ ഇടം ലഭിക്കാൻ തുടങ്ങിയിട്ട്. ആ വിസിബിലിറ്റി അവരെ സംബന്ധിച്ച് ആവശ്യമായിരുന്നു. വലിയ കാര്യമായിരുന്നു, അതവർക്ക് കിട്ടിയ ബോണസായിരുന്നു. ജനസംഘത്തിന്റെ കാലം തൊട്ട് തെരഞ്ഞെടുപ്പുകളുൾപ്പെടെയുള്ള ജനാധിപത്യ പ്രക്രിയകളിൽ സംഘപരിവാർ ഇടപെട്ടത് ഈ ദൃശ്യതയ്ക്ക് വേണ്ടിയാണ്. പതുക്കെ പതുക്കെ സ്വീകാര്യത നേടിയെടുക്കപ്പെട്ട ദൃശ്യത. അതിനു പിന്നിൽ നിശ്ശബ്ദമായ കാത്തിരിപ്പുണ്ടായിരുന്നു. അവരത് നേടിയെടുക്കുക തന്നെ ചെയ്തു.

അമൃതാനന്ദമയിയുടെ അൻപതാം പിറന്നാൾ അമൃതവർഷം 50 എന്ന പേരിൽ 2003 ൽ കൊച്ചിയിൽ വെച്ച് ആഘോഷിച്ചപ്പോൾ ആ വാർത്ത എങ്ങനെ കൊടുക്കണം എന്ന ചർച്ചവന്നു കൈരളി ടി.വി.യുടെ ന്യൂസ് ഡെസ്കിൽ. എങ്ങനെ എന്നല്ല, വാർത്തയേ കൊടുക്കേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനമെടുത്ത എഡിറ്റോറിയൽ മീറ്റിങ്ങ് അഭിമാനമുള്ള ഓർമയാണ്. പക്ഷേ പിന്നീട് അത്തരം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനുള്ള ആർജ്ജവം കൈരളി ടി.വി.യ്ക്ക് നഷ്ടപ്പെട്ടു. കൈരളിക്ക് മാത്രമല്ല, ഇടതുപക്ഷ ആഭിമുഖ്യമുള്ള, മതേതര ബോധമുള്ള ചാനലുകൾക്കൊക്കെയും നഷ്ടപ്പെട്ടു. ചർച്ചകളിൽ ആധികാരികമായി പങ്കെടുത്തു കൊണ്ട് സംഘ പരിവാർ ഉണ്ടാക്കിയെടുക്കുന്ന സ്വീകാര്യതയെ യാഥാർഥ്യബോധത്തോടെ മനസ്സിലാക്കുന്നതിൽ ന്യൂസ് ഡെസ്‌കുകൾ പരാജയപ്പെട്ടു. സംഘ പരിവാറിനെ അകറ്റി നിർത്തുകയെന്ന രാഷ്ട്രീയ ജാഗ്രത ന്യൂസ് ഡെസ്കുകളിൽ ഇല്ലാതെ പോയി. ബി.ജെ.പി കേരളത്തിൽ പ്രബല രാഷ്ട്രീയ കക്ഷിയാണെന്ന് സ്ഥാപിക്കപ്പെടാനുള്ള പല കാരണങ്ങളിൽ ഒന്ന് കേരളത്തിലെ ന്യൂസ് ചാനലുകളിലെ ബി.ജെ.പിയുടെ/ സംഘപരിവാർ സംഘടനകളുടെ സ്ഥിര സാന്നിധ്യമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ന്യൂസ് ഡെസ്കുകളിലെ കാവി രാഷ്ട്രീയവും ഇതിനു സമാന്തരമായാണ് മുൻപില്ലാത്ത ദൃശ്യതയോടെ ശക്തമാവുന്നത് എന്നതും ഒരു യാഥാർത്യമാണ്.

അർണാബ് ഗോസ്വാമിയുടെത് ടെലിവിഷൻ ഉപയോഗിച്ചുള്ള സംഘ ദൃശ്യവിസ്ഫോടനത്തിന്റെ തുടർ ഘട്ടമാണ്. എം.ബി.രാജേഷ് എം.പി.യെ, സംസാരിക്കേണ്ട വിഷയത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചാണ് റിപ്പബ്ലിക് ടെലിവിഷന്റെ ചർച്ചയിൽ പങ്കെടുപ്പിച്ചത്. മാധ്യമ ധാർമികതയുടെ ഒരു കണികയും കാണിക്കാതെ അണാബ്, രാജേഷിനെ അപമാനിക്കുക തന്നെയായിരുന്നു. ചർച്ചയുടെ വീഡിയോ ക്ലിപ്പിംഗ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്, അർണാബ് രാജേഷിനെ തോൽപ്പിച്ചു എന്ന മട്ടിലാണ്. ആസൂത്രിതമായ നീക്കം.

ഒന്നേ ചെയ്യാനുള്ളൂ, അർണാബിന്റെ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിക്കണം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. കേരളത്തിന്റെ മതേതരമെന്ന് വിശ്വസിച്ചിരുന്ന മുഖ്യധാരാ മാധ്യമ രംഗത്ത് മതാത്മക സാന്നിധ്യമുറപ്പിക്കാൻ സ്വാഭാവികമായി സംഘ പരിവാറിന് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികതയുടെ ആ തന്ത്രം തന്നെയാണ് അർണാബ് മറ്റൊരു ദിശയിൽ പയറ്റുന്നത്. ഇടതു നേതാക്കളെ പങ്കെടുപ്പിക്കുക, പതിവുപോലെ സംസാരിക്കാൻ അവസരം കൊടുക്കാതിരിക്കുക, പ്രകോപിപ്പിക്കുക, അയാളുടെ ജൽപനങ്ങൾ ശരിയെന്ന് സ്ഥാപിച്ചെടുക്കുക. അതിന് അവസരങ്ങൾ ഉണ്ടാക്കാതിരിക്കുക എന്നതാണ് നേതാക്കൾ ചെയ്യേണ്ടത്. ഭാഷ മലയാളമല്ലെങ്കിലും റിപ്പബ്ലിക് ടെലിവിഷന് / സംഘപരിവാറിന് കേരളം ഒരു ടാർജറ്റാണ്. അതിന് കേരളത്തിലെ നേതാക്കളുടെ സാന്നിധ്യം അവർക്കാവശ്യമുണ്ട്. ആ സാന്നിധ്യം സംഘിന് മാത്രം ഗുണമുണ്ടാക്കുന്ന സാന്നിധ്യമാണ്. ആ സാന്നിധ്യം നൽകേണ്ടതില്ല എന്ന തീരുമാനമാണെടുക്കേണ്ടത്.

ചില അവസരങ്ങളിൽ അവഗണനയേക്കാൾ വലിയ രാഷ്ട്രീയ ആയുധം മറ്റൊന്നില്ല. (2017 may 30)

Advertisements
സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍