സംഘി കോഴിയും പുരോഗമന പരുന്തും

0
203

കെ.ജയദേവൻ

പരുന്തും കോഴിയും, പറഞ്ഞു വന്നാൽ ഒരേ വംശമാണ് – പറക്കാൻ കഴിയുന്ന പക്ഷികൾ. അവയ്ക്കും മറ്റുള്ളവർക്കും അങ്ങിനെ തോന്നാൻ മാത്രമുള്ള വലിയൊരു സാമ്യതയാണ് ഈ പറക്കൽ. അവിടം കൊണ്ട് തീർന്നു സാമ്യത .ബാക്കിയെല്ലാം വൈരുദ്ധ്യങ്ങളാണ്. ചിറകുകളുണ്ടെങ്കിലും കോഴിക്ക് പുരപ്പുറം വരെ മാത്രമേ പരമാവധി പറക്കാനാകൂ. അവിടെ നിന്ന് കാണുന്നതാണ് അതിന്റെ കാഴ്ച്ചകൾ, ലോകം.

എന്നാൽ പരുന്തോ..? ആകാശത്തിന്റെ ഉയരങ്ങളിലാണ് അതിന്റെ ജീവിതം. അവിടെ നിന്നുള്ള കാഴ്ച്ചകളിലാണ് അതിന്റെ ലോകബോധം സൃഷ്ടിക്കപ്പെടുന്നത്. പരുന്ത് കാണുന്നത് കോഴി കാണുന്നേയില്ല. സ്വാഭാവികമായും പരുന്തിന്റെ ലോകം കോഴിക്കന്യമാണ്.
നാം അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടുകഥകളായി തോന്നും’ എന്ന വാട്സ് ആപ്പ് വചനം, കോഴിക്കും ബാധകമാണ്. അതു കൊണ്ട് സംഭവിക്കുന്നത് പക്ഷേ, വേറൊരു ദുരന്തമാണ്. ഉയരക്കാഴ്ച്ചകളെക്കുറിച്ച് പറയുന്ന പരുന്ത് വെറും നുണയനാണ് എന്നാണ് മിക്കവാറും കോഴിയുടെ ധാരണ. കാരണം, അങ്ങിനെയൊരു ലോകം അതിനെ സംബന്ധിച്ച് ഇല്ല തന്നെ.

രാവിലെത്തന്നെ, കോഴിയുടേയും പരുന്തിന്റേയും പഞ്ചതന്ത്രം കഥ പറയാനല്ല വരുന്നത്. മറിച്ച്, നാട്ടിലെ സംഘികളേയും അതല്ലാത്തവരേയും കുറിച്ച് പറയാനാണ്. മറ്റുള്ളവരും തങ്ങളും പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണ് എന്ന് തോന്നിപ്പിക്കാൻ പാകത്തിൽ ഇരുകൂട്ടരും പറയുന്നതിൽ ചില സാമ്യതകളുണ്ട് എന്നത് നേരാണ് – രാഷ്ട്രം, ഭരണഘടനാ ,ജനാധിപത്യം, മനുഷ്യൻ
എന്നാൽ, അവിടെ തീർന്നു സാമ്യത. ബാക്കിയെല്ലാം വൈരുദ്ധ്യങ്ങളാണ്.

സംഘികൾ കാണുന്നത് സ്വന്തം പുരപ്പുറത്ത് നിന്നുള്ള കാഴ്ച്ചകളാണ്. അനന്തമായ ആകാശക്കാഴ്ച്ചകൾ, സ്വാഭാവികമായും ആ ലോകബോധത്തിലില്ല. ആധുനികവും വിശാലവുമായ കാര്യങ്ങൾ മറ്റുള്ളവർ പറയുമ്പോൾ അവർക്കത് മനസ്സിലാവില്ല. എന്ത് പറഞ്ഞാലും അവർ ഹിന്ദു എന്ന് കേൾക്കും. എന്ത് കേട്ടാലും അവർക്ക് പാക്കിസ്ഥാൻ എന്ന് തിരിയും. അതൊരു കുറ്റമല്ല. ഇരിക്കുന്ന പുരപ്പുറത്തിന്റെ പ്രത്യേകതയാണത്. രണ്ട് കാര്യങ്ങളാണ് ഹിന്ദുത്വം അതിന്റെ അനുയായികൾക്ക് നൽകുന്നത് – അഭിമാനിക്കാൻ ഒരു പാരമ്പര്യം. വെറുക്കാൻ ഒരു ശത്രു. മിത്തുകളിലും ചരിത്രത്തിലും ഈ രണ്ട് കാര്യങ്ങളും അവർ കണ്ടെത്തും. മറ്റെല്ലാം അവർക്ക് കള്ളങ്ങളോ ഇല്ലാക്കഥകളോ ആയി തോന്നും.

പ്രകൃതിയിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് നമുക്ക്. ചുറ്റുപാടും നോക്കൂ – കാണുന്ന കാഴ്ച്ചകളെപ്പറ്റി, സ്വന്തം ലോക ബോധത്തെപ്പറ്റി പരുന്തുകൾ കോഴികളോട് തർക്കിക്കാറേയില്ല. രണ്ട് കാഴ്ച്ചകൾ .. രണ്ട് കാഴ്ച്ചപ്പാടുകൾ. രണ്ട് ലോകങ്ങൾ. അവിടെ തർക്കിച്ചിട്ടെന്ത് കാര്യം?