അമേരിക്കൻ വീടുകളിലും സംഘി ശല്യം

173

Priya Unnikrishnan, USA

കുറച്ച് ഹിന്ദുമതപ്രചാരകർ (പരിവാർ) വീട്ടിൽ വന്നിരുന്നു. പേര് ചോദിച്ച് സംസാരം തുടങ്ങി. ഹിന്ദുമതവിശ്വാസപ്രകാരമുള്ള ജീവിതരീതിയിൽ, സസ്യാഹാരരീതി തുടരുന്നതിൽ, വിശ്വാസിയായതിൽ അവർ ഒരുപാട് സന്തോഷം പ്രകടിപ്പിച്ചു. അഭിനന്ദിച്ചു. തുടക്കത്തിൽ അവരെന്റെ നാട് ചോദിക്കാൻ വിട്ട് പോയിരുന്നു കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ മുഖത്തെ സന്തോഷം നീങ്ങി. അതുവരെ അവർ എന്നോട് സംസാരിച്ചത് ഹിന്ദിയിലായിരുന്നു. നിങ്ങൾക്ക് ഹിന്ദി അറിയുമോ എന്നായി പിന്നെ. കേരളത്തിൽ ഹിന്ദി നിർബന്ധമായും പഠിക്കേണ്ട ഭാഷയാണെന്ന് പറഞ്ഞു. അതവരിൽ അദ്‌ഭുതമുണ്ടാക്കി.

കേരളവും തമിഴ്‌നാടും ഒരുപാട് വ്യത്യസ്തമാണെന്ന് അവർ അല്പം വിമുഖതയോടെ. കേരളം വളരെ വ്യത്യസ്തമാണെന്ന് ഞാൻ തീർത്ത് പറഞ്ഞു. ഏറ്റവും ശക്തമായ വിശ്വാസങ്ങൾ അവിടെയാണെന്നും രേഖപ്പെടുത്തി. വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യമുണ്ടവിടെ, മനോഹരമായ പുരാതനക്ഷേത്രങ്ങളും പള്ളികളുമുണ്ട്. ഇന്നത്തെക്കാലത്തെ ജാതീയചിന്തകളിൽ നിന്നും മുഴുവനായില്ലെങ്കിലും മാറിനടപ്പുണ്ട്. അവർ പിന്നെ, ഭഗവദ്ഗീതയെക്കുറിച്ച് തുടങ്ങി. അതിന് മുൻപേ ദൈവസങ്കല്പത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ഞാൻ ഉപസംഹരിച്ചു.

പോകാനിറങ്ങിയപ്പോൾ, എന്റെ അയൽക്കാരി, പാകിസ്ഥാനി, അവരുടെ മുത്തശ്ശിയുടെ റെസീപ്പിയിൽ ഉണ്ടാക്കിയ പലഹാരവുമായി അവിടെയെത്തി. ഞാനവരെ തമ്മിൽ പരിചയപ്പെടുത്തി. പിന്നീട് വരാമെന്ന് പറഞ്ഞ് അവരിറങ്ങി, പോകുന്നതിനിടയിൽ കേരളത്തെക്കുറിച്ച് അവർ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. കേരളം, അതൊരു നിലപാട് തന്നെയാണിപ്പോൾ. ഇനി വീണ്ടും വരുമ്പോൾ, അവരുടെ പക്ഷത്ത് കൃത്യമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്കുള്ള വിഷയമുണ്ടായിരിക്കും. കരുതലോടെത്തന്നെയാണ്.