മൾട്ടിസ്റ്റാർ ചിത്രമായ ഇതിൽ നമുക്ക് മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ കഴിയില്ല

66

Sanitha Anoop

“കരിയിലക്കാറ്റുപോലെ”

കരിയിലക്കാറ്റുപോലെ… പേരിലെ ഈ കാല്പനികതയാണ് എന്നും പദമരാജന്റെ ഹൈലൈറ്റ്. സ്ത്രീയുടെ പക, പ്രതികാരം എന്ന വികാരങ്ങളെ ഉലയിൽ വെച്ച് ഊതിയൂതി കാച്ചിയെടുത്ത കനൽതിളക്കമാണ് ഈ സിനിമക്കുള്ളത്. അന്വേഷണ ത്രില്ലറിൽ പെടുന്ന ഈ ചിത്രം സുധാകർ മംഗളോദയം എഴുതിയ ‘ശിശിരത്തിൽ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമയാണ് .

മൾട്ടിസ്റ്റാർ ചിത്രമായ ഇതിൽ നമുക്ക് മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ കഴിയില്ല എന്നിടത്താണ് ഇന്നും ഈ സിനിമയുടെ മൂല്യം തിളങ്ങുന്നത് . രണ്ടു കഥാപാത്രങ്ങൾ മാത്രമായി ലാലും മമ്മൂട്ടിയും തിളങ്ങി നിൽകുമ്പോൾ ശ്രീപ്രിയയുടെ കൂർത്ത ആഞ്ഞു തുളയ്ക്കുന്ന നോട്ടം തിയേറ്റർ വിട്ടു ഇറങ്ങുമ്പോഴും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു.

Image result for kariyilakkattu poleസുപ്രസിദ്ധനായ സിനിമസംവിധായകൻ ഹരികൃഷ്ണൻ കൊല്ലപ്പെടുന്നിടത്താണ് സിനിമയുടെ തുടക്കം . ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും പോലീസ് ചോദ്യം ചെയ്യുന്നു. പക്ഷേ അന്വേഷണം എങ്ങും എത്താതെ നിൽകുമ്പോൾ ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും പോലീസിന് ലഭിക്കുന്നു.
അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവതി, ഇപ്പോൾ ഭഗിനിസേവാമയി എന്നപേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു.

എഴുത്തുകാരനെ, സിനിമക്കാരനെ ആരാധിക്കുന്ന ശില്പ കാർത്തികയുടെ കയ്യിൽ ഭദ്രമായിരുന്നു .ആ വലിയ പൊട്ടഴകിൽ ഒരു കൗമാരനക്ഷത്രം പോലെ കാർത്തിക തിളങ്ങി നിന്നു. റഹ്‌മാൻ അവതരിപ്പിച്ച അനിൽ കുമാറിന്റെ മാനറിസങ്ങളും സിനിമയുടെ കഥാഗതിയിൽ നിർണായകമാണ് .ഉണ്ണിമേരിയുടെ കാമുകി വേഷം പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ പോകുന്നുണ്ട് .കൂട്ടുകാരിയുടെ ജീവിതം തകർന്നതിന്റെ നിരാശയും, സ്വന്തം കാമുകൻ ആണ് അതിന്റെ കാരണം എന്ന തോന്നലും അവരെ സന്യാസ ജീവിതത്തിൽ എത്തിക്കുന്നു .

ശ്രീപ്രിയ അവതരിപ്പിച്ച തുളസി ആണ് ഈ സിനീമയുടെ തുടക്കത്തിലും ഒടുക്കത്തിലും തിളങ്ങുന്നത്. തന്റെ ഇഷ്ടപ്രകാരമല്ലാതെ സ്വന്തം ശരീരം ബലപ്രയോഗത്തിലൂടെ അനുഭവിച്ച പുരുഷനോട് പൊറുക്കാൻ മാത്രം ഉദാരമതി അല്ല അവളിലെ സ്ത്രീത്വം. ഒരുമാത്രപോലും ആഗ്രഹിക്കാതെ തന്റെ ഉള്ളിൽ ജനിച്ച കുട്ടിയെ സ്‌നേഹിക്കുമ്പോൾ അവളിലെ മാതൃത്വം പൂർണമാകുന്നു. കോളേജ് അദ്ധ്യാപികയായും നല്ല ഒരമ്മയായും ജീവിക്കുമ്പോഴും സ്വന്തംജീവിതം ഒരു നിമിഷത്തെ പകപോക്കലിന് വേണ്ടി ഉപയോഗിച്ച ഹരികൃഷ്ണന്‌ അവളിലെ സ്ത്രീ കൊടുക്കുന്ന കാവ്യനീതിയാണ് ഈ സിനിമയിലെ അവരുടെ വെറുപ്പും വൈരാഗ്യവും. സ്വന്തം മകൾ ആയ ശിൽപയെ പോലും ഹരികൃഷ്ണൻ എന്ന കുത്തഴിഞ്ഞ സിനിമാക്കാരൻ പ്രാപിക്കും എന്ന ചിന്തയാണ് അവരെ ഒരു കൊലപാതകം ചെയ്യാൻ തക്കവണ്ണം ധൈര്യവതിയാക്കുന്നത്. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ സ്വന്തം പ്രണയിനി തനിക്ക് നഷ്ട്ടപെടും എന്ന ആവലാതിയിൽ റഹ്മാന്റെ കഥാപാത്രം ആണ് ഹരികൃഷ്ണനെ കൊലപ്പെടുത്തുന്നത്.

ആകാംഷയും പകയും തിളച്ചുമറിയുന്ന ഭൂതകാലവും ഒരേചരടിൽ കോർത്തെടുക്കുന്ന പല പല ജീവിതങ്ങളും …കണ്ടിറങ്ങുമ്പോൾ കരിയിലക്കാറ്റു പോലെ ആരും ആർക്കും സ്വന്തമല്ല എന്ന ഒരു ശൂന്യത ബാക്കി വെക്കുന്ന സിനിമയാണ് എനിക്ക് ഈ ചിത്രം എന്നും .
കഥക്കും സംഭാഷണങ്ങൾക്കും ഒരുപടി മുന്നിൽ ആണ് ഈ സിനിമയുടെ ബി ജി എം .ശരിക്കും ഒരു ജോൺസൺ മാഷ് മാജിക് .പദമരാജൻ എന്ന ക്രാഫ്ട്മാന്റെ സിനിമയാണ് ഈ ചിത്രം എല്ലാ അർത്ഥത്തിലും .