പദ്മരാജൻ ഒരു കാലഘട്ടത്തിന്റെ വികാരമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ കാലഘട്ടം താണ്ടി വന്നവർക്കു അദ്ദേഹം എന്നുമൊരു ഗന്ധർവ്വൻ ആകുന്നത്. മായികമായ തൂലികാസ്പര്ശത്തിന്റെ അനുഭവങ്ങൾ അഭ്രപാളികളിലേക്ക് കൂടി പകരുമ്പോൾ ആസ്വാദകർ അതിൽ തളച്ചിടപ്പെടുന്നു. ഇതെന്തു മാജിക്ക് ആണ് എന്ന് നാം നമ്മോടു തന്നെ ചോദിക്കുന്നു. ഹൃദയംകൊണ്ട് അനുഭവിക്കുക എന്നതിന്റെ ഉച്ചകോടിയാണ് പദ്മരാജന്റെ കഥകളും സിനിമകളും എല്ലാം. മനുഷ്യന് മാത്രം പ്രകൃതിനൽകിയ കലാസ്വാദനത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച സൃഷ്ടികൾ നമുക്ക് തന്ന നമ്മുടെ സ്വന്തം പപ്പേട്ടൻ . ഒരു സുഖ സുഷുപ്തിക്കിടെ എത്രയോ സൃഷ്ടികളെ ബാക്കിവച്ചുകൊണ്ടു നമ്മിൽ നിന്നും മാഞ്ഞപ്പോൾ ഒരു യുഗം തന്നെയാണ് കടന്നുപോയത്. ഭൗതികമായ ശരീരം അണിയറ വിട്ടേ പോയിട്ടുള്ളൂ.. അരങ്ങിൽ അന്നും ഇന്നും പപ്പേട്ടൻ വാരിവിതറിയ കഥാപാത്രങ്ങളുടെ സമ്മേളനമാണ്. വൈവിധ്യ ഋതുക്കളുടെ കൈയുംപിടിച്ചു ഓരോ രംഗങ്ങളിൽ അവർ നമ്മോടു സംവദിച്ചുകൊണ്ടേയിരിക്കുന്നു. ഒരു കാലത്തിനും മറവിയുടെ കയങ്ങളിലേക്കു വലിച്ചെറിയാൻ സാധിക്കാതെ അത്രയും പ്രശോഭിതമായി നമ്മിൽ അവയെല്ലാം അനുദിനം തേച്ചു മിനുക്കപ്പെടുന്നു. ആസ്വാദകർ എങ്ങനെ നന്ദി പറയാതിരിക്കും… സനിത സനൂപിനെ പോലുള്ളവരിലൂടെ പപ്പേട്ടനും രചനകളും ഇങ്ങനെ റീവൈന്റ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. ഈ ആർട്ടിക്കിൾ ഒരു പദ്മരാജന്റെ സൃഷ്ടികളെ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ഒരാൾക്ക് മാത്രം സാധിക്കുന്നതാണ്. സനിത അനൂപ് എഴുതുന്നു.

 

ഞാൻ കണ്ട ഗന്ധർവ്വൻ

സനിത അനൂപ്

ഓർമ്മകൾ കൊണ്ട് തുലാഭാരം…
            കണ്ടു മറന്ന
ഫ്രെമുകൾക്കും
           പാതി വഴിയിൽ
മറന്നിട്ടു പോയ വാക്കുകൾക്കും .
          അപരനായും
നൊമ്പരത്തിപ്പൂവായും
          കരിയിലക്കാറ്റുകൾക്കിടയിലെ
ഗന്ധർവ്വനായി
          നീ ഉണ്ടാവണം…
എന്നിലെ ശൂന്യതയെ
         ഒരു തകര പോലെ എങ്കിലും
പ്രണയിക്കുവാൻ

 

മനസ്സിൽ പ്രണയമുള്ള ഏതൊരാളും ഒരു പത്മരാജൻ ഫാൻ ആയിരിക്കും. ഞാനും അതേയ് കട്ട ഫാൻ ആണ്. നമ്മുടെയെല്ലാം മനസിലെ ഗന്ധർവ സാനിദ്ധ്യമായിരുന്നു പത്മരാജൻ. ഗുല്മോഹറുകൾ വീണ ഇടവഴികളിൽ ഒരു നില തെറ്റിയ കാഴ്‌ച ആയി ആ പ്രണയസൂര്യൻ അസ്‌തമിക്കും വരേയ്ക്കും കാല്പനികതയുടെ ആൾ രൂപങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ ചെറു കഥകളും സിനിമകളും.

എക്കാലവും പ്രണയികൾ ഓർമ്മിക്കുന്ന ഒരു വാക്യമാണ് നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക തമ്മിൽ കാണുക എന്നൊന്ന് ഇനി ഉണ്ടാവുകയില്ല ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക – ലോല എന്ന ഈ ചെറുകഥയാണ് ഇദേഹത്തിന്റെ ആദ്യ സൃഷ്ടി. കഥാസാഹിത്യത്തിലെ ആധുനികതയുടെ നാമ്പുകൾ ആയിരുന്നു ഓരോ പത്മരാജൻ കഥകളും. നൂറ്റി ഇരുപതോളം ചെറുകഥകൾ ഉൾപ്പെടുന്ന പത്തോളം ചെറുകഥാ സമാഹാരങ്ങൾ അദ്ദേഹം നമുക്കായി നൽകി. ”നക്ഷത്രങ്ങളേ കാവൽ” എന്ന ആദ്യ നോവൽ കഥാതന്തുവിന്റെ സവിശേഷത കൊണ്ടും, രചനാശൈലിയുടെ വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധേയമായി.
നിരൂപകപ്രശംസ കൂടാതെ ആ വർഷത്തെ കേരളസാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ആ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീടു് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, കള്ളൻ പവിത്രൻ, ഉദകപ്പോള, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, ഋതുഭേദങ്ങളുടെ പാരിതോഷികം, പെരുവഴിയമ്പലം, രതിനിർവ്വേദം, ജലജ്ജ്വാല, നന്മകളുടെ സൂര്യൻ, ഒന്നും രണ്ടും മൂന്നു് തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു.

 

ഭരതൻ പത്മരാജൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രയാണം നമ്മുടെ മധ്യവർത്തി സിനിമകളുടെ തുടക്കമായിരുന്നു. 1979 ൽ പെരുവഴിയമ്പലത്തിലൂടെ മലയാളികൾക്ക് ഒരു പുതിയ ചലച്ചിത്ര ലോകമാണ് അദ്ദേഹത്തിലെ കാല്പനികമായ സിനിമാക്കാരൻ സമ്മാനിച്ചത് . ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്നു് പറന്നു് പറന്നു്, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റു പോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവു്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, സീസൺ, ഇന്നലെ, ഞാൻ ഗന്ധർവ്വൻ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

മലയാളിയുടെ സാംസ്കാരികനഭസ്സിലെ പ്രൗഢോജ്ജ്വലമായ ഒരു ഗന്ധർവ്വസാന്നിദ്ധ്യമായിരുന്നു പി. പത്മരാജൻ എന്ന കഥാകാരനും ചലച്ചിത്രസ്രഷ്ടാവും. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ ഒരു കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്തു്, സംവിധായകൻ – ഇതെല്ലാമായിരുന്നു പത്മരാജൻ. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ വരുന്ന നോവൽ, ചെറുകഥാസമാഹാരപ്രസിദ്ധീകരണങ്ങൾ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ അന്യസംവിധായകർക്കു വേണ്ടി ഇരുപതോളം തിരക്കഥകൾ. എല്ലാ അർത്ഥത്തിലും മലയാളിമനസ്സുകളിൽ തിളങ്ങി നിന്ന ഒരു മിന്നൽക്കൊടി ആയിരുന്നു അദ്ദേഹം.

 

നവംബറിലെ നഷ്ട്ടത്തിലെ മീരയുടെ നോവുകൾ നമ്മുടെ ഹൃദയത്തെ ആണ് മുറിവേല്പിച്ചതു് . കൂടെവിടെയിലെ റഹ്മാൻ തരംഗം അന്നത്തെ കോളേജ് കാമ്പസുകളെയാണ് ഇളക്കി മറിച്ചത് . തിങ്കളാഴ്‌ചാ നല്ല ദിവസത്തിൽ എത്തുമ്പോൾ ഒരു കൂട്ട് കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴ അടുപ്പങ്ങളെയും അകലങ്ങളെയുമാണ് മലയാളി നീറ്റലോടെ കണ്മുന്നിൽ കണ്ടത്. പെണ്ണിന്റെ ശരീരത്തിൽ അല്ല വിശുദ്ധി വേണ്ടത് മനസ്സിൽ ആണ് എന്ന വിപ്ലവാത്മകമായ സന്ദേശമാണ് നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകളിലെ ക്ലൈമാക്സിൽ പത്മരാജൻ നിറച്ചു വെച്ചത്. കളങ്കിത ആയ കാമുകിയെ സ്വന്തം നെഞ്ചോടു ചേർക്കുന്ന സോളമന്റെ ലോറിയുടെ സൈറൺ മലയാളിയുടെ കപട സദാചാരത്തിനു് നേരേയുള്ള ഹോൺ അടി ആയിരുന്നു.

നൊമ്പരത്തിപ്പൂവും അപരനും മൂന്നാംപക്കവും മരണത്തിന്റെ നനുത്ത തണുപ്പുള്ള വിഷാദഛായ ഉള്ള കുടുംബ ചിത്രങ്ങൾ ആയിരുന്നു തിയേറ്റർ വിട്ടു ഇറങ്ങിയാലും നമ്മോടൊപ്പം പോരുന്ന ഇടനെഞ്ച് പൊട്ടുന്ന വേദനയുടെ രസതന്ത്രം ആണ് ഈ രചനകൾ. കാലത്തിനു മുന്നേ പിറന്ന സിനിമ ആയിരുന്നു സീസൺ. ഒരു പക്ഷെ ഈ കാലത്തു ഇറങ്ങിയെങ്കിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആകുമായിരുന്ന ഒരു കഥാതന്തുവും മേയ്ക്കിങ്ങും.

 

 

മലയാളിയുടെ മഴ പ്രേമവും കാമവും ഇന്ന് പൂവിടുന്നു ക്ലാരയിൽ ആണ്. ഒരു നാരങ്ങാവെള്ളം കാച്ചുന്ന സുഖമാണ് മണ്ണാതൊടി ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം. സമകാലിക മലയാളസിനിമയിൽ ആദ്യമായി ലെസ്‌ബിയനിസം പ്രമേയമാക്കുന്ന ചിത്രമായിരുന്നു ദേശാടനക്കിളികൾ കരയാറില്ല എന്നത്.
ഓർമ്മകൾ ഇല്ലാതിരുന്ന സ്വയം വേദനിക്കുന്ന ഗൗരിയെ പ്രണയത്താൽ ഉള്ളു നീറുന്ന അവളെ ആർക്കും വിട്ടു കൊടുക്കാൻ ആവാതെ ചേർത്ത് നിർത്തുന്ന ശരത് മേനോൻ സ്വന്തം ആണെങ്കിലും അവളുടെ ഇന്നലെകളെ മാത്രം നെഞ്ചിനുള്ളിൽ ഒതുക്കി ഇടനെഞ് പൊട്ടി ഇറങ്ങി പോകുന്ന ഡോക്ടർ നരേന്ദ്രൻ …അതെ ചില ഇന്നലെകൾ ഇങ്ങനെയാണ്. വർഷങ്ങൾക്കു ഇപ്പുറവും നമ്മളെ കുത്തി നോവിപ്പിക്കുന്ന രസമുള്ള നോവുകൾ.

ഒടുവിൽ കാല്പനികതയുടെ തേരിൽ ഏറി പോയ ഗന്ധർവനിൽ നമ്മൾ മലയാളികൾ പത്മരാജൻ ടച്ച് അവസാനിപ്പിക്കേണ്ടി വരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെയേ ഓരോ മലയാളിക്കും ഇന്ന് ആ സിനിമകളെ ഓർമ്മിക്കാൻ കഴിയു. വർഷങ്ങൾക്കു ഇപ്പുറം പൂജപ്പുരയിൽ ഉള്ള ആ കാല്പനിക കൊട്ടാരത്തിൽ ജോലിയുടെ ഭാഗമായി ഞാൻ പോയിരുന്നു. നിറം മങ്ങാത്ത ചിത്രങ്ങൾ ആയി ആ വീടിന്റെ എല്ലാ ചുവരുകളും ഇപ്പോഴും ആ താടി വെച്ച മുഖം ഉണ്ട് ചിലതിൽ തൊപ്പി വെച്ച് പക്കാ ഡയറക്ടർ ലുക്കിൽ. രാധാലക്ഷ്മിയുടെ ഓർമപുസ്‌തകത്തിൽ ഓരോ മലയാളിയുടെയും നെഞ്ചിനുള്ളിൽ ഉള്ള ആ ഗന്ധർവ രൂപം നമ്മളെ പഠിപ്പിക്കുന്നത് ഒന്നാണ് ഓർമ്മകൾക്കു മരണം ഇല്ല.

മുറ്റത്തെ പോർച്ചിൽ ഇപ്പോഴും പൊടി പിടിച്ചു കിടക്കുന്ന പഴയ പ്രീമിയർ പദ്മിനി കരിയിലകൾ വീണ വഴിത്താരകളിൽ വീണ്ടും പത്മരാജൻ…. നിങ്ങൾ ജീവിക്കുന്നു. ഓരോ മലയാളിയും ഈ ഭൂലോകത്ത് ഉള്ളിടത്തോളം. ആഗോള കാല്പനികതയുടെ ഗന്ധർവ്വസ്പർശമാവാൻ ഞാനും ഇവിടെ കാത്തിരിക്കുന്നു.

***

 

പ്രണയത്തിന്റെ തൂവാനത്തുമ്പികൾ❤

ഒരു ഇടവപ്പാതിയിൽ മഴയെ കൈ ചേർത്ത് പിടിച്ചൊരാൾ ഒരു മുഖവുരയുമില്ലാതെ ഫ്ലാറ്റിലേക്ക് കയറി വന്നു. ഇലപച്ചയും ചുവപ്പും നിറങ്ങളിൽ കുറെ സ്കെച് പേനകളും ഒരു മധുരകേക്കും ആ കയ്യിൽ നനഞ്ഞൊട്ടി ഉണ്ടായിരുന്നു.മഴയുടെ ഒച്ചപ്പരപ്പിനൊപ്പം ഒരു ചൂട് കട്ടൻചായയിൽ തൂവാനത്തുമ്പികളിലെ റിയൽ ഹീറോ (ഉണ്ണിയേട്ടൻ )വിശേഷങ്ങൾ പറഞ്ഞു. മണ്ണാറംതൊടി ജയകൃഷ്ണൻ നേരെ കണ്മുന്നിൽ.ഒരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന ചോദ്യം എന്റെ തൊണ്ടയിൽ കുടുങ്ങിപ്പോയി.

 

വെൺചാമരങ്ങൾ എന്ന പുസ്തകത്തിന്റെ ആലോചനക്കിടയിലാണ് ഞങ്ങൾ പരിജയമാവുന്നത്.ഇടയ്ക്കിടെ കാണുന്ന ഓഫീസ് നേരങ്ങൾക്കിടയിൽ ഒരിക്കൽ ന്റെ വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഫോണിൽ മോന്റെ ഫോട്ടോയൊക്കെ നോക്കി കുറേനേരം ഇരുന്നു.അവന്റെ പടങ്ങൾ കണ്ടപ്പോൾ വാത്സല്യത്തോടെ പറഞ്ഞു അവൻ മിടുക്കനാണല്ലോ..ആ അന്വേഷണം ആണ് പൊരിമഴയിൽ കുടയും തുണിസഞ്ചിയുമായി ഫ്ലാറ്റിൽ എത്തിയത്.ഇടക്കൊക്കെയും കാണാറുണ്ട്. ഉഷചേച്ചിയും ഉണ്ണിയേട്ടനും ഈ അടച്ചിരിപ്പിന്റെ കാലത്തും സുരക്ഷിതരായി ഇരിക്കട്ടെ.ക്ലാരയും രാധയും മണ്ണാറത്തൊടിയും തിരശീലയിൽ എത്തിയിട്ട് ഇന്ന് 34കൊല്ലം.

തൂവാനത്തുമ്പികൾക്ക് സ്നേഹം ❤
ഇന്നും കേരളവർമ്മ കോളേജ് കാണുമ്പോൾ വടക്കും നാഥന്റെ പ്രദക്ഷിണവഴിയിൽ എത്തുമ്പോൾ തൂവാനത്തുമ്പികളും പദ്മരാജന്റെ മാജിക്കൽ ഫ്രയിമുകളും മനസ്സിൽ പ്രണയമഴ പെയ്യിക്കുന്നു ❤

****

കരിയിലക്കാറ്റുപോലെ… പേരിലെ ഈ കാല്പനികതയാണ് എന്നും പദ്മരാജന്റെ ഹൈലൈറ്റ്

കരിയിലക്കാറ്റുപോലെ… പേരിലെ ഈ കാല്പനികതയാണ് എന്നും പദമരാജന്റെ ഹൈലൈറ്റ്. സ്ത്രീയുടെ പക, പ്രതികാരം എന്ന വികാരങ്ങളെ ഉലയിൽ വെച്ച് ഊതിയൂതി കാച്ചിയെടുത്ത കനൽതിളക്കമാണ് ഈ സിനിമക്കുള്ളത്. അന്വേഷണ ത്രില്ലറിൽ പെടുന്ന ഈ ചിത്രം സുധാകർ മംഗളോദയം എഴുതിയ ‘ശിശിരത്തിൽ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമയാണ് .
മൾട്ടിസ്റ്റാർ ചിത്രമായ ഇതിൽ നമുക്ക് മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ കഴിയില്ല എന്നിടത്താണ് ഇന്നും ഈ സിനിമയുടെ മൂല്യം തിളങ്ങുന്നത് . രണ്ടു കഥാപാത്രങ്ങൾ മാത്രമായി ലാലും മമ്മൂട്ടിയും തിളങ്ങി നിൽകുമ്പോൾ ശ്രീപ്രിയയുടെ കൂർത്ത ആഞ്ഞു തുളയ്ക്കുന്ന നോട്ടം തിയേറ്റർ വിട്ടു ഇറങ്ങുമ്പോഴും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു.

സുപ്രസിദ്ധനായ സിനിമസംവിധായകൻ ഹരികൃഷ്ണൻ കൊല്ലപ്പെടുന്നിടത്താണ് സിനിമയുടെ തുടക്കം . ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും പോലീസ് ചോദ്യം ചെയ്യുന്നു. പക്ഷേ അന്വേഷണം എങ്ങും എത്താതെ നിൽകുമ്പോൾ ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും പോലീസിന് ലഭിക്കുന്നു.അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവതി, ഇപ്പോൾ ഭഗിനിസേവാമയി എന്നപേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു.

എഴുത്തുകാരനെ, സിനിമക്കാരനെ ആരാധിക്കുന്ന ശില്പ കാർത്തികയുടെ കയ്യിൽ ഭദ്രമായിരുന്നു .ആ വലിയ പൊട്ടഴകിൽ ഒരു കൗമാരനക്ഷത്രം പോലെ കാർത്തിക തിളങ്ങി നിന്നു. റഹ്‌മാൻ അവതരിപ്പിച്ച അനിൽ കുമാറിന്റെ മാനറിസങ്ങളും സിനിമയുടെ കഥാഗതിയിൽ നിർണായകമാണ് .ഉണ്ണിമേരിയുടെ കാമുകി വേഷം പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ പോകുന്നുണ്ട് .കൂട്ടുകാരിയുടെ ജീവിതം തകർന്നതിന്റെ നിരാശയും, സ്വന്തം കാമുകൻ ആണ് അതിന്റെ കാരണം എന്ന തോന്നലും അവരെ സന്യാസ ജീവിതത്തിൽ എത്തിക്കുന്നു .

ശ്രീപ്രിയ അവതരിപ്പിച്ച തുളസി ആണ് ഈ സിനീമയുടെ തുടക്കത്തിലും ഒടുക്കത്തിലും തിളങ്ങുന്നത്. തന്റെ ഇഷ്ടപ്രകാരമല്ലാതെ സ്വന്തം ശരീരം ബലപ്രയോഗത്തിലൂടെ അനുഭവിച്ച പുരുഷനോട് പൊറുക്കാൻ മാത്രം ഉദാരമതി അല്ല അവളിലെ സ്ത്രീത്വം. ഒരുമാത്രപോലും ആഗ്രഹിക്കാതെ തന്റെ ഉള്ളിൽ ജനിച്ച കുട്ടിയെ സ്‌നേഹിക്കുമ്പോൾ അവളിലെ മാതൃത്വം പൂർണമാകുന്നു. കോളേജ് അദ്ധ്യാപികയായും നല്ല ഒരമ്മയായും ജീവിക്കുമ്പോഴും സ്വന്തംജീവിതം ഒരു നിമിഷത്തെ പകപോക്കലിന് വേണ്ടി ഉപയോഗിച്ച ഹരികൃഷ്ണന്‌ അവളിലെ സ്ത്രീ കൊടുക്കുന്ന കാവ്യനീതിയാണ് ഈ സിനിമയിലെ അവരുടെ വെറുപ്പും വൈരാഗ്യവും. സ്വന്തം മകൾ ആയ ശിൽപയെ പോലും ഹരികൃഷ്ണൻ എന്ന കുത്തഴിഞ്ഞ സിനിമാക്കാരൻ പ്രാപിക്കും എന്ന ചിന്തയാണ് അവരെ ഒരു കൊലപാതകം ചെയ്യാൻ തക്കവണ്ണം ധൈര്യവതിയാക്കുന്നത്. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ സ്വന്തം പ്രണയിനി തനിക്ക് നഷ്ട്ടപെടും എന്ന ആവലാതിയിൽ റഹ്മാന്റെ കഥാപാത്രം ആണ് ഹരികൃഷ്ണനെ കൊലപ്പെടുത്തുന്നത്.

ആകാംഷയും പകയും തിളച്ചുമറിയുന്ന ഭൂതകാലവും ഒരേചരടിൽ കോർത്തെടുക്കുന്ന പല പല ജീവിതങ്ങളും …കണ്ടിറങ്ങുമ്പോൾ കരിയിലക്കാറ്റു പോലെ ആരും ആർക്കും സ്വന്തമല്ല എന്ന ഒരു ശൂന്യത ബാക്കി വെക്കുന്ന സിനിമയാണ് എനിക്ക് ഈ ചിത്രം എന്നും .കഥക്കും സംഭാഷണങ്ങൾക്കും ഒരുപടി മുന്നിൽ ആണ് ഈ സിനിമയുടെ ബി ജി എം .ശരിക്കും ഒരു ജോൺസൺ മാഷ് മാജിക് .പദമരാജൻ എന്ന ക്രാഫ്ട്മാന്റെ സിനിമയാണ് ഈ ചിത്രം എല്ലാ അർത്ഥത്തിലും .

***

പത്മരാജന്റെ തിരക്കഥയിൽ തെളിഞ്ഞ തിളക്കമുള്ള നക്ഷത്രമാണ് നമുക്കു തകര

പത്മരാജന്റെ തിരക്കഥയിൽ തെളിഞ്ഞ തിളക്കമുള്ള നക്ഷത്രമാണ് നമുക്കു തകര .ഓരോ മഴയിലും ഓരോ വെയിലിലും തിളങ്ങി നിൽക്കുന്ന നക്ഷത്രം .ജീവിതത്തിന്റെ കനൽ വഴിയിൽ ഒറ്റക്കായി പോയ ഏകാന്ത താരകം .എവിടെ ഒക്കെയോ നമുക്ക് പരിചിതമാണ് ഇതിലെ ഒറ്റപ്പെ ടലുകളും വേദനയും .
കപടസദാചാരം മുഖമുദ്രയാക്കിയ നമ്മൾ മലയാളികൾക്ക് മുന്നിൽ തകരയും അയാളുടെ നിഷ്കളങ്കതയും ഒരു അധികപറ്റ് ആണ് .

റിലീസ് ആയ അന്ന് മുതൽ നമ്മൾ മലയാളികൾ ഇടക്കിടെ സംസാരിച്ചു മറക്കുന്ന ഒരു സിനിമയാണ് തകര എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .മറ്റു പദ്മരാജൻ സിനിമകൾ പോലെ വീടിനുള്ളിലോ സ്ത്രീകൾക്കിടയിലോ ഈ സിനിമ ഇപ്പോഴും അധികമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .ഒരു പക്ഷെ ആ സിനിമയുടെ പോസ്റ്റർ ലുക്കുകൾ ആ കാലഘട്ടത്തിൽ കുടുംബങ്ങൾക്ക് സ്വീകാര്യമായിരിക്കില്ല .എപ്പോഴും പറയപ്പെടുന്ന ഭരതൻ ടച്ചും പദ്മരാജന്റെ കാല്പനിക സുഗന്ധവും നിറഞ്ഞതായിരുന്നു തകര എന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല .

പ്രമേയത്തിലും അവതരണത്തിലും പുതുമ നൽകിയ ഒന്നായിരുന്നു തകര. ഭരതനും പദ്മരാജനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന അതിരസകരമായ കെമിസ്ട്രിയിലാണ് ഈ സിനിമയുടെ ജീവൻ .
അക്കാലത്തു ചതുരംഗം എന്നൊരു വാരിക ഇറങ്ങിയിരുന്നു. 1978 ജനവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗത്തില്‍ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര. 1980-ൽ പുറത്തിറങ്ങിയ ഈ സിനിമ ഇന്ന് നാൽപതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവ്വഹിച്ച് വി.വി. ബാബു നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും.

 

ഈ സിനിമയിലെ ‘മൗനമേ’ എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനം ആളുകള്‍ ഇന്നും ഓര്‍ത്ത് മൂളിക്കൊണ്ടിരിക്കുന്ന ഒന്നാണ് . പടം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പ്രതാപ്‌ പോത്തൻ,സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

നായകനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന പ്രണയിനി ആണ് സുഭാഷിണി .അനാഥൻ ആയ തകരയെ ,മാനസികവളർച്ചയില്ലെങ്കിലും അയാളുടെ ശുദ്ധഗതിയെക്കൂടിയാണ് അവൾ ഇഷ്ട്ടപെടുന്നത്.നാട്ടിലെ
പ്രധാന ആശാരി ആയ ചെല്ലപ്പൻ ഒരുവായിനോക്കി കൂടിയാണ് .സമൂഹത്തിന്റെ നോട്ടപ്പാടിൽ മാറ്റിനിർത്തപ്പെടേണ്ട തകരയുടെയും സുഭാഷിണിയുടെയും പ്രണയം ആണ് ഈ സിനിമയുടെ വൈകാരികത .

ചെല്ലപ്പനാശാരിയുടെ (നെടുമുടി വേണു) വാക്കുകളിൽ പ്രേരിതനായി അയാൾ സുഭാഷണിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു. ഇതറിഞ്ഞ സുഭാഷിണിയുടെ അച്ഛൻ മാത്തുമൂപ്പൻ (കെ.ജി. മേനോൻ) തകരയെ മർദ്ദിച്ചു ബോധംകെടുത്തുന്നു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും കുറച്ചു കാശുണ്ടാക്കി ഒരു കത്തി വാങ്ങുകയും ചെയ്യുന്നു. ഗ്രാമത്തിൽ തിരിച്ചെത്തുന്ന തകര മൂപ്പനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു ട്രെയിനിനു മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നു.

പ്രതാപു പോത്തന്റെ തകരയും സുരേഖയുടെ സുഭാഷിണിയും നെടുമുടിയുടെ ചെല്ലപ്പനാശാരിയും കെ.ജി. മേനോന്റെ മാത്തുമൂപ്പനും തിരശീലയിൽ ജീവിക്കുക തന്നെ ആയിരുന്നു .അന്നും ഇന്നും പ്രതാപിൻറെ ഏറ്റവും മികച്ച വേഷം തകര തന്നെയാണ് .അതുപോലെ സുരേഖയുടെ സുഭാഷിണിയും .
പിന്നീട് നമ്മൾ കണ്ട ഒരുപാട് മലയാളസിനിമയുടെ ഇൻസ്പിറേഷൻ ഈ ചിത്രമാവാം .ബുദ്ധിയുറക്കാത്ത എത്രയോ നായകന്മാർ പിന്നീട് നമ്മുടെ സിനിമകളിൽ വന്നു പോയെങ്കിലും തകര്ക്കൊപ്പം എത്താൻ വേറെ ആർക്കും കഴിഞ്ഞിട്ടില്ല .

ചിലപ്പോഴൊക്കെ തോന്നാറുണ്ട് മുതുകുളത്തെ ഇടവഴികളിൽ പുല്ലിനോടും കാറ്റിനോടും കളി പറഞ്ഞു ഒരു വള്ളി ബനിയൻ ഇട്ടു ഇപ്പോഴും തകര ഓടിക്കളിക്കുന്നുണ്ടാവും എന്ന് .തോന്നലുകൾ ആവാം ല്ലേ ..

***

ദേശാടനക്കിളി കരയാറില്ല…പേര് പോലെ തന്നെ വശ്യമായ ഒരു സിനിമ

ദേശാടനക്കിളി കരയാറില്ല…പേര് പോലെ തന്നെ വശ്യമായ ഒരു സിനിമ. രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദത്തിന്റെ കഥ പുതിയ ഫ്ളവറിൽ ആണ് പദമരാജൻ പറഞ്ഞു വെക്കുന്നത് . സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനരീതിയിൽ അക്കാലത്തു ഏറെ പുതുമ നൽകിയ സിനിമ .

നിമ്മിയുടെയും സാലിയുടെയും കൗമാരം സ്കൂൾ അന്തരീക്ഷത്തിൽ തുടങ്ങുന്ന കഥ ദുരന്തപര്യവസാനിയാണ് .ആണ്‍കൂട്ടങ്ങളുടെ പരിസരത്തേക്കാണ് പത്മരാജൻ ദേശാടനക്കിളിയെ പ്രതിഷ്ഠിച്ചത്. സ്വാതന്ത്ര്യത്തിന്‍െറ വിശാലമായ ലോകത്തേക്കു പറക്കുന്ന സാലിയുടെയും നിമ്മിയുടെയും കഥയിൽ നമുക്ക് സൗഹർദം പ്രേണയം സ്വാതന്ത്രം എന്നിങ്ങനെ പല ആംഗിളുകളിൽ വെച്ച ക്യാമറ കാണാം .1986ലാണ് പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല ഇറങ്ങുന്നത്. മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ചിത്രം, സ്വ‍വ‍ർഗാനുരാഗത്തിൻ്റെ സോഫ്റ്റ് പതിപ്പ് എന്നിങ്ങനെ നിരവധി വ്യാഖ്യനങ്ങൾ ചിത്രത്തിനുണ്ട്.

 

നിമ്മിയുടെയും സാലിയുടെയും ജീവിതത്തിൽ അവർ നടത്തുന്ന ഒരു ഒളിച്ചോട്ടമാണ് ഈ കഥയുടെ ട്വിസ്റ്റ് .അതിലേക്കു ഹരിശങ്കറും ദേവികടീച്ചറും ഫ്രേമിൽ എത്തുന്നതോടെ കഥയുടെ രീതികൾ മാറിമറിയുന്നു .ദേവിക ടീച്ചറുടെയും തന്റെയും വിവാഹവാർത്ത ഹരിശങ്കർ നിമ്മിയെ അറിയിക്കുന്നു. ഹരിശങ്കർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് തെറ്റിദ്ധരിച്ചിരുന്ന നിമ്മിയെ അത് ഞെട്ടിക്കുന്നു. സ്കൂൾ അധികൃതരുമായി ഉടൻ മടങ്ങി വരാമെന്ന് പറഞ്ഞ് ഹരിശങ്കറും ദേവിക ടീച്ചറും യാത്രയാവുന്നു.

പ്രണയനഷ്ടം പൊതുവേ വിഷാദിയായ നിമ്മിയെ ആകെ തളർത്തുന്നു. സാലി അവളെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മി കൂടെ പോകാൻ തയ്യാറാകുന്നില്ല .അവളുടെ ഉള്ളിലേക്ക് പെയ്യുന്ന വിഷാദത്തിന്റെ മഴയിൽ ആ രണ്ടു കൗമാരജീവിതങ്ങൾ അവർ അവസാനിപ്പിക്കുന്നു .പിറ്റേ ദിവസം രാവിലെ നിമ്മിയുടെയും സാലിയുടെയും മൃതശരീരങ്ങളാണ്തനമ്മൾ കാണുന്നത് ഈ ലോകത്തിലെ സുരക്ഷിതത്ത്വങ്ങളെ മാനിക്കാതെ ഒരു സുരക്ഷിതമായ ലോകത്തെ സ്വപ്നം കണ്ട നിമ്മിയുടെയും സാലിയുടെയും കഥ പ്രേക്ഷകരെ ദൂരെ ദൂരെ ദേശാടനകിളികളായി പറത്തിവിടുന്നിടത്താണ് ഈ പദമരാജൻ മാജിക് അവസാനിക്കുന്നത് .കാല്പനികതയുടെ ഒരു തേരോട്ടം പോലെ ഒരു ചിത്രം .

എന്റെ സ്കൂൾ ടൈമിൽ ആണ് ഞാൻ ഈ ചിത്രം കാണുന്നത്. ഇപ്പോഴും ഓരോ തവണയും കാണുമ്പോഴും കാർത്തികയുടെ വട്ടപ്പൊട്ടും ശാരിയുടെ പൂച്ചകണ്ണുകളും പുതിയതായി എന്തൊക്കെയോ പറയുന്നു എന്ന തോന്നൽ ആണ് ഈ സിനിമ എനിക്ക് തരുന്നത്

**

ഇത്തവണത്തെ ട്രിവാൻഡ്രം യാത്രയിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടായി. കാല്പനികതയുടെ രാജകൊട്ടാരത്തിൽ പോയി. പഴയ പ്രീമിയർ പദ്മിനി ആകേം പൊടിയിൽ മുങ്ങി മുഖം കനപ്പിച്ചു കിടക്കുന്നുണ്ട് ഇപ്പോഴും ആ കാർപോർച്ചിൽ. കരിയിലകാറ്റുപോലെ മൂകമായി ന്തൊക്കെയോ പറയാതെ പറഞ്ഞു ആ വീടും ചുറ്റുപാടും എന്നോട്. പദ്മരാജന്റെ രാജകിയ ഫോട്ടോകൾ അവിടൊക്കെയും കഥപറഞ്ഞിരിക്കുന്നു. പച്ച വിരിച്ച ഉമ്മറവും ഇനിയും പൂക്കൾ വാടാത്ത ഫോട്ടോയിടവും എന്നെ പിന്നെയും പിന്നെയും പ്രേണ യിനിയാക്കി. കൂടെയുള്ളവൾ ഭക് തമീരയിൽ നിന്നും രാധരെമ്യയായി മാറിതുടങ്ങി യിരുന്നു
… പദ്മരാജന്റെ ആ കാല്പനികക്കൊട്ടാരത്തിലെ റാണിയായ രാധേ ച്ചിക്കൊപ്പം ഒരു സെൽഫി.. ഇനിയും ഏറെ അറിയാനുണ്ട് അവിടുത്തെ മണല്തരികളെയും പച്ചപ്പിനേയും.. അടുത്ത കാഴ്‌ചയയിലേക് കാത്തിരിക്കുന്നു….

 

പേരുപോലെ നൊമ്പരത്തിപൂവ് .
നൊമ്പരത്തിപൂവ് .പേരുപോലെ ഒരു കണ്ണുനീർകാവ്യം.വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ആലോചിക്കുമ്പോൾ നെഞ്ചു നീറ്റുന്ന ഒരു ഓര്മപൂവ്വാണ് ജിജി.ഒടുവിൽ കാടിനുള്ളിൽ ഓടി ഒളിക്കുന്ന അവളുടെ നിസഹായതയിൽ ഏതൊരു അമ്മയാണ് ജിജിയെ കണ്ണു നിറയാതെ കാണുക.ഇപ്പോഴും ആ scene വരുമ്പോൾ ഞാൻ ഓടി ഒളിക്കും ടി വി യുടെ മുന്നില്നിന്നും. മാധവിയുടെ പദ്മിനിയും സോണിയയുടെ ജിജിയും സിനിമക്കുള്ളിൽ നിന്നും നമ്മോടു കൂടെ പോരുന്നിടത്താണ് പദ്മരാജൻ മാജിക്.മമ്മൂട്ടിയുടെ ഡോക്ടർ വേഷവും ലാലു അലെക്സിന്റെ അച്ഛൻ വേഷവും ഒക്കെ ഉണ്ടെങ്കിലും ഇതു പൂർണമായും പദ്മിനിയുടെയും ജിജിയുടെയും സിനിമയാണ്.1987 ൽ റിലീസ് ആയ ചിത്രം പദ് മരാജനു സംവിധാനത്തിനും തിരക്കഥക്കും ഏറെ അഭിപ്രായങ്ങൾ നേടിക്കൊടുത്ത ചിത്രമായിരുന്നു.
ഒരുപാട് കണ്ണുനീർ ഉമ്മകൾ ബാക്കിവെയ്ക്കുന്ന ഒരു ചിത്രം.
**

 

Leave a Reply
You May Also Like

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ് അരുന്ധതി ബി.…

ഞാൻ അനുഭവിച്ചത് എല്ലാം എൻറെ ഭാര്യയുടെ അച്ഛന് മാത്രമേ അറിയുകയുള്ളൂ, എൻറെ സ്വന്തം അമ്മയ്ക്കും അച്ഛനും പോലും അറിയില്ല ഞാൻ അനുഭവിച്ച പ്രതിസന്ധികൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈജുകുറുപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൈജുകുറുപ്പ്.

മറ്റൊരു കാന്താരയാകാൻ കന്നടത്തിൽ നിന്നും ‘വിരൂപാക്ഷ’, ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ കാണാം

ഋഷഭ് ഷെട്ടിയുടെ കാന്താര നേടിയ പാൻ ഇന്ത്യൻ വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബജറ്റ് വച്ച്…

“മലയാളത്തിൽ ഇതുവരെ ആരും പറയാത്ത ഒരു സബ്ജറ്റ് എത്ര ഭംഗിയായിട്ടാണ് രാജേഷ് കെ രാമൻ പറഞ്ഞത്”, ‘നീരജ’ മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടുന്നു

മലയാള സിനിമയിൽ പൊതുവെ സ്‌ത്രീപക്ഷ സിനിമകൾ ഇറങ്ങുന്നത് കുറവാണ്. ഇപ്പോൾ ഒരു സ്‌ത്രീ പക്ഷ സിനിമ…