മുത്തലാഖ് (Based on a real story….)

71

Sanitha Razack Parattu

വാട്സാപ്പിലൂടെ മൊഴിചൊല്ലപ്പെട്ട അനുഭവം കഥയായി പറയുന്നു സനിത പാറാട്ട്

(Based on a real story….)
മുത്തലാഖ്……..

ഫാത്തിമാ ,,നിന്നെ ഞാൻ മൊഴിചൊല്ലിയിരിക്കുന്നു. വാട്സാപ്പിൽ വന്ന മെസ്സേജ് കണ്ടവൾ അമ്പരന്നു ,,തല കറങ്ങുന്ന പോലെ,, അടുത്തുകണ്ട കസേരയിലിരുന്നു കുറച്ചുസമയം.. പിന്നെ മുഖം കഴുകി വീണ്ടും വാട്ട്സാപ്പിൽ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു…
ഇക്കാ എന്തുപറ്റി എന്താ ഇങ്ങനെ ..?
കുറച്ചു സമയത്തെ ഇടവേളക്കുശേഷം അവന്റ മറുപടി വന്നു, ഫാത്തിമ, കുറച്ചുനാളായി ചിന്തിക്കുന്നു നീ എനിക്ക് ചേരുന്ന പെണ്ണല്ലെന്ന്,,ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി എന്നിട്ടും നീ എന്റെ മനസിൽ ഇല്ല ഫാത്തിമാ.. നീയെന്നെ മനസ്സിലാക്കണം,, അതുമാത്രമല്ല ഇവിടെത്തന്നെ താമസമുള്ള ഒരു ഫാമിലിയിൽ നിന്നുമുള്ള കുട്ടിയെ നിക്കാഹ് കഴിക്കാൻ ഞാൻ ആലോചിക്കുന്നു,, അവർക്കും സമ്മതം തന്നെ ..നിനക്ക് വിഷമം ഒന്നും തോന്നരുത് ,,എന്നെ എന്റെ വഴിക്ക് വിടണം,, വേറെയൊന്നും പറയാനില്ല…
ഇക്കാ എന്തൊക്കെയാണ് പറയുന്നത് എന്നെ പറ്റിക്കുന്നതാണോ അതോ നേരായിട്ടും… ?!!
ഫാത്തിമ ഞാൻ മൊഴിചൊല്ലിയ രേഖ നിനക്ക് പോസ്റ്റ് വഴി ലഭിക്കും ,,ശരി, അസ്സലാമു അലൈക്കും…
പ്രജ്ഞയറ്റവളായി ഞാൻ നിലത്തേക്കിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി,, ഉമ്മ എന്തിനാ കരയണെ, മൂത്തമകൾ അഞ്ചുവയസുകാരി തട്ടം പിടിച്ചു വലിച്ചു .. ചെറിയവൾ രണ്ടുവയസ്സുകാരി ഉറങ്ങുന്നു .. പടച്ചവനേ, ഇനി ഞാൻ എന്തു ചെയ്യും ..എന്റെ ഇക്കയില്ലാതെ ഒരു നിമിഷം എനിക്ക്…. കുറച്ചുദിവസമായി ഇക്കയുടെ ഫോൺവിളികളും മെസ്സേജുകളും കാണാതായപ്പോൾ എനിക്കൊരു ആശങ്ക പോലെ.. പക്ഷേ അത് ഇക്കാക്ക് എന്തെങ്കിലും അസുഖമാണോ എന്നായിരുന്നു… ഇതിപ്പോൾ?? ഇക്ക ഇല്ലാതെ ഞാൻ,, ഓർമ്മകൾ പുറകിലേക്ക്….

ഒപ്പനയുടെ താളം സിരകളിൽ ,,നെഞ്ചിൽ.. കൂട്ടുക്കാരുടെ കളിയാക്കലുകൾ,, മണിയറ ,, നാണത്താൽ ചുമന്ന എന്റെ മുഖം, മുത്തേ എന്ന വിളി ,മനസ്സിലൂടെ പാഞ്ഞത് എന്തൊക്കെയാണ്…
വാപ്പയുടെ കഷ്ടപ്പാട് ബന്ധുക്കളുടെ സഹായം എല്ലാംകൂടെ ആകെ തുകയായിരുന്നു ആ ഇരുപത് പവൻ… വിവാഹ നാളുകളിൽ തന്നെ ഇക്ക പറഞ്ഞു പാത്തു ,എനിക്കൊരു വിസ ഉടനെ വരും, എന്റെ പാത്തു നിന്റെ സ്വർണ്ണം എനിക്കൊന്ന് തരണം ,,ഞാൻ പോയി കഴിഞ്ഞാൽ അത് ഇരട്ടിയായി നിനക്ക് വാങ്ങിത്തരാം…

ഇക്കാ ഇത്രയൊക്കെ പറയണോ ,ഞാനും എന്റെ പൊന്നും ഇക്കാടെയല്ലേ, നമുക്ക് ജീവിക്കാനല്ലേ, അതിനെന്റെ സമ്മതം ചോദിക്കേണ്ട കാര്യം തന്നെയുണ്ടോ ?
ഇക്ക ഗൾഫിലേക്ക്,, ഞാനിവിടെ… ഇക്കാക്ക് ജോലി ശരിയാകാതെ കുറെനാൾ ,ഒരു നേരം കഴിച്ച് എനിക്ക് ഇവിടെ സന്തോഷം ആണെന്ന് കളവ് പറയുന്നവളായി ഞാൻ അക്കാലത്ത്.. പിന്നെ ചെറിയ പണിയിൽ നിന്നും വരുന്ന ചെറിയ വരുമാനത്തിൽനിന്നു മിച്ചം പിടിക്കുന്ന എന്നോട് പലരും ചോദിച്ചു,, നീ ഗൾഫുകാരൻ ഭാര്യ തന്നെയല്ലേയെന്ന്.. ചെറുപുഞ്ചിരിയിൽ ഒതുക്കി എന്റെ മോഹങ്ങളും സ്വപ്നങ്ങളും…

ഇക്ക പോവുമ്പോൾ ഞാൻ ഗർഭിണി,, ആദ്യത്തെ പ്രസവത്തിന്റെ ചെലവുകൾക്കായി വാപ്പ വല്ലാതെ കഷ്ടപ്പെട്ടു ..പ്രായമായതിന്റെ അവശതയിലും ഓട്ടോയോടിക്കാൻ പോകുന്ന വാപ്പയെനോക്കി നെടുവീർപ്പിടും പലപ്പോഴും… ഞങ്ങൾ മൂന്ന് പെൺകുട്ടികൾക്ക് വേണ്ടി ആ ജീവിതം എരിഞ്ഞു തീരുന്നത് കാണാ വയ്യ …എന്നാലും എങ്ങനെയെങ്കിലും വാപ്പ അതൊക്കെ നടത്തി.. ഉമ്മയില്ലാത്ത ഞങ്ങൾക്കെല്ലാം വാപ്പ മാത്രമായിരുന്നു..

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു ..സുബഹി നിസ്കാരത്തിൽ എല്ലാം പടച്ചവനോട് പറഞ്ഞ് പൊട്ടിക്കരയാനേ ആയുള്ളൂ… സമയം രാവിലെ പത്ത് മണി , ഇക്കയുടെ ജേഷ്ഠനും സമുദായത്തിലെ നാലഞ്ചു പേരും വീട്ടിലേക്ക്..
ഫാത്തിമ,, ഇന്നലെ നിന്നെ മൊഴിചൊല്ലിയതായി അറിഞ്ഞു, ഇനി നീ ഇവിടെ താമസിക്കുന്നത് ഹറാമാണ് ,, ഓന്റെ പേരിലുള്ള വീട്ടിൽ,, സ്വത്തിൽ,, ഇനി നിനക്ക് അവകാശമില്ല.. ഇപ്പോൾ നിനക്ക് അവൻ ആരുമല്ല അന്യപുരുഷനാണ് ,, അതുകൊണ്ട് നീ വീട് ഒഴിഞ്ഞു നിന്റെ വീട്ടിലേക്ക് പോകണം,, അധികം താമസിക്കേണ്ട വേഗത്തിൽ ആയിക്കോട്ടെ ..
കണ്ണിൽ ഇരുട്ടു കയറിയോ ,ഞാൻ എവിടെ പോകും എന്തുചെയ്യും…?

മോൾക്ക് രണ്ടു വയസ്സായപ്പോഴാണ് ഇക്ക അവളെ കാണുന്നത്,, അതിനു മുൻപായി ഇക്കാക്ക് അവിടെ ഒരു സൂപ്പർമാർക്കറ്റിൽ പണി ശരിയായിട്ടുണ്ടായിരുന്നു ..നാട്ടിൽ വന്ന ഇക്ക അഞ്ച്സെൻറ് സ്ഥലത്തെ ചെറിയ വീടിന് അഡ്വാൻസ് നൽകിയാണ് മടങ്ങിയത് ..പിന്നെ അത് വാങ്ങാൻ ഞാൻ കൈ നീട്ടാത്ത ബന്ധുക്കൾ കുറവ്.. ഇക്ക അയച്ചതും കടം വാങ്ങിയതും താലിമാലയും വരെ പണയപ്പെടുത്തി ഇക്കാടെ പേരിൽ വീട് സ്വന്തമാക്കിയപ്പോൾ ചെറുതെങ്കിലും എന്റെ ഒരു സ്വപ്നം പൂവണിഞ്ഞു എന്ന സന്തോഷം…

രണ്ടാമത്തെ പ്രസവത്തിനു വാപ്പയുടെ അടുത്ത് തന്നെ ,,രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സായി ഇതുവരെ ഇക്ക ഒന്ന് കണ്ടിട്ട് കൂടിയില്ല ..എന്നിട്ടും എങ്ങനെ മനസ്സു വന്നു..!!
പകച്ചു നില്ക്കേ വീണ്ടും ശബ്ദം,, മൊഴിചൊല്ലിയ അവനുമായി നിനക്ക് യാതൊരു ബന്ധവുമില്ല, ഇറങ്ങണം പെട്ടെന്ന്..
പെൺകുട്ടികൾ അധികം പുറംലോകം കണ്ടുകൂടാ, വിദ്യാഭ്യാസം ചെയ്തുകൂടാ,, എതിർത്ത് പറഞ്ഞുകൂടാ,, ഭർത്താവ് പറയുന്നത് അനുസരിക്കലാണ് ഭാര്യ ചെയ്യേണ്ടത് എന്ന ഉപദേശം തന്ന വാപ്പയോട് ആദ്യമായി പുച്ഛം തോന്നി ..അന്യായത്തിനെതിരെ ഒരു വാക്ക് പോലും പറയാനാവാതെ തന്നെ നിസ്സഹായയാക്കിയ ആ വളർത്തലിനോട് അമർഷം തോന്നി…
ഇവർ പറയുന്നതിലെ നിയമം എന്താണ്,, എന്നെയും മക്കളെയും ആരിനി സംരക്ഷിക്കും… വീട് പൂട്ടി താക്കോൽ കൊടുക്കുവാൻ ധൃതി കൂട്ടിയ അവരോട് എതിരിടാനാവാതെ മക്കളുടേയും എന്റെയും തുണികൾ ഒരു ബാഗിൽ നിറച്ച് അവരെയും കൂട്ടി ഇറങ്ങവേ ആലോചിച്ചു…

ഇനിയങ്ങോട്ട്..? വാപ്പയുടെ തളർന്ന തോളിലേക്കോ, ഞങ്ങൾക്കായി വാപ്പ പണയപ്പെടുത്തിയ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലേക്കോ, എവിടെയാണ് തനിക്കഭയം..? പത്താംക്ലാസ് വരെ എത്താത്ത ഞാനെങ്ങനെ എന്റെ മക്കളെ പുലർത്തും…?? മുത്തലാഖ് ബില്ലും ജീവനാംശവും എല്ലാം തലയ്ക്കുള്ളിൽ ഓടിക്കളിച്ചു ..പടച്ചവനേ ഇനി ആരോടെല്ലാം ന്യായം പറഞ്ഞാലാണ് എനിക്കും മക്കൾക്കും അന്നത്തിനുള്ളതെങ്കിലും കിട്ടുക..? ആരെല്ലാമാണ്,, ഏതെല്ലാം ചാനലാണ്,, പത്രക്കാരാണ് കാത്തിരിക്കുന്നത്..? പുറംലോകം കാണാത്ത എനിക്ക് എന്റെ അവകാശങ്ങൾക്കുവേണ്ടി പോരടിക്കാൻ കഴിയുമോ …?അതിനുള്ള ത്രാണിയെങ്കിലും തരണേ പടച്ചവനേ,, അല്ലെങ്കിൽ നിന്നിലേക്ക് മടങ്ങാനുള്ള സമ്മതമെങ്കിലും നീ തരണം..!! തെറ്റാണെങ്കിലും പൊറുത്ത് തരണേ പടച്ചവനേയെന്ന വിളിയോടെ മക്കളെയും കൂട്ടി ഞാനാ പടിയിറങ്ങി…ചോദ്യങ്ങൾക്കിടയിലേക്ക് ഉത്തരമറിയാതെ..
സനിത പാറാട്ട്
NB…
ഇത് നടന്ന ഒരു സംഭവം.. കഥ എന്റേതാണ്,, കുട്ടികളുടെ എണ്ണവും മറ്റ് കഥാപാത്രങ്ങളും എന്റെ സൃഷ്ടികൾ തന്നെ,, പക്ഷെ ഭാര്യയേ ഗൾഫിൽ ജോലിയിലിരിക്കെ അയാൾ മൊഴി ചൊല്ലി എന്നത് സത്യം.. അവരാ ഭർത്താവിന്റെ വീട്ട് മുറ്റത്ത് സത്യഗ്രഹമിരുന്നു,, അതാണ് വാർത്തയായത്