ഏവരും കെജിഎഫ് രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് . രണ്ടാംഭാഗത്തിൽ യാഷിനു പുറമെ ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്തും ആരാധകരെ കിടിലംകൊള്ളിക്കാൻ എത്തുന്നുണ്ട്. അർബുദരോഗത്തിൽ നിന്നും മുക്തനായതിനു ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന ആദ്യ സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2 . ഇപ്പോഴിതാ അതിലെ സംഘടന രംഗത്തെ കുറിച്ചൊരു വെളിപ്പെടുത്തൽ നടത്തുകയാണ് താരം.
ഒരു പ്രധാന സംഘടന രംഗത്തു പച്ച സ്ക്രീനിനു (ക്രോമ) മുന്നിൽ നിന്നും അഭിനയിക്കാൻ സഞ്ജയ് ദത്ത് വിസമ്മതിച്ചു എന്നാണു താരം പറയുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി അദ്ദേഹം സ്‌പെഷ്യൽ ഇഫക്ടുകളുടെ സഹായമില്ലാതെ അഭിനയിച്ചു എന്നാണു റിപ്പോർട്ടുകൾ. രോഗം ഭേദമായി വന്ന സമയത്തു അഭിനയിച്ച സിനിമ ആയതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യ വിഷയങ്ങളിൽ അണിയറപ്രവർത്തകർ വലിയ ശ്രദ്ധ പതിപ്പിച്ചിരുന്നു. സഞ്ജയ്ദത്തിന്റെ ആരോഗ്യത്തെ കുറിച്ചോർത്തു തനിക്കു ഭയമുണ്ടെന്നു ചിത്രത്തിലെ നായകൻ യാഷ് നേരത്തെ പറഞ്ഞിരുന്നു.
“സെറ്റിൽ ചെളിയും പുകയും പൊടിയുമെല്ലാം ഉണ്ടായിരുന്നു. എന്റെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാം അവർ ചെയ്തിരുന്നു. ഗ്രീൻ സ്ക്രീനിന് മുന്നിൽ നിന്ന് അഭിനയിക്കാമെന്ന് നിർമാതാവ് പറഞ്ഞിരുന്നു. പക്ഷേ ഈ സിനിമ നന്നായി ചിത്രീകരിക്കുകയെന്നതാണ് നടനെന്ന രീതിയിൽ എന്റെ ആവശ്യം. അവരുടെ സഹായമില്ലായിരുന്നെങ്കിൽ ഞാനത് ചെയ്യുമായിരുന്നില്ല. അർബുദത്തിന് എന്നെ വീഴ്ത്താനോ തളർത്താനോ സാധിക്കില്ല. കാരണം എനിക്കെന്റെ ആരാധകരുടെ പ്രാര്ഥനയുണ്ട് “ സഞ്ജയ് ദത്ത് പറഞ്ഞു.