ഒരുപാട് കുറവുകൾ ഉണ്ടായിട്ടും അയാൾ പിന്നെ എങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായി?

132

Sanjay S Nair

പുലിമുരുകന്റെ വാർഷികവുമായി ബന്ധപ്പെട്ടു കുറെ ചർച്ചകൾ കണ്ടിരുന്നു.. അതിൽ പലരും സിനിമയിൽ ഫൈറ്റ് അല്ലാതെ മറ്റെന്തുണ്ട്?, ഇത്തരം സിനിമകൾ ജയിക്കുന്നത് മലയാള സിനിമയ്ക്ക് നാണക്കേടാണ്, എന്നൊക്കെ പറയുന്നത് കണ്ടു. ആക്ഷന് പ്രാധാന്യം നൽകി സിനിമകൾ ചെയ്യുന്നതും നല്ല മാർകെറ്റിങ്ങിലൂടെ വൻവിജയം നേടുന്നതും industryക്ക് എത്രത്തോളം ആവശ്യകരമായ കാര്യമാണ്?

കൃത്യമായി എനിക്ക് അറിയില്ല..
പക്ഷെ, ഇത്തരം ചർച്ചകൾ കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് മറ്റൊരാളെ കുറിച്ചായിരുന്നു.. ഇന്ത്യൻ സിനിമയിലെ “താരാധന” എന്ന പ്രതിഭാസത്തിനു പൂർണരൂപം നൽകിയ, വലിയ ബഡ്ജറ്റിൽ സിനിമകൾ നിർമിക്കാനും കോടികൾ നേടാനും തെന്നിന്ത്യയെ പഠിപ്പിച്ച, “Age is just a number” എന്ന് പണ്ടേ തെളിയിച്ച, “Leading Man” എന്ന സങ്കൽപ്പത്തിന്റെ നേർരൂപമായ, എന്നാൽ ഒരിക്കലും സിനിമ നിരൂപകരുടെ ചർച്ചകളിൽ വിഷയമാകാത്ത ഒരാൾ..

“പുരച്ചി തലൈവർ” എന്ന പേരിൽ ഇന്നും തമിഴ്‌നാട് നെഞ്ചിലേറ്റുന്ന സാക്ഷാൽ എം ജി രാമചന്ദ്രൻ..
1917ൽ ശ്രീലങ്കയിലെ ഒരു മലയാളികുടുംബത്തിൽ ജനിച്ച്, പിന്നീട് അച്ഛന്റെ മരണശേഷം തമിഴ്‌നാട്ടിൽ വന്നു, അമ്മ വീട്ടുജോലി ചെയ്തു കിട്ടിയ കാശുകൊണ്ട് ചിലവുകൾ തള്ളി നീക്കാൻ കഴിയാതെ വന്നപ്പോൾ പഠിത്തം മുഴുമിപ്പിക്കാതെ നാടക നടനായി മാറിയ ഒരു പാവം പയ്യൻ. അസാധ്യമായ അഭിനയ പാടവമോ സിനിമയിലും സാഹിത്യത്തിലും വലിയ technical അറിവോ ഒന്നുമില്ലാത്ത ഒരാൾ. അയാൾ പിന്നെ എങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായി?

19 വയസ്സ് മുതൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഇദ്ദേഹം ആദ്യമായി നായകൻ ആയത് 30 വയസ്സിൽ. അന്ന് കിട്ടിയ കരുണാനിധി അടക്കമുള്ള കൂട്ടുകാരുടെ പ്രോത്സാഹനത്തിൽ, അമ്മ പഠിപ്പിച്ച ഈശ്വരവിശ്വാസവും നാടക കാലത്തു കിട്ടിയ കോൺഗ്രസ് ബന്ധങ്ങളും ഉപേക്ഷിച്ചു യുക്തിവാദിയായ ഒരു ദ്രാവിഡ മുന്നണി പ്രവർത്തകൻ ആയി മാറി. ദ്രാവിഡജനതയുടെ രാഷ്ട്രീയം പറയുന്ന സിനിമകളിലെ നടൻ ആകാൻ തീരുമാനിച്ചു.

33 വയസ്സിൽ, കരുണാനിധി രചിച്ച “മന്ത്രികുമാരി” എന്ന സിനിമയോടെ മുൻ നിരയിലെത്തിയ ഇദ്ദേഹം, 37 വയസ്സിൽ വീണ്ടും കരുണാനിധി രചിച്ച “മലൈകള്ളൻ” എന്ന സിനിമയോടെ ജനപ്രിയനായ താരമായി. ഇതോടെ അദ്ദേഹം ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായി മാറുകയായിരുന്നു. കരുണാനിധിയുടെ “പരാശക്തി”യിലൂടെ അരങ്ങേറ്റം കുറിച്ച ശിവാജി, ദ്രാവിഡരാഷ്ട്രീയം തിരസ്ക്കരിച് കോൺഗ്രസ് അനുഭാവി ആയത് ഇതും കൂടി കൊണ്ടാണെന്നു പറയാം.

39 വയസ്സിലെ “മധുരൈ വീരൻ”, ആദ്യമായി ഒരു കോടി നേടുന്ന തമിഴ് സിനിമ ആയതോടെ തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായി മാറി. 41 വയസ്സിൽ, തന്റെ മുഴുവൻ സമ്പാദ്യവും എടുത്ത്, ആദ്യമായി നിർമാണവും സംവിധാനവും നിർവഹിച്ച “നാടോടി മന്നൻ” എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും തെന്നിന്ത്യയിലെ ഏറ്റവും പണം വാരുന്ന ചിത്രമായി. ഈ സിനിമയിൽ, വരെ കൃത്യമായി ദ്രാവിഡ രാഷ്ട്രീയം സംസാരിക്കുകയും കോൺഗ്രസിന്റെ സവർണ രാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്തു. ഈ സിനിമയോടെയാണ് MGRനു “പുരച്ചി തലൈവർ” എന്ന പേര് വന്നത്.

അടുപ്പിച്ചു 2 സിനിമകൾ 1 കോടിക്ക് മുകളിൽ നേടിയപ്പോൾ, തെന്നിന്ത്യയിൽ ഒരു വിപ്ലവം തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്. ജനങ്ങളുടെ മനസ്സിൽ ആവേശം ഉണ്ടാകുന്ന രീതിയിൽ, വളരെ brilliant ആയ സിനിമകൾ വലിയ ബഡ്ജറ്റിൽ ജനപ്രിയരായ താരങ്ങളെ വെച്ച് നിർമിക്കുന്നത് വ്യവസായത്തെ വളർത്തുമെന്നും അതുവഴി കൂടുതൽ തൊഴിലവസരങ്ങളും മറ്റും ഉണ്ടാകുമെന്നും മനസ്സിലാക്കി തെന്നിന്ത്യൻ സിനിമ വരാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലം മുതലാണ്.

പൃഥ്വിരാജ് കപൂർ, അശോക് കുമാർ, തിക്കുറിശ്ശി, എം കെ ത്യാഗരാജ തുടങ്ങി MGRന് മുൻപ് വന്ന ഇന്ത്യയിലെ താരങ്ങളൊക്കെയും അവരുടെ നാല്പതുകളിൽ “Leading Man”ൽ നിന്ന് സ്വഭാവനടനായും മറ്റും മാറിയപ്പോൾ, MGR 40 വയസ്സിനു ശേഷം വീണ്ടും കുതിച്ചുയരുകയായിരുന്നു. “തിരുടാതെ”, “എങ്ക വീട്ടു പിള്ളയ്‌”, “ആയിരത്തിൽ ഒരുവൻ” എന്നീ സിനിമകളിലൂടെ തമിഴ് ജനതയുടെ മനസ്സിൽ നീതിയുടെയും, ധീരതയുടെയും , ദ്രാവിഡരാഷ്ട്രീയത്തിന്റെയും ഒക്കെ പ്രതിരൂപമായി അദ്ദേഹം നിലകൊണ്ടു. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്ന സവർണ/മുതലാളിത്ത ശക്തികൾക്ക് നെരേ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ രൂപം ഒരു ദൈവത്തെ പോലെ ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചു. “അന്പേ വാ”യിലൂടെ, രാഷ്ട്രീയമില്ലാതെയും സിനിമയിൽ തനിക്ക് തിളങ്ങാനാകും എന്നും അദ്ദേഹം തെളിയിച്ചു.

ആ കാലത്തെ ബ്രഹ്‌മാണ്ഡ സംവിധായകനായ BR പാന്തുലുവിന്റെ, ശിവാജി ഗണേശൻ അഭിനയിച്ച കർണൻ, കപ്പലോട്ടിയ തമിഴൻ പോലുള്ള സിനിമകൾ വളരെയധികം പ്രശംസയും ജനപ്രീതിയും നേടിയിട്ടും നഷ്ടം ഉണ്ടാക്കിയപ്പോൾ, അദ്ദേഹത്തിനെ പിടിച്ചുയർത്തിയതും തെന്നിന്ത്യൻ സിനിമയിൽ technically brilliant ആയ കൂടുതൽ ബിഗ് ബഡ്ജറ്റ് സിനിമകൾക്ക് പ്രചോദനം നൽകുകയും ചെയ്തത് “ആയിരത്തിൽ ഒരുവൻ” ആയിരുന്നു. ജനങ്ങളോട് വേണ്ടത് പോലെ connect ചെയ്യുകയും അവരെ ആവേശം കൊള്ളിക്കുകയും ചെയ്യാൻ കഴിയുമെങ്കിൽ, വലിയ ബഡ്ജറ്റിലുള്ള സിനിമകൾ ലാഭം ഉണ്ടാക്കുമെന്ന് എല്ലാവര്ക്കും വിശ്വാസം നൽകി. ആ വിശ്വാസമാണ് തെന്നിന്ത്യയിൽ NTR, കൃഷ്ണ മുതൽ രാജമൗലി വരെ വലിയ big-budget mythical സിനിമകൾ ചെയ്തതിന്റെ base.
50 വർഷത്തിന് ശേഷം 2014ൽ re release ചെയ്തപ്പോൾ വീണ്ടും 175 ദിവസം ഓടി വിജയം ആവർത്തിച്ചു.

50 വയസ്സിൽ അദ്ദേഹത്തിന് കഴുത്തിൽ വെടിയേറ്റു ആശുപത്രിയിലായപ്പോൾ, ഇനി ആരോഗ്യവും ശബ്ദവും വീണ്ടെടുക്കാനും മറ്റും ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തിന്റെ താരവാഴ്ച അവസാനിച്ചെന്നും പലരും കരുതി. എന്നാൽ, അവരെയെല്ലാം അത്ഭുതപ്പെടുത്തികൊണ്ട്, അദ്ദേഹം പൂർവാധികം ശക്തനായി തിരിച്ചെത്തി. 52 വയസ്സിൽ “അടിമൈ പെൺ” എന്ന സിനിമ നിർമിച്ചു സംവിധാനം ചെയ്തു വീണ്ടും റെക്കോർഡുകൾ തകർത്തു. ഈ സിനിമയിൽ അദ്ദേഹത്തിന്റെ ശരീരസൗന്ദര്യവും സംഘട്ടന രംഗങ്ങളും ആ കാലത്തെ യുവതാരങ്ങളെപ്പോലും കടത്തിവെട്ടുന്നതായിരുന്നു. അതായത്, 52 വയസ്സിൽ തലൈവർ കാണിച്ച മാസ് അവനൊന്നും ആയ കാലത്തു കാണിച്ചിട്ടില്ല.

തികഞ്ഞ അഭ്യാസി ആയിരുന്ന പ്രിത്വിരാജ് കപൂർ അടക്കം 50 വയസ്സോടെ out of shape ആയപ്പോൾ ഇത്രയും വേദന സഹിച്ചു വീണ്ടും പൂർവാധികം ശക്തനായി തിരിച്ചുവന്നത് MGRന് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെയായിരുന്നു. കഴുത്തിന്റെ എല്ലിൽ കുടുങ്ങിയ ഒരു bullet catridgeനെ വകവെക്കാതെ ഡയലോഗുകൾ പറഞ്ഞു അദ്ദേഹം കൈയടി നേടി. ഈ അഭിനിവേശവും നിശ്ചയദാർഢ്യവും തന്നെയാണ് അദ്ദേഹത്തിന് ഇത്രയും വലിയ സ്ഥാനം നേടിക്കൊടുത്തത്.
55 വയസ്സിൽ റിക്ഷാക്കാരൻ എന്ന സിനിമയിലൂടെ അദ്ദേഹം ദേശിയ അവാർഡ് നേടുന്ന ആദ്യ തെന്നിന്ത്യൻ നടൻ ആയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. അസാധ്യ അഭിനയം എന്ന് പറയാൻ കഴിയില്ലെങ്കിലും അധികം നാടകീയത ഇല്ലാത്ത വളരെ റിയലിസ്റ്റിക് ആയ അഭിനയവും കഥാസന്ദർഭങ്ങളും സംഘട്ടനങ്ങളും കൊണ്ട് ഇത്രയും ജനങ്ങളെ ആവേശം കൊള്ളിക്കാൻ കഴിഞ്ഞത് അവാർഡിനുള്ള യോഗ്യത തന്നെയാണ് എന്ന് കരുണാനിധി അടക്കം പറയുകയുണ്ടായി. അതിലെ റിക്ഷ ഓടിച്ചുകൊണ്ടുള്ള “സിലമ്പാട്ടം” model സംഘട്ടനരംഗം വളരെയധികം പ്രശംസ പിടിച്ചുപറ്റി.

അവാർഡിനെ പറ്റി തർക്കിക്കാൻ ധാരാളം ഉണ്ടാകും. പക്ഷെ, ആ കാലത്ത് ദ്രാവിഡവംശജനായ ഒരു തെന്നിന്ത്യൻ നടൻ ദേശിയ അവാർഡ് നേടുന്നത് വലിയ വിപ്ലവം തന്നെയായിരുന്നു. അത് തെന്നിന്ത്യൻ സിനിമക്ക് നൽകിയ പ്രചോദനം ചെറുതല്ല.
ഇതിനു ശേഷം വീണ്ടും തന്നെ നിർമാണവും സംവിധാനവും നിർവഹിച്ച “ഉലകം സുത്തും വാലിബൻ” വീണ്ടും സർവകാല റെക്കോർഡ് നേടിയതോടെ പ്രായത്തിന് അദ്ദേഹത്തിന്റെ സൗന്ദര്യത്തെയോ മെയ് വഴക്കത്തെയോ ഇല്ലാതാക്കാൻ കഴിയില്ല എന്ന് എല്ലാവര്ക്കും ബോധ്യമായി.

പിന്നീട് രാഷ്ട്രീയത്തിൽ വളരെ സജീവമായ അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും 60 വയസ്സിൽ മുഖ്യമന്ത്രി ആവുകയും ചെയ്തു. 67 വയസ്സിൽ തീവ്രമായ വൃക്കരോഗത്തിലൂടെ ആരോഗ്യം ക്ഷയിച്ചെങ്കിലും ജനങ്ങൾക്കായി കഴിയുന്നത്ര പ്രവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 71 വയസ്സിൽ മരിച്ചപ്പോൾ ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ കലാപം തന്നെ തമിഴ്‌നാട്ടിൽ നടന്നു.😐

ഞാൻ പറഞ്ഞ പോലെ ഒരിക്കലും നിരൂപകർ ഇദ്ദേഹത്തെ പറ്റി പറയുന്നത് കണ്ടിട്ടില്ല. ഒരു നടൻ എന്ന നിലക്ക് പല അഭിപ്രായങ്ങൾ കാണാം. പക്ഷെ തെന്നിന്ത്യൻ സിനിമയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഒരിക്കലും നിഷേധിക്കാൻ കഴിയില്ല. ഇന്നും താരമൂല്യവും ജനപ്രീതിയും അളക്കുമ്പോൾ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം.
Dedication-ഉം സംഘട്ടനങ്ങളും മനോഹരമായ ചിരിയും കൊണ്ട് തമിഴ്‌നാടിന്റെ മനം കവർന്ന പുരച്ചി തലൈവർ