മിനി ലോറി നിറക്കാനുള്ള അത്രയും അവാർഡുകൾ കിട്ടിയിട്ടും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് അവാർഡുകൾ ഒന്നും കിട്ടാതെ പോയ ചില ആളുകൾ

148

Sanjay S Nair

അവാർഡുകൾ കഴിവിന്റെ മാനദണ്ഡമായി ഒരിക്കലും പറയാൻ കഴിയില്ല. കാലങ്ങളോളം മികച്ച പ്രകടനങ്ങൾ നൽകിയിട്ടും ഒരു അവാർഡ് പോലും കിട്ടാത്ത രാജൻ പി ദേവും എൻ എഫ് വർഗീസും, 2-3 അവാർഡുകൾ മാത്രം കിട്ടിയ ജഗതിയും ഒടുവിലും ഒക്കെയുണ്ട് മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ.

എന്നാൽ, എനിക്ക് വളരെ തമാശ തോന്നിയിട്ടുള്ള മറ്റൊരു കാര്യമുണ്ട്. മിനി ലോറി നിറക്കാനുള്ള അത്രയും അവാർഡുകൾ കിട്ടിയിട്ടും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് അവാർഡുകൾ ഒന്നും കിട്ടാതെ പോയ ചില ആളുകൾ. അവർക്ക് ഒരു അവാർഡ് കിട്ടാതെ പോയത് വലിയ കാര്യമായിരിക്കില്ല. അതുകൊണ്ട് അവരുടെ കരിയറിൽ ഒരു കുറവുള്ളതായി കാണുന്നവനും തോന്നില്ല. എന്നാൽ, അവരുടെ മികച്ച കഥാപാത്രങ്ങളുടെ ആരാധകർക്ക് അതൊരു വിഷമമുള്ള കാര്യമാകും.
അങ്ങനെ എനിക്ക് തോന്നിയ ചില ഏറ്റവും മികച്ച പ്രകടനങ്ങൾ:

 1. കമലഹാസൻ : അവാർഡുകൾ എണ്ണിത്തുടങ്ങിയാൽ തീരില്ല. അതിൽ 3 ദേശിയ അവാർഡുകൾ. മൂന്നും വാണിജ്യപരമായി വൻവിജയം നേടിയ, ജനങ്ങളെ ആകര്ഷിക്കുന്ന മസാല ചേരുവകൾ നിറഞ്ഞ സിനിമകൾക്ക്. അവ്വൈ ഷണ്മുഖി പോലൊരു തികഞ്ഞ കോമഡി സിനിമക്ക് ദേശിയ അവാർഡ് നേടുക എന്നത് സാധാരണ ഒരാൾക്ക് സാധിക്കുന്ന കാര്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ ഇത്രയും കാലം കണ്ട ഏറ്റവും മികച്ച പ്രകടനം എന്ന് എനിക്ക് തോന്നിയ സിനിമയാണ് അന്പേ ശിവം. അസാധാരണമായ സന്ദേശം ഒരു തികഞ്ഞ സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ അനുഭവങ്ങളിലൂടെ വളരെ വ്യക്തമായി കമൽ convey ചെയ്യുന്നുണ്ട്.
  എന്നാൽ ആ വര്ഷം സംസ്ഥാന,ദേശിയ അവാർഡുകൾ നേടിയത് വിക്രമിന്റെ പിതാമഗൻ. കമലിന്റെ ശിവം ഒരു സാധാരണകാരനായിരുന്നെങ്കിൽ വിക്രമിന്റെ ചിതൻ, തന്റെ അസാധാരണമായ സന്ദേശം convey ചെയ്യാനായി ബാല വിദഗ്ധമായി വികസിപ്പിച്ച ഒരു caricature ആയിരുന്നു. അത് കൃത്യമായി അവതരിപ്പിച്ചതിന് വിക്രം തീർച്ചയായും അവാർഡ് അർഹിക്കുന്നെങ്കിലും അന്പേ ശിവത്തിനു അവാർഡ് കിട്ടാതെ പോയത് ഏതൊരു കമൽ ആരാധകനും വലിയ സങ്കടമാണ്. കാരണം, ശിവം നമ്മളിലൊരാളാണ്. അയാളുടെ ആദർശങ്ങളും അനുഭവങ്ങളും നമുക്ക് അതീതമാകുമ്പോളും.
 2. മോഹൻലാൽ : ഭരതത്തിനും വാനപ്രസ്ഥത്തിനും കിട്ടിയ ദേശിയ അവാർഡുകളും ധാരാളം സംസ്ഥാന അവാർഡ് പ്രകടനങ്ങളുമുണ്ടെങ്കിലും കിരീടത്തിന്റെ സഥാനം അതിനൊക്കെ മുകളിലാണ്. നേരത്തെ പറഞ്ഞ പോലെ ഒരു സാധാരണക്കാരന്റെ അസാധാരണമായ അനുഭവങ്ങളും ജീവിതസന്ദര്ഭങ്ങളും. ഇതിലും മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ കഴിയാത്തിടത്തുനിന്നു നാട്ടിലെ പ്രധാന റൗഡിയെ കുത്തിക്കൊന്നു സ്വന്തം വായിലെ ചോരയും ചവച്ചുകൊണ്ട് നിൽക്കുന്ന സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ അത്യപൂർവമായ കാഴ്ചയാണ്.
  ആ വര്ഷം സംസ്ഥാന,ദേശിയ അവാർഡുകൾ നേടിയത് മമ്മൂട്ടിയായിരുന്നു. വടക്കൻ വീരഗാഥയും മതിലുകളും എനിക്കും പ്രിയമാണെങ്കിലും സേതുമാധവന്റെ മുകളിൽ നിൽക്കുന്ന പ്രകടങ്ങളായി ഇതുവരെ തോന്നിയിട്ടില്ല. ലാലേട്ടന് പ്രത്യേക പരാമർശം ലഭിച്ചെങ്കിലും അവാർഡ് ലഭിക്കാതെ പോയത് ഒരു വിഷമം തന്നെയാണ്.
 3. മമ്മൂട്ടി : 3 ദേശിയ അവാർഡുകൾ, അതിൽ നിന്നും എനിക്ക് പ്രിയം വിധേയനും അംബേദ്കറും.എന്നാൽ അതിനും മുകളിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരാളുണ്ട്. തനിയാവർത്തനത്തിലെ ബാലൻ മാഷ്. ജന്മസിദ്ധമായ അഭിനയശേഷി അധികം ഇല്ലാത്ത ഒരാൾ, Method Actingലൂടെയും വേഷപ്പകർച്ചയിലൂടെയും നമ്മെ രസിപ്പിച്ച ഒരാൾ. അദ്ദേഹം വളരെ സൂഷ്മമായ ഭാവാഭിനയത്തിലൂടെ ഒരു സാധാരണക്കാരന്റെ ദുരവസ്ഥയെ നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വലിയ വഴിത്തിരിവ് തന്നെയായിരുന്നു. പെട്ടി-കുട്ടി കഥകളിലെ ഗൃഹനാഥനിൽ നിന്ന് അഭിനയത്തിന്റെ പുതിയ തലത്തിലേക്ക് സ്വയം ചെയ്ത reinvent സിനിമ.
  ആ വർഷത്തെ സംസഥാന അവാർഡും നേടിയതും ദേശിയ അവാര്ഡിന്റെ വക്കോളം എത്തിയതും നെടുമുടി വേണു ആയിരുന്നു. അദ്ദേഹത്തിനെ കഴിവിനെക്കുറിച്ചോ “മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട”ത്തിലെ പ്രകടനത്തെക്കുറിച്ചോ ഒരു സംശയവുമില്ല. പക്ഷെ, അനവധി ദേശിയ അവാർഡ്‌കൾ വാങ്ങിയ നടന്റെ ഏറ്റവും മികച്ച പ്രകടനത്തിന് ഒരു അവാർഡ് പോലും ലഭിക്കാത്തതു കഷ്ടമായി തോന്നാറുണ്ട്.
 4. തിലകൻ : മലയാള സിനിമയുടെ പെരുന്തച്ചൻ. നായകനായും വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും പല തവണ മലയാളക്കരയെ കീഴടക്കിയെങ്കിലും മൂന്നാംപക്കത്തിലെ കാരണവർ ശെരിക്കും മറ്റൊരു തലത്തിലുള്ള അനുഭവമായിരുന്നു.
  85 മുതൽ 88 വരെ അടുപ്പിച്ചു മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും നേടി റെക്കോർഡ് ഇട്ടെങ്കിലും അതിന്റെ ഇടയിൽ “മൂന്നാംപക്കം” മുങ്ങിപ്പോയത് വലിയ വിഷമമാണ്. പ്രേംജി എന്ന അതുല്യ കലാകാരന്റെ 80-ആം വയസ്സിലെ പകർന്നാട്ടത്തിനു മുൻപിൽ തിലകൻ എന്ന മഹാ പ്രതിഭയുടെ ഏറ്റവും മികച്ച പ്രകടനം നിഷ്പ്രഭമായിപ്പോയി.

Honourable Mention – സത്യൻ : ആദ്യ 3 സംസ്ഥാന അവാർഡുകളിൽ 2 അവാർഡും നേടി, ഉടനെ തന്നെ മരിക്കുകയും ചെയ്തു. എന്നാൽ ആദ്യ അവാർഡ് 69നു പകരം 68ൽ തുടങ്ങിയെങ്കിൽ അത് തീർച്ചയായും “യക്ഷി”യിലെ ശ്രീനി നേടുമായിരുന്നു. 52 വർഷത്തിന് ശേഷം ഇന്ന് കാണുമ്പോളും കാലഘട്ടത്തിന്റേതായ അമിത അഭിനയം എന്ന് പറയാൻ ഒന്നും കാണുന്നില്ല. മറ്റേതു അഭിനേതാവ് ചെയ്തിരുന്നെങ്കിലും ഇത്രയും കാലം fresh ആയി നിൽക്കാൻ സാധ്യത ഇല്ലാത്ത കഥാപാത്രം.
മുകളിൽ പറഞ്ഞ പ്രകടങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ് പറഞ്ഞത്. നിങ്ങൾക്ക് ആ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പറയാം, ഇവരുടെ മികച്ച പകടനങ്ങളിലായി തോന്നിയ മറ്റു സിനിമകളെ പറ്റിയും പറയാം. നേരത്തെ പറഞ്ഞ പോലെ ഒരാളുടെ ഏറ്റവും മികച്ച പ്രകടനത്തിന് മാത്രം അവാർഡ് കിട്ടാതെ പോയതിനെപ്പറ്റിയും പറയാം