ചേരൻ എന്ന നടനേയും സംവിധായകനേയും ആദ്യമായി അറിയുന്ന ചിത്രം ആട്ടോഗ്രാഫ്
സഞ്ജീവ്
ഒരു മനുഷ്യൻ്റെ കൗമാരകാലം, യൗവ്വനകാലം എന്നിവയെ വളരെയേറെ തന്മയത്വത്തോടെ അവതരിപ്പിച്ച ചേരൻ്റെ കൈയ്യൊപ്പോടു കൂടിയ ചേരൻ ചിത്രം. ഒരു സിനിമയുടെ ക്യാപ്റ്റൻ സംവിധായകനെങ്കിൽ, ആ സിനിമയുടെ നല്ല വശവും മോശമായ ഭാഗവും എല്ലാം സംവിധായകൻ്റെ ഉത്തരവാദിത്വമായി കണക്കാക്കാം. ഈ ചിത്രത്തിൽ അദ്ദേഹം സ്വയം നായകനായതിൽ അദ്ദേഹത്തിന് നൂറു മാർക്ക് നല്കുന്നു. കൗമാരകാല ചാപല്യങ്ങളും യൗവ്വനകാലത്തുണ്ടാകുന്ന ചില തിരിച്ചറിവുകളും ഒക്കെ ഒരു നടനെന്ന നിലയിൽ ചേരൻ വളരെ ഭംഗിയായി തനി തമിഴനായി അവതരിപ്പിച്ചു. എനിക്കെന്നും ഇഷ്ടമായ തമിഴ്നാടിൻ്റെ ഗ്രാമീണ ഭാവങ്ങളെ പൂർണ്ണതയോടെ ഒപ്പിയെടുത്തു ചേരൻ. ലതിക കമല, ദിവ്യ എന്നീ 3 കാലഘട്ടത്തിലെ ഇഷ്ടങ്ങളെ പച്ചയായി അവതരിപ്പിക്കാൻ ചേരനായി.അവർ 3 പേരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കുകയും ചെയ്തു.
എനിക്കെന്നും ജീവിക്കാൻ പ്രചോദനം നല്കുന്ന ആ ഒരു പാട്ട്…. ” ഒവൊരു പൂക്കളുമേ സൊൽകിറതേൻ ” പാടിയ ചിത്രച്ചേച്ചിയും സംഗീതം നല്കിയ ഭരദ്വാജും ആ ഗാനരംഗങ്ങളി ൽ ഒരു ഇൻസ്പിരേഷൻ ഉണ്ടാക്കിയ സ്നേഹ നയിച്ച ടീമിനേയും ഒരു കാലത്തും മറക്കാനാവില്ല. കാരണം, ഈ സിനിമ ഒരു സാധാരണ സിനിമയല്ല. ഇതിൽ യാഥാർത്ഥ്യങ്ങളുണ്ട്.പലരുടേയും ജീവി ത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു ആട്ടോഗ്രാഫ് . എനിക്ക് ആകെ തോന്നിയ ഒരു പോരായ്മ എന്തെന്നാൽ, കേരളത്തിലെ കുട്ടനാട് എന്ന ഗ്രാമത്തിൽ ജോലി ചെയ്യുന്ന തമിഴനായ അച്ഛൻ്റെ വിദ്യാർത്ഥിയായ മകൻ കടത്തുവള്ളത്തിൽ മറുകര കടക്കുന്ന സമയത്ത് മലയാളികളായ സഹപാഠികൾ ഇദ്ദേഹത്തെ തമിഴ് പട്ടി എന്നു വിളിക്കുന്നു.
ഇദ്ദേഹത്തിന് അതു മനസിലാകുന്നില്ല. പ്രത്യേകിച്ച് തമിഴ്നാട്ടിൽ പട്ടി എന്ന നാമം സർവ്വസാധാരണമായതിനാൽ .പക്ഷെ 3 നായികമാരിൽ ഒരാളായ ലതിക പറഞ്ഞു കൊടുക്കുന്നു, പട്ടി എന്നാൽ നായ ആണെന്ന്. അതു കേട്ടതോടു കൂടി നിയന്ത്രണം നഷ്ടപ്പെടുന്ന നായകൻ ആ കടത്തുവള്ളത്തിൽ വെച്ച് ,തന്നെ കളിയക്കിയവരെ, അതായത് കുട്ടനാട്ടുകാരെ ഒറ്റക്ക് അടിച്ചു നിലംപരിശാക്കുന്നു. കമേർഷ്യൽ സിനിമകളിൽ ഭാഷാഭേദമന്യേ ഇത് കാണിക്കാറുണ്ട്. പക്ഷെ ഇത്രയും നല്ലൊരു ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ഈ രംഗം ഒഴിവാക്കാമായിരുന്നു എന്നത് എൻ്റെ ഒരു കാഴ്ച്ചപ്പാട്. പ്രത്യേകിച്ച് പുറത്തു നിന്നു വരുന്നവരോട് വളരെയേറെ ബഹുമാനം കാട്ടുന്നവരാണ് കുട്ടനാട്ടുകാർ എന്നതിനാൽ.തെറ്റെങ്കിൽ ക്ഷമിക്കുക.ഈ ഒരു പോരായ്മ മാറ്റി നിർത്തിയാൽ ആട്ടോഗ്രാഫ് എന്ന തമിഴ് ചിത്രം എൻ്റെ ഇഷ്ട സിനിമകളിൽ മുൻപന്തിയിലുണ്ടാകും.”ജ്ഞാപകം വരുതേ ജ്ഞാപകം വരുതേ ജ്ഞാപകം വരുതേ….”