sAnJeEv
ചില സിനിമകൾ നമ്മുടെ മനസിനെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കുമായി കേന്ദ്രീകരിച്ചു നിർത്തും. അത് അഭിനേതാക്കളുടെയും സംവിധായകരുടേയും പശ്ചാത്തല സംഗീതമൊരുക്കിയവരുടേയുമൊക്കെ മികവ് തന്നെ കാരണം. ഞാൻ കണ്ട മൂന്നു ഇഷ്ട സിനിമകളിലെ എന്നെ വളരെയേറെ സ്വാധീനിച്ച 3 കഥാപാത്രങ്ങൾ.
വളരെയേറെ ഇഷ്ടമുള്ള ഒരു നൊസ്റ്റാൾജിക് സിനിമയാണ് വാത്സല്യം. തുടക്കം മുതൽ ഒടുക്കം വരെ ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് തൊട്ടടുത്തിരുന്ന ഒരു ഫീൽ. ആ അമ്മാവന്റെ മുഖം ആദ്യമായാണ് കാണുന്നത്. പക്ഷെ ” കമഴ്ന്നു കിടക്കുന്ന ഒരു ഇലയെടുത്ത് മലർത്തിയിടില്ല” എന്നൊക്കെ അദ്ദേഹത്തോട് ദേഷ്യപ്പെട്ട് പറയുമ്പോഴും ‘ഈ’ എന്നൊരു നിഷ്കളങ്ക ചിരീം ചിരിച്ച് അവിടെയങ്ങനെ നില്ക്കും. മകളുടെ അവസ്ഥയിൽ വേദനിക്കുന്ന ഭാവമൊക്കെ വല്ലാതെ സങ്കടപ്പെടുത്തി.
മകൻ കള്ളുകുടിക്കാൻ സമ്മതിക്കാത്തതിന് പിണങ്ങി നടക്കുന്ന അപ്പൻ, ചാക്കോ മാപ്പിള. സത്യത്തിൽ ആ അപ്പനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നും. പ്രസംഗവേദിക്കു മുന്നിൽ പോയിരുന്ന് പ്രസംഗം കേൾക്കുമ്പോൾ പ്രാസംഗികൻ പറയുന്നു, “ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല.” ചാക്കോ മാപ്പിളക്ക് പ്രത്യേകിച്ച് ധൃതിയൊന്നും ഇല്ലാത്തതുകൊണ്ടും കള്ള് വയറ്റിലുള്ളതുകൊണ്ടും പ്രസംഗം നന്നേ പിടിച്ചു.
പ്രാസംഗികൻ പറഞ്ഞു നിർത്തിയപ്പോൾ ചാക്കോ മാപ്പിളപറയുന്നു, ” ദീർഘിപ്പിച്ചോളൂ ദീർഘിപ്പിച്ചോളൂ, അതെന്താ വേറെ വല്ലോടത്തും പ്രസംഗമൊണ്ടാ ?” ചാക്കോ മാപ്പിളയുടെ മറുപടി കേട്ടിട്ടാവണം പ്രാസംഗികൻ “ഞാനിതാ എന്റെ വാക്കുകൾ ചുരുക്കുന്നു” എന്നു പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചയുടൻ റോഡരികിൽ ഇരിക്കുകയായിരുന്ന ചാക്കോ മാപ്പിള വളരെ നിഷ്കളങ്കമായിപറയുന്നു, “ഞാനിതാ എന്റെ കാലുകൾ നിവർത്തുന്നു”
ദുബൈയിൽ എത്തി പോക്കറ്റിൽ ദിർഹം ഒന്നുമില്ലാതെ കഫിറ്റീരിയയിൽ എത്തുന്ന മുകുന്ദന്റ അവസ്ഥ മനസിലാക്കി കൂടെ നിർത്തുന്ന ഇക്ക മുൻപു പറഞ്ഞ രണ്ടു കഥാപാത്രങ്ങളേയും പോലെ ഒരുപാടിഷ്ടമായ കഥാപാത്രം. അല്ലറ ചില്ലറ കടങ്ങൾ ഉള്ളതു വീട്ടി, 3 – 4 വർഷം ദുബൈയിൽ ജോലി ചെയ്ത് തിരിച്ചു പോകാം എന്നു കരുതി വന്ന ഇക്കാ പല പ്രവാസികളേയും പോലെ വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല. അവസാനം അനിവാര്യമായ ആ തിരിച്ചു പോക്കിന്റെ ദിവസമെത്തിയപ്പോൾ ആ യാഥാർത്ഥ്യം ഉൾക്കൊള്ളാനുമാകുന്നില്ല.എത്ര തന്മയത്വത്തോടെയാണ് അബ്ദുള്ളക്കാ അഭിനയിച്ചു ഫലിപ്പിച്ചത്! ആ ശബ്ദവും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ ഒരു കാരണമാണ്.