Sanjeev S Menon
അച്ചൻകുഞ്ഞ്
പഴയ കാല മലയാള സിനിമകൾ കാണുമ്പോൾ പലരുടേയും അഭിനയത്തിലും സംഭാഷണത്തിലും നാടകീയത കടന്നു വരുന്നത് അറിയാനാകും. ഇപ്പോൾ സ്ഥിതി മാറി.മോഹൻലാൽ എന്ന നടൻ ആദ്യ കാലത്തെ അഭിനയശൈലി മാറ്റി വെച്ച് നമ്മളിലൊരാളായി ജീവിച്ചപ്പോൾ 1980 കളുടെ അവസാന പാദം മുതൽ അദ്ദേഹം നമ്മുടെ വീട്ടിലെ ഒരംഗമോ ഒരു കൂട്ടുകാരനോ ഒക്കെ ആയതു പോലെ ഒരു ഫീൽ പൊതുവേ ഉണ്ടായിരുന്നു.
ഇപ്പോഴത്തെ മോഹൻ ലാൽ എന്ന നടനെ വ്യക്തിപരമായി എനിക്കിഷ്ടമല്ല എന്നത് വേറെ കാര്യം. മോഹൻലാൽ അന്തരിച്ചു എന്ന കിംവദന്തി കേട്ട് അടുത്ത വീട്ടിലെ മുത്തശ്ശി നിലവിളിച്ചതൊക്കെ ഓർമ്മ വരുന്നു. “എത്ര നല്ല ചെറുക്കനായിരുന്നു” എന്നു പറഞ്ഞായിരുന്നു നെഞ്ചത്തടി. കാരണം, അന്നത്തെ മോഹൻലാൽ നമ്മളിലൊരാളായ ഫീൽ തരുന്ന ആക്ടർ ആയിരുന്നു. സ്വാഭാവിക അഭിനയം കാഴ്ചവെക്കുന്ന വലിയ താരങ്ങൾക്കും ചെറിയ താരങ്ങൾക്കും മലയാള സിനിമയിൽ പഞ്ഞമില്ല. അത് ഇപ്പോഴും തുടരുന്നു. സുരാജ് വെഞ്ഞാറമ്മൂടിനെയൊക്കെ പലരും അംഗീകരിച്ചത് അവാർഡ് കിട്ടിയതിനു ശേഷമാണ്. സുരാജ് മാത്രമല്ല, സലിം കുമാറും അതുപോലെ ചെറിയ വേഷങ്ങൾ ചെയ്യുന്ന പലരും ജീവിച്ച് അഭിനയിക്കുകയാണ്.
പക്ഷെ പഴയ കാലത്തിന് ഒരുപാട് പരിമിതികളുണ്ടായിരുന്നു. സിനിമയിലെത്തിയവരിൽ ഭൂരിഭാഗം പേരും നാടകത്തിൽ നിന്നു വന്നവരായിരുന്നു. അഭിനയത്തിൽ നാടകീയത വന്നില്ലെങ്കിൽ സംഭാഷണത്തിൽ നാടകീയത നിഴലിക്കുമായിരുന്നു. മറിച്ചും. പക്ഷെ അന്നും നാടകത്തേയും സിനിമയേയും വ്യത്യസ്തമായിക്കണ്ട ചിലരുണ്ടായിരുന്നു. അതിൽ എടുത്തു പറയേണ്ടവരിൽ ഒരാളാണ് അച്ചൻകുഞ്ഞ്.
ലോറി എന്ന ഒറ്റ സിനിമ കണ്ടാൽത്തന്നെ അച്ചൻകുഞ്ഞിന്റെ അഭിനയ പാടവം വ്യക്തമാകും. നെഗറ്റീവ് ക്യാരക്ടറുകൾ കൂടുതലായി തേടിയെത്തിയത് ഒരു പക്ഷെ ലോറിയിലെ ആ അദ്യാസിയെ കണ്ടിട്ടാവണം. ഏകദേശം 50 ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാള സിനിമാ ചരിത്രത്തിൽ അച്ചൻകുഞ്ഞിന് ഒരു പ്രധാന സ്ഥാനമുണ്ടാവും. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച നല്ല ദിവസം, ചാട്ട, മീനമാസത്തിലെ സൂര്യൻ, അങ്ങാടിക്കപ്പുറത്ത്, എനിക്കു വിശക്കുന്നു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ചില ചിത്രങ്ങൾ മാത്രം.
1930ൽ കോട്ടയത്തെ കച്ചേരിക്കടവിൽ ജനിച്ച അദ്ദേഹം 1980 മുതൽ 1987 വരെ മലയാള സിനിമാരംഗത്ത് സജീവമയിരുന്നു. ലോറിയിലെ അഭിനയത്തിന് സംസ്ഥാന അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചു.1987 ജനുവരി 16 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ” ഉപ്പില്ലാത്ത കറിയില്ല, അച്ചൻകുഞ്ഞിനേക്കൂടാതെ മലയാള സിനിമാ ചരിത്രവുമില്ല”. അച്ചൻകുഞ്ഞ് ഇഷ്ടം.❤️
(പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തിപരം 🙏)