Movie > ‘ABKARI’
Sanjeev S Menon
” ശ്രീകണ്ഠൻ മുതലാളിക്ക് സ്വത്തും പണവുമുണ്ടായിരുന്നു. എന്നെ പട്ടിലും പൊന്നിലും മൂടിക്കുമായിരുന്നു. മറ്റൊന്നും തരാൻ അയാൾക്ക് കഴിവുണ്ടായിരുന്നില്ല. എന്നിട്ടും മനസു പതറാതെ ഞാൻ പിടിച്ചു നിന്നു. ഒരു നിമിഷം…. വാസു ഓർക്കുന്നില്ലേ ആ പുഴക്കരയിൽ …. ഞാൻ ഒരു തേവിടിശ്ശിയല്ല”….. കനകം പറയുന്ന ഈ വാക്കുകളിൽ ഒരുപാട് യാഥാർത്ഥ്യങ്ങൾ അടങ്ങിയിരുന്നു. ഇവിടെ തെറ്റ് ആരുടെ ഭാഗത്തെന്ന് തിരയുക പ്രയാസമാണ്.മുതലാളിയോടുള്ള കുറുകൊണ്ടാകാം അല്ലെങ്കിൽ വാസുവിന്റെ താല്പര്യമില്ലായ്മയാവാം “മുതലാളി എനിക്ക് ശമ്പളം തരുന്നത് ഇതിനല്ല ” എന്ന് പറയിപ്പിച്ചത്. പക്ഷെ ചില കാര്യങ്ങൾ രഹസ്യമായിത്തന്നെയിരിക്കണം. അപ്പോൾ ഈ സംഭവം സുഹൃത്തായ ചാക്കോയോട് പറഞ്ഞത് വാസു ചെയ്ത തെറ്റല്ലേ? അങ്ങനെ പറയാൻ പറ്റുമോ? ചാക്കോക്കും വാസുവിനും തമ്മിൽ രഹസ്യങ്ങളുടെ മറയില്ല.വാസുവിന് ചാക്കോയും ചാക്കോക്ക് വാസുവും ജീവനാണ്.അപ്പോൾ ആ സംഭവം പറഞ്ഞതിൽ തെറ്റുപറയാനാവില്ല. അപ്പോൾ സുന്ദരിയായ കനകം ഇങ്ങനെയൊരു ആഗ്രഹം കൊണ്ടു നടക്കുന്നുവെങ്കിൽ എന്തുകൊണ്ട് താൻ ആയിക്കൂടാ എന്ന് ചാക്കോ ചിന്തിച്ചതിൽ തെറ്റു പറയാനാവുമോ?
കാമം തലക്കുപിടിച്ച് ഭർത്താവിനെ വഞ്ചിക്കാൻ തയ്യാറായി നില്ക്കുന്ന ഒരു സ്ത്രീയാണ് കനകയെങ്കിൽ ചാക്കോ ചിന്തിച്ചതിൽ തെറ്റുപറയാനാവില്ലായിരുന്നു.പക്ഷെ കനകം അങ്ങനെയൊരു സ്ത്രീയായിരുന്നില്ല. കനകം അനേകം സ്ത്രീകളുടെ പ്രതിനിധിയാണ്. തന്റെ ഭർത്താവിന് ഒരുപാട് കുറവുകളുണ്ടെങ്കിലും അദ്ദേഹത്തെ വഞ്ചിക്കാനോ സ്നേഹിക്കാതിരിക്കാനോ അവൾക്കാവില്ല. പിന്നെ, ഇവിടെ സംഭവിച്ചത് ഒരു നിമിഷം മനസിനുണ്ടായ ചാഞ്ചല്യമാണ്.ഒരു പുരുഷനെ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടപ്പോൾ തോന്നിയ മനസിന്റെ നിയന്ത്രണത്തിൽ വന്ന അയവ്. അപ്പോൾ ചാക്കോയോ? ചാക്കോക്ക് ചാക്കോയെ സ്നേഹിക്കാൻ ഭാര്യയുണ്ട്, ഒരു കുട്ടിയുമുണ്ട്. അപ്പോൾ ചാക്കോ കനകം എന്ന സ്ത്രീയെ മനസിലാക്കിയതും തെറ്റ്, ഭാര്യയോടു ചെയ്തതും തെറ്റ്. എന്നാൽ ചാക്കോ ചെയ്തത് എന്തു തന്നെയാണെങ്കിലും ആ തെറ്റിന്റെ പേരിൽ മുതലാളിയും ഗുണ്ടകളും ചാക്കോയെ മർദ്ദിക്കുന്നത് നോക്കി നില്ക്കാൻ വാസുവിനാവില്ല. ആത്മസുഹൃത്ത് ചെയ്തത് തെറ്റെങ്കിലും ശരിയെങ്കിലും അവന്റെ കൂടെ നില്ക്കുക എന്നതാണ് വാസുവിന്റെ പോളിസി.വാസുവും ചാക്കോയും വാറ്റുചാരായം കടത്തുന്ന കൂലിപ്പണിക്കാരായതിനാൽ ചിലപ്പോൾ വകതിരിവ് കുറവുള്ളവരാകാം.അവർ ജീവിച്ച ചുറ്റുപാടുകൾ സ്വാധീനിച്ചിട്ടുണ്ടാവാം.
വാസുവിനും ചാക്കോക്കും തന്റേടമുള്ളതിനാൽ ജോലി പോയതിൽ ദു:ഖിച്ചിരിക്കുന്നില്ല. റിസ്കുകൾ ഏറ്റെടുത്ത് കച്ചവടം നടത്തുന്നു.പരാജയപ്പെട്ടപ്പോൾ അടുത്ത വഴി തുറക്കുന്നു. പക്ഷെ വിജയത്തിന്റെ കൊടുമുടി കയറുമ്പോൾ പലരേയും പോലെ വന്ന വഴി മറക്കുന്നു. സുഖത്തിലും ആർഭാടത്തിലും കമ്പമുള്ള ചാക്കോ തൊടുന്നതെല്ലാം അനർത്ഥങ്ങളാകുന്നു. തച്ചുതകർത്തും കൊന്നും ചങ്കൂറ്റം കൊണ്ടും നേടിയതൊക്കെ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു…… യാഥാർത്ഥ്യത്തിന്റെ പല മുഹൂർത്തങ്ങൾ കാട്ടിത്തന്നു ഐ.വി.ശശി ചിത്രം അബ്കാരി .നായകൻ സാധാരണ നായകനല്ല .പച്ച മനുഷ്യനാണ്. നായകനിൽ യാതൊരു ദാക്ഷിണ്യവുമില്ലാത്ത വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്. നമ്മൾ നായകനിൽക്കൂടി ഈ സിനിമ കാണുമ്പോൾ നായകൻ നായകനാകുന്നുവെന്നു മാത്രം.
മമ്മൂട്ടിയുടെ വാസു കരുത്തുറ്റ കഥാപാത്രം. കൂട്ടായി രതീഷിന്റെ ചാക്കോയും മനുഷ്യന്റെ ദൗർബല്യങ്ങളെ തുറന്നു കാട്ടുന്നു.കുട്ടിക്കാലം മുതൽ വാസുവിനെ മനസിൽ കൊണ്ടു നടക്കുന്ന പാർവതിയുടെ ശാരദ, തന്റെ കോളേജ് ലൈഫിൽ മയക്കുമരുന്നിന്റെ കെണിയിൽ വീണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് ഗർഭിണിയായി, ഗർഭപാത്രം നീക്കം ചെയ്യപ്പെട്ട് വിവാഹം കഴിക്കില്ല എന്നുറപ്പിച്ച് ജീവിച്ചിട്ടും അച്ഛന്റെ നിർബ്ബന്ധത്തിനു വഴങ്ങി വാസുവിന്റെ ഭാര്യയാകേണ്ടി വന്ന ഉർവ്വശിയുടെ ശ്രീദേവി, ചാരായ രാജാവായി വിലസി, പണത്തിൽ മുങ്ങിയിട്ടും ആർത്തി മൂത്ത് അടിച്ചമർത്തി മുന്നേറി വാസുവിനാൽ മരണം ഏറ്റുവാങ്ങേണ്ടി വരുന്ന ശ്രീകണ്ഠൻ മുതലാളിയായി ടി.ജി.രവിയും ഒരു നിമിഷത്തെ തെറ്റിന് പലതും നഷ്ടപ്പെടുകയും അത് നഷ്ടപ്പെടാൻ ഇടവരുത്തിയ വാസുവിനേയും ചാക്കോയേയും തകർക്കാൻ ചാക്കോയുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്ന കനകം ആയി ജയമാലിനിയും ചെയ്യുന്നത് ചാരായക്കച്ചവടമാണെങ്കിലും അതിലും ethics ഉണ്ടാവണം എന്നു വാശിയുള്ള കുഞ്ഞപ്പനായി സോമനും ചാക്കോയെ ചതിയിലൂടെ കെണിയിൽ പെടുത്താൻ കനകത്തെ സഹായിക്കുന്ന KRC എന്ന തമിഴനായി ത്യാഗരാജനും ഒക്കെത്തന്നെ മികച്ചു നിന്നു.
സാധാരണ ഐ.വി.ശശി സിനിമകളുടെ അണിയറക്കാർ മിക്കവരും ഉണ്ട്.നാല്ക്കവല, അർഹത തുടങ്ങിയ ചിത്രങ്ങളിൽ ചെയ്തതുപോലെ ഒരു ചാത്തുണ്ണിവേഷം ബാലൻ.കെ.നായർക്കുമുണ്ട്.ചാക്കോയുടെ നിസഹായയായ ഭാര്യയായി ജലജയുണ്ട്. അന്നത്തെ കാലഘട്ടത്തിലെ സിനിമയെങ്കിലും പല വിഷയങ്ങളും ഇന്നും പ്രസക്തമാണ്.രചന നിർവ്വഹിച്ചിരിക്കുന്നത് ടി.ദാമോദരനാണ്. ജോർജ് മാത്യു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടിയാണ്.” ജീവിതത്തിൽ വിജയ തീരങ്ങളിലെത്തുമ്പോഴും എവിടെ നിന്നു തുടങ്ങി എന്ന് ഓർക്കാൻ പഴയത് എന്തെങ്കിലും സൂക്ഷിക്കുന്നത് നന്നായിരിക്കും ” ‘ABKARI’